DCBOOKS
Malayalam News Literature Website

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി

റിയാദ്​: റിയാദ്​ അന്താരാഷ്​ട്ര പുസ്​തകമേളയ്ക്ക് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10​ വരെ റിയാദ്​ എയർപോർട്ട്​ റോഡിലെ റിയാദ്​ ​ഫ്രൻറ്​ എക്​സിബിഷൻ കേന്ദ്രത്തിൽ 36,000 ചതുരശ്ര മീറ്ററിൽ നടക്കുന്ന പുസ്​തകമേളയിൽ 28 രാജ്യങ്ങളിൽനിന്ന്​ ആയിരത്തോളം പ്രസാധകർ പങ്കെടുക്കും. കേരളത്തിൽനിന്ന്​ ഡി.സി ബുക്​സും പ​ങ്കെടുക്കുന്നു. ‘പുതിയ ലക്ഷ്യം, പുതിയ അധ്യായം'(New Destination, New Chapter) എന്നതാണ് ഈ പതിപ്പിന്റെ തീം.

ഇറാഖാണ്  ഈ വർഷം മേളയിലെ​​ അതിഥിരാജ്യം. ഒരുകൂട്ടം ഇറാഖി എഴുത്തുകാരും ചിന്തകന്മാരും കലാകാരന്മാരും സെമിനാറുകളിൽ പ​ങ്കെടുക്കുകയും സാംസ്കാരിക സായാഹ്​നങ്ങളിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. മേളക്കിടയിൽ സാംസ്​കാരിക സർഗാത്മകതയുടെ വിവിധ മേഖലകൾ കൈകാര്യംചെയ്യുന്ന ചർച്ച സെഷനുകൾ, പ്രസാധന രംഗവുമായി ബന്ധപ്പെട്ട ശിൽപശാലകൾ, സെമിനാറുകൾ, കവിയരങ്ങ്​​, കലാസായാഹ്നങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയും നടക്കും. സൗദിക്കു​ പുറമെ അറബ്​ ലോകത്തെയും അന്താരാഷ്​​ട്ര തലത്തിലെയും എഴുത്തുകാർ, ചിന്തകർ, നിരൂപകർ എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും.

പ്രസാധക സമ്മേളനമായിരിക്കും മേളയിലെ പ്രധാന പരിപാടി. ആദ്യമായാണ്​ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്​. 12 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നുള്ള 42 പ്രഭാഷകർ പ​ങ്കെടുക്കും. ഒക്ടോബര്‍ 4, 5 തീയതികളിലാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. പകര്‍പ്പവകാശങ്ങളും വിവര്‍ത്തനവും അവയുടെ അവസരങ്ങളും കൈമാറുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ക്കു പുറമെ, പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഡയലോഗ് സെഷനുകളും ശില്‍പശാലകളും പ്രസാധക സമ്മേളനത്തില്‍ ഉള്‍പ്പെടുന്നു.

ഇതാദ്യമായി ഡി.സി ബുക്​സും

28 രാജ്യങ്ങളിലെ ആയിരത്തോളം പ്രസാധകരിൽ മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്​സും.

ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, അരുന്ധതി റോയിയുടെ ‘ആസാദി’, പ്രശാന്ത് നായരുടെ ‘കളക്ടര്‍ ബ്രോ-ഇനി ഞാന്‍ തള്ളട്ടെ’, വി ജെ ജയിംസിന്റെ ‘ബി നിലവറ’ തുടങ്ങി നിരവധി പുതിയ പുസ്തകങ്ങള്‍, 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങള്‍, മാംഗോ- മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍, ക്രൈംഫിക്ഷന്‍ നോവല്‍ മത്സരത്തിലെ പുസ്തകങ്ങള്‍ തുടങ്ങി നിരവധി ടൈറ്റിലുകള്‍ ഡി സി ബുക്‌സിന്റെ സ്റ്റാളിലൂടെ പ്രദര്‍ശനത്തിനെത്തും. കൂടാതെ വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, പി പത്മരാജന്‍, ഒ വി വിജയന്‍, എം ടി വാസുദേവന്‍ നായര്‍, ലളിതാംബിക അന്തര്‍ജനം, ഉറൂബ്, മാധവിക്കുട്ടി, തകഴി, ഒ ചന്ദുമേനോന്‍ , ടി ഡി രാമകൃഷ്ണന്‍, എം മുകുന്ദന്‍, എന്‍ എസ് മാധവന്‍, സാറാ ജോസഫ്, കെ ആര്‍ മീര, ഉണ്ണി ആര്‍, വിനോയ് തോമസ്, ദീപ നിശാന്ത്, ജോസഫ് അന്നംകുട്ടി ജോസ്, തുടങ്ങി മലയാളത്തിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കൊപ്പം ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങളും മേളയുടെ ആകര്‍ഷണമാകും.

ഏവര്‍ക്കും സ്വാഗതം

പ്രവേശന പാസിന്

Comments are closed.