ശക്തിവേല്‍; ഭാവനയും കെട്ടുകഥകളും ഇഴചേര്‍ന്ന ആഖ്യാനം
അകത്ത് കുമുകുമാന്ന് തിരക്ക് നിറഞ്ഞു. ടിക്കറ്റ് വാങ്ങി കയറിയവര്‍ ആരും കടയുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതുപോലുമില്ല. അവര്‍ അകത്തുപോയി സ്ഥലം പിടിക്കാന്‍ ഓടി. സോഫാ ടിക്കറ്റ് തീര്‍ന്ന് ചെയര്‍ ടിക്കറ്റും തീര്‍ന്ന് അവസാനമേ ബെഞ്ചും തറയും കൊടുക്കാറുള്ളൂ എന്നാണ് രീതി. തലൈവരുടെ സിനിമയാണെങ്കില്‍ അങ്ങനെ കൊടുത്താലേ സോഫയ്ക്കും ചെയറിനും ആളുണ്ടാകുള്ളൂ. സോഡാക്കാരന്‍ ഗ്യാസ് കുറ്റി തീര്‍ന്നപ്പോള്‍ മാറ്റി വാങ്ങാനായി ടൗണിലേക്ക് പോയിരിക്കുകയായിരുന്നു. അയാളുടെ മകന്‍ മുത്തുവായിരുന്നു കടയില്‍ ഇരുന്നിരുന്നത്. കുട്ടിയാണ് ഏഴിലോ എട്ടിലോ പഠിക്കുന്നവന്‍. വല്ലപ്പോഴുമേ അവന്‍ കടയിലേക്ക് വരാറുള്ളൂ. മിക്കവാറും പടം മാറുമ്പോള്‍ വരും. അവന്റെ സംസാരവും മുഖവും എപ്പോഴും വെടിവയ്ക്കുന്നതുപോലെ കുത്തുന്നതായിരിക്കും.
‘കടന്നല്‍ വന്നോ?’
‘മ്… മോന്ത നോക്ക്…കരിങ്കടന്നല്‍…’
ഭൂതനും ശക്തിയും കമ്പിപ്പെട്ടികളില്‍ സോഡ അടുക്കിവയ്ക്കുകയായിരുന്നു. തിരക്ക് കൂടുന്നതു കണ്ട ശക്തിവേല്‍ ഒരു ഡസന്‍ പെട്ടിയും മറ്റൊരു അര ഡസന്‍ പെട്ടിയും അടുക്കി വച്ചു. ഒരു തോളില്‍ ഒരു ഡസന്‍ പെട്ടി വച്ച് കൈയില്‍ അര ഡസന്‍ പെട്ടി എടുക്കും. ഇടയ്ക്കിടെ ഓടി വരാന്‍ പറ്റില്ല.
ശക്തിവേലിന് എഴുതിയ ആമുഖത്തില്‍ പെരുമാള്‍ മുരുകന്‍ കുറിക്കുന്നു…
എന്റെ നോവലുകളില്‍ ധാരാളം വായനക്കാരെ നേടിത്തന്നത് നിഴല്‍മുറ്റ്രം ആണ്. വിവരണം കുറഞ്ഞതും സൂക്ഷ്മത കൂടിയതുമാണ് അതിന്റെ കാരണമെന്ന് ഞാന്‍ വിചാരിക്കാറുണ്ട്. എന്തും വിവരിക്കുന്നതില്‍ എനിക്ക് വളരെ താത്പര്യമുണ്ട്. ഇത് എഴുതുമ്പോള്‍ എങ്ങനെയോ അതിന് തട വീണു. ഇതിലെ സ്ഥലവും കഥ പറയാന്‍ പാടില്ലെന്ന തീരുമാനം വിവരണത്തെ ഒഴിവാക്കാന്‍ കാരണമായിട്ടുണ്ടാകാം. അത്രയും കെട്ടുപിണഞ്ഞ വാക്കുകള്‍ ഉപയോഗിക്കാന്‍ തോന്നുന്നത് ശരിയല്ലെന്നുതന്നെ ഞാന്‍ കരുതി. പുകഴ്ത്തലുകളെല്ലാം ചടങ്ങായി മാറി, കാതുകളെ ഞെരിക്കുന്ന ഇക്കാലത്തും ഈ നോവലിനെപ്പറ്റി ആരെങ്കിലും സംസാരിക്കാന്‍ വന്നാല്‍ കേള്‍ക്കാനുള്ള താത്പര്യത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇത് വീണ്ടും പ്രസിദ്ധീകരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.
അതല്ലാതെ ഇപ്പോള്‍ പറയാന്‍ എന്താണുള്ളത്? ഒരു കാര്യം തീര്‍ച്ചയായും പറഞ്ഞിരിക്കണം. ഈ നോവല്‍ മുഴുവനും ഭാവനയാണ്; കെട്ടുകഥയാണ്. സ്ഥലത്തിന്റെ പേരുകളും ആളുകളുടെ പേരുകളും അടയാളത്തിനായി വച്ചിരിക്കുന്നതാണ്; ഒരു തരത്തിലും ആരെയും സൂചിപ്പിക്കുന്നതല്ല. സംഭാഷണങ്ങളിലെ തെറിവാക്കുകളെ കഥാപാത്രങ്ങളില്‍നിന്നും എടുത്തുമാറ്റാന്‍ കഴിയില്ല. ഈ വാക്കുകള്‍ സംസാരിക്കാനും കേള്‍ക്കാനും കാണാനും വായിക്കാനും നാണിക്കുവാന്‍ ദയവു ചെയ്ത് ഈ നോവല്‍ വായിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു.
Comments are closed.