സര്‍ദാര്‍ പട്ടേലിന്റെ ചരമവാര്‍ഷിക ദിനം
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന വല്ലഭ് ഭായ് ഝാവേര്‍ ഭായ് പട്ടേല്‍ എന്ന സര്‍ദാര്‍ പട്ടേലിന്റെ ചരമവാര്‍ഷിക ദിനമാണിന്ന് . രാഷ്ട്രം പട്ടേലിന്റെ സേവനം ഏറ്റവുമധികം ആഗ്രഹിച്ച സമയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത് . ഇന്നും പരിഹരിക്കാനാവാതെ കിടക്കുന്ന കാശ്മീര്‍ പ്രശ്‌നമുള്‍പ്പെടെയുള്ള പല വിഷയങ്ങളും പട്ടേലുണ്ടായിരുന്നെങ്കില്‍ പരിഹരിക്കപ്പെടുമായിരുന്നേനെയെന്ന് എതിരാളികള്‍ പോലും സമ്മതിക്കും . അതായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ കാര്യ നിര്‍വഹണ ശേഷി .
1875 ഒക്ടോബര്‍ 31 ന് ഗുജറാത്തിലെ കര്‍ഷക കുടുംബത്തില്‍ ജനനം . കാര്‍ഷിക വൃത്തികളില്‍ കുടുംബത്തെ സഹായിച്ചു കൊണ്ടു തന്നെ പഠനം നടത്തിയ പട്ടേല്‍ നിയമബിരുദ ധാരിയായി . ഇതിനിടയില്‍ വിവാഹം കഴിച്ചു . മണി ബെന്‍ എന്നും ദഹ്യ ഭായി എന്നും രണ്ട് കുട്ടികള്‍ ഉണ്ടായി . ഭാര്യ ഝാവേര്‍ബ 1909 ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു . പൊതു പ്രവര്‍ത്തനവും സ്വാതന്ത്ര്യ സമര പോരാട്ടവും തുടങ്ങുന്നത് പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് . അഹമ്മദാബാദിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളായി കഴിയവേ ആണ് ഗാന്ധിജിയുടെ ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചു തുടങ്ങുന്നത് . കര്‍ഷകര്‍ക്കും കൂലിപ്പണിക്കാര്‍ക്കും വേണ്ടി പ്രക്ഷോഭം നയിച്ച് പ്ലേഗ് എന്ന മഹാമാരിയെ തുരത്താന്‍ അശ്രാന്തം പരിശ്രമിച്ച് പട്ടേല്‍ ജനനായകനായി ഉയര്‍ന്നു . ഗ്രാമങ്ങള്‍ തോറും നടന്ന് നിയമലംഘന പ്രസ്ഥാനത്തിന്റെ അലയൊലികള്‍ ജനങ്ങളിലെത്തിക്കാന്‍ പട്ടേലിനു കഴിഞ്ഞു . ക്ഷാമത്തിലും മഹാമാരിയിലും പെട്ട ജനങ്ങളുടെ ദുരിത ജീവിതം പൊതു സമൂഹത്തിനു മുന്നിലെത്തിച്ച അദ്ദേഹം ഒരു വര്‍ഷത്തേക്ക് നികുതി റദ്ദാക്കാന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കി . 1920 ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പതാകവാഹകനായി ഗുജറാത്തിലെമ്പാടുമെത്തിയ പട്ടേല്‍ മൂന്ന് ലക്ഷം മെംബര്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി നിസ്സാരമല്ലാത്ത സാമ്പത്തികവും നേടിയെടുത്തു . അഹമ്മദാബാദില്‍ നടന്ന വിദേശി വസ്ത്ര ബഹിഷ്‌കരണത്തില്‍ പങ്കെടുത്ത് പൂര്‍ണമായും ഖാദിയിലേക്ക് അദ്ദേഹവും മക്കളും മാറി . അഹമ്മദാബാദ് നഗര സഭ അദ്ധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശുചിത്വത്തിലും അടിസ്ഥാന വികസനത്തിലും ശ്രദ്ധിച്ചു . നികുതി വര്‍ദ്ധനവിനെതിരെ സംഘടിപ്പിച്ച ബര്‍ദോളി സത്യാഗ്രഹം പട്ടേലിനെ ജനങ്ങളുടെ സര്‍ദാറാക്കി
1931 ലെ കറാച്ചി സമ്മേളനത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി .വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി . സഹോദരന്‍ വിത്തല്‍ ഭായി പട്ടേലിന്റെ ശവസംസ്‌കാരത്തിന് പരോള്‍ അനുവദിച്ചെങ്കിലും സര്‍ദാര്‍ അത് നിരസിച്ചു . സോഷ്യലിസം സ്വീകരിക്കണമെന്ന നെഹ്രുവിന്റെ വാദത്തെ നിശിതമായി പട്ടേല്‍ എതിര്‍ത്തിരുന്നു . അക്രമ രഹിത സമരമെന്ന ഗാന്ധിയന്‍ സിദ്ധാന്തത്തില്‍ വ്യതിചലിക്കാനുള്ള എല്ലാ ശ്രമത്തെയും അദ്ദേഹം എതിര്‍ത്തു . സുഭാഷ് ചന്ദ്ര ബോസിന്റെ രാജിക്ക് വരെ കാരണമായത് പട്ടേലിന്റെ കര്‍ക്കശ നിലപാടുകളായിരുന്നു
1942 ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത് തന്റെ സമര്‍ത്ഥമായ സംഘാടക ശേഷി കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ദാറിനു കഴിഞ്ഞു . മുംബൈയിലെ ഗൊവാലിയ ടാങ്കില്‍ ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി ആഗസ്റ്റ് 7 ന് നടത്തിയ ഐതിഹാസികമായ പ്രസംഗം ഇന്ത്യയെങ്ങുമുള്ള ദേശാഭിമാനികള്‍ക്ക് പ്രചോദനമായി . ഗ്രാമ ഗ്രാമന്തരങ്ങളിലും വയലേലകളിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജന സഹസ്രങ്ങള്‍ ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തിച്ചു . 1942 മുതല്‍ 1945 വരെ പട്ടേല്‍ ജയിലിലടയ്ക്കപ്പെട്ടു
ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് നെഹൃവിനു വേണ്ടി കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് സര്‍ദാര്‍ പിന്‍ വാങ്ങി . ഭാരതം സ്വതന്ത്രമായപ്പോള്‍ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി സര്‍ദാര്‍ പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടു . വിഭജനാന്തരം നടന്ന കൂട്ടക്കൊലകളെ ഒരു പരിധി വരെ തടയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു . കര്‍ക്കശമായ നിലപാടുകളും അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള വാര്‍ത്തകളുടെ പൂഴ്ത്തിവയ്പും കൊണ്ട് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു . നിസ്സഹായരായ കുട്ടികളേയും സ്ത്രീകളേയും കൊല്ലുന്നത് ഭീരുത്വമാണെന്ന് പ്രഖ്യാപിച്ച സര്‍ദാര്‍ പട്ടേല്‍ ജാലിയന്‍ വാലാ ബാഗില്‍ കൂടിക്കലര്‍ന്നൊഴുകിയ ഹിന്ദുവിന്റെയും മുസല്‍മാന്റെയും രക്തഗാഥകള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു . ഗാന്ധിജിയുടെ നിരാഹാരവും പട്ടേലിന്റെ നിശ്ചയ ദാര്‍ഢ്യവും മൗണ്ട് ബാറ്റന്റെ ഭരണ സാമര്‍ത്ഥ്യവുമാണ് നിരവധി ജീവനുകളെ രക്ഷിച്ചത്
നാട്ടു രാജ്യങ്ങളുടെ സംയോജനമായിരുന്നു പട്ടേലിനെ സ്വാതന്ത്ര്യാനന്തരം കാത്തിരുന്നത്. വി പി മേനോന്റെ സഹായത്തോടെ പ്രലോഭിപ്പിച്ചും , വാഗ്ദാനങ്ങള്‍ നല്‍കിയും നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു . സൈന്യത്തെ ഉപയോഗിക്കേണ്ടിടത്ത് മടി കൂടാതെ അതുപയോഗിച്ചു . രാജാക്കന്മാരുടെ ഇടയില്‍ ദേശസ്‌നേഹത്തിന്റെ ചൈതന്യം നിറയ്ക്കാന്‍ കഴിഞ്ഞത് മറ്റൊരനുഗ്രഹമായി . ജുനഗഡിനെയും കാശ്മീരിനെയും ഹൈദരാബാദിനേയും ഉരുക്കുമുഷ്ടി കൊണ്ട് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തു . ഇന്നു കാണുന്ന ഇന്ത്യ യാഥാര്‍ത്ഥ്യമാക്കിയതില്‍ പട്ടേലിന്റെ പങ്ക് നിസ്തുലമാണ് .ഇന്ത്യന്‍ പോലീസ് , ഭരണ സര്‍വീസുകള്‍ സ്ഥാപിക്കുന്നതിനു പിന്നില്‍ പട്ടേലിന്റെ പ്രയത്‌നമുണ്ട് . അമൂല്‍ ഉണ്ടായതിനു പിന്നിലും പട്ടേലിന്റെ ദീര്‍ഘവീക്ഷണമുണ്ട് . ഇസ്ലാമിക അധിനിവേശത്തില്‍ തകര്‍ന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയതും സര്‍ദാറായിരുന്നു .
1947 ല്‍ പാകിസ്ഥാന്റെ കാശ്മീര്‍ ആക്രമണത്തിലാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സ്വതസിദ്ധമായ ചാതുര്യവും ശക്തിയും പ്രകടിപ്പിച്ചത് . ഐക്യരാഷ്ട്ര സഭയില്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിക്കാനുള്ള നെഹ്രുവിന്റെ തീരുമാനത്തെ പട്ടേല്‍ നിശിതമായി എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല . പാകിസ്ഥാന് 55 കോടി നല്‍കാനുള്ള തീരുമാനവും പട്ടേല്‍ എതിര്‍ത്തു . ഇന്ത്യക്കെതിരെ യുദ്ധത്തിന് ആ തുക ഉപയോഗിക്കുമെന്നായിരുന്നു പട്ടേലിന്റെ അഭിപ്രായം .സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു കീഴില്‍ സുഖലോലുപതയിലും ആലസ്യത്തിലും കഴിഞ്ഞിരുന്ന എണ്ണമറ്റ നാട്ടു രാജാക്കന്മാരെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്ത നേതാവ് , ഇന്ത്യന്‍ ബിസ്മാര്‍ക്ക് എന്നറിയപ്പെട്ടതില്‍ ആശ്ചര്യമില്ല . സത്യത്തില്‍ ബിസ്മാര്‍ക്കിനു പട്ടേലിന്റേതു പോലെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നോ എന്ന് സംശയമാണ് . ജര്‍മന്‍ ഏകീകരണത്തിന്റെ ഉപജ്ഞാതാവായ ബിസ്മാര്‍ക്കിന് അനുനയിക്കേണ്ടിയിരുന്നത് പത്തോളം രാജാക്കന്മാരെ ആയിരുന്നെങ്കില്‍ പട്ടേലിനു നേരിടേണ്ടിയിരുന്നത് 560 ലധികം രാജാക്കന്മാരെയായിരുന്നു .
ഗാന്ധിജിയോട് ഏറ്റവുമടുപ്പം പുലര്‍ത്തിയിരുന്ന പട്ടേലിന് അദ്ദേഹത്തിന്റെ മരണം താങ്ങാനാവാത്തതായിരുന്നു . ഒരു പക്ഷേ രണ്ടു വര്‍ഷത്തിനു ശേഷം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും ഈ ആഘാതമായിരുന്നു . 1950 ഡിസംബര്‍ 15 ന് ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ ലോകത്തോട് വിടവാങ്ങി ..
Comments are closed.