DCBOOKS
Malayalam News Literature Website

ആര്‍ത്തവം അശുദ്ധമാണെന്ന് നിലവിളിക്കുന്ന സ്ത്രീകളോട് സാറാ ജോസഫ് പറയുന്നു…

ആര്‍ത്തവം അശുദ്ധിയാണെന്ന് സ്ത്രീകള്‍ നിലവിളിച്ചു കൊണ്ടിരിക്കുന്നത് അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നതു പോലെയെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ്. സ്ത്രീയുടെ, അമ്മയുടെ പ്രത്യുല്‍പ്പാദന ധര്‍മ്മത്തെകുറിച്ച് വിവരിക്കുന്ന സാറാ ജോസഫ് ആര്‍ത്തവം അശുദ്ധമാണെന്ന സങ്കല്‍പ്പത്തെ മറികടക്കാന്‍ അയ്യപ്പന്‍ തന്നെ തുണക്കണമെന്നും എഴുതിയ കുറിപ്പില്‍ പറയുന്നു.

സാറാ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആര്‍ത്തവം അശുദ്ധമാണെന്ന സങ്കല്‍പ്പത്തെ മറികടക്കാന്‍ അയ്യപ്പന്‍ തുണക്കണം

എല്ലാ സ്ത്രീ പുരുഷന്മാരും മറ്റു ലിംഗവിഭാഗക്കാരും ആര്‍ത്തവമുള്ള സ്ത്രീയില്‍ നിന്ന് ജനിച്ചു. ഗര്‍ഭപാത്രത്തിലെ രക്തത്തിലും ജലത്തിലും പത്തു മാസം കിടന്നു. അവിടെക്കിടന്നു കൊണ്ട് അമ്മയെ ചവിട്ടി .അമ്മയുടെ യോനി പിളര്‍ന്നു പുറത്തേക്ക് കുതിച്ചു.ദേഹം മുഴുവന്‍ രക്തവും ഗര്‍ഭ ജലവും കൊണ്ട് പൊതിഞ്ഞ വഴുവഴുക്കുന്നൊരു ശിശുവായി പുറത്തുവന്നു. വന്നയുടനെ അമ്മയുടെ മുലക്കണ്ണ് തിരഞ്ഞു. ആവോളം അമ്മയെ കുടിച്ചു ശക്തിയാര്‍ജ്ജിച്ചു.

ആശുപത്രികളില്‍ ഇപ്പോള്‍ നവജാത ശിശുവിനെ കുളിപ്പിക്കുകയില്ല. അതിനെപ്പൊതിഞ്ഞിരിക്കുന്ന വഴുവഴുപ്പ്, ഉടന്‍ തന്നെ കഴുകിക്കളയരുതെന്നും അതൊരു സുരക്ഷാ കവചമാണെന്നും മെഡിക്കല്‍ സയന്‍സ് .പ്രസവിച്ച ഉടനെ കുഞ്ഞിനെ തുടച്ചു വൃത്തിയാക്കാനേ പാടുള്ളൂ എന്ന് ആശുപത്രികള്‍. അമ്മയുടെ ഗര്‍ഭപാത്രം എത്ര കരുതലോടെയാണ് ഒരു പ്രിയജീവനെ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്!

അണ്ഡോല്പാദനം നടക്കുന്നില്ലെങ്കില്‍ ഗര്‍ഭധാരണവുമില്ല. ആര്‍ത്തവം പ്രത്യുല്‍പ്പാദനത്തിനു വേണ്ടിയുള്ള നൈസര്‍ഗിക പ്രക്രിയയാണ്. അത് സ്ത്രീയുടെ മാത്രം ശരീരത്തിനകത്ത് സംഭവിക്കുന്നു. മലം, മൂത്രം, കഫം, തുടങ്ങിയ വസ്തുക്കളും വഹിച്ചാണ് മനുഷ്യര്‍ ആണും പെണ്ണും ജീവിതകാലം മുഴുവന്‍ സഞ്ചരിക്കുന്നത്. അമ്പലത്തില്‍ പോകുമ്പോള്‍ അതൊന്നും വീട്ടില്‍ വെച്ചിട്ടല്ല പോകുന്നത്.

ആര്‍ത്തവകാലത്തെ രക്തസ്രാവത്തെ വലിച്ചെടുത്ത് ഒരു തുള്ളിയും താഴെപ്പോകാതെ ഭദ്രമായി സംസ്‌ക്കരിക്കാന്‍ സ്ത്രീകള്‍ക്കറിയാം. അവള്‍ ഏറ്റവും വൃത്തിയോടെയിരിക്കുന്ന ദിവസങ്ങളാണത്. വീട്ടിലെ വൃത്തികേടുകള്‍ മുഴുവന്‍ നീക്കം ചെയ്യുന്നവള്‍ അവളാണ്. എച്ചില്‍പാത്രങ്ങള്‍ കഴുകുന്നതും മുഷിഞ്ഞ തുണി കഴുകി വൃത്തിയാക്കുന്നതും തറ തുടയ്ക്കുന്നതും ടോയ്‌ലെറ്റ് കഴുകുന്നതും മുറ്റമടിയ്ക്കുന്നതും കുഞ്ഞിന്റെ അപ്പി കോരുന്നതും അതിനെ കുളിപ്പിക്കുന്നതും അവളാണ്. നിങ്ങള്‍ വൃത്തിയാസ്വദിക്കുന്നതിന് കാരണം സ്ത്രീയുടെ അദ്ധ്വാനമാണ്.

വൃത്തിയുടെ ഈ കുത്തകക്കാരിക്ക് അശുദ്ധിയെപ്പറ്റിയുള്ള അറിവ് ഒരാണിന്നും അവകാശപ്പെടാനാവില്ല.ഒന്നേയുള്ളൂ സങ്കടം: സ്ത്രീകള്‍ സ്വയം ആര്‍ത്തവം അശുദ്ധിയാണെന്ന് വലിയ വായിലേ നിലവിളിച്ചു കൊണ്ടിരിയ്ക്കുന്നത്. അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നതുപോലെ.

 

Comments are closed.