DCBOOKS
Malayalam News Literature Website

ഒരു നോവല്‍വരച്ച ഇന്ത്യയുടെ രാഷ്ട്രീയഭൂപടം

 

വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന് ഡോ.കെ.ബി.ശെല്‍വമണി എഴുതിയ വായനാനുഭവം.

ഇന്ത്യന്‍ ജനതയുടെ ജീവിതക്രമങ്ങളെ സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുവാന്‍ തീവണ്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വഴിനടക്കാനും ഒന്നിച്ചിരിക്കാനും അവകാശമില്ലാതിരുന്ന ഒരു കാലത്താണ് തീവണ്ടികള്‍ വരേണ്യ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പാഞ്ഞു പോയത്. വഴിനടക്കുമ്പോള്‍ പാലിച്ചിരുന്ന നിയമങ്ങളെല്ലാം ഇവിടെ ഒലിച്ചുപോയി. നവോത്ഥാന കേരളത്തിലേക്കുള്ള ഒരു ചൂളം വിളിയാണ് നാം 1853 മുതല്‍ കേട്ടു തുടങ്ങിയത്. വിവിധ ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരും വേര്‍തിരുവുകളില്ലാതെ ട്രെയിനിനുള്ളില്‍ സമന്‍മാരായി. സമൂഹത്തില്‍ ഭിന്നത അനുഭവിച്ചവര്‍ക്ക് തീവണ്ടിക്കുള്ളില്‍ ലഭിച്ച സ്വാസ്ഥ്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. സമൂഹത്തില്‍ തീവണ്ടികള്‍ വരുത്തിയ മാറ്റവും പരിഷ്‌കാരവും സാഹിത്യത്തിലും ഇതര മേഖലകളിലും പ്രമേയമായിട്ടുണ്ട്. നവോത്ഥാനകാലം മുതല്‍ ആധുനികാനന്തര സാഹിത്യംവരെ ഇവ സജീവമായി നിലനില്‍ക്കുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വലിയ കലാപത്തിന് സാക്ഷിയാകുകയായിരുന്നു. ലാഹോറില്‍ നിന്നും ന്യൂഡല്‍ഹിയില്‍ നിന്നും ട്രെയിനുകള്‍ മനുഷ്യക്കൂട്ടത്തെയുംപേറി തലങ്ങും വിലങ്ങും പാഞ്ഞു. കലാപത്തിനിടയിലൂടെ പാഞ്ഞുപോയ തീവണ്ടികള്‍ എത്രയോ ജീവിതങ്ങളെ രക്ഷിക്കുകയും എത്രയോ ജീവിതങ്ങളെ സംരക്ഷിക്കുകയും ചെയ്തു. തീവണ്ടിയുടെ രാഷ്ട്രീയ സാഹചര്യത്തെ വളരെ പ്രാധാന്യത്തോടെ ചലച്ചിത്രവും സാഹിത്യവും പരിശോധിച്ചത് ആധുനിക-ആധുനികോത്തര ഘട്ടത്തിലാണ്. നവോത്ഥാനകാലം തീവണ്ടിയെ ജാതിമത വൈവിധ്യങ്ങളെ നിര്‍വീര്യമാക്കുന്ന യാത്രാസ്ഥലമായി കണ്ടിരുന്നു. എന്നാല്‍ ജാതിമത സംഘര്‍ഷങ്ങളുടെ സര്‍വ്വസാന്നിധ്യമായിട്ടാണ് ഇപ്പോള്‍ തീവണ്ടികള്‍ മാറുന്നത്. പൊതുസമൂഹത്തില്‍ പ്രത്യക്ഷമായ ജാതിമതവര്‍ഗ്ഗ സമവാക്യങ്ങളുടെ ധ്രുവീകരണം തീവണ്ടികളിലും സംഭവിച്ചു. മനുഷ്യര്‍ തമ്മിലുള്ള തീണ്ടലിലും തൊടീലിലും മാറ്റം വരുത്തിയ തീവണ്ടി ഇന്ന് മനുഷ്യര്‍ തമ്മിലുള്ള അകലം കൂട്ടുന്ന ഇടമായി മാറിയിരിക്കുന്നു. തീവണ്ടികളെ സംബന്ധിക്കുന്ന പൊതുവീക്ഷണത്തില്‍ ഇത് അപ്രായോഗികമായ നിരീക്ഷണമെന്ന് കരുതാമെങ്കിലും സമകാലികമായ സംഭവങ്ങളും സാഹിത്യരചനകളും ഇതിന് തെളിവ് നല്‍കുന്നുണ്ട്. ഒരുകാലത്ത് നവോത്ഥാന കേന്ദ്രങ്ങളെന്ന് വാഴ്ത്തപ്പെട്ടതൊക്കെ പില്ക്കാലത്ത് വിരുദ്ധാശയങ്ങളുടെ കേന്ദ്രമായി മാറുന്ന പരിണാമം തീവണ്ടിയുടെ കാര്യത്തിലും സംഭവിച്ചു. ബാബറി മസ്ജിദ്, ഗുജറാത്ത് കലാപം എന്നീ സംഭവങ്ങള്‍ക്കുശേഷം തീവണ്ടിയ്ക്കുള്ളിലെ പൊതുസമീപനങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തമായതെന്ന് പരിശോധിക്കുന്നത് ഉചിതമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിയെ മാറ്റിമറിച്ച സുപ്രധാനമായ രണ്ട് സംഭവങ്ങളാണ് ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കലാപവും. മസ്ജിദ് പൊളിക്കാനായി കര്‍സേവകര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത് തീവണ്ടികളിലായിരുന്നു. 1992 ഡിസംബര്‍ 6-ന് പള്ളി പൊളിക്കുമ്പോള്‍ അറിഞ്ഞോ അറിയാതയോ തീവണ്ടിക്കും ഒരു പങ്കുണ്ടായിരുന്നു. കര്‍സേവകര്‍ വരുന്നതും പോകുന്നതുമായ നിരവധി ചിത്രങ്ങളില്‍ തീവണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. 2002 മാര്‍ച്ച് 28നായിരുന്നു ഗോധ്രയില്‍ തീവണ്ടി അഗ്‌നിക്കിരയായത്. അന്ന് നിരവധി ആളുകള്‍ വെന്തുമരിച്ചു. തീവണ്ടിക്കുള്ളില്‍ തീ ആളിപ്പടരാനുള്ള കാരണം ഇതുവരെയും വ്യക്തമായി തെളിഞ്ഞിട്ടില്ല. പക്ഷെ ഗുജറാത്തിലെ ഒരോ തെരുവുകളും ഇതുമൂലം കത്തിത്തീര്‍ന്നു. പില്‍ക്കാലത്ത് ഗോധ്രാ കലാപം എന്ന പേരില്‍ ഇത് കുപ്രസിദ്ധി നേടി. ഈ കലാപത്തിനു ശേഷമാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ സംഘപരിവാര്‍ നിയന്ത്രിച്ച് തുടങ്ങിയത്. മുസ്ലിം എന്നത് അപരന്റെ പേരായി മാറി. അവരുടെ വേഷവും ഭാഷയും ഭക്ഷണവും ചോദ്യം ചെയ്യപ്പെട്ടു. വയോധികനായ അഖ്‌ലാക്ക് കൊല്ലപ്പെടാനുള്ള കാരണം ഭക്ഷണമായിരുന്നു. അടുക്കളയിലെ ഇറച്ചിയെ അന്വേഷിച്ച് പരിവാര്‍ക്കൂട്ടം എത്തുകയും അത് പശുവിറച്ചിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എണ്‍പതോളം വയ് പ്രായമുള്ള അഖ്‌ലാക്കിന്നെ അവര്‍ അടിച്ചുകൊന്നു. ട്രെയിനിനുള്ളില്‍ നിന്ന് ജുനൈദ്ഖാനെ തള്ളിയിട്ട് കൊന്നത് വേഷത്തിന്റെ പേരിലാണ്. ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്നും ഈദ് ആഘോഷത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങി മഥുര-ഗാസിയാബാദ് ട്രെയിനില്‍ യാത്രചെയ്യുമ്പോഴാണ് ജുനൈദ് എന്ന പതിനേഴ് വയസുകാരന്‍ കൊല്ലപ്പെടുന്നത്. അവന്റെ തൊപ്പിയും താടിയും സഹയാത്രികരെ പ്രകോപിപ്പിച്ചു. ദേശസ്‌നേഹമില്ലാത്തവന്‍ എന്നാരോപിച്ചായിരുന്നു കൊലപാതകം. ഇന്ത്യയിലാകമാനം ഇത്തരത്തിലുള്ള കലാപങ്ങള്‍ നടന്നു. രോഹിത് വെമുലയുടെ മരണം, നജീബിന്റെ തിരോധാനം, കല്‍ബുര്‍ഗി, ധല്‍ബോക്കര്‍, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകം ഇവയെല്ലാം ഗോധ്രാ കലാപത്തിനു ശേഷം നടന്ന സംഭവങ്ങളാണ്. 2002 മാര്‍ച്ച് നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ട്. അതുകൊണ്ടാണ് വടക്കന്‍ കേരളത്തില്‍ പൗരത്വഭേദഗതിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയവര്‍ ഹ്മഗുജറാത്ത് ഓര്‍മ്മ കാണില്ലേത്സ എന്ന് വിളിച്ചു പറഞ്ഞത്. കലങ്ങിമറിയുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ സ്ഥലപേര് ഒരു വലിയ ഭയമായി നിലനില്‍ക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

കെ.സുകുമാരന്റെ ഹ്മആരാന്റെ കുട്ടിത്സയാണ് ട്രെയിനും റെയില്‍വേസ്റ്റേഷന്‍ പരിസരവും പ്രമേയമായി വരുന്ന ആദ്യ കഥ. ആദ്യകാല കഥകളില്‍പ്പെടുന്ന ഹ്മആരാന്റെ കുട്ടിത്സ ദുരന്തവും ഫലിതവും ഇടകലര്‍ന്ന രചനയാണ്. പിന്നീട് പല കഥകളിലും കവിതകളിലും ട്രെയിനിന്റെ വേഗതയും ശബ്ദവും നിറഞ്ഞുവരുന്നുണ്ട്. ബാബറി മസ്ജിദ് വിഷയത്തെ മുന്‍നിര്‍ത്തി എന്‍.എസ്.മാധവന്‍ തിരുത്ത് എന്ന കഥയെഴുതി. പക്ഷേ അതില്‍ തീവണ്ടിയുടെ ശബ്ദമില്ലായിരുന്നു. എന്നാല്‍ ഗോധ്രകലാപത്തെ മുന്‍നിര്‍ത്തി എഴുതിയ നിലവിളി എന്ന കഥയില്‍ തീവണ്ടിയുണ്ടായിരുന്നു. കടമ്മനിട്ടയുടെ ഹ്മക്യാത്സ ഗോധ്രകലാപത്തെ ഓര്‍മ്മപ്പെടുത്തുന്ന കവിതയാണ്്. തീവണ്ടിയാത്രയില്‍ കവിക്കുണ്ടായ അനുഭവമാണ് കവിതയുടെ പശ്ചാത്തലം. അരികിലെ സീറ്റിലിരിക്കുന്നവന്റെ കോപവും ആക്രോശവും തീവണ്ടിയുടെ താളക്രമത്തിലും ഉണ്ടായിരുന്നുവെന്ന് കവിതയില്‍നിന്നും മനസിലാക്കാം. അന്‍വര്‍ അലിയുടെ മെഹൂബ എക്‌സ്പ്രസിലും ഒ.പി.സുരേഷിന്റെ താജ്മഹല്‍ എന്ന കവിതയിലും തീവണ്ടി വരുന്നുണ്ട്. ഗുജറാത്ത് കലാപത്തിനുശേഷമുള്ള രാഷ്ട്രീയ അവസ്ഥയെ അന്‍വര്‍ കൃത്യമായി പകര്‍ത്തുന്നു. സമകാല കവിതയുടെ ചരിത്രത്തില്‍ ഏറ്റവും തീവ്രമായ പ്രമേയമാണ് ഈ കവിത സ്വീകരിച്ചിരിക്കുന്നത്. ഒ.പി.സുരേഷിന്റെ കവിതയില്‍ ഗുജറാത്താനന്തരം രൂപപ്പെട്ട സമൂഹത്തെ ഭയന്ന്, താജ്മഹല്‍ തകരുന്നതിന് മുമ്പ് അതിനെ ഒന്നു കാണാന്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസിലേക്ക് പായുന്ന ഒരു കഥാപാത്രമുണ്ട്. ശിഹാബുദ്ദീന്റെ മലബാര്‍ എക്‌സ്പ്രിലും ഒരു തീവണ്ടിയുണ്ട്. കഥയുടെ പേര് സൂചിപ്പിക്കുന്നതുപോലെ അത് മലബാര്‍ എക്‌സ്പ്രാണ്. എ.സി.കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഒരാള്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് ചാടിക്കയറേണ്ടിവരുന്നു. ഒരു വലിയ രാഷട്രീയപ്രസ്ഥാനത്തെ നയിക്കുന്ന അദ്ദേഹത്തിന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത് അരോചകമായി തോന്നി. രാഷ്ട്രീയനേതാവ് എന്ന നിലയില്‍ തന്നെ ആരും തിരിച്ചറിയുന്നുമില്ല. മാത്രമല്ല ഒരാള്‍ പോലും സീറ്റ് ഒഴിഞ്ഞു തരുന്നതുമില്ല. പ്രസ്ഥാനവും നേതാക്കളും ജനങ്ങളില്‍ നിന്നും എത്രമാത്രം അകലുന്നു എന്നതിന് ഉദാഹരണമായി ഈ കഥയെ കാണാം. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഹ്മശ്വാസംത്സ എന്ന കഥയിലും തീവണ്ടി യാത്രയുണ്ട്. ഇതിലും രാഷ്ട്രീയക്കാരനാണ് പ്രധാന കഥാപാത്രം. ട്രെയിന്‍ യാത്രയുടെ പരിസരത്തില്‍ ഒരാള്‍ക്ക് അനുഭവപ്പെട്ട Textഅന്തഃസംഘര്‍ഷത്തെ അവതരിപ്പിച്ച രചനയാണ് ഇന്ദുമേനോന്റെ ഹ്മസംഘപരിവാര്‍ത്സ. ആധുനികാനന്തര എഴുത്തുകാര്‍ രാഷ്ട്രീയം പറയാനായി തീവണ്ടിയെ ഉപയോഗിക്കുകയാണ്. അതിനു പല കാരണങ്ങളുമുണ്ട്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെയാണ് ട്രെയിനുകള്‍ കടന്നു പോകുന്നത്. വിവിധ തരത്തില്‍പ്പെട്ടവര്‍ ഇതിലുണ്ട്. നെഗറ്റീവെന്നും പോസിറ്റീവെന്നും വിളിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ഇവിടെ മുഖാമുഖം വരുന്നു. പലപ്പോഴും യാത്രക്കാര്‍ അവരുടെ ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും ചിഹ്നങ്ങളായി മാറുന്നു. ആണ്‍കോയ്മയും പെണ്ണുടലും തീവണ്ടിക്കുള്ളിലെ അധികാരകേന്ദ്രമാണ്. സംസ്‌കാരവുംപ്രതിസംസ്‌കാരവും ഇവിടെ ഏറ്റുമുട്ടുന്നു. മാനവികതയും എതിര്‍മാനവികതയും ഇവിടെ നേര്‍ക്കുനേര്‍ വരുന്നു.

വര്‍ഗ്ഗീയതയും ഫാസിസവും ഒപ്പം ചേര്‍ന്ന് മതേതരത്വത്തെ പരിഹസിക്കുന്ന സ്ഥലമായി തീവണ്ടികള്‍ മാറുന്നുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയം പറയുന്ന, രാഷ്ടീയം വിശകലനം ചെയ്യുന്ന എഴുത്തുകാരുടെ ഉള്ളില്‍ തീവണ്ടി പ്രധാന പ്രമേയസ്ഥലമായി രൂപപ്പെടുന്നത്. തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതിയ ആദ്യ നോവല്‍ എന്ന വിശേഷണം വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി എന്ന നോവലിന് ചേരുന്നുണ്ട്. കൊച്ചുവേളിയില്‍ നിന്നും ചണ്ഡിഗഡിലേക്ക് പോകുന്ന തീവണ്ടിയാണ് സമ്പര്‍ക്കക്രാന്തി. പൂര്‍ണമായും തീവണ്ടിക്കുള്ളിലാണ് നോവല്‍ രൂപപ്പെടുന്നത്. വര്‍ത്തമാനവും ഭാവിയും ഭൂതവുമൊക്കെ അതിനുള്ളില്‍ത്തന്നെ തെളിയുന്നു. സമ്പര്‍ക്കക്രാന്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി വിശകലനം ചെയ്യുന്ന നോവലാണ്. അതുകൊണ്ടുതന്നെ ഈ പേര് പൂര്‍ണ്ണമായും യോജിക്കുകയും ചെയ്യുന്നു. ഹ്മഹ്ന2013-ല്‍ ഈ നോവല്‍ രൂപംകൊള്ളുന്ന കാലത്താണ് നരേന്ദ്ര ധബോല്‍ക്കര്‍ വധിക്കപ്പെട്ടു എന്ന വാര്‍ത്ത വരുന്നത്ത്സത്സ എന്ന ആമുഖവാക്യത്തിലൂടെയാണ് വി.ഷിനിലാല്‍ നോവല്‍ പകര്‍ത്തുന്നത്. രചനയുടെ ഉള്ളടരുകളെ സംബന്ധിക്കുന്ന കരുതല്‍ വായനക്കാരന് ലഭിക്കുന്ന വിധത്തിലാണ് ആമുഖം എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തെ മുറിവേല്പ്പിച്ച സംഭവങ്ങളൊക്കെ ഇവിടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്രീയനോവലിന്റെ തന്റേടം തുടക്കത്തില്‍ തന്നെ തെളിയിച്ചെടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുന്നു. ഗോവിന്ദ് പന്‍സാരെയുടെയും കല്‍ബുര്‍ക്കിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങളെ കൃത്യമായി സൂചിപ്പിക്കുന്നു. വായിക്കാന്‍ പോകുന്ന നോവലിന്റെ പ്രമേയസൂചന നല്‍കിക്കൊണ്ട് തന്റെ രാഷ്ട്രീയ നിലപാടുകളെ ഷിനിലാല്‍ തുടര്‍ന്ന് പ്രഖ്യാപിക്കുകയാണ്. രാജ്യം അദൃശ്യമായ അടിയന്തിരാവസ്ഥയുടെ പുതപ്പണിഞ്ഞ് നില്‍ക്കുമ്പോള്‍ നിശ്ശബ്ദരായി നില്‍ക്കാന്‍ കഴിയില്ലെന്നും ശബ്ദത്തിന്റെ മഹാസമുദ്രങ്ങള്‍ ഉണ്ടാകണമെന്നും നോവലിസ്റ്റ് പ്രഖ്യാപിക്കുകയാണ്. രാജ്യം തീപോലെ കത്തുമ്പോള്‍ നിശ്ശബ്ദരായിരിക്കുന്നതെങ്ങനെ? രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ? എന്നീ ചോദ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുകയാണ് നോവലെന്ന് വായനക്കാരന് മനസിലാക്കാന്‍ കഴിയുന്നുണ്ട്. മൂന്ന് ഭാഗങ്ങളായി തിരിച്ച അറുപത്തിയേഴ് അധ്യായങ്ങളാണ് ഇതിലുള്ളത്. സമ്പര്‍ക്കക്രാന്തി സമകാല ഇന്ത്യയുടെ പരിച്ഛേദമായി രൂപപ്പെടുന്നു എന്നതാണ് ഈ നോവലിലെ രാഷ്ട്രീയ പ്രാധാന്യം. ആഖ്യാനത്തില്‍ പുലര്‍ത്തിയ വൈവിധ്യം പ്രമേയത്തെപ്പോലെ പ്രാധാന്യമുള്ളതാണ്. കഥ പറയുന്നതിന് വിവിധ വഴികളാണ് ഉപയോഗിച്ചിരിക്കുന്നത്. കഥയുടെ രൂപം, ഓര്‍മ്മ, പത്രവാര്‍ത്ത, ഫേസ്ബുക്ക് പോസ്റ്റ് എന്നിങ്ങനെ വിവിധ ഇടങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നു. ആഖ്യാനത്തിലെ വൈവിധ്യം ഇവിടെ ലളിതമായി പറയാവുന്ന ഒരു കാര്യമല്ല; വളരെ ഗൗരവത്തോടെയാണ് അത് കടന്നുവരുന്നത്. ഹ്മബയോപ്‌സി പീസ്ത്സ എന്ന അദ്ധ്യായം എസ്.ടു കോച്ച് പറയുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹ്മഹ്നഗോധ്രയില്‍ കത്തിയമര്‍ന്ന സബര്‍മതി എക്‌സപ്രസില്‍ ഞാനും ഭാഗമായിരുന്നു. എസ്.സിക്‌സില്‍ നിന്നും മനുഷ്യമാംസം കരിയുന്ന ഗന്ധമുയര്‍ന്നപ്പോള്‍ തൊട്ടടുത്ത് ഞാനുമുണ്ടായിരുന്നു. കലാപങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്നെ അഴിച്ചുമാറ്റി. അങ്ങനെയാണ് ഞാന്‍ സമ്പര്‍ക്കക്രാന്തിയുടെ ഭാഗമാകുന്നത്.ത്സത്സ ചരിത്രവും ഓര്‍മ്മയും പ്രാചീനതയും ഇടവിട്ട് കലരുന്ന ഒരു നോവലില്‍ ആഖ്യാനം വ്യത്യസ്ത സ്വഭാവത്തോടെ തെളിയുന്നത് അത്ഭുതകരമായ കാര്യമല്ല.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന സമ്പര്‍ക്കക്രാന്തി വര്‍ത്തമാനകാല ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളിലൂടെ സഞ്ചരിക്കുകയാണ്. നിരവധി സംഭവങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ട്രെയിന്‍ സാക്ഷിയാകുന്നുണ്ട്. ട്രെയിനിനുള്ളിലെ ഒരേ നിമിഷവും വേദനാജനകമായിരുന്നു. എല്ലാ സംഭവങ്ങളിലും രാഷ്ട്രീയ ധ്വനി ഉള്‍ച്ചേരുന്നു. കരംചന്ദ്, ജോണ്‍ എന്നിവരിലൂടെയാണ് പ്രധാനമായും സംഭവങ്ങള്‍ ഉണ്ടാകുന്നത്. യാത്രമാത്രം തൊഴിലാക്കിയവനാണ് കരംചന്ദ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് ജോണ്‍. വിദേശിയായ ജോണ്‍ യാത്രയിലുടനീളം ഇന്ത്യ എന്ന പുസ്തകം വായിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ വായിച്ച ഇന്ത്യയും കണ്ട ഇന്ത്യയും വ്യത്യസ്തമായിരുന്നു. കരംചന്ദ് എന്ന പേര് ഗാന്ധിജിയുടെ ഓര്‍മ്മയില്‍ നിന്നാണ് മാതാപിതാക്കള്‍ അയാള്‍ക്ക് നല്‍കിയത്. ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മപോലും നിരോധിക്കുമ്പോഴാണ് കരംചന്ദ് എന്ന പേര് ഒരു വലിയ രാഷ്ട്രീയമായി നോവലില്‍ നില്‍ക്കുന്നത്. പൂജാ ശകുന്‍ പാണ്‌ഡെ ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നിറയൊഴിക്കുന്നത് നാം കണ്ടതാണ്. ദില്ലിയിലെ ഗാന്ധിസ്മൃതി മ്യുസിയത്തില്‍ നിന്നും വെടിയേറ്റു വീണ ഗാന്ധിജിയുടെ ചിത്രം അധികൃതര്‍ എടുത്തു മാറ്റുന്നതും നാം കണ്ടതാണ്. ഹെന്‍ട്രി കാര്‍ടിയാര്‍ ബര്‍സണ്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതായിരുന്നു ആ ചിത്രം. ഗാന്ധി ഘാതകര്‍ ദേശഭക്തരാണെന്ന മുദ്രാവാക്യങ്ങളുയരുന്ന പശ്ചാത്തലത്തില്‍ ഈ ചിത്രമാറ്റത്തിന് രാഷ്ട്രീയ പ്രധാന്യമുണ്ട്. ഗാന്ധിജി വീണ്ടും വീണ്ടും കൊല ചെയ്യപ്പെടുമ്പോഴാണ് കരംചന്ദ് എന്ന പേര് പ്രസക്തമാകുന്നത്. ഹ്മഞാന്‍ സഞ്ചാരിയായ അന്വേഷകനാണ് എന്റെ യാത്രകള്‍ വീട്ടില്‍ നിന്നുള്ള പലായനമോ വീട്ടിലേക്കുള്ള നൊസ്റ്റാള്‍ജിക് തിരിച്ചു വരവുകളോ അല്ല. ഞാന്‍ വെറുതെ സഞ്ചരിക്കുന്നു. ഒരു സഞ്ചാരി കുറഞ്ഞത് രണ്ടു കാലങ്ങളില്‍ കാലുറപ്പിച്ചിരിക്കുന്നു. അയാള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വര്‍ത്തമാനത്തിലും അതിന്റെ ഭൂതത്തിലും.ത്സ കരംചന്ദ് കാണുന്ന വര്‍ത്തമാനവും അയാള്‍ ഓര്‍മ്മിച്ചെടുക്കുന്ന ഭൂതകാലവുമാണ് ഈ നോവല്‍. ഇതിലെ ഒരോ കഥാപാത്രങ്ങളും ഒരോ ജീവിതാവസ്ഥയുടെ രൂപകങ്ങളാണ്. അമ്പരപ്പിക്കുന്ന സ്വഭാവസവിശേഷതയുള്ളവരാണ് ഇതിലെ കഥാപാത്രങ്ങള്‍. സമീറ ഫാത്തിമ, ചരിത്രമില്ലാത്ത കുട്ടി, ദേവദാസ്, സംശയവൃദ്ധ തുടങ്ങിയവര്‍ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. ഏറെ വ്യതിരിക്തമായ കഥാപാത്രമാണ് സമീറ ഫാത്തിമ. അസാധാരണമായ ജീവിത സാഹചര്യങ്ങളാണ് അവളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. ഭര്‍ത്താവിനെ തേടിയാണ് അവള്‍ മുംബെയിലേക്ക് യാത്ര ചെയ്യുന്നത്. ദുരിതങ്ങള്‍ക്കിടയിലും അവള്‍ യാത്രയെ ഇഷ്ടപ്പെടുന്നു. പാകിസ്ഥാനി പയ്യനില്‍നിന്നാണ് അവള്‍ ഗര്‍ഭിണിയായത്. ഭൂപടത്തില്‍ വരയിട്ട് രണ്ടാക്കിയപ്പോള്‍ ഇന്ത്യ നഷ്ടപ്പെട്ടവനാണ് അവനെന്ന് അവള്‍ പറയുന്നുണ്ട്. ഇരു രാജ്യങ്ങളുടെ ലയനമാണ് അവളുടെ ഗര്‍ഭപാത്രം. ആ കുഞ്ഞ് അതിരുകളില്ലാത്ത രാജ്യങ്ങളിലാകെ ഓടിക്കളിക്കുമെന്ന് സമീറ സ്വപ്നം കാണുന്നു. അതിര്‍ത്തികളില്ലാത്ത ദേശവും പ്രണയവും സ്വപ്നം കാണുന്ന സമീറ ഒറ്റപ്പെടലിലും പ്രസന്ന ഭാവത്തോടെ നില്‍ക്കുന്നു. അധികാരത്തിന്റെ ക്രൗര്യം എല്ലാ കാലങ്ങളിലും മനുഷ്യരിലൂടെ തെളിഞ്ഞുവരും. അല്‍മേഡയെക്കുറിച്ച് നോവലിസ്റ്റ് എഴുതുന്നതെല്ലാം പുതിയ കാലത്തിന്റെ ക്രൗര്യങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നു. ഫാസിസ്റ്റുകള്‍ എല്ലാ കാലത്തും വിചാരണം ചെയ്യപ്പെടും എന്ന വസ്തുത ഇവിടെ പ്രകടമാണ്. അല്‍മേഡയ്ക്കും ഇങ്ങനെ തന്നെ സംഭവിച്ചു. ആ ദാരുണമായ അന്ത്യം ഏതൊരു ഫാസിസ്റ്റിനും പ്രതീക്ഷിക്കാവുന്നതാണ്. നോവലിസ്റ്റ് എഴുതുന്നു. ഹ്മകാപ്പിരികള്‍ അല്‍മേഡയുടെ മുടിയും നഖങ്ങളും പറിച്ചു. ഉടല്‍ ചെറുകഷ്ണങ്ങളായി അരിഞ്ഞു. നിലവിളിയുടെ സംഗീതം എത്ര ഭീകരമാണെന്ന് അല്‍മേഡ ആ സമയം തിരിച്ചറിഞ്ഞു. കൊന്ന് കടലില്‍ തള്ളിയ നിരാലംബരുടെ എണ്ണമറ്റ മുഖങ്ങളപ്പോള്‍ അയാളുടെ ആകാശത്ത് തെളിഞ്ഞു. അവരൊന്നടങ്കം പ്രാര്‍ത്ഥനപോലെ കണ്ണുകളച്ചുനിന്ന് വേദനയുടെ സംഗീതം ആസ്വദിച്ചു. അക്കൂട്ടത്തില്‍ ഒരു ഭ്രൂണവും ഉണ്ടായിരുന്നു. രണ്ടായി പിളര്‍ന്ന ഒരെണ്ണം.ത്സ സമകാല രാഷ്ട്രീയ സംഭവങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ അല്‍മേഡയുടെ നിലവിളിക്ക് കഴിയുന്നുണ്ട്. ചരിത്രം ആവര്‍ത്തിക്കുമെന്ന രാഷ്ട്രീയ വിശ്വാസത്തിന്റെ വെളിപാടായി അല്‍മേഡയുടെ കരച്ചില്‍ ഉയരുന്നു. അകാരണമായ മരണകാരണങ്ങള്‍ എന്നും നമ്മെ പിന്‍തുടരുന്നുണ്ട്. എം.മുകുന്ദന്റെ ഹ്മഅഞ്ചരവയുള്ള കുട്ടിത്സ ഇന്നും നമ്മെ നോക്കി പകച്ചുനില്‍ക്കുകയാണ്. സമ്പര്‍ക്കക്രാന്തിയില്‍ ഇങ്ങനെയൊരു അനുഭവമുണ്ട്. അടുക്കളയിലിരുന്ന് പച്ചക്കറി അരിയുകയായിരുന്ന ഒരു സ്ത്രീക്ക് പൊടുന്നനെ ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്നു. ഹ്മപച്ചക്കറിയും അരി തിളയ്ക്കുന്ന അടുപ്പും ഉപേക്ഷിച്ച് അവര്‍ വേഗത്തില്‍ പുറത്തിറങ്ങി ട്രാക്കിന് കുറുകെ നിന്നുത്സ എന്ന് നോവലില്‍ ഷിനിലാല്‍ എഴുതുന്നു. കാര്യകാരണബന്ധങ്ങള്‍ ഇല്ലാത്തതൊക്കെ ജീവിതത്തില്‍ നിത്യസംഭവങ്ങളായി മാറുകയാണ്. ഹ്മഎന്താണ് കാര്യം എന്ന അതീവ ലളിതമായ ചോദ്യത്തിന് പ്രസക്തി ഇല്ലാതെ വരുന്നു. നോവലിലെ പ്രമേയത്തില്‍ നിന്ന് തെല്ലകലെ നില്‍ക്കുന്ന ഈ ആത്മഹത്യ അകാരണമായി സംഭവിക്കുന്ന എല്ലാ മരണങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നു. നോവലില്‍ ഒരു ഞെട്ടലോടെ മാത്രമേ ഈ ഭാഗം വായിക്കാന്‍ കഴിയൂ. വരാനിരിക്കുന്ന ഞെട്ടലുകളുടെ തുടക്കം എന്ന നിലയില്‍ ഇതിനെ കാണാം.

സ്ത്രീപീഡനകഥയൊക്കെ കേട്ടുമറക്കുകയാണ് മലയാളികള്‍. പക്ഷെ ഇരകള്‍ക്കതൊന്നും മറക്കാന്‍ കഴിയില്ലല്ലോ. വേട്ടക്കാരുടെ വരവ് കൂടുന്തോറും ഇരകളുടെ ഓര്‍മ്മകളും ശക്തിപ്രാപിക്കും. സ്ഥലപ്പേരുകളിലും ഇരട്ടപ്പേരുകളിലുമൊക്കെ ഇരകള്‍ മാധ്യമങ്ങളില്‍ തെളിഞ്ഞ് വരും. കോടതി മുറികളിലെ ചോദ്യങ്ങളില്‍ വിവസ്ത്രയായി നില്‍ക്കുന്നതും പതിവായിരിക്കുന്നു. നീതിയുടെ യജമാനന്‍മാര്‍ ഉന്നയിക്കുന്ന സംശയങ്ങളും പ്രതികരണങ്ങളും പ്രതിഭാഗത്തെപ്പോലും ഞെട്ടിക്കും. കേസും കോടതിയുമായി ഇരയുടെ ജീവിതം ആരോരുമറിയാതെ ഒഴുകിപ്പോകും. ചിലരുടേത് കുറെസമയം നിലനില്‍ക്കും. ഇരകളെ പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രം സമ്പര്‍ക്കക്രാന്തിയിലുണ്ട്; ലേഖാനമ്പൂതിരി. യാത്രക്കിടയിലാണ് അവളെ വായനക്കാര്‍ കാണുന്നത്. വിചാരണകളില്‍ അവള്‍ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് നോവലിസ്റ്റ് എഴുതുന്നു. അറുപത്തിയാറ് പുരുഷന്മാരുടെ പേരുകളാണ് അവള്‍ വെളിപ്പെടുത്തിയത്. എന്നാലും മജിസ്‌ട്രേറ്റിന് ആര്‍ത്തിയായിരുന്നു. സംഭവങ്ങളുടെ വിശദീകരണമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പറയൂ, പറയൂ എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. വെളിപ്പെടുത്തിയതില്‍ വിചിത്രമായത് രണ്ട് സംഭവങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത് കവിയുടെയും രണ്ടാമത്തേത് സ്വന്തം അച്ഛന്റേതും. പീഡിപ്പിക്കുന്നതിനുമുന്‍പ് കവി ഹ്മപാവപ്പെട്ടവരുടെ വേശ്യത്സ വായിച്ചുതന്നതായി അവള്‍ പറയുന്നു. മൃഗത്തിന്റെ മാംസാര്‍ത്തിയോടും വേഗതയോടുകൂടിയാണ് അയാള്‍ പ്രഖ്യാപിച്ചത്. ഉറക്കത്തിനിടയില്‍ അയാള്‍ പുലമ്പി ഹ്മഹ്നമോളെ, നിന്നെ വേശ്യയും എന്നെ വിടനുമാക്കുന്ന ഈ വ്യവസ്ഥിതിക്കെതിരെ ഞാന്‍ പൊരുതും. ഞാന്‍ കവിതകളിലൂടെ പൊരുതും.ത്സത്സ മനുഷ്യാവകാശത്തെക്കുറിച്ചുള്ള വ്യാജമായ സംസാരം അവള്‍ക്ക് ദഹിച്ചില്ല. അയാളുടെ തോള്‍സഞ്ചിയില്‍നിന്നും ശബ്ദതാരാവലിയെടുത്ത് ഉച്ചിയില്‍ ആഞ്ഞടിച്ചതായും അവള്‍ ബോധിപ്പിക്കുന്നുണ്ട്. അച്ഛന്‍ ഇരുട്ടിലൂടെയാണ് വന്നത്. അതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒരു കന്യകയെ ഭോഗിച്ചാല്‍ ദീര്‍ഘായു് കിട്ടുമെന്ന താന്ത്രികഗ്രന്ഥമാണ് അയാളെ അവിടേക്ക് എത്തിച്ചത്. പക്ഷെ ഹ്മഅച്ഛാത്സ എന്ന വിളിയില്‍ അയാളുടെ ബോധം പോയി. എന്നാല്‍ പോലീസുകാര്‍ മൂന്നാംമുറ ഉപയോഗിച്ച് അയാളെക്കൊണ്ട് എല്ലാം സമ്മതിപ്പിച്ചിരുന്നു. ഇരകളെ മാധ്യമങ്ങളും വെറും വസ്തുവായി ചുരുക്കുന്നുണ്ട്. മനുഷ്യത്വപരമായ സമീപനം മാധ്യമങ്ങളില്‍നിന്നും ലഭിക്കുന്നില്ല. വെറ്റിലമുറുക്കുന്ന ലേഖാനമ്പൂതിരിയെ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഹ്മസാധനം ഇപ്പോള്‍ വെറ്റില മുറുക്കുകയാണ്ത്സ എന്ന് പറഞ്ഞുകൊണ്ടാണ്. ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ മാധ്യമങ്ങള്‍ക്ക് വെറും ഹ്മസാധനംത്സ മാത്രം. അതുകൊണ്ടാണ് ആ ലൈവ് ടെലികാസ്റ്റിംഗ് പ്രോഗ്രാമിലേക്ക് അവള്‍ നീട്ടി തുപ്പിയത്. ഹ്മദിനോസറിന്റെ പിളര്‍ന്ന വാ പോലെ തന്റെ നേര്‍ക്ക് തുറന്നിരുന്ന ചാനല്‍ ക്യാമറയിലേക്ക് നീട്ടിത്തുപ്പി. പ്ഭ! വഴുത്ത തുപ്പല്‍ ടി.വി.സ്‌ക്രീനുകളെ ലൈവായി ചുവപ്പിച്ചു! ഇരയുടെ ആശ്രയകേന്ദ്രങ്ങളാണ് നീതിപീഠവും മാധ്യമങ്ങളും. പക്ഷെ അവരിലെ നീതിബോധം വറ്റിയ കിണര്‍പോലെയാണ്. പരിഹസിക്കാനും അപമാനിക്കാനും അവര്‍ കാട്ടുന്ന ഉത്സാഹം വേട്ടക്കാരന്റെ ക്രൗര്യത്തിന് സമമാണ്. മാധ്യമപ്രവര്‍ത്തകയായിരുന്ന കെ.ആര്‍.മീരയുടെ കൃഷ്ണഗാഥ എന്ന ചെറുകഥ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങളാല്‍ വീണ്ടും അപമാനിതയാകേണ്ടിവന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് പറയുന്നുണ്ട്. ഇരയായവരോടുള്ള കോടതിയുടെയും മാധ്യമങ്ങളുടെയും സമീപനത്തെ ഷിനിലാല്‍ തീവ്രമായി വിമര്‍ശിക്കുകയാണ്. നീതിതേടുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ട സംവിധാനങ്ങളൊക്കെ ആര്‍ക്കൊപ്പമാണ് എന്ന പ്രസക്തമായ ചോദ്യം ഈ നോവലില്‍ തെളിയുന്നുണ്ട്.

നിരവധി സമരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നോവലിലുണ്ട്. ഗുജറാത്തിലെ പട്ടേലുമാരുടെ സംവരണസമരം, കര്‍ഷക സമരങ്ങള്‍ എന്നിവയെല്ലാം നോവലില്‍ വിശദമാക്കുന്നുണ്ട്. പട്ടിണിയും ദാരിദ്ര്യവുമൂലം ആത്മഹത്യ ചെയ്തവരും നോവലിലുണ്ട്. ഹ്മഹ്നഞങ്ങളൊക്കെ കൊല്ലപ്പെട്ടവരാ. നിങ്ങളുടെ ഓര്‍മ്മയില്‍നിന്നും മായാതിരിക്കാന്‍ വേണ്ടി ഞങ്ങള്‍ വിടാതെ നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നു.ത്സത്സ പല കാരണങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ ദേശമായി ഇന്ത്യ മാറുന്നു. അവരെല്ലാം ജീവിച്ചിരിക്കുന്നവര്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. ജീവിതപാച്ചിലിനിടയില്‍ ഓര്‍മ്മയില്‍നിന്നും മായാതിരിക്കുന്നതിനുവേണ്ടി അവര്‍ കൂടെയുണ്ടാകുന്നു. അവരുടെ ഓര്‍മ്മകള്‍ മായുന്ന ജീവിതം അരാഷ്ട്രീയജീവിതമാണ്. അരാഷ്ട്രീയതയ്‌ക്കെതിരായ ഉപകരണമായി ഓര്‍മ്മകള്‍ ഈ നോവലില്‍ മാറുന്നുണ്ട്. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ തന്റെ സഹയാത്രികനോട് പറയുന്നുണ്ട്: ഹ്മഹ്നവിദര്‍ഭയില്‍ ആദ്യമായി ആത്മഹത്യ ചെയ്തത് ഞാനാണ്. അന്ന് ഞാന്‍ കരുതിയത് ഞാന്‍ മരിക്കുന്നതോടുകൂടി രാജ്യം ഇളകിമറിയുമെന്നും വലിയ കലാപം നടക്കും എന്നുമാണ്. ഞങ്ങളാണല്ലോ, അന്നം നിര്‍മ്മിക്കുന്നവര്‍. ഒന്നും സംഭവിച്ചില്ല. രണ്ട് മൂന്ന് ലക്ഷം പേര്‍ പിന്നെയും ആത്മഹത്യ ചെയ്തു.ത്സത്സ കര്‍ഷകസമരത്തോടും കര്‍ഷക ആത്മഹത്യയോടും ഇന്ത്യയുടെ പൊതുസമൂഹം സ്വീകരിക്കുന്ന അരാഷ്ട്രീയ നിലപാടുകളോടുള്ള പ്രതികരണമാണിത്. മരിച്ചവര്‍ മരിച്ചവരെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കാലമായി നമ്മുടെ സമൂഹം മാറിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ല; മറ്റുള്ളവര്‍ക്കുവേണ്ടി പോലും അവര്‍ ഒന്നും ചെയ്യുന്നില്ല. നിഹായതയുടെ മൗനമാണ് ചുറ്റും പരക്കുന്നത്. പ്രതികരണത്തിന്റെ ഒരു ചെറിയ ഇലപോലും എങ്ങും അനങ്ങുന്നില്ല. ഒരു രാജ്യത്തെ അന്നം കൊണ്ട് സംരക്ഷിക്കുന്നവരുടെ സമരമോ ജീവിതമോ ആരും ശ്രദ്ധിക്കുന്നില്ല. അവരുടെ മുദ്രാവാക്യങ്ങള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ ആരും ചെവികൊടുക്കുന്നില്ല. നിലവിളിച്ചും സമരം ചെയ്തു അവര്‍ ആത്മഹത്യയിലേക്ക് നടന്നുനീങ്ങുന്നു. ഇന്ത്യയിലുയരുന്ന കര്‍ഷകപ്രക്ഷോഭങ്ങളുടെ വ്യക്തമായ അടയാളപ്പെടുത്തലായി സമ്പര്‍ക്കക്രാന്തി മാറുന്നുണ്ട്.
ട്രാന്‍സ്‌ജെന്ററുകളുടെ വീടാണ് പലപ്പോഴും ട്രെയിനുകള്‍. ദീര്‍ഘദൂരമല്ലാത്ത തീവണ്ടികളിലൂടെ അവര്‍ അവര്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും. പാട്ടുപാടിയും കൈകൊട്ടിയും അവര്‍ അന്നത്തിനുള്ള വക കണ്ടെത്തും. ഇതിനിടയില്‍ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയമാകും. ട്രെയനിന്റെ താളവും വേഗതയും കിതപ്പും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. സമ്പര്‍ക്കക്രാന്തിയിലും ഇവര്‍ വരുന്നുണ്ട്. അമാനുഷി എന്ന കഥാപാത്രത്തിലൂടെയാണ് ട്രാന്‍സുകളുടെ ജീവിതത്തെ നോവലിസ്റ്റ് പകര്‍ത്തുന്നത്. ഹ്മഹിന്ദുവോ മുസ്ലിമോ അല്ലാത്ത, ആണോ പെണ്ണോ അല്ലാത്ത അഥവാ ഹിന്ദുവും മുസ്ലിമുമായ, ആണും പെണ്ണുമായ അമാനുഷിത്സക്ക് കോച്ചുകളില്‍ തന്നിഷ്ടപ്രകാരം സഞ്ചരിക്കാനുള്ള അനുവാദമുണ്ടായിരുന്നു. ദുരിതം നിറഞ്ഞ ജീവിതത്തില്‍ സ്വപാനികയായിരുന്നു അവളുടെ കൂട്ട്. പക്ഷെ അണക്കെട്ട് തുറന്നു വിട്ട ഒരു മഴക്കാലത്ത് സ്വപാനിക കാവേരി നദിയില്‍ വീണു മരിച്ചു. തുടര്‍ന്ന് അമാനുഷി ഒറ്റയ്ക്കായി. തീവണ്ടിക്കുള്ളിലെ യാത്രകളില്‍ അവള്‍ നിരന്തരം ശാരീരികമായ ആക്രമണത്തിന് വിധേയമാകുന്നുണ്ട്. എല്ലാം സഹിച്ചും ക്ഷമിച്ചും ആണായും പെണ്ണായും അവള്‍ യാത്ര തുടരുകയാണ്. ഷിനിലാലിന്റെ അമാനുഷി ട്രാന്‍സ് ജീവിതങ്ങളുടെ വേദനയുടെ പ്രതീകമായി മാറുന്നുണ്ട്. നമ്മള്‍ ചാനലുകളിലും സമരങ്ങളിലും കാണുന്ന ട്രാന്‍സുകള്‍ക്കപ്പുറം മറുജീവിതം നയിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ മുഖ്യധാരയിലോ സംഘടനകളിലോ സംവാദങ്ങളിലോ പങ്കെടുക്കാറില്ല. ഇടനേരങ്ങളില്‍ ലഭിക്കുന്ന പങ്കാളികള്‍ക്കൊപ്പം അവര്‍ കഴിയുകയാണ്. ആഘോഷ ങ്ങളില്ലാതെ ജീവിക്കുന്നവരിലേക്ക് വെളിച്ചംവീശാന്‍ അമാനുഷി എന്ന കഥാപാത്രത്തിന് കഴിയുന്നുണ്ട്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ഇന്ത്യയുടെ ഭരണസംവിധാനം കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണെന്ന ആശയത്തെ അത്ര ലളിതമായി കാണാന്‍ കഴിയില്ല. നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതൊക്കെ ലളിതമായി കാണാന്‍ ശീലിക്കുന്ന ഒരു പ്രവണത ബലപ്പെട്ട് വരുന്നുണ്ട്. അത് അപകടമാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു. കോര്‍പ്പറേറ്റുകള്‍ വരേണ്യനിയമങ്ങളെ വികസിപ്പിച്ചെടുക്കുകയും മനുസ്മൃതി പോലുള്ള പുരോഗമനവിരുദ്ധ ആശയസംഹിതകളെ അധികാരത്തിന്റെ ആധാരരേഖകളായി കൊണ്ടുവരുകയും ചെയ്യുന്നു. ദലിത് ജീവിതവും സംസ്‌കാരവും അവഗണിക്കപ്പെടുകയും അവരുടെ സാന്നിധ്യം പോലും ക്രിമിനല്‍ കുറ്റമാകുകയും ചെയ്യുന്നു.

ഡോ.ബി.ആര്‍.അംബേദ്ക്കറുടെ ജന്മദിനം പോലും വാര്‍ത്തയാകുന്നില്ല. ചലച്ചിത്രതാരങ്ങളുടെ ജന്മദിനങ്ങള്‍ ദേശീയോത്സവമായി മാറുന്ന സാഹചര്യത്തില്‍ ഈ ഒഴിവാക്കലിലെ രാഷ്ട്രീയം മനിലാക്കേണ്ടതാണ്. അംബേദ്ക്കറുടെ രാഷ്ട്രീയമോ സന്ദേശമോ പുതുതലമുറയുടെ പാഠഭാഗങ്ങളിലില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ദലിത് ചിന്തയും പോരാട്ടവും വീണ്ടും ഓര്‍മ്മിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നെങ്കിലും അവ സജീവമാണ്. രോഹിത്‌വെമുലയുടെ ആത്മഹത്യയ്ക്ക് അംബേദ്കറുടെ ചിന്തയെ കൂടുതല്‍ തെളിയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. അംബേദ്കറുടെ ചിത്രവുമായി രോഹിത്‌വെമുല നടന്നു വരുന്നത് ഇന്നും മായാതെ നില്‍ക്കുന്നു. അംബേദ്ക്കറുടെ രാഷ്ട്രീയം സമ്പര്‍ക്കക്രാന്തിയും പരിശോധിക്കുന്നുണ്ട്. നോവലിന്റെ അവസാന ഭാഗത്താണ് നീലക്കുപ്പായക്കാരുടെ മുന്നേറ്റം ചിത്രീകരിക്കുന്നത്. ഹ്മതെരുവുകളില്‍ ഇന്നലെ ഒരു മഹാജാഥ നടന്നു. നീലക്കുപ്പായമിട്ട് അംബേദ്കറുടെ മുഖം മൂടി ധരിച്ച് നീല്‍സലാം എന്ന മുദ്രാവാക്യം വിളിച്ച് നീങ്ങിയ പ്രകടനം. വരുന്ന നൂറ്റാണ്ടില്‍ ഇന്ത്യയെ നിര്‍ണ്ണയിക്കുന്നത് ദളിത് രാഷ്ട്രീയമായിരിക്കും എന്ന് മനിലാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടതുണ്ടോ?ത്സ ഗാന്ധിയനായ കരംചന്ദു പോലും ഏത് പക്ഷത്താണ് നിലയുറപ്പിക്കേണ്ടതെന്ന് ആശങ്കപ്പെടുന്നുണ്ട്. നോവല്‍ പ്രസിദ്ധീകരിച്ചതിനു ശേഷമാണ് ചന്ദ്രശേഖര്‍ ആസാദ് രാവണന്‍ കൂടുതല്‍ ശക്തിയോടെ രാഷ്ട്രീയ പ്രവേശനം നടത്തിയതെന്നും ഓര്‍ക്കുക. ദല്‍ഹിയിലെ ജുമാ മസ്ജിദില്‍ ചന്ദ്രശേഖര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇടതു കൈയില്‍ ദേശീയ പതാകയും വലതു കൈയില്‍ ഇന്ത്യന്‍ ഭരണഘടനയുമുണ്ടായിരുന്നു. നോവലിസ്റ്റ് സൂചിപ്പിക്കുന്നതുപോലെ വരുന്ന നൂറ്റാണ്ടില്‍ ഇന്ത്യയെ നിര്‍ണ്ണയിക്കുന്നത് ദളിത് രാഷ്ട്രയമായിരിക്കുമോ?

പുതിയ കാലം വേര്‍തിരിവുകളുടെ കാലമാണ്. പല തരത്തിലാണ് അവയെല്ലാം തെളിഞ്ഞുവരുന്നത്. നിറവും ധനവും വര്‍ഗ്ഗീയതയും ജാതിമേല്‍ക്കോയ്മയും ദേശവുമെല്ലാം അതിലേക്കുള്ള വഴികളായിത്തീരുന്നു. ദിനംതോറും ആ വഴികളെല്ലാം വിസ്തൃതമാവുകയാണ്. മനുഷ്യര്‍ ഹിന്ദുവും മുസ്ലിമും മറ്റ് ജാതിവിഭാഗങ്ങളുമായി വേര്‍തിരിയുന്നു. നാട്ടിലും വീട്ടിലുമെല്ലാം ജാതിചിഹ്നങ്ങളുടെ സിഗ്നലുകള്‍ തെളിയുകയാണ്. ശാന്തമായ ഇടങ്ങളില്‍പോലും വര്‍ഗ്ഗീയകാര്‍ഡുകളുമായി നുഴഞ്ഞുകയറ്റക്കാര്‍ വരുന്നു. അവരുടെ വാക്കും പ്രവര്‍ത്തനങ്ങളുമെല്ലാം കലാപത്തിലേക്കുള്ള വഴികളാണ്. സമ്പര്‍ക്കക്രാന്തിയിലും ഇവര്‍ ഇരച്ചുകയറുന്നുണ്ട്. യാത്രക്കാരെ അവര്‍ ജാതിമത കോളങ്ങളിലേക്ക് മാറ്റിനിര്‍ത്തുന്നു. നമ്മുടെ ഇടങ്ങളൊക്കെ വേര്‍തിരിവിലേക്ക് ചുരങ്ങിപ്പോകുന്നതെങ്ങനെയെന്ന് കൃത്യമായി നോവലില്‍ വിവരിക്കുന്നുണ്ട്. ഭീതികരമായ രീതിയിലേക്ക് സംഘര്‍ഷം മാറുമ്പോള്‍ റെയില്‍വെയുടെ അറിയിപ്പ് എത്തുന്നു. അതു വിചിത്രമായ ഒരറിയിപ്പായിരുന്നു. ഹ്മഹ്നപ്രിയരേ നമ്മള്‍ ഒരേ തീവണ്ടിയില്‍ യാത്ര ചെയ്യുന്നവരാണെങ്കിലും വിഭിന്നമായ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരും ആ വിശ്വാസങ്ങള്‍ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറായവരുമാണ്. ആയതിനാല്‍ തമ്മില്‍ത്തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍വേണ്ടി വ്യത്യസ്ത മതവിശ്വാസികളെ വെവ്വേറെ കംപാര്‍ട്ടുമെന്റുകളിലേക്ക് മാറ്റി പാര്‍പ്പിക്കുകയാണ്.ത്സത്സ പ്രശ്‌നത്തെ പരിഹരിക്കാനുള്ള പോംവഴി ഓരോ മതവിഭാഗത്തിനും കംപാര്‍ട്ടുമെന്റുകള്‍ വിഭജിച്ചുനല്‍കുകയാണ്; രാജ്യം വിഭജിച്ചതുപോലുള്ള എളുപ്പ വഴി. പക്ഷെ അത് പരിഹാരമായില്ലെന്നും കടുത്ത ശത്രുതയിലേക്കുള്ള വഴിയായിരുന്നുവെന്നും പില്‍ക്കാലചരിത്രം പഠിപ്പിച്ചത് ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്. എല്ലാവരും എളുപ്പവഴികള്‍ തേടുകയാണ്. ഭാവികാലത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

ഇങ്ങനെയാണ് യാത്രയെങ്കില്‍ ഇന്ത്യ പല ബോഗികളായി വേര്‍തിരിയേണ്ടിവരും. അതിനുള്ള സാധ്യതകളാണ് പലരും അന്വേഷിക്കുന്നത്. മുസ്ലിംങ്ങള്‍ക്കു മാത്രമായ പ്രദേശവും ദലിതര്‍ക്ക് മാത്രമായ ഇടവും ആദിവാസികള്‍ക്ക് മാത്രമായ ഊരും നമ്മുടെ ഇടയിലുണ്ട്. സ്‌കൂളുകളില്‍ ഇത്തരം വേര്‍തിരിവുകള്‍ നിരവധിയാണ്. ട്രെയിനിന്റെ കമ്പാര്‍ട്ടുമെന്റുകള്‍പോലെ മനുഷ്യജീവിതത്തെ പല രീതിയില്‍ വേര്‍തിരിക്കുകയാണ്. പൊതുകിണറുകളില്‍നിന്നുപോലും വെള്ളമെടുക്കാന്‍ ചില ജാതിക്കാര്‍ക്ക് അവകാശമില്ല. കര്‍ണാടകയിലെ ഒരു ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ കഴിച്ച ഭക്ഷണത്തിന്റെ എച്ചിലില്‍ കിടന്നുരുളാന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരെ നിര്‍ബന്ധിപ്പിക്കുന്നുണ്ടല്ലോ. ദലിതരും കറുത്തവരുമൊക്കെ മരിക്കുമ്പോള്‍ ജഡം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുകൊടുക്കാതിരുന്ന എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ ജനങ്ങളെ മതിലുകള്‍കെട്ടി തിരിക്കുകയാണ്. നോവലിന്റെ അവസാനഭാഗത്ത് ഈ വേര്‍തിരിവ് പ്രത്യക്ഷത്തില്‍തന്നെ പ്രകടമാണ്. എസ്. 1, എസ്. 2 എന്നീ കോച്ചുകള്‍ മുസ്‌ലിങ്ങള്‍ക്കും എസ് 3 ബുദ്ധ, ജൈന, പാഴ്‌സി തുടങ്ങിയവര്‍ക്കും എസ് 4 ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും മറ്റു കോച്ചുകള്‍ ഹിന്ദുക്കള്‍ക്കും വേണ്ടി സംവരണം ചെയ്തിരിക്കുന്നുവെന്ന് അറിയിക്കുന്നുണ്ട്. വരാനിരിക്കുന്ന വിപത്തിന്റെ സൂചന ഇതിലുണ്ട്. അല്ലെങ്കില്‍ത്തന്നെ പാകിസ്ഥാനിലേക്ക് പോകാനുള്ള ആജ്ഞ നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. എസ് 1, എസ് 2 കോച്ചുകള്‍ പാകിസ്ഥാനിലൂടെ സഞ്ചരിക്കാനുള്ള ആഹ്വാനം തുടര്‍ന്നുണ്ടാകുമായിരിക്കും. ഇന്ത്യന്‍ ഗ്രാമങ്ങളെ ഓരോ കാമ്പാര്‍ട്ടുമെന്റുകളാക്കി ജാതിമത വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന രാഷ്ട്രീയത്തെ ശക്തിയുക്തം എതിര്‍ക്കേണ്ടതുണ്ട്. ഷിനിലാലിന്റെ നോവല്‍ ഒരു കലാരൂപം എന്ന നിലയില്‍ അത് കൃത്യമായി നിര്‍വഹിക്കുന്നു. അദ്ദേഹത്തിന് നോവല്‍ കഥ പറയുവാനുള്ള ഇടമല്ല, സമകാല രാഷ്ട്രീയസ്വഭാവത്തെ വിചാരണ ചെയ്യാനുള്ള ഇടമാണ്. നോവലിനെ രാഷ്ട്രീയ വിചാരണയ്ക്കുള്ള ഉപാധിയാക്കി അദ്ദേഹം മാറ്റിയിരിക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

 

 

Comments are closed.