ലോഹഞരമ്പിൽ പൊള്ളുന്ന മനുഷ്യർ
യാത്രകൾ പോലെ മനുഷ്യനെ ഭ്രമിപ്പിച്ച മറ്റൊന്നുണ്ടാകില്ല. തീവണ്ടികൾ പോലെ യാത്രക്കാരനെയും.മനുഷ്യകുലത്തിന്റെ ഉയിർപ്പിന്റെയും വികാസത്തിന്റെയും ഒക്കെ ചരിത്രത്തിൽ യാത്രയുടെ ഒരു ചവിട്ടടിപ്പാട് പതിഞ്ഞിട്ടുണ്ട്. സംഘങ്ങളായി കടലുകളും മലകളും ജനപദങ്ങളും മരുഭൂമികളും കടന്ന് പടർന്നുപന്തലിച്ച ആ ഗോത്രമനുഷ്യൻ നമുക്കുള്ളിൽ ഇരുന്നു യാത്ര യാത്ര എന്നു മന്ത്രിക്കുന്നുണ്ട്. മഹായാനങ്ങളുടെ കഥകൾകൊണ്ട രാമായണവും മഹാഭാരതവും ഇലിയഡും ഒഡിസ്സിയും തലമുറകളിൽ നിന്നു തലമുറകളിലേക്ക് പകരുന്നതിനു കാരണവും അതാകാം. യാത്രകളെ ഇഷ്ടപ്പെടുന്ന മറ്റൊരു മനുഷ്യൻ തിരക്കുകളിൽ നിന്നൊഴിഞ്ഞു നിതാന്തയാത്രികനായി അലയുവാൻ ആഗ്രഹിക്കുന്ന ഒരാളാണ്. തിക്കും തിരക്കുമുള്ള പൊതുവഴികൾ വിട്ടു വിജനവനത്തിലെ ഊടുപാത പറ്റിയ യാത്രക്കാരൻ. വഴിയമ്പലത്തിലെ ചതുരചവിട്ടുകല്ലുകൾ . അതിൽ ചാരിയിരുന്നു കടലിനും വാനിനും മീതെയുള്ള ലോകം. വാടാപ്പുലരി പൂത്ത ഭാവനാലോകം നിരീക്ഷിക്കുന്നു
എന്ന് മഹാകവി പി നിത്യകന്യകയെ തേടുന്നതിനെക്കുറിച്ച് എഴുതിയതുപോലെ ഏതെങ്കിലും കോണിലേക്ക് പൊടുന്നനെ അപ്രത്യക്ഷമാകാൻ ഇഷ്ടപ്പെടുന്നവർ. ഭീരുവെന്നോ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നവനെന്നോ ഇന്ത്യൻ സാഹചര്യത്തിൽ വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ നൊമാഡിക് എന്ന വാക്കുകൊണ്ട് യൂറോപ്യൻ സാമൂഹ്യഘടനയിൽ വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ.തങ്ങലുകളില്ലാത്ത അപ്പൂപ്പൻതാടി പോലെ ഒഴുകുന്ന ഒരു ആധുനികമനുഷ്യൻ. ഈ രണ്ടു യാത്രികരുടെയും ലക്ഷ്യം ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ത്വരകളെ തൃപ്തിപ്പെടുത്തുക എന്നതു തന്നെയാണ്. മനുഷ്യനു യാത്ര എന്നതുപോലെയാണ് യാത്രകൾക്ക് തീവണ്ടിയും. മറ്റു യാത്രകൾ പോലെയല്ല തീവണ്ടിയാത്രകൾ. അതിന് ഓർമ്മകളുടെ വലിയ ഒരു ശേഖരം കൂടിയുണ്ട്. യാത്രികന്റെ വീടായി കുറച്ചു നേരത്തേക്കെങ്കിലും അതു പരിണമിക്കുന്നു. ഉണ്ടും ഉറങ്ങിയും പ്രണയിച്ചും വിസർജ്ജിച്ചും അതിനെ ഒരു വീടായി തന്നെ മാറ്റുന്നു. ചിലർക്ക് അതു വീടു തന്നെയാണ്. ഇന്ത്യയിൽ എമ്പാടും കണക്കെടുത്താൽ തീവണ്ടി വീടാക്കിയവരുടെ എണ്ണം എത്രയോ ലക്ഷമാണ്. സാധാരണക്കാരനുള്ള പ്രാപ്യതയും സ്ഥലികളുടെ ആപേക്ഷികതയും തീവണ്ടിക്ക് മറ്റൊരു വാഹനത്തിനും ഇല്ലാത്ത സ്വീകാര്യത നൽകുന്നു.
അതുകൊണ്ടു തന്നെ എഴുതുന്നവർ വായനക്കാരന്റെ ഉള്ളിലെ യാത്രയുടെ ഭാരമില്ലായ്മയെ തൊട്ടുണർത്താൻ തീവണ്ടിക്കഥകൾ ഉപയോഗിക്കുന്നതും. ഈയടുത്തു വായിച്ചതും ഓർമ്മയിൽ നിൽക്കുന്നതുമായ ഒന്ന് ഓൾഗ ടോകർച്ചക്കിന്റെ ഫ്‌ളൈറ്റ്സ് എന്ന പുസ്തകത്തിലേതാണ്. യൂറോപ്പിൽ ഒരിടത്തു രാത്രികാലങ്ങളിൽ ഓടുന്ന തീവണ്ടി. ഏറ്റവും കുറച്ചു ദൂരം ഏറ്റവും സമയമെടുത്താണ് അത് ഓടാറുള്ളത്. രാത്രി ഏറെ നേരം മഞ്ഞുപാടങ്ങൾക്കിടയിൽ അതു നിർത്തിയിടും. അങ്ങനെ രാത്രിയുടെ നിശബ്ദതയും കുളിരും ഏകാന്തതയും അനുഭവിപ്പിച്ചാണ് അതോടുക. എഴുത്തുകാരി അതെഴുതുമ്പോൾ ഒരു നിമിഷം നാം ആ യാത്ര അനുഭവിച്ചു പോരുന്നുമുണ്ട്.
ഇന്ത്യൻ തീവണ്ടി യാത്രകൾ യൂറോപ്പിലെ അത്ര തന്നെ സ്വച്ഛമാകാനിടയില്ല. നാം സഞ്ചരിക്കുന്ന ദൂരത്തിന്റെ ഓർമ്മകളാകുകയാണ് ഓരോ തീവണ്ടിയും. ഭൂകമ്പം ഉഴുതുമറിച്ച ലത്തൂർ, നീറ്റലിന്റെ ജലമണി പൊടിക്കുന്ന ഭോപ്പാൽ, നിലവിളികൾ അലയ്ക്കുന്ന ഗോദ്ര. വിഭജനത്തിന്റെ വേദനയൊടുങ്ങാത്ത പഞ്ചാബ്. അങ്ങനെ അങ്ങനെ തീവണ്ടി ഇന്ത്യയുടെ രാഷ്ട്രീയഭൂപടമാകുകയാണ്. ആ ഭൂപടത്തിലെ ഇടങ്ങളെ കൂട്ടിവരയ്ക്കുകയാണ് സമ്പർക്കക്രാന്തി എന്ന നോവൽ. അപൂർവം ചിലതൊഴിച്ചാൽ ഇന്ത്യൻ തീവണ്ടിയെഴുത്തുകൾ ഒക്കെ തന്നെ രാഷ്ട്രീയ കഥകൾ കൂടിയാണ്.പെട്ടെന്ന് ഓർമ്മയിലെത്തുക ഖുശ്വന്ത് സിങിന്റെ എ ട്രെയിൻ ടു പാകിസ്ഥാൻ ആയിരിക്കും ( ഇന്നത്തെ കാലത്ത് ആ പേരിൽ. നോവൽ എഴുതുക സാധ്യമാണോ എന്നറിയില്ല ).വിഭജനത്തിന്റെ മുറിവുകൾ ഉള്ള മനോ മജ്‌റ എന്ന കുഞ്ഞു ഗ്രാമം. യാത്രകൾ അല്ല ഇതിവൃത്തം എങ്കിലും റെയിൽവേ പശ്ചാത്തലമാകുന്ന മൈ ഫാദർ ബലിയാ എന്ന നോവൽ ഇന്ത്യയുടെ സാമൂഹ്യഘടനയുടെ കാഴ്ചയാകുന്നുണ്ട്. ചുരുക്കി ഉപമിച്ചാൽ ഇന്ത്യൻ യാഥാർഥ്യത്തിന്റെ ലോഹഞരമ്പുകളാണ് തീവണ്ടികൾ.
എല്ലാ വായനക്കാരന്റെയും ഉള്ളിൽ നിന്നുയരുന്ന അന്വേഷണങ്ങളിൽ ഒന്ന് ഞാൻ വായിക്കുന്ന ഈ കലാസൃഷ്ടിക്ക് ഈ പേരു വന്നതെങ്ങനെ എന്നതാണ്. രാമായണത്തിൽ നിന്നു ചീന്തിയ കഥയ്ക്ക് തീർത്തും പ്രാദേശികമായ ‘ഊരുകാവൽ’ എന്ന പേരു വന്നതെങ്ങനെയെന്നോ കവികളെ കുറിച്ചുള്ള കവിതയ്ക്ക് ‘പ്രശ്നപുരുഷൻ’ എന്ന പേരുവന്നതെങ്ങനെയെന്നോ ഒക്കെയുള്ള അന്വേഷണം. അത്തരത്തിൽ സമ്പർക്കക്രാന്തിയുടെ വായനന്വേഷണം ചെന്നു മുട്ടുക ഏതാണ്ട് മധ്യത്തിൽ വരുന്ന ഒരു അധ്യായത്തിലാണ്. അതിന്റെ പേരു തന്നെ കേവുഭാരം എന്നാണ്. കപ്പലുകളിൽ വന്നിറങ്ങാറുള്ള ചരക്കുകളുടെ ഭാരം ഇവിടെ തീവണ്ടിയിൽ ഇറക്കി വയ്ക്കുന്ന ദുഖങ്ങളുടെ ഭാരമാകുന്നുണ്ട്. സമീറ ഫാത്തിമ എന്ന പെൺകുട്ടി. വിഭജനത്തിനു മുൻപ് അവളോടിയ പാതിഞരമ്പുകൾ 1947 നു ശേഷം പാക്കിസ്ഥാനിലേക്കും മറുപകുതി ഇന്ത്യയിലേക്കും ഒഴുകി. അവ വീണ്ടും അവളുടെ ഗർഭപാത്രത്തിൽ എത്തിച്ചേരുകയാണ്.
“കുടിയിറക്കപ്പെടും കൂട്ടരേ പറയുവിന്‍
പറയുവിന്‍ ഏത് ദേശക്കാര്‍ നിങ്ങള്‍
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കന്‍ വന്‍കരയായ്
അതിലെന്തുണ്ടാര്‍ക്കാനു, മുടമയില്ലാത്ത
ഭൂപടമേലും പാഴ്‌വരയ്ക്കര്‍ഥമുണ്ടോ?
എന്ന് ഇടശ്ശേരി എഴുതിയ കാലം കൂടി ഓർക്കേണ്ടതുണ്ട്. ലോകം ഒരു ഗ്രാമമായി പരിണമിക്കുമ്പോൾ ആ ഗ്രാമത്തിൽ എല്ലാപേരും കണ്ടുമുട്ടുമ്പോൾ ഭൂപട മതിലുകൾക്കപ്പുറത്തേക്കു പടരുന്ന പ്രണയങ്ങൾ, ഉടലുകൾ, സംഗീതം, തെരുവുകളിൽ പടരുന്ന അഗ്നികളിൽ മുഴങ്ങുന്ന ഫൈസിന്റെയും ഫഹ്‌മദ റിയാസിന്റെയും കവിതകൾ, എന്റെയും അവരുടെയും സ്വാതന്ത്ര്യസമരത്തിൽ ഒരേ വീരനായകർ, അങ്ങനെ അതിരുകൾ മാഞ്ഞിടത്തു നിന്നാണ് സമീറ ഫാത്തിമ ഇന്ത്യയിൽ നിന്നും ഇന്ത്യ വരെ പടർന്ന വംശവൃക്ഷത്തെ വിവരിക്കുന്നത്. ആ പാകിസ്താനി അക്കൗണ്ടന്റിനോട് ചേർന്നു കിടക്കുമ്പോൾ അവരനുഭവിക്കുന്ന ഒരു ഭാരമില്ലായ്മയുണ്ട്, ദീർഘവിഷാദത്തിൽ മുങ്ങിയ കാലത്ത് ആഗ്രഹിച്ചിട്ടും കാണാതെയിരുന്ന പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടുന്ന ആ ഭാരരാഹിത്യം.
പ്രാക്തനകളുടെ ഈ കഥയിൽ നിന്നും പ്രാകൃതത്തിലേക്കും ഓടിക്കയറുന്നുണ്ട് ഈ അധ്യായം. പരിഷ്കൃത സമൂഹത്തിലേക്കുള്ള ഒരു നടത്തക്കിടയിൽ ബലേന നാം കുഴിച്ചിട്ട ചില പ്രാകൃതരീതിശാസ്ത്രങ്ങളുണ്ട്. അതിനെ തൃപ്തിപ്പെടുത്തുന്നതിലേക്കുള്ള എളുപ്പവഴികൾ തേടൽ മനുഷ്യൻ നടത്തിക്കൊണ്ടേയിരിക്കും. മഹാഭാരതത്തെ കുറിച്ച് മാരാർ അങ്ങനെയൊരു നിരീക്ഷണം നടത്തുന്നുണ്ടല്ലോ. പ്രാകൃതമായ കൊന്നു ജയങ്ങളിലേക്ക് എത്തുവാനുള്ള മനുഷ്യന്റെ വൈകാരിക ത്വരയെ ഉദ്ദീപിപ്പിക്കുന്ന ഒന്നാണ് ഗീത . പ്രാക്ച്ചരിത്രം മുതൽ ഇന്നേയ്ക്കും അടിസ്ഥാനപരമായി മാറ്റമില്ലാത്ത ഒന്നാണ് ഉപഭോഗവസ്തുക്കൾക്ക് മേലുള്ള അവകാശപ്രഖ്യാപനം. പ്രധാനമായും ജനാധിപത്യത്തിന്റെ വരവിനു ശേഷവും സ്ത്രീകളും ഭൂമിയും ഈ സ്ഥിതിയിൽ തന്നെ തുടരുകയാണ്. അവിടെയാണ് സക്കറിയ എന്ന പോത്തുകച്ചവടക്കാരൻ ലേഖാനമ്പൂതിരി എന്ന പെൺകുട്ടിയെ പ്രാപിക്കുന്നത്. അവളുടെ സ്വകാര്യഭാഗങ്ങളിൽ തന്റെ അധികാര ചിഹ്നമായ ചാപ്പ കുത്തുന്നത്. ലേഖാ നമ്പൂതിരി വെറുമൊരു പെണ്കുട്ടിയല്ല. ഉടയാടയുരിഞ്ഞാൽ ഉദ്ധരിക്കുന്ന മാംസപിണ്ഡം മാത്രമാണ് പുരുഷൻ എന്നറിയുന്നവളാണ്. പോരാളിയാണ്. സ്മാർത്തവിചാരം ചെയ്യപ്പെട്ടവളാണ്. പുരുഷൻ എന്ന ദുർബലവസ്തുവിനെ ചിരിയോടെ നോക്കിക്കാണുവാൻ പഠിച്ചവളാണ്.
ആണധികാരത്തിന്റെ അടയാളപ്പെടുത്തലായി ലിംഗം ഈ നോവലിൽ എമ്പാടും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. തന്നെക്കാൾ വലിപ്പമുള്ള മറ്റൊന്നിനെ കാണുമ്പോൾ പേടിച്ചരണ്ടപോലെ നിദ്രയിലേക്ക് വീഴുന്ന മാംസഭാഗമായി ഇതിനെ മറ്റൊരിടത്ത് ചിത്രീകരിക്കുന്നുണ്ട്. ആ തോൽവിയെ മറികടക്കുവാനാകും അവൻ ആയുധങ്ങൾ കണ്ടുപിടിച്ചതും.
ഇത്തരം സമ്പർക്കങ്ങൾ, അതിരടയാളങ്ങൾ മായ്ക്കുന്ന സമ്പർക്കങ്ങൾ, ഇന്ത്യ-പാകിസ്ഥാൻ നസ്രാണീ-നമ്പൂതിരി, സസ്യാഹാരി-മാംസാഹാരി, ജാതിയുടെ ഭേദിക്കപ്പെട്ട അതിരുകൾ , അങ്ങനെ തുടർന്നു തുടർന്നു വിപ്ലവങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ടാകാം സമ്പർക്കക്രാന്തി എന്ന പേര്. ക്രാന്തി എന്നാൽ വിപ്ലവം. എന്നാൽ സമ്പർക്കം എന്നത് ശാരീരിക സമ്പർക്കം മാത്രമല്ല സംസ്കാരങ്ങളുടെ സമ്പർക്കം കൂടിയാണ്. കൽക്കട്ട ഷിംല ഹൈവേയിലെ മുപ്പത്തിമൂന്നാമത്തെ തുരങ്കം. അതിന്റെ പണി പൂർത്തിയാക്കാൻ രണ്ടു വശങ്ങളിൽ നിന്നു കുഴിച്ചു തുടങ്ങുന്ന മനുഷ്യർ. അവർ ഒരിക്കലും കണ്ടുമുട്ടുന്നില്ല. അതിൽ മനംനൊന്ത് സ്വയം വെടിവച്ചു മരിക്കുന്ന എഞ്ചിനീയർ ബാരോഗ്. അദ്ദേഹത്തെ കുറിച്ചു പറഞ്ഞു കേൾക്കുന്ന പ്രേതകഥകൾ. ഇന്ത്യയുടെ പ്രാക്ച്ചരിത്രം മുതൽ ഇന്നുവരേയ്ക്കും എടുത്തു നോക്കിയാൽ ഇത്തരം കഥകൾ കാണാം. മലബാർ കളക്ടർ ആയിരുന്ന കനോലിയെ കുറിച്ചും ഇതേ കഥകൾ കേൾക്കാം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടാകുന്ന കഥകളിൽ ഭൂരിഭാഗവും കുലസംക്രമണം തടയുവാനായി ഉണ്ടായതെന്നാണ് കരുതുന്നത്. രാമായണത്തിലേക്ക് നോക്കു ഞാണ്വടുവാർന്ന രാമനിൽ ആകൃഷ്ടയാകുന്ന താടകയെ വധിക്കുന്ന രാമൻ. മഹാഭാരതം അത്തരമൊരു ആശയം മുന്നോട്ടു വയ്ക്കുന്നില്ല. ഉലൂപിയെ അർജുനൻ വരിക്കുന്നുണ്ട്. എങ്കിലും പിൽക്കാലപ്രക്ഷിപ്തമായ ഗീതയിൽ ഗോത്ര സങ്കരം കാരണം ഉണ്ടാകുന്ന നാശത്തെക്കുറിച്ച് അർജുനൻ തന്നെ പറയുന്നുണ്ട്. തങ്ങളുടെ ഭൂമികയിലൂടെ തീവണ്ടി വരുന്നതും ഗ്രാമത്തിലെ യുവാവോ യുവതിയോ നാടുവിട്ടു പുറത്തേക്കു പോകുന്നതും മറ്റൊരുഗോത്രത്തിലെ ആളെ കണ്ടുമുട്ടുന്നതും ചിലർ ഭയന്നിട്ടുണ്ടാകാം. ഈ ഭയത്തിൽ നിന്നുണ്ടാകുന്നതാണ് തീവണ്ടിപ്പാതകളെയും ജലപാതകളെയും കുറിച്ചുള്ള അപസർപ്പകകഥകൾ എന്നും കരുതാം.
നോവലിന്റെ മറ്റൊരു നൂൽ ഗാന്ധിയാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ നമുക്ക് രണ്ടു ഗാന്ധിയുണ്ട്. ഒന്ന് ചരിത്രത്തിലെ ഗാന്ധി. ആ ഗാന്ധി സ്വാതന്ത്ര്യസമരസേനാനിയാണ് ആധുനികതയോട് വിമുഖതയുള്ളവനാണ് സസ്യാഹാരിയാണ്. മറ്റൊരു ഗാന്ധി ഇന്ത്യൻ ജീവിതത്തിലെ ഗാന്ധിയാണ്. ഇന്ത്യ എന്ന വികാരത്തെ ഒന്നിച്ചു നിർത്തുന്ന ഗാന്ധി. ആധുനികതയിലേക്ക് നടക്കുമ്പോളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നാം ഉള്ളിന്റെയുള്ളിൽ സസ്യാഹാരം നല്ലതെന്നു കരുതുന്നു. ജീവിതത്തിലെ ഗാന്ധി വെള്ളം പോലെയാണ് അതു കയറിപ്പറ്റുന്ന മനസ്സിന്റെ തരംപോലെ രൂപം പ്രാപിക്കുന്ന ഒന്ന്. ഹൈന്ദവതയ്ക്ക് ഗീതയായി, ബുദ്ധർക്ക് അഹിംസയായി, വിപ്ലവകാരിക്ക് സമരമായി മാറുന്ന ഗാന്ധി. എല്ലാ വൈരുധ്യങ്ങൾക്കും ഏതെങ്കിലും ഒരു തരത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന മനുഷ്യൻ. വാചകങ്ങൾ കൊണ്ടു മാത്രം ജീവിതം നയിക്കാതെ പ്രവർത്തികളിൽ കൂടി പരിശ്രമിച്ച എല്ലാ മഹാന്മാരുടെ ജീവിതത്തിലും ഈ വൈരുധ്യങ്ങൾ കാണാമല്ലോ. ഇങ്ങനെ രണ്ടു ഗാന്ധിയെയും വെളിവാക്കുന്ന സംഭവങ്ങൾ പുസ്തകത്തിലുണ്ട്.
ഒന്നു തീവണ്ടിയിൽ യാത്ര ചെയ്യുന്ന ഗാന്ധിയാണ്. അദ്ദേഹം യാത്ര ചെയ്ത തീവണ്ടി വഴിക്കു വച്ചു മുറിഞ്ഞുപോകുന്ന ഒരു ഭാഗം. ഒരുപാടു ദൂരം ഗാന്ധിയില്ലാതെ ഓടിയ തീവണ്ടി ആ കൂപ്പെ വിട്ടുപോയതറിഞ്ഞു മടങ്ങി വരികയായിരുന്നു. അദ്ദേഹത്തെ കൊണ്ടുപോകാൻ. ഈ മടങ്ങിവരവിൽ ഒളിഞ്ഞിരിക്കുന്ന ബിംബം കൂടിയുണ്ട്. ഇന്ത്യ എന്ന ഒറ്റതീവണ്ടിയെ മുറിഞ്ഞുപോകാതെ കൂട്ടിപ്പിടിച്ച മനുഷ്യൻ. ഉപ്പും പരുത്തിയും നമ്മെ കൂട്ടിയോജിപ്പിക്കും എന്നു ദീർഘവീക്ഷണം ചെയ്ത മനുഷ്യൻ. ആ മനുഷ്യനുള്ളപ്പോൾ എങ്ങനെയാണ് ഇന്ത്യൻ ജീവിതത്തിന്റെ നേർ പരിച്ഛേദമായ തീവണ്ടിക്ക് കണ്ണിപൊട്ടി പിരിഞ്ഞുപോകാനാകുക. ഗാന്ധിയൻ സമരങ്ങൾക്ക് ആക്കം പകരാൻ ആളുകൾ എത്തിച്ചേർന്ന വണ്ടി, അയിത്തോച്ചാടനം എന്ന സ്വപ്നം കൈവരിച്ച വണ്ടി, അതിന്റെ വിമർശകൻ കൂടിയായിരുന്നു അദ്ദേഹം. പ്ലേഗ് പോലുള്ള മഹാമാരികൾ പെയ്യുന്നതിന് കാരണം അതേ തീവണ്ടിയാണെന്ന് അദ്ദേഹം കരുതുന്നുണ്ട്.
മറ്റൊരു ഗാന്ധി ഇന്ത്യൻ ജീവിതത്തിലെ ഗാന്ധിയാണ്. ഈ ഗാന്ധിയുടെ വിവരണത്തിലൂടെയാണ് നോവൽ പലപ്പോഴും വികസിക്കുന്നത്.ചരിത്രമില്ലാത്ത കുട്ടിയിലൂടെ പള്ളിക്കൂടത്തിൽ തൂക്കിയിരിക്കുന്ന ഗാന്ധിചിത്രത്തിൽ നിന്നും കടംകൊണ്ട പേരാണ് അവനുള്ളത് കരംചന്ദ്. കരംചന്ദിന് ചരിത്രത്തിൽ എവിടെയും പ്രത്യക്ഷപ്പെടാനാകും കേരളത്തിലെ ഒരു വിദ്യാലയത്തിൽ, കലാപം കഴിഞ്ഞ തെരുവിൽ, യുദ്ധങ്ങളിൽ, മഹായാനങ്ങളിൽ ഒക്കെ പ്രത്യക്ഷപ്പെടാനാകുന്ന ജന്തു. അയാൾ ഈ നോവലിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിലപ്പോൾ കഥപറച്ചിലുകാരനായി തന്നെ. ഒരുപക്ഷേ വായനക്കാരന്റെ ഉള്ളിലെ സമരോല്സുകതയെയും കാവ്യാത്മകതയെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന ഒരു മനുഷ്യൻ. ആക്ടിവിസ്റ്റായും പ്രേക്ഷകനായും പ്രത്യക്ഷപ്പെടുന്ന കരംചന്ദ്. കരംചന്ദ് ജീവിക്കുന്ന വർത്തമാനത്തിനു ഒരു പ്രത്യേകതയുണ്ട്. അത് അനുഭവിക്കലുകളെക്കാൾ പങ്കുവയ്‌പുകളുടേതാണ്. ഒരു യാത്ര അനുഭവിക്കുക എന്നതിലുപരി അതു പങ്കുവയ്ക്കാൻ കാത്തിരിക്കുന്ന തലമുറ. അയാളുടെ ഫേസ്ബുക് പോസ്റ്റുകൾ. അങ്ങനെയൊരു പങ്കുവയ്ക്കൽ പലയിടങ്ങളിലും നോവലിസ്റ്റും നടത്തുന്നുണ്ട്.
അടിമകൾക്ക് നഷ്ടമാകുന്ന സംസ്കൃതിയുടെ വേദന ലോകമെമ്പാടും നോവലുകൾക്ക് പ്രമേയമാകാറുണ്ട്. കെനിയൻ വിമോചന പോരാളിയും എഴുത്തുകാരനും ആയ ഗൂഗി തി ഒങ്കോയുടെ സുപ്രസിദ്ധമായ വാചകമുണ്ട്’ ഒരു അടിമയ്ക്ക് ആദ്യം അവന്റെ പേരും പിന്നെ ഭാഷയും നഷ്ടമാകുന്നു’ എന്ന്. Something torn and new എന്ന പുസ്തകത്തിൽ ഇതെങ്ങനെ നടപ്പാക്കുന്നു എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കപ്പലുകളിൽ യൂറോപ്പിലെ പഴത്തോട്ടങ്ങളിലേക്ക് കയറ്റി അയക്കും മുന്നേ ഒരു ലോഹദണ്ഡുകൊണ്ട് അവന്റെ ദേഹത്ത് യൂറോപ്യൻ യജമാനന്റെ പേര് മുദ്രകുത്തും. അതൊരു ക്രിസ്ത്യൻ പേരായിരിക്കും. പോകെപ്പോകെ പുതിയ ഇടങ്ങളിൽ അവൻ ആ പേരിൽ അറിയപ്പെടും. ഓർമ്മകളിൽ നിന്നും പൂര്വാശ്രമവും സംസ്കാരത്തിന്റെ നാളങ്ങളും കെട്ടുപോകും. അത്തരമൊരു അടിമ കരുമൻ എന്നു വിളിക്കാം, അവന്റെ അടിമനാമമാണ്. അറബികളുടെ കൂടെ നാട്ടുപ്രമാണികളുടെ കൂടെ അൽമേഡയുടെ കൂടെ അവൻ സമാന്തര ജീവിതം നയിക്കുന്നു. ഒടുവിൽ അൽമേഡയെ കാപ്പിരികൾ കൊല്ലുമ്പോൾ അവൻ യാത്ര തുടരുന്നു. അൽമേഡയുടെ ചരിത്രത്തിനു രണ്ടു കഥകൾ ഉണ്ടെന്നിരിക്കെ ഇവിടെ കാപ്പിരികൾ കൊന്നു എന്ന ചരിത്രത്തെയാണ് പുസ്തകം തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ അവസ്ഥകളുടെ സാധൂകരണം എന്ന നിലയ്ക്കാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് കാണാം. ‘കൊല്ലിക്കയത്രേ നിനക്കു രസമെടോ’ എന്ന ഗാന്ധാരീവിലാപം മുറിച്ചെടുത്താൽ കൃഷ്ണന് നേരെ ഉയർത്തുന്ന ആ ശാപവചസ്സ് പിന്നീട് കാലത്തിലൂടെ പകരം ചോദിക്കുന്നുണ്ട്. ഒരു ക്രൂരൻ ജനിക്കുമ്പോൾ ഒരു വിഷം പുരട്ടിയ അമ്പും ജനിക്കുന്നു. അതെയ്യാൻ ഒരു വേടനും. ഇത്തരത്തിൽ കാലം പകരം ചോദിക്കാൻ കാത്തുവച്ച ഉപകരണമായി വേടനെ അവതരിപ്പിക്കുനകയാണ് ഒരു ഭാഗത്ത്. കാവ്യാത്മകമായ ആശ്ലേഷണങ്ങൾക്കും രാഷ്ട്രീയ വിയോജിപ്പുകൾക്കും ഒരേസമയം പത്രമായേക്കാവുന്ന നോവൽഭാഗവും ഇതുതന്നെയായിരിക്കും.
നോവലിൽ വന്നുചേരുന്ന വിദേശികളുടെ സാന്നിധ്യം മറ്റൊരു ഭാഗമാണ്. ഇവരുടെ വരവുകളുടെ ചരിത്രം നോക്കിയാൽ നരവംശത്തിന്റെ പരിഷ്കൃത സമൂഹത്തിലേക്കുള്ള പ്രയാണം കൂടി കാണാം. സമ്പത്തുകൾ സ്വരുക്കൂട്ടുക എന്ന ലക്ഷ്യത്തോടെ അവർ വന്നിറങ്ങിയതു മുതൽ ഓരോ തദ്ദേശവാസിയെയും എങ്ങനെ കൊല്ലാം എന്നതായിരുന്നു ചിന്ത. ഒട്ടുമിക്ക സമ്പത്തും കൊള്ളയടിച്ചപ്പോൾ അവർ മനുഷ്യരെ തിരഞ്ഞുപിടിച്ചു അടിമകളാക്കി, അനുസരിക്കാത്തവരെ പൊതുസ്ഥലത്തു കൊന്നു കെട്ടിത്തൂക്കി. അങ്ങനെ അരുംകൊലകളുടെ ചരിത്രം കൂടിയാണ് നമ്മുടെ രാജ്യം. പിന്നെപ്പിന്നെ അതൊക്ക പരിഷ്കരിക്കപ്പെടുന്നത് കാണാം. നാടിന്റെ പ്രയാണത്തിന് അറിവുകൾ ശേഖരിച്ച വില്യം ലോഗനെ കാമിൽ ഫുൽകെയെ പോലെയുള്ള പ്രതിഭകളെയും വിസ്മരിക്കുന്നില്ല. ആ അറിവുകൾ ക്രോഡീകരിച്ചു സൂക്ഷിച്ചു വയ്ക്കുന്ന ഇന്ത്യ എന്ന പുസ്തകം മാറോടടടക്കിപ്പിടിച്ചു കിടക്കുന്ന ജോൺ എന്ന വിദേശി. അന്നു സമ്പത്തു ശേഖരിക്കാൻ വന്നവരുടെ പിന്മുറക്കാർ ഇൻഡ്യയെ കാണുവാൻ വരുന്നു. ഇന്ത്യയിലെയും അറേബ്യയിലെയും അറിവുകൾ മുഴുവൻ കൂട്ടിവച്ചാലും യൂറോപ്പിലെ ഒരു ഗ്രന്ഥശാലയുടെ അലമാരയിൽ കൊള്ളാനില്ലന്നു പരിഹസിച്ച മെക്കാളെ ഈയവസരത്തിൽ ഓർമ്മയിലെത്തും. എന്തായാലും ആ മെക്കാളെ വാചകം അന്നു വരെ യൂറോപ്യന്മാരാൽ ക്രോഡീകരിക്കപ്പെട്ട അറിവുകളെ സംബന്ധിച്ച് മാത്രമാണ് എന്നത് പിൽക്കാല ചരിത്രം തെളിയിച്ചു. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും വളർച്ചയോടെ കുഴിച്ചുമൂടപ്പെട്ട ചരിത്രങ്ങൾ കഥകൾ ഭാഷകൾ ഒക്കെയായി ഏഷ്യയും ആഫ്രിക്കയും പടർന്നുപന്തലിച്ചു എന്ന കാര്യം വേറെ. ഹീബ്രുവിലെഴുതി ലോകത്തിന്റെ നെറുകയിലെത്തിയ ആമോസ് ഓസ് ഗികുയുവിൽ എഴുതിയെത്തിയ ഗുഗി അങ്ങനെ അങ്ങനെ. അങ്ങനെ ഇനിയും അറിയാത്ത ഇന്ത്യയെ അറിയുവാൻ ഒരു തീവണ്ടിമുറിയിൽ അയാൾ യാത്ര ചെയ്യുകയാണ്. അത് തീർച്ചയായും മാക്സ് മുള്ളർ വിഭാവനം ചെയ്ത മോക്ഷങ്ങളുടെ നാടല്ല എന്ന ബോധവും അയാൾക്കുണ്ട്.
കടലിൽ നിന്നും ഹിമാലയത്തിലേക്കും ഹിമാലയത്തിൽ നിന്നു കടലിലേക്കും യാത്ര ചെയ്യുന്ന രണ്ടുപേർ ബുദ്ധനും ശങ്കരനും പീഠഭൂമിയിൽ എവിടെയോ വച്ചു കണ്ടുമുട്ടുകയാണ്. നിർവാണം തേടി ഇരുവരും യാത്ര ചെയ്യുന്ന ദിശകൾ നോക്കുക. ഒന്നു തെക്കോട്ടും മറ്റൊന്നു വടക്കോട്ടും. ആദ്യം തെക്കോട്ടുള്ള യാത്രയുടെ സൂചകത്തിലേക്ക്. ബുദ്ധമതത്തിന്റെ പ്രയാണം നോക്കിയാൽ അത് ഈ ദിശയിൽ തന്നെയാണെന്ന് കാണാം. വെറുമൊരു പാട്ടുകഥ മഹാകാവ്യമായി പരിണമിച്ചതാണ് രാമായണം എന്ന വാദം നിലനിൽക്കുന്നുണ്ട്. അതിന്റെ വികസനകാലഘട്ടമാകട്ടെ എ ഡി രണ്ടു മുതൽ നാലുവരെ കാലഘട്ടമാണെന്ന് കരുതുന്നവരുമുണ്ട്. അത്തരത്തിൽ പിൽക്കാലപ്രക്ഷിപ്തമായ ലങ്കയുടെ വിവരണങ്ങൾ നാഗാർജുനകോണ്ടയെക്കുറിച്ചാണെന്നും കരുതപ്പെടുന്നു. ഇത്തരത്തിൽ ലങ്ക ആക്രമിക്കപ്പെടുമ്പോൾ കൂടുതൽ തെക്കോട്ടു പോയ ജനതയാണ് ബുദ്ധരുടേത്. പോയവഴിയൊക്കെ അവരാകാം രാമകഥ വിതച്ചുപോയതും. അതു ചരിത്രപരമായ ഒരു വാദം മാത്രമാണ്. എന്നിരുന്നാലും ബുദ്ധരുടെ തെക്കോട്ടുള്ള പോക്ക് ശരിയാണെന്നു ഇപ്പോളും നമുക്ക് തെളിയിക്കാനാകും. ലങ്കവരെയെത്തി നിൽക്കുന്ന വംശാവലി പതിയെ തങ്ങളുടെ ഹിംസാരൂപം പുറത്തെടുത്തതാകട്ടെ ലോകത്തിന്റെ വർത്തമാനവും. ഇനി വടക്കോട്ടുള്ള യാത്രകളുടെ സൂചകങ്ങൾ കൂടി. വടക്കോട്ട് യാത്ര ചെയ്യുന്ന മനുഷ്യൻ ശങ്കരനാണ്. അറിവു തേടിയുള്ള യാത്രയാണ് ഹിമാലയത്തിലേക്ക്. ആ വഴിയിൽ അയാളും നാഗാർജുന കൊണ്ടയിൽ എത്തുന്നുണ്ട്. അതിനെ നശിപ്പിക്കുന്നുണ്ട്. ശങ്കരൻ ഉത്തരേന്ത്യയിൽ നിന്നു കൊണ്ടുവന്നത് ഹൈന്ദവതയാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. അങ്ങനെ തെക്കോട്ടു സമാധാനം തേടിയും വടക്കോട്ട് അധികാരം തേടിയും യാത്ര ചെയ്യുന്ന രണ്ടുപേർ കണ്ടുമുട്ടുന്നു. വർത്തമാനത്തെ ഓർത്ത് ഇരുവർക്കുമിടയിൽ ഒരു ചിരി വിരിയുന്നുണ്ട്. നാഗാർജുനകോണ്ടയെ കുറിച്ച് പഠനം നടത്തിയ ഡോ കെ എസ് ഭഗവാന്റെ സമകാലികനായ ധബോൽക്കർ ആകസ്മികമായി ഈ നോവലിൽ കടന്നു വരുന്നു. അദ്ദേഹത്തിന്റെ ചോര വീണു കുതിർന്ന തീവണ്ടിമുറി ഒരു നിമിഷം നമ്മെ നിശ്ശബ്ദരാക്കും. നിഷ്കാസനം കാത്തുനിൽക്കുന്ന ധൈഷണികതയുടെ ഒരു വലിയ പട്ടിക വെയ്റ്റിംഗ് ലിസ്റ്റ് എന്ന അധ്യായത്തിൽ കുറിച്ചിരിക്കുന്നു.ഓരോ വായനക്കാരനും അതു വായിച്ചു നിർത്തുന്ന അതേ നേരത്ത് പട്ടിക പിന്നെയും നീണ്ടിട്ടുണ്ടാകും.
ദ്വി എന്ന മനുഷ്യനെക്കുറിച്ചു കൂടി. അത് ഓരോ ഇന്ത്യന്റെയും അനുഭവമായി മാറിയിരിക്കുന്നു. സ്വന്തം ഇടം പോലും സംരക്ഷിക്കാനാകാത്ത അയാൾ രക്ഷകനായും ഏകാധിപധിയുമായി മാറുന്ന കാഴ്ച. അയാൾ തീരുമാനിക്കുന്ന നിയമങ്ങളുടെ ശിക്ഷാവിധികളുടെ രാജ്യം. അതിന്നു നമുക്ക് അന്യമല്ല. എത്തിച്ചേരുന്ന കഴുതയുടെ ഉപമ കൊണ്ട് അയാളാ ചിത്രം വരയ്ക്കുന്നുണ്ട്. അതിന്റെ പുറത്ത് കയറി നടക്കുന്ന രാജാവിനെക്കുറിച്ച. ആ കെട്ടുകാഴ്ചയെ പിന്തുടർന്ന് പിന്തുടർന്ന് കഴുതകളായി തീരുന്നവരെക്കുറിച്ച്.
ഇങ്ങനെ ഓരോ സാഹചര്യങ്ങളിൽ ചീന്തിയെടുക്കാൻ കഴിയുന്ന ഉപകഥകളാകുന്ന മനുഷ്യരിൽ കൂടിയാണ് നോവൽ വികസിക്കുന്നതും. എന്തുകൊണ്ടാണ് അങ്ങനെ മനുഷ്യരെ അവതരിപ്പിക്കാൻ തീവണ്ടികൾ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഇതുപോലെ ഇന്ത്യക്കാരെ കോർത്തിടുന്ന നൂല് മറ്റൊന്നില്ല എന്നതാണ്. ദില്ലിയിലെ തെരുവുകളിൽ മുദ്രാവാക്യങ്ങളുമായി വന്നിറങ്ങുന്നവർ രാജ്യത്തിന്റെ എതോ ഭാഗത്ത് നിന്നും സമരങ്ങളെ കുറിച്ചറിഞ്ഞു വരുന്നവരാണ്. അവരാണ് തെരുവുകളിൽ വിവേചനങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും. തെക്കു നിന്നും രാജ്യതലസ്ഥാനം വരെ ഓടിയെത്തുന്ന ഈ തീവണ്ടികഥ ഭാവനാത്മകമായ കഥാപാത്രങ്ങളുടെ ചേർത്തുവയ്പ്പ് കൊണ്ടാണ് രാഷ്ട്രീയ ഭാവുകത്വത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു പോകുന്നത്. നോവൽ വായനക്കു ശേഷം മടക്കി വെയ്ക്കുമ്പോൾ അതിൽ നിന്നു കഥയല്ലാതെ ഓർത്തു വയ്ക്കാവുന്ന ചിലതിനെ കുറിച്ച് മാത്രമുള്ള ചിന്തയാണ് ഈ കുറിപ്പ്. അതുകൊണ്ടു തന്നെ പറയാതെ പോയതാണ് അധികവും. ആ വിട്ടുപോകലുകളെ കുറിച്ചു കൂടിയുള്ള വായനകളും വ്യാഖ്യാനങ്ങളും ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വി ഷിനിലാലിന്റെ സമ്പർക്കക്രാന്തി എന്ന നോവലിന് ജ്യോതി ശങ്കർ എഴുതിയ വായനാനുഭവം
Comments are closed.