സമ്പര്‍ക്കക്രാന്തി ഓടിക്കൊണ്ടേയിരിക്കുന്നു
വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന് ഇളവൂര്‍ ശ്രീകുമാര്‍ എഴുതിയ വായനാനുഭവം.
തീവണ്ടി വലിയൊരു മനസ്സാണ്. എന്തിനെയും അതുള്‍ക്കൊള്ളും. എന്തിനെയും എപ്പോഴും പുറന്തള്ളും. സംഘര്‍ഷഭരിതമായ വലിയൊരു സമുദ്രംപോലെയാണത്. എപ്പോള്‍, എവിടെ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാനേ കഴിയില്ല. തീവണ്ടി വലിയൊരു രാഷ്ട്രവുമാണ്. വൈവിധ്യങ്ങളുടെ ശേഖരമാണത്. എപ്പോഴും സംഘര്‍ഷഭരിതമായ അകമാണതിന്‍റേത്.. പ്രവചനങ്ങള്‍ക്കതീതമാണതിന്‍റെ ഭാവമാറ്റങ്ങള്‍. പുറത്തുള്ളവര്‍ക്ക് എന്തു സംഭവിക്കുന്നുവെന്നറിയാതെ അത് കുതിച്ചുപാഞ്ഞുകൊണ്ടിരിക്കും. അകത്തുള്ളവര്‍ സുരക്ഷിതരാണ് എന്ന നാട്യം സൃഷ്ടിക്കുന്ന അതിന് അകത്തുള്ളവരെപ്പോലും പലപ്പോഴും രക്ഷിക്കാന്‍ കഴിയാറില്ല. അതെ, ഇതെല്ലാമാണ് സമ്പര്‍ക്കക്രാന്തി. അത് കുതിച്ചുപായുകയാണ്. നാടിന്റെ അതിരുകള്‍ പിന്നിട്ട്, ജനപഥങ്ങള്‍ പിന്നിട്ട്, സംസ്‌ക്കാരത്തിന്റെ ഊടും പാവും വകഞ്ഞുമാറ്റിക്കൊണ്ട് അനന്തപുരിയില്‍നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക്. അമ്പത്തിആറ് മണിക്കൂറുകൊണ്ട്, പതിനെട്ട് ഭാഷകളുടെ സംസ്‌കാരം പിന്നിട്ട്, ഇരുപത്തിരണ്ട് ബോഗികളുമായി മൂവായിരത്തി നാനൂറ്റി ഇരുപത് കിലോമീറ്ററുകള്‍ താണ്ടി….
വി.ഷിനിലാലിന്‍റെ നോവല്‍ സമ്പര്‍ക്കക്രാന്തി സമകാലിക ഇന്ത്യയുടെ ഹൃദയധമനികളിലൂടെയുള്ള സൂക്ഷ്മസഞ്ചാരമാണ്. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹി വരെയുള്ള അതിന്റെ യാത്രയ്ക്കിടയില്‍ നാം അറിഞ്ഞുവച്ചിട്ടുള്ള ഇന്ത്യയെ കുറെകൂടി അടുത്തറിയുന്നു. ഇന്ത്യയുടെ രാഷ്ട്രീയം, സംസ്‌കാരം, അധികാരത്തിന്റെ പ്രച്ഛന്നരൂപങ്ങള്‍, നിരര്‍ത്ഥമാകുന്ന നീതിബോധം, പീഢിതമാകുന്ന ധാര്‍മികത… അങ്ങനെ ഒരൊറ്റ ട്രാക്കിലൂടെ സഞ്ചരിച്ചുകൊണ്ട് ഒരുപാട് ട്രാക്കുകളെ തന്നിലേക്കാവാഹിച്ചെടുക്കുകയാണ് നോവല്‍. ഇവിടെ തീവണ്ടിയുടെ ഓരോ ബോഗിയും ജീവിതത്തിന്റെ കുഞ്ഞുകുഞ്ഞു പരിഛേദങ്ങളായി മാറുന്നു. നോവലിലെ കരംചന്ദ് എന്ന കഥാപാത്രം കുറിക്കുംപോലെ, തീവണ്ടി വലിയൊരോര്‍മയാണ്. അഥവാ, ചെറിയ ചെറിയ ഓര്‍മ്മകളുടെ ഭണ്ഡകശാലയാണ് തീവണ്ടി.
വൈവിധ്യമാര്‍ന്ന ജീവിതങ്ങളുടെ വലിയൊരു ശേഖരവുമായാണ് ഓരോ തീവണ്ടിയും യാത്ര ചെയ്യുന്നത്. അതിലെ മുഖങ്ങളേറെയും പിന്നീട് ഓര്‍മിക്കപ്പെടാതെ പോകുന്നതാണ്. അവരില്‍നിന്ന് നോവലിസ്റ്റ് കുറച്ചു മനുഷ്യരെ കണ്ടെത്തുകയാണ്. അവരെ കഥാപാത്രങ്ങളാക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ആ കഥാപാത്രങ്ങളെല്ലാം സമ്പര്‍ക്കക്രാന്തിയിലേക്ക് മനപ്പൂര്‍വ്വം കയറിക്കൂടുന്നവരാണ്, ഇന്ത്യയുടെ ത്രികാലങ്ങളിലേക്കും ഇത്തിരി വെളിച്ചം പായിക്കാന്‍. നോവലിസ്റ്റ് അവരെ കണ്ടെത്തി തന്റെ നോവലില്‍ ഇടം നല്‍കുകയാണ്. കാരണം അവരിലൂടെ മാത്രമേ എഴുത്തുകാരന് താനറിയുന്നതും അറിയപ്പെടാത്തതുമായ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകൂ. കരംചന്ദും ചരിത്രമില്ലാത്ത കുട്ടിയും കാര്‍വാലോയും ധബോല്‍ക്കറും ദ്വിയും ജോണും സമീറയുമടക്കം നോവലില്‍ നിറഞ്ഞുനില്‍ക്കുന്നവരും വന്നുപോകുന്നവരുമായ എല്ലാ കഥാപാത്രങ്ങളും വായനക്കാരന്റെ മനസ്സില്‍നിന്നും പെട്ടന്നൊന്നും ഇറങ്ങിപ്പോകുന്നവരല്ല, ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ പോലും.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെയും രാഷ്ട്രീയമാനങ്ങളെയും ചിത്രീകരിക്കാന്‍ ഏറ്റവും നല്ല രൂപകമാണ് തീവണ്ടി. നൂറ്റാണ്ടുകളിലൂടെ നാം ആര്‍ജിച്ചെടുത്ത ഈടുവയ്പുകളും മൂല്യബോധവും സഹവര്‍ത്തിത്വത്തിന്റെ സംഗീതവുെല്ലാംതന്നെ ചോദ്യം ചെയ്യപ്പെടുകയും രാഷ്ട്രീയം ഹിംസയുടെ കരാളരൂപം ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയും ചോദ്യംചെയ്യുന്ന നാവുകള്‍ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ കാലഘട്ടത്തില്‍ സമ്പര്‍ക്കക്രാന്തി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വല്ലാത്ത അലോസരത സൃഷ്ടിക്കും. ഇന്ത്യ എന്ന വികാരത്തിന് എവിടെവച്ചോ മുറിവേറ്റുതുടങ്ങിയല്ലോ എന്ന് നാം ആശങ്കപ്പെടും.
ആഖ്യാനത്തില്‍ നിലനിര്‍ത്തുന്ന വിശേഷതയാണ് ഈ നോവലിനെ ഒട്ടും അതിഭാരമില്ലാതെ വായിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നത്. പുറത്തുനില്‍ക്കുന്ന വായനക്കാരെ വലിച്ചെടുത്ത് തീവണ്ടിയിലേക്കിട്ട് യാത്ര തുടരുന്ന രചനാപരമായ കൗശലം നോവലിലുടനീളം നിലനിര്‍ത്തുവാന്‍ ഷിനിലാലിന് കഴിഞ്ഞിട്ടുണ്ട്. സംമ്പര്‍ക്കക്രാന്തിയുലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരും കാഴ്ചക്കാരുമില്ല. യാത്രക്കാര്‍ മാത്രമേയുള്ളു. സമീപകാല നോവലുകളുടെ വായനയില്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ പാടില്ലാത്ത മികച്ച നോവലാണ് വി. ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
കടപ്പാട്- ആഗസ്റ്റ് ലക്കം പച്ചമലയാളം
Comments are closed.