പ്രകൃതിചൂഷണം ജനാധിപത്യത്തിനും അതിന്റെ നിലനില്‍പ്പിനും ആപത്തെന്ന് ഗാഡ്ഗില്‍
കോഴിക്കോട് : സാഹിത്യത്തിനും കലയ്ക്കും, മറ്റേത് സാമൂഹിക വിഷയങ്ങളിലുമുള്ള ശ്രദ്ധ പോലെ തന്നെ, കാലാവസ്ഥാ പ്രശ്‌നങ്ങളോടുമുള്ള മമത തെളിയിച്ചു കൊണ്ട് എഴുത്തോല വേദിയില്‍,പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. മാധവ് ഗാഡ്ഗില്‍, വിജു ബി, പരിസ്ഥിതി പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ പ്രേര്‍ണ ബിന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്ത ‘Saving God’s Own Country from Human and Nature’s Wrath’ എന്ന സെഷന്‍ അരങ്ങേറി. റിച്ചാര്‍ഡ് മഹാപത്ര നിയന്ത്രിച്ച ഈ സദസ് കേരളത്തില്‍ പാരിസ്ഥിതികമായി നിലനില്‍ക്കുന്ന പ്രതിസന്ധികളെയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ നിലവിലുള്ള സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പ്രകൃതിവിഭവങ്ങളെ തീവ്രമായി ചൂഷണം ചെയ്യുന്നത് രാജ്യത്തിന്റെ നിലനില്പ്പിനുതന്നെ ഭീഷണിയാകുമെന്ന് സമര്‍ത്ഥിച്ച അദ്ദേഹം, വികസനവും പ്രകൃതി സംരക്ഷണവും ഒരേ പാതയില്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ചാല്‍ ഉപയോഗമുണ്ടാവുകയില്ലെന്നും, എന്നാല്‍, നോര്‍വേ മുതലായ രാജ്യങ്ങളില്‍ കണ്ടു പോരുന്ന പാരിസ്ഥിതിക ബോധമുള്ള സമൂഹത്തിന്റെ മാതൃകകള്‍ കണ്ട് പഠിക്കാമെന്നും നിര്‍ദ്ദേശിച്ചു. അത്തരം രാജ്യങ്ങളില്‍ ജനാധിപത്യവും, സമ്പദ് വ്യവസ്ഥയും പരിസ്ഥിതിയോടൊപ്പം ഒരേ അച്ചുതണ്ടില്‍ ദൃഢമായി നിലനില്‍ക്കുന്നുവെന്ന് നിരീക്ഷിച്ച ഗാഡ്ഗില്‍ കേരളം ജൈവ വൈവിധ്യത്താല്‍ ഏറെ സമ്പുഷ്ടിയുള്ള സംസ്ഥാനമാണെന്നും, അതിലുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണെന്നും ഓര്‍മിപ്പിച്ചു.
പ്രകൃതിക്ക് വളരാന്‍ ഇടം കൊടുത്തില്ലെങ്കില്‍ അത് സ്വമേധയാ മനുഷ്യന്‍ കാല്‍ വെച്ച ഇടം തിരിച്ചു പിടിക്കുമെന്ന് പ്രേര്‍ണ ബിന്ദ്ര അഭിപ്രായപ്പെട്ടു. നിലവില്‍ നമ്മുടെ സമൂഹം, വികസനത്തില്‍ പരിസ്ഥിതിയെ പരിഗണിക്കുന്നില്ലെന്നും അത് പ്രകൃതിയില്‍ വ്യക്തമായ ആഘാതം ഉണ്ടാക്കുന്നുവെന്നുംതുടര്‍ന്ന അവര്‍, പശ്ചിമഘട്ടം ജൈവ വൈവിധ്യമാര്‍ന്ന മലനിരകളാല്‍ ഉള്‍ക്കൊള്ളുന്നതാണെന്നും ഓര്‍മിപ്പിച്ചു. പ്രകൃതിയും മനുഷ്യനും എതിരെ നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ വികസനത്തില്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ബിന്ദ്ര, വനനശീകരണം ഒരുപാട് കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്ലാച്ചിമടയില്‍ വന്‍ ജലസമ്പത്ത് നഷ്ടപ്പെടുന്നതിന് കാരണമായ കൊക്കക്കോള ഫാക്ടറിക്ക് അനുമതി കൊടുത്തത് പോലെയുള്ള വികസന പദ്ധതികള്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്ന് ഓര്‍മിപ്പിച്ച ഗാഡ്ഗില്‍, സമൂഹത്തിന് ഗുണകരമാകും വിധത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു
Comments are closed.