സമ്പര്‍ക്കക്രാന്തി: വര്‍ത്തമാനകാല രാഷ്ട്രീയം തുറന്നുകാട്ടുന്ന തീവണ്ടിയാത്ര
വി. ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’ എന്ന നോവലിന് ഗിരിജ ചാത്തുണ്ണി എഴുതിയ വായനാനുഭവം
തീവണ്ടിയുമായി അത്രമേലിഴുകിയതതു കൊണ്ടുതന്നെ നോവലിസ്റ്റിന് തീവണ്ടിയുടെ ചരിത്രത്തെ തനതായ ചിന്തകളുടെ ബലത്തില് അതിന്റെ പൂർണ്ണ ഘടനയിലേയ്ക്കു വിളക്കിച്ചേര്ക്കാന് കഴിഞ്ഞിരിക്കുന്നത്.
മൂന്നു ഭാഗങ്ങളായ് തിരിച്ച അറുപത്തി ഏഴ് അധ്യായങ്ങളാണ് തീവണ്ടി ബോഗികളെന്ന വിധം ഈ നോവലിലുള്ളത്. മറ്റു യാത്രകൾ പോലെയല്ല തീവണ്ടിയാത്രകൾ. വലിയ ജനസഞ്ചയത്തിലൂടെ ഓർമ്മകളുടെ വലിയ ഒരു ശേഖരം ഉണ്ടാക്കാനാകും. യാത്രക്കാരുടെ വീടായി കുറച്ചു നേരത്തേക്കെങ്കിലും അതു പരിണമിക്കുന്നു. സാധാരണക്കാരനുള്ള പ്രാപ്യതയും സ്ഥലികളുടെ ആപേക്ഷികതയും മൂലം ഒരു രാജ്യത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിയാൻ തീവണ്ടിയോളം മറ്റൊരു വാഹനോപാധി വേറെ ഇല്ല. നാടും നഗരവും മലകളും കാടും ചുറ്റി എല്ലാ ദേശങ്ങളുടെയും സംസ്കാരവും, സംസ്കൃതിയും, ആചാരങ്ങളും ജീവിതരീതികളും അറിയുന്നത് തീവണ്ടിയാത്രകളിലാണ്. ഇന്ത്യയുടെ സാമൂഹികവും,
ജൈവീകവും വൈകാരികവുമായ വർത്തമാന രാഷ്ട്രീയഭൂപടമായി മാറുകയാണ് നീർത്തടങ്ങളിൽ പക്ഷിയായും, ഖരഭൂമിയിൽ കാട്ടുകുതിരയായും ഓടുന്ന തീവണ്ടികൾ.
എന്നും യാത്രകൾ ഇഷ്ടപെടുന്ന, എന്നും യാത്രകൾ ചെയ്യുന്ന കരംചന്ദ് എന്ന ചരിത്രമില്ലാത്തവന്റെ കാഴ്ചകൾ,അവൻ പരിചയപ്പെടുന്ന മനുഷ്യർ, അവരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ചിലര് ചരിത്രത്തിന്റെ ഭാഗമായവര്. ചിലര് ചരിത്രത്തെ അടയാളപ്പെടുത്താനും പുനരാവിഷ്‌കരിക്കാനും നിയോഗിക്കപ്പെട്ടവര്, മറ്റു ചിലര് കാലികമായ ചരിത്രപ്രതിസന്ധികളെ പ്രകടമാക്കാനായി സൃഷ്ടിക്കപ്പെട്ടവര്, അങ്ങനെ അസംഖ്യം കഥാപാത്രങ്ങൾ വേറെയും ഇതിലുണ്ട്.
ഇന്ത്യയെന്ന പുസ്തകത്തെ നെഞ്ചോടടക്കി വായിക്കുന്ന ജോൺ! മൂന്നു തലമുറകളായി ഇന്ത്യയെ സ്നേഹിക്കുന്ന യൂറോപ്യൻ കുടുംബത്തിലെ അംഗം. അയാളുടെ തലമുറകൾ നേരിട്ട ദുരന്തങ്ങൾ അയാൾ പകർത്തിയിടുന്നുണ്ട്. ഒരു റീഡിങ് ലാമ്പിന്റെ ചെറിയവെട്ടത്തിൽ വായന തുടരുന്ന വിശ്വാസാന്ധതെക്കെതിരെ പോരാടുന്ന ജ്ഞാനവൃദ്ധൻ. മരിക്കാന് പോകുന്നൊരാളും കൊല്ലാന് പോകുന്നൊരാളും മുഖാമുഖം വരുമ്പോള്, കണ്ണുകള് പരസ്പരം ഇടയുമ്പോഴും ഭയം നിഴലിക്കുമ്പോളുംനിങ്ങൾക്ക് മരണത്തെ ഭയമുണ്ടോ
ഇല്ല എന്ന ഒറ്റ മറുപടിക്കൊപ്പം “നീ ഒരൊറ്റ മനുഷ്യനല്ലെന്നതു പോലെ ഞാനും ഒരൊറ്റ മനുഷ്യനല്ല. ധബോൽക്കർ എന്നത് ഒരു ആശയമാണ് ആശയങ്ങൾക്ക് മരണമില്ല നിന്റെ കയ്യിലുള്ള ആയുധമോ അതോ തുരുമ്പെടുത്തു നശിക്കുന്ന ഒന്നാണ്.ആശയങ്ങൾക്ക് മരണമില്ല.”
(ദ്വി അയാളുടെ കഥ മറ്റൊരു അദ്ധ്യായത്തിൽ പറയുന്നുണ്ട്.) “ദ്വി :ഗാന്ധിയുടെ ജീവനെടുത്തതും ഈ തോക്കാണ്. ഗാന്ധി മരിച്ചോ! വിഡ്ഢി ആശയങ്ങൾ തുടർച്ചയാണ്, ഒന്നിൽനിന്ന് മറ്റൊന്നായി ആവർത്തിച്ച് പരിണമിച്ചു വളർന്നു അത് മുന്നോട്ടു പോകും “ധബോൽക്കർ പറഞ്ഞു.
ആശയങ്ങൾ ഒരിക്കലും മരിക്കുന്നില്ല, അത് മുന്നേറികൊണ്ടിരുന്നു. ഗാന്ധിയും ധബോൽക്കറും മരണം വരിച്ചപ്പോൾ ആരുടെ മരണത്തിനാണ് കൂടുതൽ പ്രാധാന്യമെന്ന ചോദ്യവും ഉത്തരവും ഇതിൽ തന്നെ അടയാളപ്പെടുത്തുണ്ട് എഴുത്തുകാരൻ. ലേഖാനമ്പൂതിരി സമർത്ഥയും ശക്തമായ ചിന്താശക്തിയുമുള്ള, സ്മാർത്തവിചാരം ചെയ്യപ്പെട്ടവളാണ്. പുരുഷൻ എന്ന ദുർബലവസ്തുവിനെ ചിരിയോടെ നോക്കിക്കാണുവാൻ പഠിച്ചവളാണ്.സക്കറിയ എന്ന പോത്തുകച്ചവടക്കാരനുമായി വർണ്ണപാരമ്പ്യങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സുഹൃത്തുക്കളാവുകയാണിവിടെ!
രണ്ടു രാഷ്ട്രങ്ങളെയും ഒരുപോലെ പ്രണയിക്കുന്നവർ സമീറയും പാകിസ്താനി കൂട്ടുകാരനും.
കരംചന്ദ് നിനക്കറിയുമോ അവൻ എന്റെ രക്തബന്ധു ആയിരിക്കാം. ഭൂപടത്തിൽ വരയിട്ട് രണ്ടാക്കിയപ്പോൾ ഇന്ത്യ നഷ്ടപ്പെട്ടവൻ സമീറ പറഞ്ഞു.
ഈ കടുക്മണികൾ അവൻ തന്നതാണ്. ഇന്ത്യയിൽ സഞ്ചരിക്കുന്നയിടങ്ങളിൽ ഞാനും പാകിസ്ഥാനിൽ അവനും വീശിയെറിയും.അതിരുകൾ മായ്ച്ചു കളയുന്ന മഞ്ഞവസന്തത്തിനു മേൽ എന്റെ കുഞ്ഞു ഓടിനടക്കും. അതാണെന്റെ സ്വപ്നം. ഇങ്ങനെയുള്ള കുഞ്ഞു സ്വപ്നങ്ങളുമായി വിഭജനത്തിന്റെ നോവുകളിൽ പടർന്നു കിടക്കുന്നുണ്ടാകാം.
സമ്പര്ക്കക്രാന്തിയിലെ ലോക്കോ പൈലറ്റ് ദേവദാസൻ.ആത്മഹത്യ ചെയ്യാന് ട്രാക്കില്‍ എത്തുന്നവരെയെല്ലാം അയാള് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് അവരുടെ കണ്ണുകളിൽ നിന്നും അവരുടെ ജീവിതകാലത്തിലെ മൊത്തം നിമിഷങ്ങളെയും കണ്ടെടുക്കുകയാണ് ആ ഒരു നിമിഷത്തിനുള്ളിൽ!
ഭാവിയിൽ ഇന്ത്യ നേരിടാൻ പോകുന്ന ഒന്നായിരിക്കും ജലമില്ലായ്മ. ജലം ജീവന്റെ ഉല്പത്തിയോളം പഴക്കവും ജീവന്റെ ഒടുക്കംവരെ അനുബന്ധമായി തുടരുന്ന അനിവാര്യതയുമാണത്. അതിനുശേഷമേ വിശപ്പിനു സാധ്യതയുള്ളൂ. പക്ഷെ ഇവിടെ തീവണ്ടിയിൽ ജലനിരാസങ്ങൾ നേരിടേണ്ടി വരുന്നത് സാധാരണക്കാരുടെ ബോഗികളിൽ മാത്രമാണ്. തീവണ്ടികൾ കൂട്ടിയിണക്കാനും വിട്ടുപോകാനുമുള്ള വിധത്തിലാണ് ഉണ്ടാക്കുന്നത്. നിമിഷ മേത്ത, ഫിറോസ് മുറിഞ്ഞു പോയ ബോഗികളിൽ പെട്ടുപോകുന്നതും കാണാം. തീവണ്ടി ഒരു രാജ്യമായി മാറുന്നത് കാണാം. സാമൂഹ്യ, ജൈവീക, ഭൗതിക മാറ്റങ്ങൾ ഇന്ന് നേരിടുന്ന ആനുകാലിക സംഭവങ്ങൾ ഇവിടെ കഥാപാത്രങ്ങളിലൂടെ പരാമർശങ്ങൾക്കു വിധേയമാകുന്നുണ്ട്. ചിന്തനീയമായ വിഷയങ്ങളിലൂടെ രചന കടന്നുപോകുന്നു.
കരംചന്ദും വേടനുമായുള്ള സംസാരം ചിന്തനീയമാകുന്നു. ഒരു ക്രൂരൻ അല്ലെങ്കിൽ കാപട്യക്കാരനായ ഏകാധിപതി ജനിക്കുമ്പോൾ ഒരു അമ്പും പിറവിയെടുക്കുന്നു. അതെയ്യാൻ ഒരു വേടനും!ആ നിമിഷം കരംചന്ദിൽ ഒരു രൂപം തെളിഞ്ഞു വന്നു. അത് ചരിത്രമില്ലാത്ത യുവാവിന്റെയായിരുന്നു.
ഇന്നിൽ കാണുന്ന എന്തെല്ലാം സംഭവങ്ങളുടെ ഘോഷയാത്രയാണ് സമ്പര്ക്കക്രാന്തി!!