അറിവും സര്‍ഗാത്മകതയും ചേര്‍ന്നൊരുക്കുന്ന ഉന്മാദത്തിന്റെ വഴികള്‍: ജീവന്‍ ജോബ് തോമസ് എഴുതുന്നു
‘സര്‍ഗോന്മാദം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ എഴുത്തനുഭവം ജീവന്‍ ജോബ് തോമസ് പങ്കുവെക്കുന്നു
കുട്ടിക്കാലം മുതലേ കഥകളുടെ ഭാവനാ ലോകത്ത് ഏറെ ഭ്രമിച്ചു വശായിപ്പോയ ഒരു മനസായിരുന്നു എന്റേത്. ശാസ്ത്ര പഠനത്തിന്റെയും ഗവേഷണത്തിന്റെയും നിരന്തരമായ യുക്തിയധിഷ്ഠിത പ്രപഞ്ചത്തില്‍ അലയുമ്പോഴും കഥകള്‍ കൊണ്ടുവന്നു തന്ന ഉന്മാദത്തിന് അറുതിയുണ്ടായിരുന്നില്ല. ആ ആസ്‌കതിയാണ് ശാസ്ത്രലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കെ തന്നെ നോവലുകളും എഴുതാനുള്ള തീവ്രപ്രേരണ എന്നില്‍ നിറച്ചത്. രണ്ട് വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന ഭാവനാത്മകതയുടെയും ശാസ്ത്രാന്വേഷണത്തിന്റെയും ലോകങ്ങളെ കൂട്ടിയിണക്കിയ ഡാവിഞ്ചിയേയും ഗേയ്‌ഥേയും പോലുള്ള പ്രതിഭകളെ വലിയ ആരാധനയോടെ തന്നെ ഞാന്‍ പിന്തുടര്‍ന്നു പോന്നിരുന്നു.
കാവ്യവും ശാസ്ത്രവും രണ്ടു വിരുദ്ധധ്രുവങ്ങളില്‍ നിന്നുകൊണ്ട് നടത്തുന്ന പ്രവര്‍ത്തികളാണ് എന്നത് പൊതുവെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. വ്യക്തികളുടെ ആത്മനിഷ്ഠമായ ആസ്വാദന ശീലങ്ങളുടെ ഉല്പന്നങ്ങളാണ് കാവ്യങ്ങള്‍. തീര്‍ത്തും വൈകാരിക പ്രവര്‍ത്തനം. എന്നാല്‍ ശാസ്ത്രത്തിലാകട്ടെ ആത്മനിഷ്ഠത വലിയ ശാപമാണ്. വസ്തുനിഷ്ഠമായ പദ്ധതികളാണ് അതിന്റെ അന്തസത്ത. ശാസ്ത്രം മനുഷ്യന്റെ ഭൗതികവ്യവഹാരങ്ങളെ മാത്രം സ്പര്‍ശിക്കുകയും മനുഷ്യര്‍ നടത്തുന്ന സകല വ്യവഹാരങ്ങളിലും ആത്യന്തികമായി നിലനില്‍ക്കുന്നത് ഭൗതികസാധ്യത മാത്രമാണ് എന്ന് അത് സമര്‍ഥിക്കുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്.
കവി ശാസ്ത്രജ്ഞാനായിക്കൂടെന്നില്ല. ശാസ്ത്രജ്ഞന്‍ കവിയും ആകാം. പക്ഷെ കാവ്യത്തിന്റെയും ശാസ്ത്രീയാന്വേഷണങ്ങളുടെയും വഴികള്‍ വ്യക്തികളുടെ ഉള്ളില്‍ തന്നെ രണ്ടു വിധത്തിനാണ് നടക്കുന്നത് എന്നത് പൊതുവേ ആധുനിക സമൂഹം അംഗീകരിക്കുന്നു. ഭാവനയുടെ ലോകവും യുക്ത്യധിഷ്ഠിത ശാസ്ത്രീന്വേഷണങ്ങളുടെ ലോകവും തമ്മിലുള്ള വൈരുധ്യത്തിനിടയിലുള്ള പൊതുയിടത്തെ പറ്റി സമ്പൂര്‍ണ്ണമായും ചര്‍ച്ചചെയ്യുന്ന ഒരു പുസ്തകം എന്ന ആശയം ഏതാണ്ട് പത്തുവര്‍ഷം മുന്‍പ് എന്റെ മനസില്‍ കയറിക്കൂടിയതാണ്. 2009-ല്‍ മുതല്‍ ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായി പല വിഷയങ്ങളെ ലേഖനങ്ങളായി ആനുകാലികങ്ങളില്‍ എഴുതിപ്പോരുന്നുണ്ടായിരുന്നു. 2019 ആയപ്പോഴാണ്, അതെല്ലാം ക്രോഡീകരിച്ച് പുസ്തകരൂപത്തിലേക്ക് മാറ്റിയെഴുതാനുള്ളത്ര ആശയത്തികവ് എത്തി എനിക്ക് ബോധ്യമായത്. പിന്നീട് കാലങ്ങളായി എഴുതിയ ആശയങ്ങളെ കാലാനുസൃതമായി പരിഷികരിച്ച് അധ്യായങ്ങളിലായി മാറ്റിയെഴുതാനുള്ള കാലമായിരുന്നു. സയന്‍സിനെയും കലയേയും കൂട്ടിയിണക്കുന്ന ആശയത്തിന്റെ സമഗ്രതയിലേക്കുള്ള യാത്രയായിരുന്നു ആ എഴുത്തുകാലം.
ഐസക്ക് അസിമോവ് ഈ വിഷയത്തെ കുറിച്ച് പറഞ്ഞ വിഖ്യാതമായവരികളുണ്ട്. യഥാര്‍ത്ഥ കലാകാരന്‍ ഭാവനാശാലിയായിരിക്കുന്നതോടൊപ്പം തന്നെ പൂര്‍ണ്ണമായും യുക്തിപരമായി ചിന്തിക്കുന്നവന്‍ കൂടിയായിരിക്കും. അല്ലെങ്കില്‍ അത് അയാളുടെ കലാസൃഷ്ടിയുടെ ബാധിക്കും.
ശാസ്ത്രജ്ഞന്‍ തന്റെ കണ്ടെത്തലുകള്‍ക്കായി സൂക്ഷ്മയുക്തിയെ എത്ര ആഴത്തില്‍ ആശ്രയിക്കുന്നുവോ അത്രയുംതന്നെ ഭാവനാവിലാസത്തെയും ആശ്രയിക്കുന്നുണ്ട് എന്നതാണ് സത്യം. ചില ശാസ്ത്രജ്ഞന്‍മാര്‍ തങ്ങളുടെ ഭാവനാശേഷിയെ ആശ്രയിച്ചായിരിക്കും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങള്‍ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് ആ ആശയത്തെ യുക്തികൊണ്ട് സാവധാനം ശക്തിപ്പെടുത്തുകയായിരിക്കും ചെയ്യുക. അങ്ങനെ ചെയ്യാന്‍ അയാള്‍ക്കായില്ലെങ്കില്‍ അയാളുടെ ശാസ്ത്രസിദ്ധാന്തം കരുത്തില്ലാത്തതാവുകയും
ചെയ്യും. ഇതുകൊണ്ടു തന്നെ സയന്‍സും കലയും തമ്മിലുള്ള പരസ്പരാശ്രയത്തെ നമുക്കൊരിക്കലും നിഷേധിക്കാന്‍ കഴിയാത്തതാണ്.
യുക്തിയും ഭാവനയും തമ്മിലുള്ള ഈ പരസ്പരാശ്രയത്വത്തിലാണ് സര്‍ഗസൃഷ്ടികളുടെ ആത്യന്തിക രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ജര്‍മന്‍ റൊമാന്റിക് കവിയായ ഫെഡറിക് ഷിലര്‍ Letters on the Education of Man എന്ന ലേഖനത്തില്‍ പറയുന്ന ഒരു വിഖ്യാത വരിയുണ്ട്. മനുഷ്യന്‍ ഒരു പൂര്‍ണ്ണ ജീവി ആകുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യം ഉയരം ഉയര്‍ന്നു വരികയുള്ളൂ. പൂര്‍ണ്ണ ജീവി എന്നതിന്റെ അര്‍ത്ഥം അയാളുടെ ഭാവനയുടെയും യുക്തിയുടെയും അടിസ്ഥാനപരമായിട്ടുള്ള പ്രേരണകളെ രണ്ടും പൂര്‍ണ്ണമായി വികസിപ്പിക്കപ്പെട്ടു കഴിയുമ്പോഴാണ്. ഭാവനയുടെയും യുക്ത്യ
ധിഷ്ഠിത ബൗദ്ധികതയുടെയും സ്വാഭാവികവും തുല്യപ്രാധാന്യപരവുമായ സമ്മേളനമാണ് മനു
ഷ്യസ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല് എന്നാണ് ഷിലര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു തന്നെ ഭാവനാ ലോകങ്ങളുടെയും സയന്‍സിന്റെയും വ്യത്യസ്ത വഴികളെ കൂട്ടിയിണക്കി പഠനവിധേയമാക്കാനുള്ള ഈ ശ്രമങ്ങള്‍ എനിക്ക് തുറന്നു തന്നത് ആത്യന്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധമാണ്. വ്യക്തിപരമായി ആ ബോധം എങ്ങനെയാണ് എന്നെ പുതിയ ഒരു മനുഷ്യനാക്കി മാറ്റിയത് എന്നത് ഞാന്‍ സ്വയം തിരിച്ചറിയുന്നഅനുഭവമാണ്. അത് ഒരു ഉന്മാദത്തിന്റെകൂടി അനുഭവമാണ്.
അറിവിനെ ഉന്മാദത്തിന്റെ തലത്തിലേക്ക് വളര്‍ത്താന്‍ കഴിയുന്നത് അറിവുകൊണ്ട് നമുക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കാണിച്ചു തരുമ്പോളാണ്. ആ വഴികളെ ഒരു പുസ്തകത്തില്‍ അടയാളപ്പെടുത്തി വയ്ക്കുക എന്നാതായിരുന്നു ഈ സര്‍ഗോന്മാദത്തിന്റെ രചനയില്‍ എന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളിയെ ഒരു ചെറിയ ശതമാനമെങ്കിലും അതിജീവിക്കാനായിട്ടുണ്ട് എന്ന ആത്മവിശ്വസത്തോടെയാണ് സര്‍ഗോന്മാദം വായനയ്ക്കായി മലയാളി വായനാ സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്.
Comments are closed.