സ്വാമി ശാന്തിധര്‍മാനന്ദ സരസ്വതി നിര്‍ദ്ദേശിക്കുന്ന യോഗയുടെ സമഗ്രപാഠങ്ങള്‍
പൂര്‍ണ്ണജീവിതത്തിനുള്ള ചര്യയാണ് യോഗ. സമഗ്രമായ പരിശീലനപദ്ധതിയാണത്. ശരീരത്തിന്റെയോ മനസ്സിന്റെയോ ബുദ്ധിയുടെയോ മാത്രമല്ല, ആന്തരികചോദനയുടെ കൂടി അധ്യയനം. തിന്മയില്‍നിന്നു നന്മയിലേക്കും നന്മയില്‍ നിന്നു വിശുദ്ധിയിലേക്കും അതില്‍നിന്ന് നിത്യമായ ദിവ്യതേജസ്സിലേക്കും ഉയരാനുള്ള അതിശയകരമായ മാര്‍ഗ്ഗമാണ് യോഗ കാണിച്ചുതരുന്നത്. ശരിയായ ജീവിതരീതിയുടെ കലയാണത്. ഈ കല അഭ്യസിച്ചവന്‍ യോഗിയായി. സന്തുഷ്ടനും മനച്ചേര്‍ച്ചയുള്ളവനും ശാന്തശീലനും സംഘര്‍ഷരഹിതനുമാണ് യോഗി.
യോഗ ഒരു ശാസ്ത്രമാണ്. ഭാരതത്തിലും ലോകമൊട്ടാകെയും ജന്മമെടുത്ത ദാര്‍ശനികരായ പ്രാചീന ഋഷിമാര്‍ പൂര്‍ണ്ണത വരുത്തിയ ശാസ്ത്രം. കൃത്യമായ ശാസ്ത്രമാണിത്. ആത്മസംസ്‌കരണത്തിനുള്ള പൂര്‍ണ്ണവും പ്രായോഗികവുമായ പദ്ധതി. ജീവിതത്തില്‍നിന്ന് ഒരു വേറിട്ടുനില്‍ക്കല്‍ ഇതിനാവശ്യമില്ല. ജീവിതപരിവര്‍ത്തനവും ആത്മീയവല്‍ക്കരണവുമാണ് ഇതിനുവേണ്ടത്. സാധാരണ ജീവിതത്തില്‍നിന്നു മാറിനില്‍ക്കുവാനോ പ്രവൃത്തികള്‍ ഉപേക്ഷിക്കുവാനോ യോഗശാസ്ത്രം പറയുന്നില്ല. ശരിയായ ചൈതന്യത്തില്‍ കാര്യക്ഷമമായി കര്‍മ്മം നിര്‍വ്വഹിക്കുക എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളു.
യോഗ സാര്‍വ്വത്രികമാണ്; ഏവര്‍ക്കും വേണ്ടിയുള്ളതാണ്. മതമോ വിഭാഗീയതയോ കൂടാതെയുള്ള ഈശ്വരസാക്ഷാത്കാരത്തിന്റെ മാര്‍ഗ്ഗമാണത്. യോഗാപരിശീലനം ഒരു മതത്തിലും എതിരല്ല. ക്രിസ്ത്യന്‍ മുസ്‌ലിം പള്ളികളോ സന്യാസാശ്രയങ്ങളോ അതിനു തടസ്സമാവുന്നില്ല. തികച്ചും ആദ്ധ്യാത്മികവും സാര്‍വ്വത്രികവുമായ യോഗ ആരുടെയും വിശ്വാസസത്യത്തെ നിഷേധിക്കുന്നുമില്ല, അതിനാല്‍ യോഗയ്ക്കു മതമില്ല; സര്‍വ്വമതങ്ങള്‍ക്കും അടിസ്ഥാനമായ ആത്മീയസത്യങ്ങള്‍ പരിശീലിക്കുവാനാണ് അത് സഹായിക്കുന്നത്.
ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിനും മനസ്സിനും വേണ്ടി യോഗയുടെ സമഗ്രപാഠങ്ങള്‍ ഉള്‍പ്പെടുത്തി രചിച്ചിരിക്കുന്ന കൃതിയാണ് സമഗ്രയോഗ. സ്വാമി ശാന്തിധര്‍മാനന്ദ സരസ്വതിയുടെ ദി ഹോളിസ്റ്റിക് യോഗ എന്ന ശ്രദ്ധേയ കൃതിയുടെ മലയാള പരിഭാഷയാണിത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ജെനി ആന്‍ഡ്രൂസാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. സമഗ്രയോഗയുടെ ഒന്‍പതാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.