ശലഭം പൂക്കള്‍ aeroplane
“ശലഭങ്ങള്‍ ബൈപോളാറുകളാണ്. നിരാശയുടെ പ്യൂപ്പയ്ക്കകത്താണ് ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകള്‍ വിരിച്ച് ഭ്രാന്തെടുത്ത പോലെ ചിതറിത്തെറിച്ച് പറക്കും. പൊടുന്നനെ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ് ഹരിപിടിപ്പിയ്ക്കുന്ന കാഴ്ചയുടെ ഉത്സവകാലമാണ് ഓരോ ശലഭങ്ങളും”.
വ്യത്യസ്ത ആഖ്യാനശൈലിയില്‍ പിറവിയെടുത്ത സംഗീത ശ്രീനിവാസന്റെ ഏറ്റവും പുതിയ നോവലാണ് ശലഭം പൂക്കള്‍ എയ്‌റോപ്ലെയിന്‍. ശലഭത്തെ പോലെ പാറിനടക്കാന്‍ ഇഷ്ടപ്പെട്ട മൂമുവിന്റെ കഥയാണിത്. ഒപ്പം ആഷിയുടെയും ജോണ്‍ മാറോക്കിയുടെയും സാമിന്റെയും ജീവിതവും നോവലില്‍ നിറയുന്നു. നോവെലെഴുത്തിന്റെ താളക്രമങ്ങളെ തെറ്റിച്ചുകൊണ്ടുള്ള ആഖ്യാനശൈലിയാണ് ഈ കൃതിയില്‍ സ്വീകരിച്ചിരിക്കുന്നത്. ഡി.സിബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന്റെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
നോവലില്‍ നിന്ന്
“ജോണിനെക്കുറിച്ച് ഓര്‍ക്കാതിരിയ്ക്കാന്‍, ബന്ധുവും അച്ഛനും സമീപത്തില്ല എന്ന് സങ്കല്പിക്കാന്‍, അതിനു വേണ്ടിയാണ് ഞാന്‍ അയാളെക്കുറിച്ചും ആ വൃദ്ധയെക്കുറിച്ചും ചിന്തിച്ചുകൊണ്ടു കിടന്നത്. വരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ജോണ്‍ വന്നില്ല. ഞാന്‍ വരുന്നോ എന്ന വിളിച്ചന്വേഷിച്ചതിമില്ല. ആഷി ഉറക്കമായിക്കാണില്ല. ഞാനവളെ ഫോണില്‍ വിളിച്ചു. ജോണിനെക്കുറിച്ച് കാര്യമായി പറഞ്ഞില്ലെങ്കിലും വൃദ്ധയുടെ മരണം ഞാന്‍ വിസ്തരിച്ചു. നേരിട്ടു കാണുന്നതുപോലെ ആഷിക്ക് കാര്യങ്ങള്‍ കേള്‍ക്കണം. അവള്‍ ഓഡിറ്ററിയാണ്. കേട്ടാല്‍ കണ്ടതാണ്.
‘ മരിച്ചുകിടക്കുമ്പോള്‍ എന്തായിരുന്നു അവരിട്ടിരുന്ന വേഷം?’
ഇവിടെയാണ് എന്റെ പ്രശ്‌നം. എനിക്ക് ഓര്‍മ്മ കുറവാണ്. പലതും ഞാന്‍ മറക്കും. ചിലതൊക്കെ മരണം നരെ ഓര്‍ക്കേണ്ടുന്ന പട്ടികയില്‍ കിടക്കുന്നുണ്ടെങ്കിലും. കൂടെ പഠിച്ച കുട്ടികളെയോ പഠിപ്പിച്ച അദ്ധ്യാപകരെയോ കഴിഞ്ഞുപോയൊരു സന്ദര്‍ഭമോ എനിക്കോര്‍ത്തെടുക്കാന്‍ കഴിയാറില്ല. നേരിട്ടുകണ്ടാലും ഓര്‍ത്തുകൊള്ളണമെന്നില്ല. പലപ്പോഴും ഞാന്‍ നാണംകെടാറുണ്ട്. ആഷി പറയുന്നത് കാര്യങ്ങളെ കാര്യങ്ങളെ ഞാന്‍ വേണ്ട വിധത്തില്‍ മനസ്സിലേക്കെടുക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ്. മറവിരോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളാണോ എന്നുവരെ ഞാന്‍ ഭയക്കുന്നുണ്ട്. എന്നാല്‍ ഓര്‍മ്മക്കുറവ് എനിക്കു ചെറുപ്പം മുതല്‍ക്കേ ഉള്ളതുകൊണ്ട് ഇതൊന്നും അതിന്റെ ലക്ഷണങ്ങളല്ല എന്നാണ് ആഷിയുടെ ഡോക്ടര്‍ എന്നോടു പറഞ്ഞത്. എന്റെ തലച്ചോറിനകത്ത് ഓര്‍മ്മകള്‍ അടുക്കും ചിട്ടയുമില്ലാതെ കിടക്കുകയാണ്. അടുക്കിപ്പെറുക്കി ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന തലച്ചോറുകള്‍ എങ്ങനെയായിരിക്കും? രേഖാങ്കിതമായ ഒരു ബാര്‍ഗ്രാഫ് കട്ടിലുപോലെയായിരിക്കണം ജോണിന്റെ തലച്ചോറ്. എന്തുചോദിച്ചാലും ഉത്തരങ്ങളുണ്ട്. എന്തായാലും കണ്ണുകളിറുക്കിയടച്ച് ആ രംഗം ഞാനോര്‍ത്തുനോക്കി. എന്റെ മനസ്സില്‍ തെളിയുന്നത് ചിത്രകഥാരൂപത്തില്‍ പണ്ട് വായിച്ച പാവങ്ങള്‍ എന്ന നോവലിലെ വെള്ളിവിളക്കിന്‍കാലുകളും നോത്രദാമിലെ മണിയൊച്ചകളുമാണ്. ഞാനവളോട് പറഞ്ഞു:’ ഇളംനിറത്തില്‍ പൂക്കളുള്ള വെളുത്ത് മങ്ങിയ നിശാവസ്ത്രം. വലതുവശം പാതിയും രക്തം കുതിര്‍ന്നുണങ്ങിപ്പിടിച്ചിരിക്കുന്നു…”
Comments are closed.