മരണത്തെ മാടിവിളിക്കുമ്പോൾ…
സംഹാരപുസ്തകത്തിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല. അതിൽ സംഭവങ്ങൾ മാത്രമേയുള്ളൂ. ഓരോ സംഭവവും ഒരു സംഹാരം, ഓരോ സംഹാരവും ഒരേട്. അങ്ങനെയൊരു പുസ്തകം വായനക്കാർക്കു സമ്മാനിക്കുകയാണ് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് ‘സംഹാരത്തിന്റെ പുസ്തക’ത്തിലൂടെ.
മനുഷ്യനും ജീവജാലങ്ങളുമെല്ലാം നിരന്തരമായും ക്രമപ്രവൃദ്ധമായും സംഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അന്ത്യത്തിൽ എല്ലാം മൂലകങ്ങളിലേക്കു തിരികെപ്പോകുമെന്നും അതിനാൽ സംഹാരമാണു ഭാവിയുടെ സ്വഭാവമെന്നും വാദിക്കുന്ന ഒരു കഥാപാത്രത്തെ ആനന്ദ് ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു: ശേഷാദ്രി. അയാളുടെ സംഹാരപുസ്തകത്തിന്റെ ഒരു വായനക്കാരനാണ് ഈ കൃതിയിലെ മൂന്നു കഥകൾ പറയുന്നത്. തോട്ടക്കാരൻ, ഹോട്ടൽക്കാരൻ , തുന്നൽക്കാരൻ എന്നിവയാണു കഥകൾ.
തിരോധാനങ്ങളിലൂടെ തന്റെ സാന്നിധ്യം പ്രകടമാക്കുന്ന ഒരാളാണ് കഥയിലെ പ്രധാന കഥാപാത്രമായ ശേഷാദ്രി. ഓരോ കൂടിക്കാഴ്ചയ്ക്കുശേഷവും അയാൾ എങ്ങോട്ടെന്നില്ലാതെ മറയുന്നുണ്ടെങ്കിലും ചില ആശയങ്ങൾ അവശേഷിപ്പിക്കുന്നു. അവ നെഞ്ചിൽ ഭീതിയുടെ ഇടിമുഴക്കങ്ങൾ സമ്മാനിക്കുന്നു; തരിച്ചറിവുകളിലേക്കു നയിക്കുന്നു.
നഗരത്തിലെ പ്രശസ്തമായ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുഹൃത്തിനെ കാണാൻ പോയപ്പോഴാണ് ശേഷാദ്രിയെ കാണുന്നത്; 45 വർഷത്തിനുശേഷം. സ്ട്രെച്ചർ ട്രോളിയിൽ കിടക്കുന്ന രോഗിയാണയാൾ. ഓർമയുണ്ടോ എന്നു ശേഷാദ്രി ചോദിച്ചപ്പോൾ പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ. അയാൾ ക്ഷീണിച്ച കൈ നീട്ടി രണ്ടുമൂന്നു വാക്കുകൾ പറഞ്ഞു. അതു കഥാകാരനെ 45 വർഷം പിന്നിലേക്കു കൊണ്ടുപോയി.
ആ ദിവസം ഉച്ച തിരിഞ്ഞ് അല്ലെങ്കിൽ വൈകിട്ട് തന്റെ മുറിയിലേക്കു വരാൻ ശേഷാദ്രി ക്ഷണിച്ചു. പക്ഷേ, അന്നു കഥാകാരനു ആശുപത്രിമുറിയിൽ പോകാൻ കഴിഞ്ഞില്ല. പിറ്റേന്നു ചെന്നെങ്കിലും ശേഷാദ്രി മൂന്നുമണിക്കൂറോളം നീളുന്ന സർജറിക്കു വിധേയനാകുകയായിരുന്നു. ഓപറേഷൻ തിയറ്ററിനു പുറത്തു കാത്തുനിന്ന കഥാകാരൻ പിന്നെ കേൾക്കുന്നതു ശേഷാദ്രിയുടെ മരണമാണ്.
മരണത്തിനു തലേന്നു ക്ഷീണിതനായിരുന്നുവെങ്കിലും അയാൾ കഥാകാരനു കൊടുക്കാൻ ഒരു കത്തെഴുതിവച്ചിരുന്നു. മരിക്കുകയാണെങ്കിൽ മാത്രമേ വായിക്കാവൂ എന്ന വ്യവസ്ഥയിൽ. കത്ത് അപ്രതീക്ഷിതമായ വെളിപാടുകളിലേക്കും അപ്രിയ സത്യങ്ങളിലേക്കുമാണു കൊണ്ടുപോയത്. കത്തു വായിച്ച കഥാകാരൻ അയാൾ വിട്ടുപോയ മൗനങ്ങൾ പൂരിപ്പിക്കുന്നു; എഴുതാതെപോയ കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു.
കഥാകാരൻ കരുതിയതുപോലെ ശേഷാദ്രി ഒരു തോട്ടക്കാരൻ ആയിരുന്നില്ല; ‘ഠഗ്’ ആയിരുന്നു. കൂടാതെ നുണയനും ചതിയനും അക്രമിയും കൂടിയായിരുന്നു. മൂന്നു നൂറ്റാണ്ടു പഴക്കമുണ്ട് ഠഗുകളുടെ ചരിത്രത്തിന്. ചതിയും സംഹാരവുമാണ് ഠഗുകളുടെ മൂലതത്ത്വങ്ങൾ.
ഒന്നര നൂറ്റാണ്ടു മുമ്പ് ബ്രിട്ടിഷ് ഗവൺമെന്റ് ഠഗുകളെ അമർച്ച ചെയ്തതായി പറയുന്നുണ്ടെങ്കിലും അവരിപ്പോഴും സജീവമാണെന്ന് ശേഷാദ്രി അവകാശപ്പെടുന്നു. കാരണം സൃഷ്ടിയോളം പഴക്കമുണ്ട് സംഹാരത്തിനും. അതിനെ അമർച്ച ചെയ്യാൻ ആർക്കുമാവില്ലത്രേ.
ഠഗുകളുടെ സംഖ്യ ചെറുതാണ്. പക്ഷേ, അവർ എല്ലാ വിഭാഗങ്ങളിലുമുണ്ട്. പഠാൻ തൊട്ടു തമിഴനും മലയാളി വരെയും ഗുജറാത്തി തൊട്ട് ആസാമി വരെയും ഠഗുകളിലുണ്ട്. ഹിന്ദുവിനെയും മുസ്‌ലീമിനെയും ബ്രാഹ്മണനെയും ദലിതനെയും നഗരവാസിയേയും നാടോടിയെയും ഒന്നിപ്പിക്കുന്ന തത്ത്വശാസ്ത്രമാണവരുടേത്.
തൂവാല കൊണ്ടു കഴുത്തു ഞെരിച്ചുകൊല്ലുകയാണ് ഠഗുകളുടെ രീതി. കൊന്നതിനുശേഷം ഇരയുടെ കയ്യിലുള്ളതു പത്തുപൈസയാണെങ്കിൽപ്പോലും സ്വീകരിക്കുന്നു. അതുമില്ലെങ്കിൽ ഉടുത്തിരിക്കുന്ന തുണി. അതാണു കൊലപാതകം എന്ന പുണ്യപ്രവർത്തിക്കു ലഭിക്കുന്ന നൈവേദ്യം. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു കൊലപാതകവും കവർച്ചയുമെങ്കിലും ഠഗ് നടത്തിയിരിക്കണം. കവർച്ചയ്ക്കുമുമ്പ് ഇരയെ കഴുത്തുഞെരിച്ചു കൊല്ലണം. കൊന്നവന്റെ ശരീരം കുഴികുത്തി കുഴിച്ചിടുകയും വേണം.
ഠഗ് ആദ്യം ഇരയെ കണ്ടെത്തുന്നു. അനുയോജ്യസമയത്തിനുവേണ്ടി കാത്തിരിക്കുന്നു. ഒരിക്കൽ ശേഷാദ്രി എന്ന ഠഗ് കണ്ടുവച്ച ഇരയായിരുന്നു കഥാകാരൻ. പക്ഷേ, എന്തുകൊണ്ടോ ആ കൊലപാതകം നടക്കാതെപോയി.
ശേഷാദ്രിയുടെ കത്ത് കഥാകാരൻ വായിക്കുമ്പോൾ സംഭവിക്കുന്നത് മരിച്ചുപോയ ഠഗും ജീവിച്ചിരിക്കുന്ന അയാളുടെ ഇരയും തമ്മിലുള്ള സംവാദമാണ്. കൊലപാതകം ഒതു തത്ത്വശാസ്ത്രമായി സ്വീകരിച്ചവരാണ് ഠഗുകൾ എന്ന അറിവു പേടിപ്പിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ഭീതിയുണ്ടാക്കുന്ന കാര്യം എല്ലാവരിലും ഒരു ഠഗ് ഒളിച്ചിരിക്കുന്നുണ്ടെന്നതാണ്, എല്ലാ പ്രവൃത്തികളിലും സംഹാരമുണ്ട്.
വല്ലപ്പോഴും ചോരയണിയാറുള്ള പടക്കളങ്ങൾ വിട്ട് കൊലപാതകങ്ങൾ വഴികളിലേക്കും ഓഫിസുകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും നിത്യസംഭവമായി കടന്നുവന്നിരിക്കുന്നു. തൂവാലപ്രയോഗത്തിന്റെ അത്രതന്നെ വേഗത്തിൽ പൊട്ടിത്തെറിക്കുന്ന മൈനുകളും ബോംബുകളും മെഷീൻ ഗണ്ണുകളും ചിതറുന്ന ഹിംസ.
അവിടെനിന്നും മുന്നോട്ടുപോയി രാഷ്ട്രീയം, സംസ്കാരം, വ്യവസായം, വിപണി, സമരം, വിപ്ലവം തുടങ്ങി എല്ലാ തുറകളിലും തൂവാലപ്രയോഗം സാധാരണമായിരിക്കുന്നു. നുണ, വഞ്ചന തുടങ്ങിയ അറപ്പുളവാക്കുന്ന പ്രവൃത്തികളൊക്കെ അവയ്ക്കുമേൽ ഉണ്ടായിരുന്ന അറപ്പിന്റെയും വിരോധത്തിന്റെയും ലേബലുകൾ പൊളിച്ചുനീക്കി സുതാര്യതയോടെയും സ്വീകാര്യതയോടെയും സ്വൈര്യസഞ്ചാരം ചെയ്യുന്നു. പരസ്യവഞ്ചന കലാസൃഷ്ടികളായി ആഘോഷിക്കപ്പെടുകകൂടി ചെയ്യുന്നു. വായനക്കാരേറെയുള്ള ഈ കൃതി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിരുന്നു, ഒട്ടേറെ അംഗീകാരങ്ങൾക്കും അർഹമായി.
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആനന്ദിന്റെ ‘സംഹാരത്തിന്റെ പുസ്തകം’ എന്ന പുസ്തകത്തിന് ജി പ്രമോദ് എഴുതിയ വായനാനുഭവം
കടപ്പാട് ; മനോരമ ഓൺലൈൻ
Comments are closed.