ശരീരത്തിന്റെ സാമൂഹിക ഭാവനകള്‍
ജി. ഉഷാകുമാരി
ഒരു വ്യാഴവട്ടക്കാലത്തോളം പലപ്പോഴായി എഴുതിയ പത്തോളം ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. ശരീരവുമായി ബന്ധപ്പെട്ടുള്ള സാമൂഹികധാരണകളെ നിരന്തരം, അനുനിമിഷം പുതുക്കിയെഴുതുന്ന സമീപഭൂതകാലത്തെ ഒട്ടൊക്കെ നോക്കിക്കാണാനും ചരിത്രവല്‍ക്കരിക്കാനുമുള്ള ശ്രമം ഈ ലേഖനങ്ങളിലുണ്ടെന്നു കരുതുന്നു. ഉദാരപുരോഗമനസമീപനങ്ങളുടെ യുക്തികള്‍ക്കപ്പുറം കാമനകള്‍ ശരീരത്തിന്റെ അടയാളങ്ങളെ പേറുന്നതെങ്ങനെ, നിര്‍ണയിച്ചതെങ്ങനെ എന്ന ആലോചനകള്‍ കൂടിയാണിവ. കേരളത്തിലെ ലിംഗവതകൃതമായ ശരാശരി സ്ത്രീജീവിതത്തിനുള്ളില്‍ നിന്നുകൊണ്ടു ഭാവനാത്മകമായ ചിന്തായാത്രകള്‍ ഭാഷയിലാക്കിയതിന്റെ അനന്തരഫലം എന്നും പറയാം. സംസ്‌കാരത്തിന്റെ ചിഹ്നവ്യവസ്ഥയും ലിംഗപദവിയുടെ സാധൂകരണവും പരസ്പരം സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കുന്നു എന്നത് ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്നത് ശരീരങ്ങളുടെ വിന്യാസത്തിലാണ്, അവയ്ക്കിടയിലെ കലങ്ങിമറിഞ്ഞ അതിരുകളിലാണ്. സമീപഭൂതമെന്നതുകൊണ്ട് എണ്‍പതുകളെയാണുദ്ദേശിക്കുന്നത്. എഴുപതുകളെ റാഡിക്കല്‍ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ സുപ്രധാനമായ ചരിത്രഘട്ടമായി കരുതുമ്പോഴും കേരളത്തിലെ സ്ത്രീചരിത്രത്തില്‍ എണ്‍പതുകളാണ് പ്രധാനമെന്നു തോന്നിയിട്ടുണ്ട് (ആണ്‍) പുരോഗമനത്തിന്റെ വിഷയമെന്നനിലയില്‍നിന്നും വിഷയീനിലയിലേക്കു മലയാളിസ്ത്രീ ചുവടുകളുറപ്പിക്കുന്ന കാലം.
ഭാഷാദ്ധ്യാപികയുടെ തൊഴില്‍ജീവിതത്തിന്റെ അകത്തും പുറത്തും നിരന്തരമായി
മാറിമറിയുന്നതും വഴുതുന്നതുമായ ഒട്ടേറെ പ്രതലങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മുമ്പെന്നത്തേതിനെക്കാളധികം സാമൂഹികമായിത്തന്നെ ഉന്നയിക്കേണ്ട മേല്‍/കീഴ്ഘടനകളെ ക്ലാസ്മുറികളിലും സിലബസിലും സാഹിത്യത്തിലും നേരിടേണ്ടിവരുന്നു. അപ്പോഴൊക്കെ ഭാഷയ്ക്കപ്പുറം മറ്റ് ആശ്രയങ്ങള്‍ കൈനീട്ടിത്തരുന്നുണ്ട്. സാഹിത്യമാത്രമായ കേവലാസ്വാദനത്തിന്റെ സ്വാച്ഛന്ദ്യങ്ങളില്‍ അഭിരമിക്കുക എന്നതുതന്നെ രാഷ്ട്രീയമായി മനസ്സിലായിത്തുടങ്ങാന്‍ സമയമെടുത്തു. അതുവരെ പരാശ്രയങ്ങളായിരുന്ന സാമൂഹികവിശകലനങ്ങളെ എന്നെപ്പോലൊരാള്‍ സ്വീകരിക്കുന്നതിന്റെ സാഹസികതയുണ്ടായിരുന്നു. വൈകാരികവും സൗന്ദര്യശാസ്ത്രപരവുമായ ആവേശങ്ങളിലൂടെയും സാമൂഹികഘടനകളെ മനസ്സിലാക്കിയെടുക്കാനാവും എന്നതും വിശ്വാസമായി.
മനുഷ്യര്‍ക്കിടയിലെ ശാരീരികമായ പരസ്പരവിനിമയങ്ങളും രൂപപരിഗണനകളും പരിഷ്‌കാരങ്ങളും അവരവര്‍ സ്വയം സ്വരൂപിക്കുന്ന ഇച്ഛാധികാരങ്ങളും കേവലഭാവനയ്ക്കപ്പുറം സാമൂഹികമായി നിര്‍ണയിക്കപ്പെടുന്നതെങ്ങനെ? ദൈനംദിനസ്വഭാവമുള്ള ചഞ്ചലമായ ഈ പ്രക്രിയയെ ലിംഗദൃഷ്ടിയിലൂടെ നോക്കിക്കാണാനാവുമോ? എന്നൊക്കെയാണ് ഈ കുറിപ്പുകള്‍ പറയുന്നതെന്നു തോന്നുന്നു. പുരുഷശരീരത്തെ അലങ്കാരകാമനകളുമായി ബന്ധിപ്പിച്ചു പഠിക്കാന്‍ ഈ കൃതിയില്‍ ശ്രമിക്കുന്നുണ്ട്. അതിലൂടെ ആണത്തത്തിന്റെ പ്രകടനീയതയെ തിരിച്ചറിയാനും. സ്ത്രീശരീരത്തോളം പുരുഷശരീരവും പരിഷ്‌കാരങ്ങളുടെയും സമാനമായ
സംഘര്‍ഷങ്ങളുടെയും ഭൂമികയായിരുന്നുവെന്നകാര്യം എന്തുകൊണ്ടോ മുമ്പ് അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പരിഷ്‌കരിക്കപ്പെടേണ്ട സ്ത്രീ എന്ന മുന്‍വിധി നമ്മുടെ ഗവേഷകരെയും
സ്വാധീനിച്ചതിന്റെ ഫലമായിരിക്കാം അത്.
കേരളത്തിലെ ചിന്താമണ്ഡലത്തില്‍ പുരോഗമനം, ജനാധിപത്യം മുതലായ ആശയാവലികള്‍ ഇടതുലിബറല്‍ യുക്തികളാലാണ് ഏറെയും നിര്‍വചിക്കപ്പെട്ടത്. ആത്മീയതയെയും കാമനകളെയും രാഷ്ട്രീയസന്ദിഗ്ദ്ധതകളെയും മറ്റനേകം അനുഭവാനുഭൂതികളെയും പ്രതിപക്ഷത്തു നിര്‍ത്തുന്ന ചില ‘തീര്‍പ്പു’കളില്‍ അതു പെട്ടെന്നുതന്നെ ഒടുങ്ങുകയും ചെയ്യുന്നു. ഫാസിസത്തിനെതിരെ വാചാലരാകുമ്പോഴും ദ്വന്ദ്വങ്ങള്‍ക്കപ്പുറം, മനുഷ്യാനുഭവങ്ങളുടെ ബഹുസ്വരവൈവിദ്ധ്യങ്ങളെ എളിമയിലും തെളിച്ചത്തിലും നോക്കിക്കാണാന്‍ നാമിനിയും ശീലിക്കേണ്ടതുണ്ട്. അവകാശങ്ങള്‍ പോലെതന്നെ പൗരത്വസ്ഥാപനത്തിന് വ്യക്തി കാമനകളും പ്രധാനമാണ്. എടുത്തുവെച്ച മുന്‍മാതൃകകള്‍ക്കപ്പുറം അസ്ഥിരവും ചലനാത്മകവുമാണവ. അനന്തമായ ഭാവിയും പ്രത്യാശയുമാണവ. അതിലേറെ സമകാലികതയോട് അനന്തമായ സംവാദത്തിന് കാമനകള്‍ സദാ സജ്ജമാണ്. പുതുകാലത്തിന്റെ ആകാംക്ഷകളുടെ, ജീവിതകാമനകളുടെ പ്രതിരോധം ഒരു വഴിത്തിരിവും വകതിരിവുമായി ചിന്തകളില്‍ ഉരുത്തിരിയേണ്ടതുണ്ട്. ‘ലേണിങ്ങി’നെക്കാള്‍ ‘അണ്‍ലേണിങ്’ ശീലിക്കണമെന്നര്‍ത്ഥം. ജോര്‍ജിയോ അഗമ്പന്‍ സമകാലീനതയെക്കുറിച്ചു വിശദീകരിക്കാന്‍ ഫാഷനെ ചേര്‍ത്തുപിടിക്കുന്നത് രസകരമായാണ്. ഓസിപ്പ് മാന്‍ഡല്‍സ്താമിന്റെ ‘നൂറ്റാണ്ട്’ എന്ന കവിതയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്, അതൊരു വന്യമൃഗത്തെപ്പോലെ ഒരേ സമയം കണ്ണുകളില്‍ ഉറ്റുനോ ക്കുകയും രണ്ടു നൂറ്റാണ്ടിന്റേതായ കശേരുക്കളെ സ്വന്തം രക്തംകൊണ്ട് ഉരുക്കി യോജിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. ശരീരത്തില്‍ സമകാലികതയുടെ ചോര പൊടിഞ്ഞിരിക്കുന്നു എന്ന് നങ്ങേലി മുതല്‍ വിനായകന്‍ വരെയുള്ള എല്ലാ ചരിത്രവും നമ്മോടു പറയുന്നുണ്ട്. ഭൗതികമായ അവകാശപ്പോരാട്ടങ്ങളുടെ വിളനിലവും അധ്വാനത്തിന്റെ ഇടവും
ശരീരമാണ്; അതിലുപരി കാമനകളുടെ ഇടനിലയും ആധാരവും അതിജീവനവും ശരീരമാണ്.
ഒറ്റയൊറ്റ ലേഖനങ്ങള്‍ സമാഹരിച്ചു ചേര്‍ത്ത പുസ്തകരൂപത്തിന്റെ പരിമിതികള്‍ ഈ കൃതിയിലുണ്ടാവാം. പലപ്പോഴായി പല ആനുകാലികങ്ങളില്‍ എഴുതിയ പഠനങ്ങളായതിനാല്‍ നിരീക്ഷണങ്ങളില്‍ ആവര്‍ത്തനങ്ങളുണ്ടാവും. എങ്കിലും അതതു ലേഖനങ്ങളുടെ പൂര്‍ണതയ്ക്കായി അവ വിട്ടുകളയുകയാതെ സ്വീകരിക്കുകയാണ് ചെയ്തത്. മറ്റൊന്ന്, അതിലേറെ ഇനിയും മുന്നോട്ടു വെക്കേണ്ടതായ മേഖലകളുടെ അഭാവം ഇതിനെ അപൂര്‍ണമാക്കുന്നുണ്ട്. ഉദാഹരണത്തിന് പര്‍ദ്ദയുടെ സംസ്‌കാരം ഇന്നു പുതുവായന ആവശ്യപ്പെടുന്നതാണ്.
ജി.ഉഷാകുമാരിയുടെ ‘ശരീരത്തിന്റെ സാമൂഹിക ഭാവനകള്‍’ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.