നിങ്ങളെന്റെ മകളെ പുഴയ്ക്കക്കരെ കടത്തിത്തര്വോ…
ലക്ഷ്മിക്കുട്ടിക്കു പേറ്റുനോവു തുടങ്ങുന്നത് മെടയാനിട്ട ഓലമടലുകൾക്കു നടുവിലിരിക്കുമ്പോൾ. നെഞ്ചത്തു കയ്യമർത്തി ലക്ഷ്മിക്കുട്ടി അമ്പരന്നു നിലവിളിച്ചു. കുറുമ്പ ഭഗവതിയോട്, മുനീശ്വരനോട്, തറയിലെ മുഴുവൻ ദൈവങ്ങളോടും.
ഇതു നാലാമത്തെ പ്രസവം. പെൺകുഞ്ഞായിരുന്നു മൂന്നു തവണയും. കാത്തിരുന്ന കംസന്റെ കൈക്കരുത്തിൽ അവർ പിടഞ്ഞുവീണു. ഇപ്പോഴിതാ നാലാമൂഴം. സ്വപ്നാടനക്കാരിയെപ്പോലെ ലക്ഷ്മിക്കുട്ടി പിറുപിറുക്കുന്നു: പെണ്ണന്യേ ആവ്ള്ളൂ..
ഇത്തവണയും പെൺകുഞ്ഞാണെങ്കിൽ ചാടിവീഴാൻ കാത്തിരിക്കുന്നുണ്ട് കംസൻ. ലക്ഷ്മിക്കുട്ടി അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു കരഞ്ഞത് കൊച്ചുനാരായണന്റെ അമ്മയിൽനിന്നു പേറ്റുനോവ് മറച്ചുപിടിക്കാൻ. ദൈവങ്ങൾ വിളി കേൾക്കും മുമ്പേ ഓലമടലുകളിൽ മുന്നൂർക്കുടം പൊട്ടി രഹസ്യം വെളിച്ചത്താവുന്നു. മഞ്ഞരളിക്കാടുകള്‍ക്കു മീതെ മീനമാസത്തിലെ സന്ധ്യ ചോരത്തുള്ളികളായി ഇറ്റിറ്റുവീഴുന്നു.
ദൈയ്‍വങ്ങളേ…
ഈറ്റില്ലത്തില്‍ നിസ്സഹായതയോടെ കൈകൂപ്പി, കണ്ണുയർത്തി, ഹൃദയമുരുകി ലക്ഷ്മിക്കുട്ടി പ്രാർഥിച്ചു. അവളുടെ ഹൃദമിടിപ്പിന്റെ വേഗതകൂടി.
പെണ്ണു പെറണ കൊടിച്ച്യേയ്.. ഈറ്റില്ലത്തിന്റെ നാലുചുറ്റുനിന്ന് കൊച്ചുനാരായണന്റെ അലർച്ച കേള്‍ക്കുന്നു.
ലക്ഷ്മിക്കുട്ടി പിടയുന്നു: ദൈയ്‍വങ്ങളേ…
പെണ്ണു മാത്രം പിറക്കുന്ന ഗർഭപാത്രത്തിന്റെ ഉടമ ലക്ഷ്മിക്കുട്ടിയുടെ കരച്ചിൽ മലയാളം കേൾക്കുന്നതു സാറാ ജോസഫിലൂടെ. പെണ്ണിന്റെ കണ്ണുനീർ ഉരുക്കി അക്ഷരങ്ങളാക്കിയ ‘പാപത്തറ’ എന്ന കഥയിലൂടെ. പെണ്ണിന്റെ നിസ്സഹായത നിശ്ശബ്ദനിലവിളികളായി ഉയിർക്കൊണ്ട വാക്കുകൾക്കിടയിലെ മൗനത്തിലൂടെ. പാപത്തറയിൽ പെൺതെയ്യങ്ങൾ മുടിയഴിച്ചാടിയപ്പോൾ കഥാസമാഹാരത്തിന്റെ അവതാരികയിൽ സച്ചിദാനന്ദൻ അന്നുവരെ മലയാളം കേൾക്കാത്ത ഒരു വാക്കുച്ചരിച്ചു. ഇക്കഴിഞ്ഞ മൂന്നുപതിറ്റാണ്ടിൽ അപമാനിക്കാനും അവഹേളിക്കാനും ആവർത്തിക്കപ്പെട്ടിട്ടും ചുരുക്കം ചിലരെങ്കിലും അഭിമാനമുദ്രയായി ചൂടിയ വാക്ക്: പെണ്ണെഴുത്ത്.
പെണ്ണായി ജനിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. പെണ്ണിന്റെ ലോകത്തെക്കുറിച്ചു ഭയലേശമില്ലാതെ എഴുതുകയാണ് എന്റെ കർത്തവ്യം. അധീശവർഗ്ഗ മൂല്യങ്ങളോടു സമരം ചെയ്യുക. മൂല്യങ്ങളെയും ജീവിതങ്ങളെയും പൊളിച്ചെഴുതുക– ആമുഖത്തിൽ രേഖപ്പെടുത്തിയ പ്രത്യയശാസ്ത്രം കുറച്ചുകൂടി തീക്ഷ്ണമായും തീവ്രമായും സാറാ ജോസഫ് പ്രകാശിപ്പിച്ചു സമാഹാരത്തിലെ മറ്റു കഥകളിലും. മുടിത്തെയ്യമുറയുന്നു. ശാപായനം. ചാവുനിലം.
sachidanandan മൂന്ന് പതിറ്റാണ്ടു മുമ്പ് പാപത്തറയുടെ അവതാരികയിൽ സച്ചിദാനന്ദൻ അന്നുവരെ മലയാളം കേൾക്കാത്ത ഒരു വാക്കുച്ചരിച്ചു. പെണ്ണെഴുത്ത്.
പെൺമക്കൾക്കും അമ്മമാർക്കും സമർപ്പിച്ച ‘പാപത്തറ’ മലയാളത്തിൽ പെണ്ണെഴുത്തിന്റെ അടിസ്ഥാനരേഖയായി. ആധാരശിലയായി. സാഹിത്യചരിത്രത്തിന്റെ നാൽക്കവലയിൽ സാറ ജോസഫ് പ്രതിഷ്ഠിച്ച പാപത്തറ ഇന്നും തലമുറകൾക്കു വഴികാട്ടുന്നു. സ്ത്രൈണസ്വത്വത്തെ അടയാളപ്പെടുത്തുന്നു. പെൺമയുടെ വെല്ലുവിളിയായി പുരുഷമേധാവിത്വത്തെ അലോസരപ്പെടുത്തുന്നു.
കുളി കഴിഞ്ഞ്, മുടി വിടുർത്തിയിട്ട് മുടി കോതി… മുടി കോതി… മുടി കോതി… മുറ്റത്തുനിന്ന ലളിത.
അച്ഛൻ അവളോടാജ്ഞാപിച്ചു: മുടി കെട്ടിവയ്ക്ക്.
സഹോദരൻ കൽപിച്ചു: മുടി കെട്ട്. കെട്ടാനാ പറഞ്ഞേ.
ഭർത്താവ് സനാതനൻ അലറി: മുടി കെട്ടിവയ്ക്ക്.
എന്നാൽ സനാതനനും ദുർമന്ത്രവാദികളുമുറങ്ങുന്ന ഉച്ചകളിൽ ലളിത ഇറങ്ങിനടന്നു. ഭഗവതിക്കുന്നിന്റെ ഉച്ചിയിലെത്തി. തിളയ്ക്കുന്ന വെയിലിൽ മുടിയഴിച്ചിട്ടു നിന്നു. പതുക്കെപ്പതുക്കെ മുടി ചുഴറ്റിവീശി… ചിലമ്പിന്റെ മേളം ചിതറിച്ച് ആടി. നെറുകയിലിട്ട സിന്ദൂരം അലിഞ്ഞിളകി മൂക്കിൻതുമ്പിലൂടിറ്റുവീഴുംവരെ..കവിളത്തിട്ട മഞ്ഞൾ കുതിർന്നൊലിച്ച് മാറത്തുപരക്കുംവരെ…
മുടി കോതി.. മുടി കോതി… മുടി കോതി നിന്നു ലളിത മുടിത്തെയ്യമുറയുന്നു എന്ന കഥയിൽ.
പുരുഷലോകം കൽപിച്ചുവച്ച അതിർത്തികൾക്കു പുറത്തേക്കു വാക്കുകളെ കയറൂരി വിടുകയായിരുന്നു സാറ ജോസഫ്. ഭജനപ്പാട്ടും കുമ്മിയും തിരുവാതിരയും പരിദേവനങ്ങളും മൃദുലപ്രേമങ്ങളുമായി പുരുഷഹൃദയത്തിൽ ഇക്കിളിയുയർത്തിയ പെണ്ണ് സ്വന്തം ശരീരത്തിലുള്ള സ്വയം നിർണ്ണയാവകാശം ഉറക്കെ പ്രഖ്യാപിച്ചപ്പോൾ എന്തു ചേയ്യേണ്ടു, പറയേണ്ടു എന്നറിയാതെ നിന്നുപോയി പേടിത്തൊണ്ടൻമാരായ പുരുഷലോകം. പിന്നെയവർ പതിവ് അടവെടുത്തു.
ആക്ഷേപിച്ചു. അവഹേളിച്ചു. വെല്ലുവിളിച്ചു. കെട്ടടങ്ങിയില്ല കലാപം. സരസ്വതിയമ്മയും രാജലക്ഷ്മിയും മാധവിക്കുട്ടിയും കല്ലേറേറ്റു പിടഞ്ഞതുപോലെ സാറാ ജോസഫിനു നേരെയും ഉയർന്നു കൈകൾ. കല്ലുകൾ. കല്ലു കണ്ടിട്ടും പിൻമാറാതെ, ചോര കണ്ടിട്ടും അറച്ചുനിൽക്കാതെ സാറ ജോസഫ് എഴുത്തു തുടർന്നപ്പോൾ സച്ചിദാനന്ദൻ ആ എഴുത്തിന് അടിവരയിട്ടു പറഞ്ഞു: ഇതാ പെണ്ണെഴുത്ത്. സ്ത്രീവിമോചനത്തിന്റെ സൗന്ദര്യശാസ്ത്രം.
മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും പെണ്ണ് എഴുതിത്തീർന്നിട്ടില്ല. പുരുഷൻ കടം കൊടുത്ത കടലാസ് എന്നേ അവൾ ഉപേക്ഷിച്ചു. അവളെഴുതുന്നത് ഹൃദയം മുറിച്ചു കടലാസാക്കിയ താളുകളിൽ. മഷി വേണ്ടവൾക്ക്; ചൊരിയാൻ ചോരയുണ്ടല്ലോ വേണ്ടുവോളം. പേനയും പെൻസിലുമെന്തിന്; വിരലുകളുള്ളപ്പോൾ.
ലക്ഷ്മിക്കുട്ടി നെഞ്ചുനുറുങ്ങിക്കരഞ്ഞു.
ഒരു കുട്ടയിലാക്കി, പഴന്തുണികൾക്കിടയിലൊളിപ്പിച്ച്, നിങ്ങളെന്റെ മകളെ പുഴയ്ക്കക്കരെ കടത്തിത്തര്വോ…
ഈ താലീ മാലേം പൊട്ടിച്ചുതരാം.
ഒരു കൊട്ടയിലാക്കി, പഴന്തുണികൾക്കിടയിലൊളിപ്പിച്ച് മഞ്ഞരളിക്കാടുകൾ നൂന്നു കടന്ന്, ചാവുതറയ്ക്കും പാപത്തറയ്ക്കുമപ്പുറം വഴിമാറിത്തരാത്ത പുഴ മുറിച്ചുനീന്തി, നരിമാൻകുന്നും പുലിമടയും കയറിയിറങ്ങി…അക്കരെയക്കരെ..പെണ്ണ് പൂക്കണ നാട്ടിൽ എത്തിച്ചു തര്വോ ?
എഴുതിയത്; ജി. പ്രമോദ്
കടപ്പാട്; മനോരമ ഓണ്‍ലൈന്‍
Comments are closed.