DCBOOKS
Malayalam News Literature Website

സത്യം മാത്രമായിരുന്നു ആയുധം…

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 31 വര്‍ഷം ജയിലില്‍ ജീവിച്ച പേരറിവാളന്റെ ഓര്‍മ്മകള്‍ ‘സത്യം മാത്രമായിരുന്നു ആയുധം’ എന്ന പുസ്തകത്തിന്  ബോബൻ വരാപ്പുഴ എഴുതിയ വായനാനുഭവം

സത്യം മാത്രമായിരുന്നു ആയുധമെന്ന് ഇന്നും ചങ്കുറപ്പോടെ പറയുന്നു പേരറിവാളൻ. മലയാളിയായ പത്രപ്രവർത്തക അനുശ്രീക്ക് അദ്ദേഹവും മാതാവായ അർപ്പുതം അമ്മാളും നൽകിയ ദീർഘമായ അഭിമുഖങ്ങൾ ഇതിവൃത്തമായി നൽകിയിരിക്കുന്ന പുസ്തകത്തിൽ പേരറിവാളൻ നൽകിയ ദയാഹർജികളും അദ്ദേഹത്തിന്റെ മോചനത്തിനായി വി.ആർ കൃഷ്ണയ്യരടക്കമുള്ള നിയമ-സാമൂഹ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ ഇടപെടലുകളുടെ രേഖകളും ഉൾക്കൊള്ളിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ഒരു മുൻ ഭരണാധികാരിയുടെ കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ടവർക്ക് നിയമ വിദഗ്ദരടങ്ങുന്ന പൊതു സമൂഹം നൽകിയ നിയമപരമായ പിന്തുണയും സഹാനുഭൂതിയും മാതൃകാപരമായിരുന്നു. ഒപ്പം, സോണിയ ഗാന്ധിയടക്കമുള്ള രാജീവ് ഗാന്ധിയുടെ കുടുംബത്തിന്റെ ദയയും അത് പരസ്യമായി എഴുതി നൽകിയതും അതിന് ആക്കം കൂട്ടി. തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ പ്രതികളായവരെ മരണശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന സോണിയ ഗാന്ധിയുടെ നിവേദനം ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

അന്വേഷണവേളകളിൽ അനുഭവിച്ച മൃഗീയമായ പീഢനങ്ങൾക്കൊന്നും ആ അമ്മയുടെയും മകന്റെയും ഉറച്ച നിശ്ചയദാർഢ്യത്തെ തകർക്കാനായില്ല.

രാജീവ് ഗാന്ധിയെ വധിക്കാൻ തമിഴ് പുലികൾ ഉപയോഗിച്ച ബെൽറ്റ് ബോംബ് പ്രവർത്തിപ്പിക്കാനുള്ള ബാറ്ററി വാങ്ങി നൽകിയത് പേരറിവാളനാണെന്നതായിരുന്നു സി.ബി.ഐ. മുന്നോട്ടുവച്ച പ്രധാന കുറ്റാരോപണം.

Textജയിലിൽ പോകുമ്പോൾ പേരറിവാളന്റെ പ്രായം 19 വയസ്സായിരുന്നു. പത്താം തരം പാസായശേഷം ഇക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിൽ ഡിപ്ലോമ നേടി. ശേഷം വിടുതലൈ ദിനപത്രത്തിൽ കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു. 32 വർഷത്തെ ജയിൽ ശിക്ഷയുടെ വേളയിൽ ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി.

മുഖ്യപ്രതികളെല്ലാം സംഭവസ്ഥലത്തു വെച്ചും അന്വേഷണനാളുകളിലും സ്വയം മരണപ്പെടുകയോ വധിപ്പെടുകയോ ചെയ്ത സാഹചര്യത്തിലാണ് രാജീവ് ഗാന്ധി വധക്കേസിന്റെ വിചാരണ നടന്നത്. ഇതോടെ വെള്ളത്തിൽ വരക്കുന്ന രേഖ പോലെയായി കേസും വിചാരണയും.

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാൻ അറിഞ്ഞും അറിയാതെയും കൂടെ നിന്നവർ മാത്രം പ്രതികളായി. കൃത്യത്തെ ആസൂത്രണം ചെയ്തവർ കടലിനക്കരെയിരുന്ന് തത്ക്കാല സുരക്ഷിതത്വം ഉറപ്പിച്ചെന്ന് തോന്നിച്ചെങ്കിലും കാലം കാത്തുവെച്ചിരുന്ന അന്തിമ വിധിക്ക് അവരും നിഷ്ഠൂരമായി തന്നെ വിധേയരായി.

ആ കാവ്യനീതിയുടെ ബാക്കിപത്രമെന്ന പോലേ അവശേഷിച്ചിരുന്ന ദയാ വായ്പ്പിനാൽ, ജയിലിൽ അടക്കപ്പെട്ട നിരപരാധികളും നിർദോഷകരും മോചിതരായി. ഒരാളുപോലും വധശിക്ഷയ്ക്ക് വിധേയരായില്ല. പക്ഷേ, ഇതിനിടയിൽ 32 വർഷക്കാലം കടന്നുപോയിരുന്നു. ഒരു മനുഷ്യായുസിന്റെ ഏറ്റവും സുവർണ്ണകാലമാണത്. അതവർക്ക് നഷ്ടമായി. അതിനുളള പരിഹാര വാക്കുകളൊന്നും അന്തിമ വിധിയിൽ ഉണ്ടായതുമില്ല.

ഇതിനിടയിൽ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ അചഞ്ചലമായ വിശ്വാസമർപ്പിച്ചു കൊണ്ട് ഒരു മാതാവ് പോരാട്ടത്തിനിറങ്ങി. അവരുടെ പേര് അർപ്പുതം അമ്മാൾ എന്നായിരുന്നു. കൽത്തുറങ്കിലെ 23 വർഷത്തെ ഏകാന്ത വാസവും ദാരുണമായ പീഢനങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അനുഭവിച്ച് നിരവധി തവണ വധശിക്ഷ നടപ്പാക്കുന്നത് അവസാന നിമിഷം മാറ്റിവച്ചും മരവിപ്പിച്ചും മുന്നേറവേ,തന്റെ മകൻ നേരിട്ട വിചാരണാ പിഴവുകൾ തെളിയിക്കുന്ന പേപ്പറുകൾ നിറച്ചൊരു തോൾസഞ്ചിയും തൂക്കി ആ അമ്മ നിയമസ്ഥാപനങ്ങളുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും ചവിട്ടുപടികൾ കയറിയിറങ്ങിയത് നീണ്ട ഇരുപതുവർഷങ്ങൾക്കപ്പുറമാണ്.

ആകെയുണ്ടായിരുന്നത് മകൻ നിരപരാധിയാണെന്ന ഉറച്ച ബോധ്യവും നിയ വ്യവസ്ഥയോടുണ്ടായിരുന്ന
അചഞ്ചലമായ വിശ്വാസവും മാത്രം. 1991 ജൂൺ 11 ന് , 19 വയസ്സുള്ള കൗമാരക്കാരനായ മകൻ പേരറിവാളിനെ , ഒന്ന് ചോദ്യം ചെയ്യാനെന്നു പറഞ്ഞ് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോയതാണന്ന്. പിറ്റേന്ന് വിട്ടയക്കുമെന്നും ഉറപ്പു നൽകി. പക്ഷേ, അതിനും രണ്ടര മാസത്തിനു ശേഷമാണ് മകൻ പേരറിവ് എവിടെയാണെന്ന് പോലും ഈ അമ്മ അറിഞ്ഞത്. മകന്റെ അറസ്റ്റ് കുടുംബത്തിന് അപകടകരമാകുമെന്ന് കരുതി അമ്മയും ആരോടുമൊന്നും പറഞ്ഞില്ല. നീണ്ട 32 വർഷത്തെ കൊടും തടവിൽ 23 വർഷമാണ് പേരറിവാളൻ ഏകാന്ത തടവിൽ പാർത്തത്.

സി.ബി ഐക്ക് പേരറിവാളൻ നൽകിയ മൊഴി പൂർണ്ണമായും കോടതിയിൽ നൽകിയിട്ടില്ലെന്ന അമ്മയുടെ വാദം. മൂന്നാംമുറ കൊണ്ട് പൊറുതി മുട്ടിയ വേളയിൽ ബലപ്രയോഗത്തിലൂടെ മനോധർമ്മമനുസരിച്ച് എഴുതിയുണ്ടാക്കിയ മൊഴിയാണ് കോടതിക്ക് നൽകിയതെന്ന അമ്മയുടെ വാദം, അന്നത്തെ സി.ബി.ഐ. ഓഫീസർ ത്യാഗരാജൻ കോടതിയിൽ ഹാജറായി. പെരറിവാളന്റെ മൊഴി താൻ പൂർണ്ണമായും രേഖപ്പെടുത്തിയില്ലന്ന് ഏറ്റുപറഞ്ഞതോടെയാണ് , അർപ്പുതം അമ്മയുടെ വാദത്തിന് അടിസ്ഥാനമുണ്ടെന്ന് കോടതി തിരിച്ചറിഞ്ഞതും അറിവിന്റെ മോചനം സാധ്യമായതും …. അത് പ്രകാരം 2022 മെയ് 18 ന് പേരറിവാളൻ ജയിൽ മോചിതനുമായി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.