ഒരു ‘കഥ’യുടെ പിന്നില്‍
പാലക്കാടന്‍ വീട്ടുപരിസരങ്ങളില്‍ വേലിയായും മതിലായും അലങ്കാരമായും മുറ്റിത്തഴച്ചുവളരുന്ന ചെടി, മഞ്ഞരളി!
ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ. ഈര്‍ക്കിലുപോലെ നേര്‍ത്ത, നീണ്ട ഇലകള്‍. വിടര്‍ന്നുമലരാന്‍ മടിയുള്ള പൂക്കള്‍.
പാലക്കാടന്‍ കാറ്റിനെയും വെയിലിനെയും ചെറുത്തുകൊണ്ട്, എവിടെ നോക്കിയാലും കാണാം ഇലവിറപ്പിച്ചു നില്ക്കുന്ന മഞ്ഞരളികളെ; ഒറ്റയ്ക്കും കൂട്ടായും.
വരണ്ട മണ്ണിലും കുഴഞ്ഞ ചതുപ്പിലും ഒരേ ഭാവം!
ഒരു സര്‍വസാധാരണ കുറ്റിച്ചെടി. പ്രത്യേകമായ ഒരാകര്‍ഷണവും അതിനുണ്ടെന്ന് തോന്നിയിട്ടില്ല. ഈ പൂക്കള്‍ക്കൊന്ന് വിടര്‍ന്നാലെന്താ എന്നാണാദ്യം തോന്നുക.
മഞ്ഞയ്ക്കുമില്ല വേണ്ടത്ര മഞ്ഞ.
ഏതു നാട്ടില്‍ പോകുമ്പോഴും അവിടത്തെ ചെടിയേതാ, മരമേതാ എന്ന് ഓരോ വീട്ടുമുറ്റത്തും വഴിയോരത്തും പൊന്തക്കാട്ടിലും കണ്ണുകള്‍ കൗതുകത്തോടെ അലഞ്ഞുതിരിയാറുണ്ട്. കിഴക്കന്‍ മലകളുടെ ആഴക്കടുംനീലയ്ക്കും അറ്റമില്ലാതെ പരന്നുകിടക്കുന്ന വയല്‍പ്പരപ്പിന്റെ തത്തപ്പച്ചയ്ക്കുമിടയില്‍ ഒറ്റയ്ക്കും കൂട്ടായും നില്ക്കുന്ന വിഷാദികളായ കരിമ്പനകളാവാം പാലക്കാടിന്റെ മരം. എന്നാല്‍ പാലക്കാടിന്റെ ചെടി മഞ്ഞരളിയാണെന്നാണ് എനിക്കു തോന്നിയത്. കത്തിക്കാളുന്ന രൗദ്രവെയിലില്‍ അതങ്ങനെ മഞ്ഞപരത്തി നില്ക്കുന്ന കാഴ്ച എന്തുകൊണ്ടോ എന്റെ മനസ്സില്‍ അസ്വസ്ഥതയാണുണ്ടാക്കിയത്. കരിമ്പനകളുടെ റൊമാന്റിക് ഭാവമായിരുന്നില്ല അവയ്ക്കുണ്ടായിരുന്നത്. എണ്‍പത്തിയേഴില്‍ ‘മാനുഷി’യുടെ പ്രവര്‍ത്തനത്തോട് ബന്ധപ്പെട്ടാണ് ഞാന്‍ ആദ്യമായി പാലക്കാടന്‍ ഉള്‍ഗ്രാമങ്ങള്‍ കാണുന്നത്.
‘ഉഷ്ണത്തിര തള്ളുന്നൊരു പാലക്കാടന്‍ കാറ്റില്‍’–പാപത്തറ അങ്ങനെയാണ് തുടങ്ങുന്നത്. മുടിയഴിച്ചാടുന്ന മഞ്ഞരളികളുടെ സൂചന കഥയുടെ തുടക്കത്തില്‍ത്തന്നെയുണ്ട്. തമിഴ്‌നാട്ടിലെ കല്ലാര്‍വംശക്കാര്‍ക്കിടയില്‍ നടക്കുന്ന പെണ്‍ശിശുഹത്യകളെപ്പറ്റി അക്കാലത്ത് അന്വേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ടായിരുന്നു. ആ പ്രവണത പാലക്കാടന്‍ അതിര്‍ത്തിപ്രദേശങ്ങളിലും നിലനില്ക്കുന്നുണ്ട് എന്ന അറിവാണ് ഒരന്വേഷണവുമായി, മാനുഷിപ്രവര്‍ത്തകരെ പാലക്കാട്ടെ ചില കുഗ്രാമങ്ങളിലേക്കെത്തിച്ചത്. കേട്ടറിവുകള്‍ സത്യമാണെന്നോ അല്ലെന്നോ പറയാത്ത, മുക്കലുകളും മൂളലുകളുമായി ഒഴിഞ്ഞുമാറുന്ന മനുഷ്യരെയാണ് ഞങ്ങളവിടെ കണ്ടത്.
ആയിടയ്ക്ക് ബോംബെയില്‍, സ്ത്രീവിമോചനപ്രവര്‍ത്തകര്‍, പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരേ നടത്തുന്ന വ്യാപകമായ സമരങ്ങളെപ്പറ്റി വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. സമരമുഖത്തെ ഒരു പ്രധാന പ്രവര്‍ത്തകയായ വിഭൂതി പട്ടേല്‍ ഞങ്ങളുമായി ബന്ധപ്പെട്ട് അനുഭവങ്ങള്‍ പങ്കുവെച്ചു. പെണ്‍ഭ്രൂണഹത്യകള്‍ നടത്തിക്കൊടുക്കാന്‍വേണ്ടി മാത്രം തുറന്നുവെച്ചിട്ടുള്ള ക്ലിനിക്കുകളുടെ കൂറ്റന്‍ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി സ്ത്രീസംഘടനകള്‍ തെരുവിലിറങ്ങി.
‘ഇപ്പോള്‍ അഞ്ഞൂറൂ രൂപ മുടക്കൂ. ഭാവിയില്‍ അഞ്ചുലക്ഷം ലാഭിക്കൂ’ പോലെയുള്ള ആഹ്വാനങ്ങളാണ് അത്തരം പരസ്യങ്ങളില്‍ ഉണ്ടായിരുന്നത്. പരസ്യപ്പലകകള്‍ നീക്കംചെയ്യുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറുകയില്ലെന്ന് വിഭൂതി ആവേശത്തോടെ ഞങ്ങളോട് പറഞ്ഞു. ‘ആമ്‌നിയോസെന്റിസിസിനെ’ക്കുറിച്ചോ ‘സെലക്ടീവ് അബോര്‍ഷനെ’പ്പറ്റിയോ ഒന്നും അറിഞ്ഞുകൂടാത്ത, അഥവാ അതിനൊന്നുംവേണ്ടി
മുടക്കാന്‍ പണം കൈയിലില്ലാത്ത കല്ലാര്‍വംശക്കാര്‍ അവരുടേതായ ‘ലളിത’മായ രീതിയില്‍ ‘പെണ്‍ശിശുഹത്യ’ നടത്തുന്നതെങ്ങനെയാണെന്ന് വിവരിച്ചുകൊണ്ട് അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ലേഡി ഡോക്ടര്‍ എഴുതിയ ലേഖനം ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അവര്‍ പെണ്‍കുട്ടികളെ ജനിക്കാനനുവദിക്കുന്നു. ജീവിക്കാനനുവദിക്കുന്നില്ല. ആ സമുദായത്തില്‍ നിലനില്ക്കുന്ന ഭീമമായ സ്ത്രീധനത്തുകയെ ഓര്‍ത്തുള്ള ഭയമാണ് ഈ കടുംകൈയ്ക്ക് അവരെ പ്രേരിപ്പിക്കുന്നത്. ജനിച്ചുവീണ അന്നോ (പ്രസവം വീട്ടിലാണെങ്കില്‍) തുടര്‍ദിവസങ്ങളിലോ അവര്‍ പെണ്‍ശിശുവിനെ ഇല്ലാതെക്കുന്നു.
സ്ത്രീധനപീഡനത്തെക്കാളും കൊലപാതകത്തെക്കാളും ആത്മഹത്യയെക്കാളും നല്ലത് ഒന്നുമറിയാതെയുള്ള ശിശുമരണമാണെന്നവര്‍ ആശ്വസിക്കുന്നു. പെറ്റ അമ്മയുടെ അറിവോടെയും സമ്മതത്തോടെയും അല്ലാതെയും ശിശുഹത്യകള്‍ നടത്തുന്നു.
ശിശുവിന്റെ ശ്വാസനാളത്തില്‍ ഒരു നെന്മണിയിട്ടുകൊടുത്ത്, അതിനെ മരിക്കാന്‍ വിട്ടുകൊണ്ട് കതകുംചാരി അമ്മയുമച്ഛനും പുറത്തേക്കു പോകുന്നതാണ് ഒരു രീതിയെന്ന് ഡോക്ടറുടെ പഠനങ്ങളില്‍ പറയുന്നു. താരതമ്യേന ക്രൂരമായതിനാല്‍, അത് അപൂര്‍വമായേ ചെയ്യാറുള്ളൂ. രണ്ടാമത്തേത് കുറച്ചുകൂടി ‘ശാന്ത’മായ മാര്‍ഗമാണെന്ന് അവര്‍ പറയുന്നു. മഞ്ഞരളിക്കായ ശര്‍ക്കരയും ചേര്‍ത്തരച്ച് അമ്മയുടെ മുലക്കണ്ണില്‍ പുരട്ടി കുഞ്ഞിനെ മുലയൂട്ടുക!
രണ്ടാമതു പറഞ്ഞ രീതി പാലക്കാടന്‍ അതിര്‍ത്തിഗ്രാമങ്ങളിലും പ്രയോഗിക്കപ്പെടുന്നുണ്ട് എന്നാണറിയാന്‍ കഴിഞ്ഞത്. മുടിയഴിച്ചാടുന്ന മഞ്ഞരളിക്കാടുകള്‍ക്കിടയിലൂടെ, പിടഞ്ഞുമരിക്കുന്ന കുഞ്ഞുങ്ങളെയും മനസ്സിലേറ്റിക്കൊണ്ടാണ് ഓരോ വാര്‍ത്തയിലും കേട്ടുകേള്‍വിയിലുംനിന്ന് മാനുഷിപ്രവര്‍ത്തകര്‍ പടിയിറങ്ങിക്കൊണ്ടിരുന്നത്. അപ്പോള്‍ അവരുടെ പുറകിലുണ്ടാകും, ചുരന്നൊഴുകുന്ന മുലയും കോരിച്ചൊരിയുന്ന കണ്ണുക
ളുമായി ‘മകളെപ്പെറ്റ പാപി.’ ‘പെണ്ണ് പെറണ കൊടിച്ചി.’ കൊല്ലാനിഷ്ടമുണ്ടായിട്ടല്ല. സ്ത്രീധനം കൊടുക്കാന്‍ ഞങ്ങളെക്കൊണ്ടാവില്ല എന്നേറ്റുപറഞ്ഞുകൊണ്ട് ശൂന്യമായ കണ്ണുകളോടെ നിസ്സംഗനായിരിക്കുന്ന ഒരച്ഛന്‍!
ഒരുപാട് വ്യസനമനുഭവിച്ച ദിവസങ്ങളായിരുന്നു എനിക്കത്. ഉറക്കത്തിലും കേള്‍ക്കും ഒരു കുഞ്ഞിന്റെ ശ്വാസംമുട്ടിപ്പിടച്ചിലുകള്‍. മരണഞരക്കങ്ങള്‍. നിലവിളികള്‍. ആ കുഞ്ഞുങ്ങളാണെന്നെക്കൊണ്ട് ‘പാപത്തറ‘യെന്ന കഥയെഴുതിച്ചത്. രോഗാതുരമായി മഞ്ഞപരത്തിക്കൊണ്ട് നില്ക്കുന്ന മഞ്ഞരളിക്കാടുകള്‍ കടന്ന്, നരിമടയും പുലിമടയും താണ്ടി, ‘പെണ്ണ് പൂക്കുന്ന നാട്ടില്‍’ ഞങ്ങളെ എത്തിച്ചുതരണമെന്നഭ്യര്‍ഥിച്ചത്.
ഒരു കഥകൊണ്ട് ആര്‍ക്കെങ്കിലും ആരെയെങ്കിലും രക്ഷപ്പെടുത്താനായിട്ടുണ്ടോ? സ്ത്രീധനമെന്ന അത്യാചാരത്തിനെതിരേ ബോധവത്കരണ പരിപാടികളുമായി മാനുഷിയിലെ കുട്ടികള്‍ പാലക്കാടന്‍ ഉള്‍ഗ്രാമങ്ങളിലെത്തി. പാട്ടും നാടകവും പ്രസംഗങ്ങളുമൊക്കെ ഒരേയൊരു കാര്യത്തില്‍ ഊന്നല്‍ കൊടുത്തു. പെണ്‍കുഞ്ഞുങ്ങളല്ല കുറ്റക്കാര്‍. ദുരാചാരങ്ങളെ നിലനിര്‍ത്തുന്ന സമൂഹമാണ്.
ഏറ്റവും പുതിയ കണക്കുകളും നമ്മളോടു പറയുന്നു, പെണ്‍ശിശുജനനനിരക്ക് ആനുപാതികമായി കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. പെണ്‍കുട്ടി നഷ്ടവും ആണ്‍കുട്ടി ലാഭവുമെന്ന് കരുതുന്ന പാപത്തറയാണ്, നമ്മുടെ ജനാധിപത്യ രാഷ്ട്രം.
‘പാപത്തറ‘ പ്രസിദ്ധീകരിക്കുകയാണെന്നറിയിച്ചുകൊണ്ട്, എം.ടി. രണ്ടു വരിയുള്ള ഒരു കത്തയച്ചു. കഥ ഹൃദയസ്പര്‍ശിയായിരുന്നുവെന്നും തുടര്‍ന്നെഴുതണമെന്നും. വായനക്കാരുടെ ഒരുപാട് കത്തുകള്‍ എനിക്ക് കിട്ടി. പെണ്ണുപൂക്കുന്ന നാട് സ്വപ്നം കാണുന്ന പെണ്‍കുട്ടികളും നിസ്സഹായരായ മാതാപിതാക്കളുമായിരുന്നു അതിലേറെയും. എന്റെ എഴുത്തുജീവിതത്തിലെ ഒരു ഘട്ടം കഴിഞ്ഞ്, മറ്റൊരു ഘട്ടം തുടങ്ങുന്നത് ‘പാപത്തറ’ എന്ന കഥയോടെയാണ്. ഈ ഘട്ടത്തിലെ കഥകള്‍ സമാഹരിക്കപ്പെട്ടപ്പോള്‍ പുസ്തകത്തിന് ‘പാപത്തറ’യെന്ന് പേര് കൊടുക്കാനും കാരണമതാണ്. അകത്തേത്തറ, ചുണ്ണാമ്പുത്തറ, വടക്കുന്തറ എന്നൊക്കെയുള്ള പാലക്കാടന്‍ ദേശനാമങ്ങളുടെ ചുവടുപിടിച്ചാണ് പാപവും തറയും സമാസിപ്പിച്ചുകൊണ്ട് ‘പാപത്തറ’ എന്ന വാക്കുണ്ടാക്കിയത്. ആ പുസ്തകം ഞാന്‍ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സമര്‍പ്പിച്ചു. ആണ്‍മക്കളും അച്ഛന്മാരും ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ.
പ്രണയം/ മരണം
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച സ്വകാര്യാനുഭവമാണ് പ്രണയം. എന്റെ കാര്യത്തിലുമതേ! സൗന്ദര്യബോധവും ബുദ്ധിയും സര്‍ഗാത്മകശേഷിയും ചിന്താശക്തിയുമുള്ള എനിക്ക് പ്രണയിക്കാതെ വെറുതെ മരിച്ചുപോകാന്‍ കഴിയുമായിരുന്നില്ല. എന്നോടുതന്നെ നീതിപുലര്‍ത്തലായിരുന്നു എനിക്ക് പ്രണയം. പ്രണയം എന്നോടെന്തുചെയ്തുവെന്നും എനിക്കെന്തുതന്നുവെന്നുമൊക്കെ ‘പ്രണയം’ എന്ന കഥയില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദൂര ഭൂതകാലമാണത്! കുളിര്‍മഴ മാത്രമായിരുന്നില്ല. അഗ്നിനദിയും ആയിരുന്നു എനിക്ക് പ്രണയം.
എങ്കിലും എന്നെ ജീവിപ്പിച്ചതും നിലനിര്‍ത്തിയതും എന്റെ പ്രണയമാണ്. കാരമുള്ളുകളില്‍ ചവിട്ടി ഞാനെന്റെ പ്രണയത്തിലേക്ക് പ്രവേശിച്ചു. സുഗന്ധമുള്ള പൂക്കള്‍ ശേഖരിച്ചു. മരണം എല്ലാ നിറങ്ങളും തല്ലിക്കൊഴിച്ചുകൊണ്ട് കടന്നുവന്നു. യാത്രപോലും പറയാതെ അവന്‍ കൂടെപ്പോയി. അവന്‍ കടന്നുപോയ മരണവാതിലിലൂടെ കടന്നുപോകാമല്ലോ എന്ന ചിന്തയാണ് മരിക്കാനെനിക്കു ധൈര്യം തരുന്നത്.
Comments are closed.