മൗലിക അവകാശങ്ങള്‍ മറയുന്ന അവകാശങ്ങളോ ?
ബി.ബല്‍റാം
എഴുത്തുകാരന്‍, അദ്ധ്യാപകന്‍
എന്താണ് മനുഷ്യന്‍ എന്ന ജീവിയുടെ അര്‍ത്ഥം ? പല വ്യാഖ്യാനങ്ങളും അര്‍ഥങ്ങളും ഉണ്ടെങ്കിലും ഇന്നും ഉത്തരം കിട്ടാത്ത ഒരു വിചിത്ര ജീവിയാണ് മനുഷ്യന്‍. ലോകം ഉണ്ടായത് എങ്ങനെയെന്ന് ശാസ്ത്രം പാഠപുസ്തകത്തിലൂടെ പറഞ്ഞുതന്നതില്‍ വിശ്വസിച്ച് സര്‍വ്വ ചരാചരങ്ങളും ഈ ലോകത്ത് ജീവിക്കുന്നു. ചരാചരങ്ങള്‍ എന്നു പറയുമ്പോള്‍ അതില്‍ സൂഷ്മമായ അണു മുതല്‍ നീല തിമിംഗലം വരെ ഉള്‍പ്പെടും.
പക്ഷെ നിയമങ്ങളുടേയും, അതിര്‍ഥികളുടേയും പരിധികളും, അതിര്‍ വരമ്പുകളും മനുഷ്യന് മാത്രമായി നിശ്ചയിക്കാന്‍
തുടങ്ങിയത് അച്ചടക്കത്തിന്റെയും ചിട്ടയുടേയും ചിന്തകള്‍ ഉടലെടുത്തപ്പോഴാണ് എന്നതില്‍ തര്‍ക്കം വേണ്ട.
ഭാരതത്തിന് ഒരു ഭരണഘടനയുണ്ടോ ? ലോക ജനതയ്ക്ക് വേണ്ടി ഒരു ഭരണഘടനയുണ്ടോ ? ഭാരതത്തിന് ഒരു ഭരണഘടനയുണ്ടെങ്കില്‍ അതില്‍ മൗലിക അവകാശങ്ങള്‍ എന്ന പട്ടികയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ച് അംഗവൈകല്യം ഉണ്ടായോ ?
ഉണ്ടായിട്ടുണ്ടാകണം അതുകൊണ്ടാണ് സമത്വവും, സാഹോദര്യവും, സുരക്ഷയും, സ്വകാര്യതയുമൊക്കെ ഇന്ന് നഷ്ടമാകുന്നത്. സ്വകാര്യതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് മനുഷ്യന്റെ നഗ്നതയെക്കുറിച്ചാണ്.
നമുക്കറിയാം ലോകത്തുള്ള എല്ലാ മനുഷ്യന്റെ വസ്ത്രത്തിനുള്ളില്‍ എന്തൊക്കെയാണുള്ളത് എന്ന്. ആദിമ മനുഷ്യന്‍ ഇലകളും, തോലുകളും വച്ച് പലതും മറച്ചിരുന്നു. ഇന്ന് പരുത്തിയിലും മറ്റും വിവിധ വര്‍ണ്ണങ്ങളില്‍, ആകൃതിയില്‍ വേഷഭൂഷാതികളില്‍ അലങ്കരിച്ച് നടക്കുന്നു. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് പ്രമാണം കൂടിയുള്ളതുകൊണ്ട് വസ്ത്രം കൂടിയേ തീരൂ.
മനുഷ്യാ നീയാരാണെന്നറിയണമെങ്കില്‍ കണ്ണാടിയുടെ മുന്നില്‍ നഗ്നയായി നിന്ന് നോക്കിയാല്‍ മതിയെന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ വാക്കുകള്‍ വളരെ പ്രസക്തമാണ്. നമുക്ക് മുന്‍പുള്ള പൂര്‍വ്വികര്‍ പല സിദ്ധാന്തങ്ങളും പറഞ്ഞിട്ടുണ്ട്, രചിച്ചിട്ടുണ്ട്. പക്ഷെ ഇവയൊക്കെ അറിയുന്നവര്‍ക്കും, തിരിച്ചറിയുന്നവര്‍ക്കും സമയോചിതമായി അവ പ്രവര്‍ത്തിക്കുന്നവരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ. ലോക സൃഷ്ടിയില്‍ മനുഷ്യനോടൊപ്പം അല്ലെങ്കില്‍ ്മനുഷ്യനു മന്‍പേ ഭൂമിയില്‍ കുടിയേറിയ അനേകം ജീവജാലങ്ങള്‍ ഉണ്ട്. ചെറു അണു മുതല്‍ തുടങ്ങി പക്ഷി മൃഗാദികളും, തിമിംഗലം വരെ ഇന്നും പൂര്‍ണ്ണമായി നഗ്നതയില്‍ തന്നെയാണ് കഴിയുന്നത്. ഒരു തുന്നല്‍ക്കാരനും അവയുടെ നാണം മറയ്ക്കാന്‍ ഒരു തുണിക്കഷ്ണമെങ്കിലും ഉണ്ടാക്കി നല്‍കേണ്ടി വന്നിട്ടില്ല.
ഒരു ഭരണഘടനയും അവയ്ക്ക് വേണ്ട ഉറപ്പുകള്‍ ഒന്നിനും നല്‍കുന്നില്ല. പിന്നെ എന്തിനാണ് മനുഷ്യനുമാത്രം ഇത്തരം അവകാശങ്ങള്‍ എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ മനുഷ്യന്‍ ഒരു വിചിത്രജീവി ആയതിനാലാണ്. അവനെക്കൊണ്ട് എല്ലാം നിര്‍മ്മിക്കാനും, നശിപ്പിക്കാനും സാധിക്കും എന്ന പ്രത്യേകതയും ഉള്ളതിനാലാണ്. മതവും ജാതിയും അവനുണ്ടാക്കി, മാക്‌സിസവും, ഫാസിസവും, നാസിസവും തുടങ്ങിയ ഇസങ്ങളും, ഇതിഹാസങ്ങളും അവനുണ്ടാക്കി. മതങ്ങളില്‍ തന്നെ മതഭ്രാന്തും അവനുണ്ടാക്കി. ഒരു കൂട്ടര്‍ സുഖവും സ്വകാര്യതയും വാദിക്കമ്പോള്‍ അല്ലെങ്കില്‍ പുരോഗമനം പ്രസംഗിക്കുമ്പോള്‍ മറുകൂട്ടര്‍ മതത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നു.
എന്തൊക്കെ പാഠപുസ്തകം പഠിച്ചാലും, എന്തൊക്കെ അനുഭവമാകുന്ന പാഠങ്ങള്‍ ആര്‍ജ്ജിച്ചാലും തിരിച്ചറിയാത്ത ചില ചിന്തകള്‍ അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇന്നും ലോകത്ത് അവശേഷിക്കുന്നു. ഞാന്‍ എന്ത് കഴിക്കണം, ഞാന്‍ എന്ത് ധരിക്കണം, ഞാന്‍ എങ്ങനെ രമിക്കണം, ഞാന്‍ എന്ത് മറയില്‍ നിന്നുകൊണ്ട് ജീവിക്കണം എന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍വ്വ ചരാചരങ്ങള്‍ക്കും അവകാശമുണ്ട്. അത് ലോകനിയമം, പ്രകൃതി നിയമം അല്ലെങ്കില്‍ കല്‍പ്പന. ഇടയ്‌ക്കൊക്കെ ഇതൊക്കെ തിരിച്ചറിയാന്‍ പ്രകൃതിയുടെ വികൃതികള്‍ കാട്ടി തരുന്നുണ്ട്. എങ്കിലും അവയൊന്നും നാം മുഖവിലയ്ക്കു എടുക്കുന്നില്ല എന്നതാണ് സത്യം.
സമാധാനമായി ശാന്തമായി കഴിയുന്ന ഒരു ജനത. കടലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ദ്വീപ് സമൂഹം കടലിന്റെ കദനങ്ങളുടെ കണ്ണുനീരിന്റെ ഉപ്പ് കൂടാതെ ലക്ഷദ്വീപ് വാസികളുടെ കണ്ണുനീരിന്റെ ഉപ്പും കൂടി കലര്‍ന്നു കൊണ്ടിരിക്കുകയാണ് കുറേ ദിവസങ്ങളായി എന്നത് ഓര്‍ക്കുമ്പോള്‍ പലതും ചോദ്യം ചെയ്യാന്‍ തോന്നുന്നു.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ നിന്നും മാംസാഹാരം നിക്ഷേധിക്കുന്നത്, കരാര്‍ അദ്ധ്യാപകരെ കാരണം കാണിക്കാതെ പിരിച്ചു വിടുന്നതും ഒമ്പതുമാസം ഗര്‍ഭിണിയായ യുവതിയെ പ്രസവിക്കാന്‍ പോകാനായി എയര്‍ ആംബുലന്‍സ് നിക്ഷേധിക്കുന്നത് കൂടാതെ മദ്യം ഉപയോഗിക്കാത്ത വരണ്ട ദ്വീപില്‍ വിനോദത്തിന്റെ പേരില്‍ പുതിയ ആള്‍ക്കഹോളിക് സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്നത് തുടങ്ങി അനവധി നിരവധി വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഇരുന്നും, കിടന്നും, നിവര്‍ന്നും, വളര്‍ന്നും ചിന്തിക്കുമ്പോള്‍ വീണ്ടും സംശയം കൂടി വരുന്നു. നമുക്ക് ഭരണഘടനയുണ്ടോ ? മൗലിക അവകാശങ്ങളുണ്ടോ ?
ആകെയുള്ളത് മനുഷ്യജന്മം ഇന്നു കാണുന്നവര്‍ നാളെയില്ല എന്ന ബൈബിളിലേയും അതുപോലെ മത പുരാണ ഇതിഹാസങ്ങളിലെ മഹത് വചനങ്ങള്‍ ഈ മാഹാമാരിയുടെ കാലഘട്ടത്തില്‍ പോലും നാം അനുഭവിക്കുന്നതാണ് എന്നിട്ടും എത്ര പേര്‍ അത് തിരിച്ചറിയുന്നു. ശരാശരി ആയുസ്സു തിട്ടപ്പെടുത്തി തലയോടാകുവാന്‍ കാത്തുനില്‍ക്കുന്നവരാണ് നാം ഓരോരുത്തരും. അതായത് ശാന്തമായി, സ്വസ്ഥമായി ജീവിച്ച് തീര്‍ക്കുന്നതിന് പകരം ചില ജീവികള്‍ സ്വാര്‍ത്ഥതയ്ക്കു വേണ്ടി വാളിന് ഇരയാകുമ്പോഴും മതത്തിന്റെയും ജാതിയുടെയും പേരില്‍ ദുരഭിമാനക്കൊലകള്‍ നടത്തുമ്പോഴും മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തിലും, സ്വകാര്യതയിലും തലയിടുമ്പോഴും ഒന്ന് മാത്രം ചിന്തിക്കുക ഞാനും, അമാനുഷികമായി ഒന്നും എന്നില്‍ കാണാന്‍ സാധിക്കില്ല. അധവാ അങ്ങനെ സാധിക്കണമെങ്കില്‍ ഈ കാലഘട്ടത്തില്‍ കാണാന്‍ സാധിക്കാത്ത കാരുണ്യവും, വിവേകവും, സഹിഷ്ണുതയും, സഹവര്‍ത്തിത്ത്വവും നേടിയെടുക്കാന്‍ ശ്രമിക്കുക അപ്പോള്‍ നമ്മള്‍ മനുഷ്യര്‍ ആകും. അങ്ങനെ ഈ മനുഷ്യസമൂഹം മുഴുവന്‍ ചിന്തിച്ചാല്‍ എല്ലാവരും അമാനുഷര്‍ തന്നെയാകും.
കൂടുതല്‍ ഒന്നും വേണ്ട സഹജീവികളെ കാണുമ്പോള്‍ ഒരു ചിരി. ആ ചിരിയില്‍ ജാതി, മതം, വര്‍ഗ്ഗം ഒന്നും വേണ്ട. ഒരു പൊതിച്ചോറില്‍ ഉണ്ണാത്തവന് ഒരു ഉരുള, തുടങ്ങി നമുക്ക് ഈ ചെറിയ ലോകത്ത്, ചെറിയ ജീവിതത്തില്‍ ഒരുമിച്ച് മുന്നേറാം. മാന്യരാകുന്നതിനേക്കാള്‍ മനുഷ്യനാകാന്‍ ശ്രമിക്കുക. 142 കോടി ജനങ്ങള്‍ ഉള്ള ഭാരതത്തില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം അസ്തമിക്കാതിരിക്കാന്‍ ഇരു കരങ്ങളും ചേര്‍ത്ത് പിടിക്കണം എല്ലെങ്കില്‍ ആ തീനാളം കെട്ടുപോകും. കെടാതിരിക്കാന്‍ കരുതലോടെ നിദ്രയിലാണ് നമ്മള്‍ എങ്കില്‍ ജാഗ്രതയിലായി മുന്നേറണം.
Comments are closed.