ജീവിതത്തെ അതിന്റെ നിരര്‍ത്ഥകത നോക്കി എഴുതുമ്പോൾ
ടി പി വിനോദിന്റെ ‘സത്യമായും ലോകമേ ‘ എന്ന കവിതാ സമാഹാരത്തിന് ഡി യേശുദാസ് എഴുതിയ വായനാനുഭവം )
ഇടയ്ക്കിടെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ചില ഭൂപ്രദേശങ്ങള്‍ ഉണ്ട്. അതുപോലെ വായനക്കിടയില്‍ ഇടയ്ക്കിടെ വന്നിരിക്കാന്‍ കൊതിക്കുന്ന ചില വ്യതിരിക്ത വായനസ്ഥലികളുണ്ട്. അങ്ങനെ ഒരിടമാണ് സമകാല കവിതയില്‍ ടി പി വിനോദിന്റെ കവിതകള്‍, എനിക്ക്.
അത്യന്തികമായി കവിത നല്‍കുന്നത് വിനോദം തന്നെ. എന്നാല്‍ കേവലവിനോദം മാത്രം മതിയാവുകയില്ല. അതില്‍ നാം വസിക്കുന്ന രാഷ്ട്രീയമായ ഉള്ളടക്കം ഉണ്ടാവും. അത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിനായി കൊടി പിടിക്കുന്നതാവില്ല. എന്നാല്‍ ഈ നിഷ്പക്ഷത ഏതിടത്തിലും ചേക്കയൊരുക്കുന്ന അവസരവാദവുമല്ല. അപ്പോള്‍ ജനാധിപത്യപരമായ ഒരു നിലപാട് മിക്കപ്പോഴും വലിയതോതില്‍ സങ്കീര്‍ണ്ണമാവും. ആ സങ്കീര്‍ണ്ണതയെയാണ് ടി പി വിനോദ് തന്റെ കവിതകള്‍കൊണ്ട് അഭിമുഖീകരിക്കുന്നത്. അത് തത്വചിന്തയുടെ അകവും പുറവുമായി, ഭാഷാപരമായ കേളിയായി, പരിഹാസവും പ്രതിഷേധവും ധ്വനിപ്പിച്ച് , കാപട്യത്തെ കണക്കിന് കിഴുക്കി, അങ്ങനെ ആശയം കൊണ്ടുള്ള ഒരുതരം ട്രാപ്പീസുകളിയായി കവിത മാറുന്നു.
ആ ശൈലി വശീകരിച്ചു കളയുന്നതാണ് എന്ന് പറയാതെ വയ്യ. പകര്‍പ്പ്, തുരന്നടുത്ത്, ഒരു ലോകകപ്പ് രാത്രിയുടെ ഡയറികുറിപ്പ്, 1906657, ജീവിതവും നമ്മളും ബയോഡാറ്റ, യാദ് വാശെം, ഹോട്ടല്‍ പെട്ടെന്ന് തുടങ്ങിയ കവിതകള്‍ അങ്ങനെ ഞെട്ടിക്കുകയോ അദ്ഭുതപ്പെടുത്തുകയോ ചെയ്ത കവിതകളാണ്. ( ഓരോ കവിതയും മൊത്തത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കവിതയുടെ ഭാഗം ഉദ്ധരിച്ചു ചേര്‍ക്കാന്‍ പലപ്പോഴും പ്രയാസമാണ്. ഉദ്ധരിക്കുമ്പോള്‍ കവിതയുടെ സാകല്യത്തിലുള്ള അതിന്റെ പ്രവര്‍ത്തനം എങ്ങനെ എന്ന് അറിയാന്‍ പ്രയാസമായിരിക്കും. ഇത് പൊതുവെ ഇക്കാലത്തെ കവിതകളുടെ പ്രത്യേകതയാണ് ) അത്യന്തികതയിലും അജ്ഞേയതയിലും രാഷ്ട്രീയത്തിന്റെ അസംബന്ധതയിലും നിന്നുകൊണ്ടാണ് ടി പി വിനോദിന്റെ കവിതകള്‍ സംവദിക്കുന്നത്. തത്വചിന്തയ്ക്ക് ഏറ്റവും അനുയോജ്യമായ ഇടം അധികാരരാഷ്ട്രീയത്തിന്റെ അസംബന്ധങ്ങളല്ലാതെ മറ്റെന്തുണ്ട്?
ഭാവനയുടെ പുതിയൊരു സ്പേയ്‌സാണ് ടി പി വിനോദിന്റെ കവിത. അതായത്, മലയാളകവിതയില്‍ ഇപ്പോള്‍ കടലോര ജീവിതമുണ്ട്, ദളിത് ഇടങ്ങളുണ്ട്, കാടും ആദിവാസി ജീവിതവുമുണ്ട്. സ്ത്രീ, ലിംഗവ്യതിരിക്തതയുണ്ട്. നഗര ഗ്രാമ പൊതു ധാരകളുണ്ട്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ധൈഷണിക ഭാവനയുടെ ഒരു സ്‌പെയ്‌സാണ് വിനോദ് ഒരുക്കുന്നത്. അതില്‍ ശാസ്ത്രചിന്തയുടെ വ്യാപ്തിയുണ്ട്. മാനവികതയുടെ പ്രശ്‌നങ്ങളുണ്ട്.
അതിസാധാരണ ജീവിതത്തിന്റെ നിഴലിടങ്ങളുണ്ട്. മതേതരഭാവനയുടെ ഊര്‍ജ്ജമുണ്ട്. പൗരസങ്കല്പങ്ങളുടെ ജനാധിപത്യപരമായ സങ്കടങ്ങളുണ്ട്. പ്രണയത്തിന്റെ പ്രഹേളികയുണ്ട്. അതൊക്കെ ഉണ്ടായിരിക്കുമ്പോഴും അത് വൈകാരികത കളിക്കുന്നില്ല. ഒരു തരം ചിരി നിറച്ചു വച്ചാണ് കവിതകളുടെ സഞ്ചാരം കവിതകള്‍കൊണ്ട് കുഴക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ് കവി. കുഴയ്ക്കുന്ന പ്രശ്‌നങ്ങളുടെ കവിയാണ് ഇദ്ദേഹം എന്നും പറയാം . ജീവിതത്തെ ഒരു പ്രഹേളികയായി നോക്കുന്നവന്‍. പദപ്രശ്‌നങ്ങളുടെ യുക്തികൊണ്ട് കവിതയെ മെരുക്കുന്നവന്‍. കുരുക്കഴിച്ചു കുരുക്കഴിച്ചുപോകുന്ന ഒരുതരം ഗണിതബോധം. എന്നാല്‍ ഒന്നുമില്ല ഒന്നുമില്ല എന്നോര്‍ത്തു ചിരിക്കുന്നതിന്റെ ഒച്ച.
മാത്രമല്ല, ഭാഷയോ , പ്രബന്ധഭാഷയുടെ പാരഡിപോലെ. ജീവിതത്തിന്റെ ആയുക്തിയെ കവിത കൊണ്ട് ആഘോഷിക്കുകയാണ് ടി പി വിനോദ് എന്നു പറഞ്ഞാലും അധികമാവില്ല. ഒന്നുകൊണ്ടും തീര്‍പ്പു കല്‍പ്പിക്കാന്‍ പറ്റാത്ത ജീവിതം ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ. ആ നിലയ്ക്ക് ജീവിതത്തിന്റെ സന്ദേഹത്തെപ്പറ്റിയുള്ള കവിതകളുമാകുന്നു ടി പി വിനോദിന്റേത്.
പാരമ്പര്യത്തിന്റെ യാതൊരു ഹാങ്ങ് ഓവറും ഇവിടെ കാണാനാവില്ല, താത്വചിന്തയുടെ ചില തുടര്‍ച്ചകളല്ലാതെ. ആധുനിക വൈജ്ഞാനിക ശാഖകളോടാണ് ഈ കവിതകള്‍ക്ക് ചാര്‍ച്ച.
ഉഴുന്നു വടയും ജീവിതവും, അല്ലെങ്കില്‍, അതിരിക്കട്ടെ, നില്‍ക്കക്കള്ളി, ഇരുട്ട്, കുഴിമടി തുടങ്ങിയ കവിതകള്‍ മുഴുവന്‍ ഉദ്ധരിക്കണമെന്നുണ്ടെനിക്ക്. കാവ്യഭാഗങ്ങള്‍ ചേര്‍ക്കുന്നതിന്റെ പ്രശ്‌നം നേരത്തെ സൂചിപ്പിച്ചല്ലോ. എങ്കിലും ഒരു ഉദ്ധാരകന്റെ വ്യഗ്രത ഉള്ളില്‍ അലയടിക്കുന്നതിനാല്‍ ചില ഭാഗങ്ങള്‍ ചേര്‍ക്കുന്നു.
‘നിരര്‍ഥകതയുടെ ചോരയാണ് സമയമെന്ന് അശരീരിയുണ്ടാകുന്നു, പക്ഷേ, നിരര്‍ഥകതയുടെ ഹൃദയമെന്ത് എന്ന ചോദ്യമാണ് പ്രതിധ്വനിക്കുന്നത് ‘
(അറിഞ്ഞിട്ടില്ലാത്തവയുടെ അനുബന്ധങ്ങള്‍ )
‘ശബ്ദത്തിന്റെ ശരീരത്തില്‍ നിശബ്ദതയുടെ ജീവന്‍’
(ശബ്ദരൂപേണ സംസ്ഥിതാ )
‘വികസിച്ചു കൊണ്ടിരിക്കുന്ന
പ്രപഞ്ചത്തോടൊപ്പം
മരണത്തിന്റെ ആസൂത്രണങ്ങളും
വികസിച്ചു കൊണ്ടിരിക്കുന്നുവെന്നൊക്കെ
നമുക്കറിയാം’ ( വികസ്വരം )
‘എന്തെന്നാല്‍
ഏറ്റവും വലുതും
ഏറ്റവും ചെറുതുമായ അകലങ്ങള്‍
വാക്കുകള്‍ക്കിടയിലാണ്’
(അകലങ്ങളുടെ കവിതകള്‍)
‘മനുഷ്യരെ കാണുമ്പോള്‍
മനുഷ്യരെന്ന് തോന്നുന്നത്
കുറ്റമാണെന്നൊക്കെ ഇതിനകം
തീര്‍പ്പായിട്ടുണ്ടാവും.
അതിനുള്ള ശിക്ഷയുടെ
കാലതാമസത്തില്‍
നമ്മള്‍ താമസിക്കുന്നു’ (1906657)
ഈ ഭാഗങ്ങളൊക്കെ മേല്‍പറഞ്ഞ കാര്യങ്ങളുടെ ചില സാമ്പിളുകളാണ്. കാവ്യസമാഹാരത്തിലൂടെ കടന്നുപോയെങ്കിലേ ആ അനുഭവങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കൂ എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ചെറിയ രണ്ടു കവിതകള്‍ പൂര്‍ണമായും ചേര്‍ക്കുന്നു
1 മുതുക് വേദനിക്കും
ഒരര്‍ത്ഥവുമില്ലാതെ
വെറുതെയിരിക്കുന്നതത്ര
എളുപ്പമല്ല,
നിരര്‍ത്ഥകതയ്ക്ക്
മുടിഞ്ഞ വെയ്റ്റാണ്
2 ജീവിതവും നമ്മളും
ആരെയും എപ്പോള്‍ വേണമെങ്കിലും
തല്ലിക്കൊല്ലുന്നതിനുള്ള
മൗനാനുവാദമായി
നമ്മള്‍ ജീവിക്കുന്നു
ആരെയും എപ്പോഴും
കൊള്ളയടിക്കുന്നതിനുള്ള
മൗനാനുവാദമായി
നമ്മള്‍ ജീവിക്കുന്നു
ആരെയും എപ്പോഴും
തടങ്കലിലിടുന്നതിനുള്ള
മൗനാനുവാദമായി
നമ്മള്‍ ജീവിക്കുന്നു
കുഞ്ഞുങ്ങളിലേക്ക്
ലോകത്തിലെ എല്ലാ പേടികളും
കുത്തിനിറയ്ക്കുന്നതിനുള്ള
മൗനാനുവാദമായി
നമ്മള്‍ ജീവിക്കുന്നു
എന്തിനാണിതിനെ
ജീവിക്കുന്നു എന്നൊക്കെ
വിശേഷിപ്പിക്കുന്നത്?
മരിക്കുക പോലും ചെയ്യുന്നില്ല എന്നല്ലേ
ഇതിനൊക്കെ അര്‍ത്ഥമുള്ളൂ
അതുകൊണ്ട് ‘സത്യമായും ലോകമേ’ ഈ പുസ്തകം
ഗംഭീരമായ അനുഭവമാണ്.
Comments are closed.