സാലറി ചലഞ്ച്: സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി: സാലറി ചലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പണം നല്‍കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചു. വിസമ്മതപത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ല. പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ ഞങ്ങളും പണം നല്‍കിയിട്ടുണ്ട്. അങ്ങനെ പണം നല്‍കേണ്ട എന്നതാണ് താല്‍പര്യമെങ്കില്‍ പണം നല്‍കാതിരുന്നാല്‍ മതി. പല കാരണങ്ങള്‍ക്കൊണ്ട് പണം നല്‍കാന്‍ സാധിക്കാത്തവരുണ്ടാകും. വിസമ്മത പത്രം നല്‍കി അവര്‍ക്ക് സ്വയം അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. നല്‍കുന്ന പണം ദുരിതാശ്വാസത്തിനാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ പണം നല്‍കുന്നവര്‍ക്ക് യാതൊരു ഉറപ്പുമില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കോടതി പറഞ്ഞു.
വ്യാഴാഴ്ചയാണ് ഹൈക്കോടതി നടപടിയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിസമ്മതപത്രം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന വിജ്ഞാപനത്തിന്റെ പത്താം വകുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Comments are closed.