സർഗോന്മാദചിന്തകൾ
ജീവന്‍ ജോബ് തോമസിന്റെ ‘സര്‍ഗോന്മാദം’ എന്ന പുസ്തകത്തെക്കുറിച്ച് ഡോ.കെ.ബീന (കേന്ദ്ര സാഹിത്യ അക്കാദമി ഭാഷാവിദഗ്ദ്ധ സമിതി മുൻ അംഗം) എഴുതുന്നു
“അല്ല ചങ്ങാതി നിനക്കെന്ത് സുഖാ… സമയാസമയം ഭക്ഷണം, വിശ്രമം, സുഖനിദ്ര എന്തൊരു ഭാഗ്യാ നിനക്ക് ”
അസൂയയോടെയുള്ള ചെന്നായയുടെ വർത്തമാനം കേട്ട് നായ തൻ്റെ വാസ സ്ഥലത്തേക്ക് ചെന്നായയെ ക്ഷണിച്ചു. അത്യാനന്ദത്തോടെ കൂട്ടുകാരൻ്റെ കൂടെക്കൂടാനെത്തിയ ചെന്നായ കൂട്ടുകാരൻ്റെ കഴുത്തിലെ ചങ്ങല കണ്ട് അത്ഭുതപ്പെട്ടു. ഇതെന്താ കഥാന്ന് തിരക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. ഇതിനെ ചുറ്റിയാണ് ജീവിതം ചുറ്റിക്കറങ്ങുന്നതെന്ന് ബോധ്യപ്പെട്ട ചെന്നായ വന്നവഴി തിരിച്ചുപോയി. ഈസോപ്പ് കഥയിലെ ചിന്തനീയമായ ഈ ഭാഗം ആമുഖമായി ചേർത്തുകൊണ്ട് ജീവൻ ജോബ് തോമസ് ആവേശകരമായൊരു വായനോന്മാദത്തിലേക്ക് ക്ഷണിക്കുന്ന കൃതിയാണ് സർഗോന്മാദം. സഹജവാസനകളെ ബലി കഴിക്കേണ്ടി വരുന്ന മനുഷ്യമനസ്സുകളെ ആഴത്തിൽ പഠനവിധേയമാക്കുന്നു. കാലദേശസംസ്കാര ഭേദങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് എക്കാലത്തേക്കുമായി ചില ചിന്തകൾ ആഴത്തിൽ പാകിയിടുകയാണ് ലേഖകൻ.
സർഗ്ഗാത്മകതയെ അല്പം പോലും സ്വന്തം ജീവിതത്തിലേക്ക് പ്രയോഗിക്കാനാവാത്ത അടിമത്തവ്യവസ്ഥയുടെ നിർവചനം ചിട്ടപ്പെടുത്താനുള്ള കണ്ടെത്തലുകളാണ് ഓരോ പുറവും. കനപ്പെട്ട 30 ലേഖനങ്ങളുടെ സമാഹാരമായ സർഗോന്മാദം യാന്ത്രിക ജീവിതത്തിൻ്റെ ബാധ്യതയിൽനിന്നും സർഗാത്മജീവിതത്തിൻ്റെ തുറന്നുകളിലേക്കുള്ള വഴികൾ തിരയാനുള്ള ശ്രമമാണ് വരച്ചു കാണിക്കുന്നത്. മനുഷ്യകുലത്തിൻ്റെ ഘട്ടംഘട്ടമായ വളർച്ചയിൽ ശാസ്ത്രം വികസിച്ചു തുടങ്ങുന്നതിൽ പരീക്ഷണനിരീക്ഷണങ്ങൾ ക്കുള്ള പങ്ക് ചെറുതല്ല. അവിടെ ബലിയാടാക്കപ്പെട്ട ജീവജാലങ്ങളുടെ കൂട്ടത്തിൽ എത്രമാത്രം മനുഷ്യ ജീവനുകളും പൊലിഞ്ഞു പോയിട്ടുണ്ട് എന്നത് എഴുതപ്പെടാത്ത ചരിത്രമാണ്. അത്തരം ചില അടിമകളിൽ തുടങ്ങി മനുഷ്യമനസ്സിൻ്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുന്നവയാണ് ലേഖനങ്ങൾ.
ഗൈനക്കോളജിയുടെ പിതാവായി ലോകം വാഴ്ത്തുന്ന മാരിയോൻ സിംസ് തൻ്റെ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാക്കിയ മൂന്ന് അടിമസ്ത്രീകളുണ്ടായിരുന്നു. നാലുവർഷത്തെ നിരന്തര പരീക്ഷണങ്ങൾക്കൊടുവിൽ 1849 ൽ തൻ്റെ ഉദ്യമം വിജയിച്ചപ്പോഴേക്കും അനാർക്ക എന്ന സ്ത്രീയുടെ ശരീരത്തിൽ 30 ഓപ്പറേഷനുകൾ അദ്ദേഹം നടത്തിക്കഴിഞ്ഞിരുന്നു. ഗൈനക്കോളജിയുടെ ഇരുണ്ട ആകാശത്ത് ആദ്യം പ്രത്യക്ഷപ്പെട്ട സൂര്യൻ എന്നാണ് ചരിത്രകാരന്മാർ സിംസിനെ അടയാളപ്പെടുത്തിയത്. ഇത്തരത്തിൽ ശാസ്ത്ര വികസനപാതയിൽ സ്വജീവൻ ബലിയാക്കേണ്ടി വന്ന എത്ര മനുഷ്യജീവനുകളുണ്ട്. ഏതെങ്കിലുമൊക്കെ തലമുറയിൽ അടിമയുടെയോ ഉടമയുടെയോ വംശാവലിയിൽ പെടാത്ത ഒരുമനുഷ്യനും ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നില്ല എന്ന് ലേഖകൻ ആവർത്തിക്കുന്നു. മനുഷ്യക്കടത്തും ലൈംഗികത്തൊഴിലും കുട്ടികളെക്കൊണ്ടുള്ള വീട്ടുവേലയുമൊക്കെ വ്യാപാരത്തിൻ്റെയും ശാരീരിക പീഡനത്തിൻ്റെയുമൊക്കെ തലങ്ങളിൽ നിന്നുകൊണ്ട് അടിമത്തം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിട്ടില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത് ഗ്രന്ഥത്തിലുടനീളം അനുഭവിക്കാൻ കഴിയും.
കലാലയ വിദ്യാഭ്യാസം സ്കൂൾ വിദ്യാഭ്യാസം, തടവറകൾ, കുടുംബാന്തരീക്ഷങ്ങൾ, കുട്ടികളുടെ ലോകം എന്നിങ്ങനെയുള്ള പൊതുസമ്പ്രദായങ്ങളിൽ പോലും അനുവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അടിമ-ഉടമ വ്യവസ്ഥകളെ സൂക്ഷ്മവിശകലനം നടത്തുന്നുണ്ട്. മനുഷ്യനും യന്ത്രമനുഷ്യനും തമ്മിലുള്ള അതിസൂക്ഷ്മ സാമ്യങ്ങൾ കണ്ടെത്തുന്നതിലൂടെ യഥാർത്ഥ മനുഷ്യ വിചാരങ്ങളുടെ മൂലാധാരത്തിൽ നിലകൊള്ളുന്ന ഉന്മാദാവസ്ഥകളാണ് സർഗോന്മാദം. അമേരിക്കൻ എഴുത്തുകാരനായ ഫിലിപ്പ് കെ. ഡിക്കിൻ്റെ ഒരു നോവലിലെ പ്രമേയത്തെ മുന്നിൽ വച്ചുകൊണ്ടാണ് ലേഖകൻ ഉന്മാദാവസ്ഥകൾക്ക് ഭാഷ്യങ്ങൾ കണ്ടെത്തുന്നത്.
യന്ത്രമനുഷ്യനേയും മനുഷ്യനേയും തിരിച്ചറിയാനുള്ള സൂക്ഷ്മപരിശോധനാരീതികൾ സർഗോന്മാദം എന്ന ലേഖനത്തിൽ വിശദമാക്കുന്നുണ്ട്. അതോടൊപ്പം എത്രമാത്രം യന്ത്രം നമ്മളിൽ ഉണ്ട് എന്ന് തിരിച്ചറിയാനുള്ള വോയിറ്റ് – കാംഫ് ടെസ്റ്റ് നമ്മൾ സ്വയം നടത്തിനോക്കണമെന്ന് ഫിലിപ്പ് ഡിക്ക് പറയാതെ പറയുന്നതിനെയും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. യന്ത്രമനുഷ്യനെ യും ശരിക്കുള്ള മനുഷ്യനേയും എങ്ങനെ തിരിച്ചറിയാം എന്ന ചോദ്യം യഥാർഥത്തിൽ അടിമയേയും അടിമയല്ലാത്ത മനുഷ്യനെയും തമ്മിൽ എങ്ങനെ തിരിച്ചറിയാം എന്നതാണ് എന്ന് യുക്തിയുക്തം സമർത്ഥിക്കുകയാണ് ലേഖകൻ ചെയ്യുന്നത്. സഹജമായ ചിന്താശേഷികളെ അതിൻ്റെ സ്വതന്ത്രവഴിക്ക് വിടാൻ മനുഷ്യൻ എത്രമാത്രം തയ്യാറാവുന്നുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരാളിലെ യന്ത്രത്തിൻ്റെ അളവ് തിരിച്ചറിയാനാവുന്നത്. ഏറ്റവും നല്ല അടിമയെയും ഏറ്റവും നല്ല യന്ത്രമനുഷ്യനെയും രൂപപ്പെടുത്തുന്നത് തൻ്റെ സർഗ്ഗാത്മകതയിൽ അധിഷ്ഠിതമായ സ്വതന്ത്ര ബുദ്ധി അടിയറവക്കുന്നതിലൂടെയാണ്.
ഒരു വ്യക്തിയുടെ പ്രവർത്തനത്തിൽ നിലനിൽക്കുന്ന തികച്ചും വ്യത്യസ്തമായ അപൂർവ്വതയും ഭാവനാത്മകതയും സ്വയം പ്രകാശനശേഷിയുമാണ് സർഗ്ഗാത്മകത. എങ്കിൽ സ്വയമേവ ഉടലെടുക്കേണ്ട ഈ പ്രവണതകളെ മറ്റെന്തിനോ ഒക്കെവേണ്ടി സ്വയം മറച്ചുവയ്ക്കുന്നിടത്താണ് നാം അടിമകളായി മാറുന്നത്. ആരുടെയോ ചിന്തകൾക്കുവേണ്ടി മുന്നോട്ട് ചലിക്കേണ്ടി വരുന്ന ദുര്യോഗം. ഈ സർഗസിദ്ധി എഴുത്തിലും കലയിലും മാത്രമല്ല രതിയിലും പ്രണയത്തിലും ഉണ്ടാവേണ്ട ഉന്മാദവും ഒന്നുതന്നെയെന്ന് കാര്യകാരണസഹിതം വ്യക്തമാക്കുന്നു.
ലേഖകൻ രതിയുടെ വർണ്ണവിസ്മയങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തതിൻ്റെ ഗൂഢോദ്ദേശ്യം വ്യക്തമാകുന്നത് രതിയും സർഗ്ഗാത്മകതയും സഞ്ചരിക്കുന്നവഴി ഒന്നാണെന്ന സമർത്ഥിക്കലിലെത്തുമ്പോഴാണ്. ഭാവനയിലൂന്നിയ ആകർഷണ ത്തിലൂടെയാണ് രണ്ടുസൃഷ്ടിയുടെയും ആരംഭം. കെട്ടിപ്പടുക്കലും കെട്ടിപ്പുണരലും ഭാവനാത്മകതയിൽനിന്നും യഥാർഥ്യത്തിലേക്കുള്ള പറന്നിറങ്ങലാണ്. രതിമൂർച്ചയും സർഗ്ഗോന്മാദവും ഒന്നുതന്നെയാകുന്നത് ഭാവനയുടെയും യാഥാർത്ഥ്യത്തിൻ്റെയും താളാത്മകമായ മേളനം കൊണ്ടാണ്. ക്രിയാത്മകസാധ്യതകളെ പ്രതീക്ഷകളും സ്വപ്നങ്ങളും മായാവിലാസവുംകൊണ്ട് ഇഴപിരിക്കുമ്പോൾ അനുഭവിക്കുന്ന ഉന്മാദമാണ് സർഗ്ഗാത്മകത.
ഭാവനയുടെയും ജിജ്ഞാസയുടെയും നിലക്കാത്ത ഉൾവിളികളാണ് മനുഷ്യൻ സ്വയം ഉള്ളിൽ കൊണ്ടുനടക്കുന്ന വർധിച്ച ആഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നത്. വാക്കുകൾ മനുഷ്യനിൽ അഭിനിവേശമാകുന്നതും ബിംബങ്ങൾ കൂടുകൂട്ടുന്നതും സങ്കൽപ്പനങ്ങളാൽ ഉന്മത്തരാവുന്നതും ഈ ജിജ്ഞാസും ഭാവനയും വ്യക്തിയിൽ ചെലുത്തുന്ന ഉൾവിളിയാലാണ്. ഇത്തരത്തിലുള്ള ഉണർവുകളാൽ സ്വജീവിതത്തെ അടയാളപ്പെടുത്താൻ ഏതറ്റംവരെയും സഞ്ചരിച്ച പ്രഗത്ഭമതികളെ ‘ഭാവനാലോകങ്ങളുടെ വിളി’ എന്ന ഭാഗത്തിൽ വരച്ചുകാണിക്കുന്നു.
ജീവിതത്തെ ജിജ്ഞാനസകൊണ്ടു മാത്രം എങ്ങനെ ജീവിച്ചുതീർക്കാമെന്ന് ലോകത്തിനു കാണിച്ചു തന്ന ലിയനാർഡോ ഡാവിഞ്ചിയും ആധുനികകാലത്തെ ഡാവിഞ്ചി എന്ന് വിളിക്കാവുന്ന ജയിംസ് കാമറൂണും ഇവിടെ പ്രത്യേക പരാമർശങ്ങൾക്ക് വിധേയമാകുന്നു. ഭൂമിയിലെ ഏറ്റവും ഏകാന്തമായ ഇടം എന്ന് വിശേഷിപ്പിക്കാവുന്ന പസഫിക് സമുദ്രത്തിലെ മറിയാന ട്രഞ്ചിലൂടെയുള്ള യാത്ര ജിജ്ഞാസയുടെ സഹജവാസനായാൽ മനുഷ്യൻ നടത്തിയ സാഹസികാതിരേകത്തിന്റെ ഒരു ആഖ്യായികയാണ്. ജെയിംസ് കാമറൂൺ നടത്തിയ ഈ അതിസാഹസിക യാത്രയുടെ ദൃശ്യാവിഷ്കാരമാണ് ടൈറ്റാനിക് എന്ന ദൃശ്യവിസ്മയത്തിലൂടെ ലോകമറിഞ്ഞത്. ആ യാത്രയുടെ സാഹസികതയിൽ നിന്നൊരുഭാഗം ഇവിടെ ചേർത്തിട്ടുമുണ്ട്.
സ്പെഷ്യലൈസ് ചെയ്യാത്ത മനുഷ്യമനസ്സി’ ൽ ഒരു പാതി കലാകാരനും മറുപാതി ശാസ്ത്രഞ്ജനുമാണ് ജെയിംസ് കാമറൂൺ എന്ന് ജീവചരിത്രം രചിച്ച റബേക്ക കീഗൻ പറയുന്നുണ്ട്. ഭാവനയിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളിലേക്ക് ജിജ്ഞാസയോടെ പറന്നിറങ്ങൽ ഏതറ്റം വരെ യാത്ര ചെയ്യാനും സാഹസികമായി മുന്നോട്ടിറങ്ങുന്ന അത്ഭുതപ്രതിഭാസമായ വ്യക്തിത്തങ്ങളിൽ കാമറൂൺ വേറിട്ടുനിൽക്കുന്നു. പ്രകൃതിയിലെ ഏറ്റവും ആഴത്തിലുള്ള രഹസ്യം ജീവന്റെ ഉത്ഭവമാണെന്ന ഡാവിഞ്ചിയുടെ കണ്ടെത്തലിന്റെ വിവിധ അന്വേഷണങ്ങളെ വിശകലന വിധേയമാക്കുന്നതാണ് ‘ജീവൻ എന്ന സർഗാത്മകാനുഭവം’ എന്ന ഭാഗം. ‘ലിസ ആൻഡ് സ്വാൻ ‘, മോണാലിസ എന്നീ ചിത്രങ്ങൾക്കു പിന്നിലെ അനാട്ടമി പഠനത്തെ ആഴത്തിൽ സമീപിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഡാവിഞ്ചിയുടെ മാത്രം പ്രത്യേകതയായ അനാട്ടമി പഠനങ്ങളിലെ കാവ്യാത്മക സമീപനത്തെയും ഇവിടെ ചർച്ച ചെയ്യുന്നു. ഭ്രൂണപഠനത്തിലെ ക്ലാസ്സിക് എന്നറിയപ്പെടുന്ന ‘വെട്ടിത്തുറന്നവച്ച ഗർഭപാത്രം ‘ വേറിട്ട വായനാനുഭവമാകുന്നു.
ഭാവനാനിർമിതികളെ അതിജീവിച്ച് മനുഷ്യർക്കുമുന്നിൽ വിനോദ സാധ്യതകൾക്കുള്ള വഴികളൊരുക്കുന്ന യഥാർഥ ജീവിത വർത്തമാനങ്ങളാണ് ‘കഥയും വിനോദവും’ ചർച്ചചെയ്യുന്നത്. ഞാൻ പറയുന്ന വസ്തുത മുന്നിലിരിക്കുന്നയാളെ പിടിച്ചു നിർത്തുന്നതാവണമെങ്കിൽ അത് ഇമ്പമുള്ള അവതരണമാകണം. സാധാരണക്കാരായ മനുഷ്യർ കടന്നു പോകുന്ന ജീവിത പോരാട്ടങ്ങൾക്കിടയിലെ ഏറ്റവും പീഡനാത്മകമായ അനുഭവങ്ങളെ ഏറെ പൊടിപ്പും തൊങ്ങലും വച്ച് കേൾവിക്കാരന് ആസ്വാദകരമായ രീതിയിൽ അവതരിപ്പിക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ഏറ്റവും സൂക്ഷ്മതലത്തിൽ പരിശോധിച്ചാൽ മനസ്സിലാകുന്നത് അനീതിയോടുള്ള വിരോധത്തെക്കാൾ വിനോദത്തോടുള്ള അഭിവാഞ്ഛയാണ് മനുഷ്യമനസ്സിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നത് എന്നുതന്നെയാണ്. 2004 ലെ ശാരി എസ് നായർ മുതൽ ഐസ്ക്രീം പാർലറും വർഗീസ് കൊലപാതകവും വരെ ഇവിടെ ഉദാഹരിച്ചു കൊണ്ടാണ് ലേഖകൻ മേൽ ഉദ്ധരിച്ച പ്രസ്താവന സാധൂകരിക്കുന്നത്. ഇതിൽ ഏറ്റവും ആധുനിക സാധ്യതകളെയും കൂട്ടിച്ചേർക്കാൻ മറക്കുന്നില്ല./
നിത്യജീവിതത്തിൽ നമ്മുടെ അനുഭവ തലങ്ങളെ സ്പർശിച്ചുകൊണ്ട് കഥ എങ്ങനെ മനുഷ്യനെ മാറ്റിത്തീർക്കുന്നു എന്ന ആശയത്തെ വിശകലനം ചെയ്യുന്നതാണ് ‘കഥ കൊണ്ട് വഴി തെളിക്കപ്പെട്ടവർ’. സർഗ്ഗാത്മകതയുടെ ഏറ്റവും ഉന്നതമായ സാധ്യതയായ കഥ മനുഷ്യമനസ്സിൽ എപ്രകാരമെല്ലാം പരുവപ്പെടുത്തപ്പെടുന്നു എന്ന് ഇവിടെ വായിക്കാം. സിനിമ തീയറ്ററുകൾ ശബ്ദമുഖരിതമാക്കുന്നത് സർഗാത്മകാ സ്വാദനത്തിന് വഴിയില്ലാതാകുമ്പോഴാണ്. കോലാഹലങ്ങളും ആർപ്പുവിളികളും ബോറടി മാറ്റാനുള്ള ശബ്ദസാന്നിധ്യമായി തീയറ്ററുകൾ നിറക്കുന്നു. എന്നാൽ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ നമ്മെ കുറച്ചുകൂടി ആഴത്തിലുള്ള ആസ്വാദകനാക്കി മാറ്റുകയാണ്. ഒരു വിഷയത്തെ തന്റെ പേജിൽ പോസ്റ്റ് ചെയ്യണമെങ്കിൽ ആ വിഷയത്തിൽ നല്ല ബോധ്യം ഉണ്ടാവണമെന്ന സാമാന്യനീതിയെങ്കിലും നടപ്പാക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ ഒരു പ്രധാന വിഷയത്തിൽ ഇടപെടുന്നുവെന്ന അഭിമാനം ആ പ്രശ്നത്തിന്റെ ആഴത്തിലേക്ക് കൂടുതൽ ആവേശത്തോടെ ഇറങ്ങാനും നിരന്തരം ആ വിഷയത്തെ പിന്തുടരാനും വ്യക്തിയെ പ്രേരിപ്പിക്കുന്നു. അവിടെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കൂടി കൂട്ടിച്ചേർക്കപ്പെടുമ്പോൾ കൂടുതൽ ആവേശഭരിതമാവുകയും ചെയ്യുന്നു. ഇതിലൂടെയെല്ലാം പങ്കാളിത്ത ആസ്വാദന ത്തിന്റെ സാധ്യതകൾ അനന്തമായി തുറന്നിടുകയാണ് ഇന്റർനെറ്റ് ചെയ്യുന്നത്. ഇതുപോലെതന്നെ ലോകമെമ്പാടും നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമാകാനും ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുന്നുണ്ട്.
‘ മെക്സിക്കൻ തിരമാല ‘ എന്ന ആസ്വാദനതലത്തിലൂടെയും ലേഖകൻ സഞ്ചരിക്കുന്നുണ്ട്.എത്രയാൾ കൂടിയാൽ ഒരു മെക്സിക്കൻ തിരമാലയുണ്ടാകും എന്ന ചോദ്യത്തിൽ നിന്നും എത്രപേർകൂടിയാൽ ഒരു ജനകീയമുന്നേറ്റമുണ്ടാകും എന്ന ചോദ്യത്തിലേക്കാണ് ഈ അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത്.
മനുഷ്യന്റെ ജൈവബോധത്തിൽ കഥ എങ്ങനെയാണ് രൂപകൊള്ളുന്നത് എന്ന് ‘ കഥയുടെ നിർമ്മിതി ‘ യിൽ ചർച്ച ചെയ്യുന്നു. എഴുത്തുകാരനിലേക്കുള്ള സമൂഹത്തിന്റെ നോട്ടത്തിലാണ് വൈരുധ്യങ്ങൾ നിറഞ്ഞുനിൽക്കുന്നത്. ഒരു സൃഷ്ടിയെ കഥാപാത്രങ്ങളും കഥാപരിസരങ്ങളും രചയിതാവിനെ കഥയിലേക്ക് പ്രേരിപ്പിച്ചിട്ടുണ്ടാവാം. എന്നാൽ ആ കഥയോട് രചയിതാവിൻ്റെ ജീവിതത്തെ കുട്ടിവായിക്കുന്നതിലെ വിവേചനമില്ലായ്മയെയാണ് ലേഖകൻ ഇവിടെ തുറന്നു കാണിക്കുന്നത്. ഓരോ മനുഷ്യനും ജീവിക്കുന്നത് പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വൈരുധ്യത്തിനകത്തുതന്നെയാണ്.
മനുഷ്യസ്വഭാവത്തിന്റെ അടിസ്ഥാനഭാവങ്ങളെ നിലനിർത്തികൊണ്ട് നടത്തുന്ന ഭാവനയെക്കുറിച്ച് കൂടുതൽ ശാസ്ത്രീയമായ അന്വേഷണം ഇവിടെ നടത്തുന്നു. ഡെസ്മണ്ട് മോറിസും ജോസഫ് കരോളുമൊക്കെ ഇവിടെ ചർച്ചചെയ്യുന്നു. നിരീക്ഷണ പരീക്ഷണമാണ് ശാസ്ത്രത്തിൻ്റെ രീതിശാസ്ത്രം. ഈ ആധുനിക ചിന്തയാണ് തങ്ങളുടെ നിരീക്ഷണങ്ങൾക്ക് പരീക്ഷണ അടിത്തറകൾ നൽകാത്ത പ്ലേറ്റോയേയും അരിസ്റ്റോട്ടിലിനേയും ശാസ്ത്രജ്ഞരാക്കാതിരുന്നത് എന്ന കറുത്ത ഫലിതം ചിന്തനീയമായ വിഷയം ആയി അവതരിപ്പിക്കുന്നതുൾപ്പെടെ കനമുള്ളതും കാമ്പുള്ളതുമായ ഒരുപിടി ചിന്തകൾ നിറഞ്ഞ ‘സർഗോന്മാദം’ കൂടുതൽ വായിക്കപ്പെടുകതന്നെ ചെയ്യും.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.