പ്രണയത്തിന്റെ തോണി: സത്യന്‍ അന്തിക്കാടിന്റെ പ്രണയ ഓര്‍മ്മകള്‍
ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’
മലയാളത്തിനു പ്രിയപ്പെട്ട ഇരുപത്തിമൂന്നുപേരുടെ പ്രണയാനുഭവങ്ങള്‍ ഇഴചേര്‍ത്ത പുസ്തകമാണ് ‘എന്റെ പ്രണയം-അനുരാഗത്തിന്റെ ദിനങ്ങള്‍’. പുസ്തകത്തില്‍ ആദ്യാനുരാഗങ്ങളുണ്ട്. അനശ്വരപ്രണയങ്ങളുണ്ട്. നഷ്ടപ്രണയങ്ങളുണ്ട്.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
ഞങ്ങളറിഞ്ഞതേയില്ല
ഞങ്ങള്‍ക്കിത്രയേറെ പറയാ
നുണ്ടായിരുന്നുവെന്ന്,
രാത്രിക്ക് സുഗന്ധമുണ്ടെന്ന്
താരങ്ങളിത്രയേറെ ഏകാകികളാണെന്ന്;
ഞങ്ങളൂഹിച്ചതേയില്ല
മയൂരഹൃദയത്തില്‍
ഇത്രയേറെ ദുഃഖമുണ്ടെന്ന്,
നദീതടത്തിലും ഞങ്ങളുടെയുള്ളിലും
രാസകേളികള്‍ക്കായി
ഇത്രയേറെ ഇടമുണ്ടെന്ന്
– രമാകാന്തരഥ് (ശ്രീരാധ)
അമ്മയില്‍നിന്നു കുഞ്ഞിന്റെ ആത്മാവിലേക്കു നീളുന്ന പൊക്കിള്‍വള്ളിപോലെ തന്നെയാണ് ഒരു നാട്ടിന്‍പുറത്തുകാരന് സ്വന്തം വീടും ഗ്രാമവും. മുറിച്ചു മാറ്റിയാലും അദൃശ്യമായി അത്ഇണങ്ങിക്കിടക്കും. അതിന്റെ സ്‌നേഹനാളത്തിലൂടെ ഓര്‍മ്മകളുടെയും ബന്ധങ്ങളുടെയും നിലാപ്പുഴകള്‍ ഒഴുകിക്കൊണ്ടേയിരിക്കും. അതില്‍ പോയകാലത്തിന്റെ ഒരിക്കലും പൊഴിഞ്ഞുതീരാത്ത സുഗന്ധങ്ങള്‍ ശേഷിക്കും.
മദിരാശിയുടെ തപിച്ചു തുള്ളുന്ന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നുവെങ്കിലും എന്റെ മനസ്സില്‍ അന്തിക്കാടിന്റെ നനവുകളും നന്മകളും നാട്ടുമണങ്ങളും ഒട്ടും വാര്‍ന്നുപോകാതെ ശേഷിച്ചിരുന്നു. ഒറ്റയ്ക്കായിരിക്കുമ്പോഴെല്ലാം ഓര്‍മ്മകള്‍ ഒരു ജലമേഘംപോലെ അന്തിക്കാട്ടിലേക്കു തിരിച്ചുപറക്കും. ഹൃദയം ഗൃഹാതുരമാവും.
അച്ഛനും സുഹൃത്തുക്കളും മുടങ്ങാതെ എഴുതുന്ന കത്തുകളിലൂടെ വീടും ഗ്രാമവും വിട്ടുപിരിയാതെ ഹൃദയത്തില്‍ ഒട്ടിനിന്നു. ഇന്‍ലന്റിന്റെ നീലച്ചിറകുകളില്‍നിന്നും കോള്‍നിലങ്ങളിലെ പരിചിത സുഗന്ധമുള്ള തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചുകയറും.
അച്ഛന്റെ കത്തില്‍ നിറയെ കുടുംബവിശേഷങ്ങളും വീട്ടുകാര്യങ്ങളുമായിരിക്കും. പടിക്കലെ പ്ലാവ് കായ്ച്ചതും ചാറ്റല്‍മഴയിലും മഴക്കാറിലും മാമ്പൂ മുഴുവന്‍ കരിഞ്ഞുപോയതും തെങ്ങില്‍ കൂടുതല്‍ കള്ളു ചുരന്നതും കോള്‍നിലത്ത് കതിരു കൊഴുത്തു നെല്‍ത്തണ്ട് ചാഞ്ഞു നിലംമുട്ടിയതും പെരുമഴയില്‍ പാന്തോട് കവിഞ്ഞതുമെല്ലാം തെന്നിത്തെന്നിപ്പോകുന്ന കൈപ്പടയില്‍ വിശദമായി എഴുതിയിരിക്കും. ഓരോ വാക്കും നിഷ്‌കളങ്ക ചിത്രങ്ങളായി മുന്നില്‍ തെളിയും. എല്ലാ കത്തിന്റെയും അവസാനം ഒരു അച്ഛനുമാത്രം പകരാവുന്ന ആര്‍ദ്രതയോടെ ഇങ്ങനെ കുറിച്ചിട്ടുണ്ടാകും:
”കഷ്ടപ്പെട്ട് കടിച്ചുതൂങ്ങി മദിരാശിയില്‍ നില്ക്കണ്ട. വയ്യെന്നു തോന്നുമ്പോള്‍ വീട്ടിലേക്കു പോരൂ.”പക്ഷേ, കഷ്ടതകള്‍ കറുത്ത കടലായി വന്നു മൂടിയാലും സത്യനു മടങ്ങാന്‍ സാധിക്കില്ലായിരുന്നു. മനസ്സിന്റെ പുറംകടലിനപ്പുറം അകലെയെവിടെയൊക്കെയോ കാത്തുവച്ച ലക്ഷ്യത്തിന്റെ തുറമുഖ ദീപങ്ങള്‍ മിന്നിത്തുടങ്ങിയിരിക്കുന്നു. തുഴഞ്ഞുകൊണ്ടേയിരിക്കേണ്ടതുണ്ട്.സുഹൃത്തുക്കളുടെ എഴുത്തില്‍നിന്നു നാട്ടുവിശേഷങ്ങളറിയും. സാഹിത്യത്തെക്കുറിച്ചും സ്റ്റഡിസര്‍ക്കിളിനെക്കുറിച്ചും കുഞ്ഞുണ്ണിമാഷെക്കുറിച്ചും അറിയും. അന്തിക്കാട്ടെ ഇലയനക്കങ്ങള്‍പോലും പകര്‍ന്നുകിട്ടും.
എല്ലാ കത്തുകള്‍ക്കും കൃത്യമായി ഞാന്‍ മറുപടി അയയ്ക്കും. തന്റെ ജീവിതവും കണ്ടകാഴ്ചകളും പരിചയിച്ച വിശിഷ്ടവ്യക്തിത്വങ്ങളുമെല്ലാം നിറഞ്ഞ ദീര്‍ഘമായ മറുപടികള്‍.
എങ്കിലും എന്തോ ഒന്നിന്റെ കുറവ് അന്തര്‍ലോകത്തിന്റെ ഏതൊക്കെയോ ചില കോണുകളെ ശൂന്യമാക്കി. പ്രിയപ്പെട്ട ആരുടെയോ ഒരാളുടെ അസാന്നിദ്ധ്യം പോലെ. ഹൃദയംകൊണ്ട് ഗാഢമായി ചേര്‍ന്നുനിന്ന ഒരാളുടെ ഇല്ലായ്മ. അത് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് എന്ന് അസാന്നിദ്ധ്യത്തിന്റെ തീവ്രത സ്വയം പറഞ്ഞുകൊണ്ടേയിരുന്നു. അതാരാണ് എന്നു മാത്രം പിടികിട്ടിയില്ല.
മറഞ്ഞുനില്ക്കുന്ന ആ മുഖത്തിനുവേണ്ടി ഓര്‍മ്മയുടെ ഓരോ അടരുകളും വകഞ്ഞ് സത്യന്‍ സ്വന്തം മനസ്സിലൂടെ ഒരുപാടു ദൂരം പിറകോട്ടു നടന്നു. അവ്യക്തതയുടെ മഞ്ഞു പുക പൊതിഞ്ഞ ആ നീണ്ട വഴിത്താരയുടെ അങ്ങേ അറ്റത്ത്, തോരാത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് അന്തിക്കാട്ടെ കോള്‍നിലങ്ങള്‍ പ്രളയസമാനം പരന്നുകിടന്നു. ദൂരെദൂരെ പച്ചത്തുരുത്തുകളുടെ പവിഴപ്പൊട്ട്. ആ ജലപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ഒരു തോണി. അതില്‍ നിറയെ കുട്ടികളാണ്. നനഞ്ഞ തോണിപ്പലകമേല്‍ താനുമുണ്ട്. ഇരുണ്ട ആകാശത്തിനു കീഴെ തണുത്ത കാറ്റില്‍ ചൂളിപ്പിടിച്ചിരിക്കുന്ന ആ സംഘത്തില്‍നിന്നും ഒരു മുഖം തെളിഞ്ഞു തെളിഞ്ഞുവന്നു. അതൊരു പെണ്‍കുട്ടിയായിരുന്നു. പേര്, നിമ്മി. സ്പ്രിങ്‌പോലുള്ള തലമുടിയും ഗ്രാമ്യമായ ചിരിയുമുള്ളവള്‍. ഇപ്പോള്‍ അവള്‍ തനിക്കൊപ്പം വളര്‍ന്നു കോളജില്‍ പോയിത്തുടങ്ങിയിരിക്കുന്നു.
എന്റെ വീട്ടില്‍നിന്നും അല്പം ദൂരെമാറിയാണ് നിമ്മിയുടെ വീട്. വീട്ടുകാര്‍ പരസ്പരം അറിയും. നിമ്മി വീട്ടില്‍ വരാറുണ്ട്, പരസ്പരം സംസാരിക്കാറുണ്ട്. പ്രണയം ഒന്നും തോന്നിയിട്ടില്ല. നിത്യസാധാരണമായ പരിചയം മാത്രം. പക്ഷേ, അങ്ങു ദൂരെ മദിരാശിയില്‍ ഒറ്റപ്പെട്ടിരിക്കുമ്പോള്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ക്കുവേണ്ടിയും ഹൃദയം വെമ്പുന്നു. ആ മനസ്സിനോട് എന്തോ ഒരിമ്പം. അത് അനുരാഗത്തിന്റെ ചമയങ്ങള്‍ ഒന്നും അണിഞ്ഞിട്ടില്ലെങ്കിലും ഹൃദയത്തില്‍ അവള്‍ക്കു വേണ്ടി ഒരു തിരി തിരയുന്നു. അത് ആത്മാവിന്റെ ആത്മാര്‍ത്ഥമായ അന്വേഷണവും ആവശ്യവുമാണ് എന്ന് എനിക്ക് സ്വയം ബോധ്യമായി. ആ ബോധ്യത്തിന്റെ ബലത്തില്‍, തന്റെ വിശേഷങ്ങള്‍ പറഞ്ഞു ഞാന്‍ നിമ്മിക്ക് ഒരു കത്തയച്ചു. നിഴലുകളോ നിഗൂഢതയോ ഒന്നും ഒളിഞ്ഞിരിക്കാത്ത, തെളിഞ്ഞ പകല്‍പോലുള്ള എഴുത്ത്.
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മറുപടിയേക്കാള്‍ വേഗത്തില്‍ നിമ്മിയുടെ പ്രതികരണം വന്നു. കോളജിലെ വിശേഷങ്ങളും കൂട്ടുകാരെക്കുറിച്ചും വീട്ടുകാര്യങ്ങളുമൊക്കെയായിരുന്നു എഴുത്തുനിറയെ. ആ വരികള്‍ക്കിടയിലൂടെ നിഷ്‌കളങ്കതയുടെ നീര്‍ച്ചോലകള്‍ ഒഴുകിയിരുന്നു. ഒരു തവണയല്ല, പല തവണ ഞാന്‍ ആ കത്ത് വായിച്ചു. ഒടുവില്‍ മടക്കി പെട്ടിയില്‍ വെക്കുമ്പോള്‍ മുമ്പു സ്പര്‍ശിച്ചിട്ടില്ലാത്ത ഒരു അനുഭൂതി. മനസ്സുനിറയെ നീലിമയാര്‍ന്ന ഒരു മയില്‍പ്പീലിക്കാവ് കെട്ടഴിഞ്ഞുലയുംപോലെ. വിദൂര വനപുഷ്പം വിടര്‍ന്ന പരിമളം പാതിരാവിലൂടെ ഒറ്റയ്ക്ക് ഒഴുകിയെത്തുംപോലെ. അച്ഛന്റെയോ സുഹൃത്തുക്കളുടെയോ എഴുത്തുകിട്ടുമ്പോള്‍ ഇത്തരം അനുഭവം ഉണ്ടായിട്ടില്ല.
നിമ്മിയുടെ കത്തുകള്‍ക്കുവേണ്ടിയുള്ള എന്റെ കാത്തിരിപ്പ് അവിടെ തുടങ്ങുന്നു. എല്ലാ ദിവസവും ജോലികഴിഞ്ഞ് തളര്‍ന്നു മുറിയിലെത്തുമ്പോള്‍ ജലപുഷ്പസദൃശമായ വാക്കുകള്‍ പ്രതീക്ഷിച്ചു. എന്റെ മനമറിഞ്ഞെന്നോണം ആഴ്ചയിലൊരിക്കലെങ്കിലും അവ വന്നു. മദിരാശിയിലെ വരണ്ട ജീവിതത്തിലേക്കു വസന്തത്തിന്റെ രഥോത്സവങ്ങള്‍പോലെ.
മറ്റെന്തിനൊക്കെ തടസ്സമായാലും ജോലിത്തിരക്ക് കത്തെഴുത്തുമാത്രം മുടക്കിയില്ല. എന്റെ എഴുത്തുകള്‍ കൃത്യമായി നിമ്മിക്കു കിട്ടിക്കൊണ്ടിരുന്നു. എത്രയും വേഗത്തില്‍, വെമ്പലോടെ മറുപടിയും. പക്ഷേ, പരസ്പരം പകരുന്ന ആ മനോവിചാരങ്ങളില്‍ പ്രണയത്തിന്റെ നേരിയ അലകള്‍പോലും അപ്പോഴും ഉണ്ടായിരുന്നില്ല. അബോധപരമായിപ്പോലും ഒരു വാക്ക് വഴുതി വഴിതെറ്റി വീണിരുന്നില്ല. കൃത്യമായ ദൂരം പാലിച്ചുകൊണ്ട് സ്വന്തം ജീവിതത്തെയും അതിന്റെ പരിസരങ്ങളെയും ആലോചനകളെയും അവതരിപ്പിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ.
വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ ഞാന്‍ നിമ്മിയെ കാണും. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയുടെ പ്രദക്ഷിണവഴികളില്‍ വച്ചോ, ഇല്ലിവേലികള്‍ പാകിപ്പകുത്ത അന്തിക്കാട്ടെ ഏതെങ്കിലും ഇടവഴിയില്‍ വച്ചോ വളരെ ഹ്രസ്വമായ ഒരു കാഴ്ച, അല്പം വാക്കുകള്‍, തീര്‍ന്നു. അത്തരം സംഭാഷണങ്ങളിലൊന്നില്‍ എപ്പോഴോ ഒരു നിമിഷത്തില്‍ പ്രണയത്തിന്റെ മധുരപരാഗങ്ങള്‍ പുരണ്ട
ഇത്തിരി വാക്കുകള്‍ ഇരുവര്‍ക്കുമിടയില്‍ പൊഴിഞ്ഞുവീണു, തമ്മിലറിയാതെ. അവിടെ പ്രണയം മുദ്രിതമായി. മുഖം കാണിക്കാതെ മര്‍മ്മരങ്ങള്‍ മാത്രം പരസ്പരം കൈമാറിക്കൊണ്ട് ഒഴുകിക്കൊണ്ടിരുന്ന രണ്ട് അരുവികള്‍ പച്ചിലക്കാടുകളെ വകഞ്ഞുമാറ്റി പുറത്തേക്കൊഴുകി സന്ധിച്ചു: പ്രണയകാലം പുലര്‍ന്നു.
Comments are closed.