പ്രസക്തിയേറുന്ന വയലാര്‍ക്കവിത
വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും തമസ്‌കരിച്ച സങ്കുചിതാശയങ്ങള്‍ മുളയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ കാലമാണിത്. വര്‍ഗ്ഗീയതയുടെ പ്രത്യാഗമനം, വളരുന്ന വരേണ്യബോധം, ഇടുങ്ങിയ സ്വത്വബോധം, നിര്‍ലജ്ജമായ ചൂഷണം, കൈയൂക്കുള്ളവന്റെ തേര്‍വാഴ്ച, വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വം, അധികാരത്തിന്റെ നിരാര്‍ദ്രത ഇവയെല്ലാം നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ നോക്കി കൊഞ്ഞനംകുത്താന്‍ തുടങ്ങുമ്പോള്‍ മാനവികതയുടെ ധീരമധുരസ്വരമായ വയലാര്‍ കവിത പൂര്‍വാധികം പ്രസക്തമാവുകയാണ്.
ഗാനരചയിതാവെന്ന നിലയില്‍ നേടിയ പ്രശസ്തിയും അംഗീകാരവും വയലാര്‍ രാമവര്‍മ്മ എന്ന കവിയെ
ഒട്ടൊക്കെ തമസ്‌കരിച്ചുകളഞ്ഞു. അത് അസ്വാഭാവികമാണെന്നു പറഞ്ഞുകൂടാ. ചലച്ചിത്രഗാനങ്ങളുടെ ജനപ്രീതിയോട് മത്സരിക്കാന്‍ കവിതകള്‍ക്കു കഴിയില്ലല്ലോ. സിനിമയെന്ന മാധ്യമത്തിന്റെ ഗ്ലാമര്‍, സാഹിത്യത്തിന് കല്പിച്ചുകൊടുക്കാറുമില്ലല്ലോ. ഗാനങ്ങളുടെയും കവിതകളുടെയും എണ്ണത്തിലുള്ള അന്തരവും ഇതിനൊരു കാരണമായി. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതും സമാഹരിക്കപ്പെടാത്തതുമായ കവിതകള്‍ മുഴുവന്‍ ചേര്‍ത്തുവച്ചാലും ഇരുനൂറില്‍ താഴെയേ വരൂ. ഗാനങ്ങളാണെങ്കില്‍ രണ്ടായിരത്തോളവും.
വയലാര്‍ക്കവിതയെ ഗൗരവത്തോടെ സമീപിക്കാന്‍ അക്കാദമിക് പാണ്ഡിത്യത്തിന് ഇപ്പോഴും വലിയ ഉത്സാഹമില്ല. വിചിത്രമെന്നു പറയാം, ഈ മനോഭാവം രൂപപ്പെടുന്നതിനു കവിക്കുമുണ്ട്. ഉത്തരവാദിത്വം. സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ ‘സര്‍ഗ്ഗസംഗീതം’ 1961-ല്‍ പ്രസിദ്ധീകരിച്ചതിനുശേഷം സ്വന്തം കവിതകള്‍ സമാഹരിക്കാന്‍ വയലാര്‍ ശ്രദ്ധിച്ചില്ല. 1948-ല്‍ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ‘പാദമുദ്രകള്‍’ മുതല്‍ ‘സര്‍ഗ്ഗസംഗീതം’ വരെയുള്ള പതിമൂന്നു വര്‍ഷം മാത്രം നീളുന്നതാണ് വയലാര്‍ക്കവിതയുടെ യാത്രാപഥം എന്ന പ്രതീതി പ്രബലമായി. എന്നാല്‍ 1975-ല്‍ മരണം അപഹരിക്കുന്നതുവരെയും നിരന്തരം കവിതകള്‍ എഴുതപ്പെട്ടിരുന്നു എന്ന വസ്തുത വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സര്‍ഗ്ഗ സംഗീതത്തിനുശേഷം എഴുതപ്പെട്ട മുപ്പതോളം കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല. വയലാറിന്റെ കാവ്യലോകത്തെ സമഗ്രമായി സമീപിക്കുന്നതിനും
കവിതയുടെ ഋതുഭേദങ്ങള്‍ നിര്‍ണയിക്കുന്നതിനും ഈ കാഴ്ചദോഷം തടസ്സം തീര്‍ത്തു. ഒരു വ്യാഴവട്ടത്തിന്റെ ദൈര്‍ഘ്യമേയുള്ളൂ ഈ കവിയുടെ കവിതാരചനാജീവിതത്തിനെന്ന അബദ്ധധാരണ വയലാര്‍ക്കവിതയുടെമേല്‍ ഗ്രഹണകാളിമ പടര്‍ത്തി. വാസ്തവത്തില്‍ 1945 മുതല്‍ 1975 വരെ നീളുന്ന മൂന്നു പതിറ്റാണ്ടാണ് ആ കാവ്യജീവിതത്തിന്റെ ദൈര്‍ഘ്യം. നാല്പത്തിയേഴു വയസ്സുവരെമാത്രമാണ് കവി ജീവിച്ചതെന്നോര്‍ക്കണം. ചലച്ചിത്രഗാനരചനയുടെ പിന്നാലെ പോയി കവിതയെ വേണ്ടത്ര പരിചരിക്കാത്ത കവി എന്ന ആരോപണത്തില്‍നിന്ന് ഇനിയെങ്കിലും വയലാറിനെ മോചിപ്പിക്കേണ്ടതുണ്ട്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
വയലാറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.