ഒരുതുള്ളി കണ്ണീർ ഒഴുക്കാതെ ലൂസിയെ അറിയുന്നതെങ്ങനെ ?
മാറ്റാത്തി ഒരു സ്ത്രീപക്ഷ വായനയാണ്. പൂർണമായും തൃശൂർ ഭാഷയിൽ എഴുതപ്പെട്ട മാറ്റാത്തി അലാഹയുടെ പെൺമക്കളുടെ ഒരു മറു വായനയാണ്. ലൂസിയിൽ തുടങ്ങി ലൂസിയിൽ അവസാനിക്കുന്ന ഈ കഥ ബ്രിജിത്ത എന്ന ജന്മിയുടെയും കഥയാണ് .
ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള മന്ത്രം അനാഥയായ ലൂസി ചെറുപ്പത്തിലേ പഠിച്ചുകഴിഞ്ഞിരുന്നു. എങ്കിലും ചില ആഗ്രഹങ്ങൾ അവളുടെ കടിഞ്ഞാണുകൾ പൊട്ടിച്ച് പുറത്തേക്കൊടികൊണ്ടിരിന്നു. കുതിച്ചു പാഞ്ഞ അത്തരം മോഹങ്ങൾ ബ്രിജിത്ത എന്ന പടുമരത്തിന്റെ വേരുകളിൽ തട്ടി തെറിച്ചുവീണു.
തൃശൂരിലെ മാറിയപുരം എന്ന ഗ്രാമത്തിന്റെ വളർച്ചയിൽ കിതച്ചുവീണ കുറേ മനുഷ്യകോലങ്ങൾ കൂടി ലൂസിക്കൊപ്പമുണ്ട്. വഷളനായ സേതു വീണ്ടും കൂടുതൽ വഷളനായതും പിന്നീട് നക്സൽ ആയതും ഒടുക്കം പളുങ്ക് എന്ന സ്റ്റുഡിയോയിലെ ജോലിക്കാരനായതും കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണ്.
സുന്ദരിയായ സെലീനയും സുന്ദരിയല്ലാത്ത ‘സുന്ദരിയും’ ജീവിതത്തിന്റെ മറുകരകളിൽ നിൽക്കുന്നവരാണ് . മറിയപുരത്തിന്റെ വിഴുപ്പലക്കി നട്ടെല്ല് വളഞ്ഞുപോയ ചെറോണ കണ്ണ് നനയ്ക്കുന്ന ഒരു കാഴ്ചയാണ്.
വല്ലാണ്ട് വാർന്നുപോയ രണ്ട് മുലകളാണ് ലൂസിയുടെ ദുഖവും ശാപവും മോഹഭംഗങ്ങളും . ഒരിക്കൽ ഒരു പുലർച്ചയിൽ ബ്രിജിത്ത എന്ന പടുമരം കടപുഴകി വീണപ്പോൾ തണൽ നഷ്ടപെട്ട ലൂസി യാത്രയാവുന്നു . കഥയുടെ അന്ത്യം ഇങ്ങനെയാണെങ്കിലും ലൂസിയുടെ ജീവിതം തുടങ്ങുന്നത് ഇവിടെനിന്നാണ്.
ഒരുതുള്ളി കണ്ണീർ ഒഴുക്കാതെ ലൂസിയെ അറിയുന്നതെങ്ങനെ ?!!
സാറാ ജോസഫിന്റെ ”മാറ്റാത്തി” എന്ന നോവലിന് കെ.ടി മനോജ് എഴുതിയ വായനാനുഭവം.
Comments are closed.