DCBOOKS
Malayalam News Literature Website

തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതിയ മലയാളത്തിലെ ആദ്യനോവല്‍

സമ്പര്‍ക്കക്രാന്തിയെന്ന തന്റെ പുതിയ നോവലിനെക്കുറിച്ച് എഴുത്തുകാരന്‍ വി.ഷിനിലാല്‍ എഴുതുന്നു…

കൊച്ചുവേളിയില്‍ നിന്നും ചണ്ഢീഗഢ് വരെ പോകുന്ന തീവണ്ടിയാണ് സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്. ഇന്ത്യയുടെ പശ്ചിമ തീരത്തുകൂടി അതിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ, വിചിത്രഭിന്നങ്ങളായ ജനസമൂഹത്തിന്റെ ചെറുസഞ്ചയത്തെ തെക്ക് നിന്നും വടക്കോട്ടും തിരിച്ചും അത് ചുമന്നു കൊണ്ടോടുന്നു. സമ്പര്‍ക്ക ക്രാന്തി എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള വിപ്ലവം എന്നാണര്‍ത്ഥം.

2007-08 കാലത്ത് ഈ ട്രെയിനില്‍ കൊച്ചുവേളി മുതല്‍ ന്യൂഡല്‍ഹി വരെ ഞാന്‍ ടിക്കറ്റ് പരിശോധകന്റെ ജോലി ചെയ്തിരുന്നു. അസംഖ്യം മനുഷ്യരെ പരിചയപ്പെട്ടും ധാരാളം സംഭവങ്ങള്‍ക്ക് സാക്ഷിയായും ആ യാത്രകള്‍ ഓര്‍മയില്‍ സമൃദ്ധമായി നില്‍ക്കുന്നു. ഇന്ത്യയെ, അതിലെ മനുഷ്യരെ, അവരുടെ സംസ്‌കാരത്തെ, മനുഷ്യ സ്വഭാവത്തെ, അതിനുള്ളിലെ ഗൂഢസ്ഥലികളെ ഒക്കെ ഒരു പഠിതാവിനെപ്പോലെ നോക്കിക്കണ്ടു. സമ്പര്‍ക്കക്രാന്തി എന്ന തീവണ്ടി എനിക്കൊരു സര്‍വകലാശാലയായി. മനുഷ്യനായിരുന്നു എന്റെ പാഠ്യവിഷയം. യാത്രയിലൂടെ, ഉള്ളിലുറഞ്ഞു കിടന്ന കുടിലതകളും മുന്‍വിധികളും ക്രമേണ ഇല്ലാതായത് ഞാനറിഞ്ഞു. ഒടുവില്‍, എല്ലാ യാത്രകളും ചെന്നവസാനിക്കുന്ന നിശ്ശൂന്യതയുടെ മരുഭൂമിയും കണ്ടു. നോവലിനുള്ളില്‍ ചരിത്രമില്ലാത്ത കുട്ടി എന്ന സങ്കല്‍പ്പകഥാപാത്രം ചെന്നു നില്‍ക്കുന്ന ശൂന്യത അതാണ്.

അക്കാലത്ത് ഞാന്‍ ഒന്നും എഴുതുകയോ വായിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, രാജ്യത്തിന്റെ എല്ലാ ഭാഗത്തും യാത്ര ചെയ്തു. 2013-ല്‍ നോവല്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ അന്നു പരിചയിച്ച മനുഷ്യര്‍ഒന്നൊന്നായി കണ്‍മുന്നില്‍ വന്നു നിന്നു. സംഭവങ്ങളുടെയും കഥാപാത്രങ്ങളുടെയും വന്‍നിര. അവരില്‍ നിന്നും വേണ്ടവരെ മാത്രം ഞാന്‍ ‘സിനിമയിലെടുത്തു.’

ഒരു യാത്രക്കഥ ആയിട്ടാണ് നോവല്‍ എഴുതിത്തുടങ്ങിയത്. എന്നാല്‍ എഴുത്തില്‍ ചങ്കുറപ്പ് തോന്നിയപ്പോള്‍, ഞാന്‍ സമ്പര്‍ക്ക ക്രാന്തി എന്ന ട്രെയിനിനുള്ളിലിരുന്ന് വിശാലമായ ഈ രാജ്യത്തെ ഭാവനയില്‍ നോക്കാന്‍തുടങ്ങി. അപ്പോഴാണ്, രാജ്യം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ചെടുത്ത സഹിഷ്ണുതയുടെ സംസ്‌കാരത്തെ പിന്നിലേക്ക് വലിക്കുന്ന ശക്തികള്‍ക്ക് നിമിഷം പ്രതി ശക്തിയേറുന്നതറിഞ്ഞത്. നോവലിലെ എക്‌സ്പ്രസിന്റെ ഏറ്റവും പിന്നില്‍ ഞാന്‍ വാണ്ടറര്‍ എന്ന നീരാവിയെഞ്ചിന്‍ സ്ഥാപിച്ചു.

അങ്ങനെ, ‘ഇന്ത്യ എന്ന പുസ്തകം’ എന്ന് പേരിട്ട് എഴുതിത്തുടങ്ങുകയും പിന്നീട് ‘പഗ്മാര്‍ക്ക്’ എന്ന് അഴിച്ചുപണിയുകയും ചെയ്ത നോവലാണ് ഇപ്പോള്‍ സമ്പര്‍ക്ക ക്രാന്തി എന്ന പേരില്‍ നിങ്ങളുടെ മുന്നിലുള്ളത്. പ്രിയരേ, തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും ആഴ്ചയില്‍ രണ്ട് ദിവസം വീതം സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ് ചണ്ഢീഗഢിലേക്ക് സഞ്ചരിക്കുന്നുണ്ട്. സമ്പര്‍ക്ക ക്രാന്തി എന്നാല്‍ ഇപ്പോള്‍ ഒരു നോവല്‍ കൂടിയാണ്.

Comments are closed.