ഇത് സാഹിത്യത്തെ പ്രണയിക്കുന്നവരുടെ കൂട്ടായ്മ; രണ്ടുവര്‍ഷം പിന്നിട്ട് സാഹിത്യതീരം
ബഷീര്‍ പെരുവളത്തുപറമ്പ് എന്ന പെയിന്റിങ് തൊഴിലാളിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരം പുഴയോരത്ത് ആരംഭിച്ച സാഹിത്യതീരം രണ്ടുവര്‍ഷം പിന്നിടുന്നു. എല്ലാ മാസവും ഒരു ഞായറാഴ്ച സാഹിത്യത്തില്‍ താത്പര്യമുള്ളവര്‍ ഒന്നിച്ചു ചേര്‍ന്ന് സാധാരണ വായനക്കാരുടെ അഭിപ്രായങ്ങളും പുതിയ ആശയങ്ങളും പങ്കുവെക്കും.
രണ്ടു വര്‍ഷത്തിനിടയില്‍ മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും സാഹിത്യതീരത്തില്‍ പങ്കെടുത്തുകഴിഞ്ഞു. 25 പുസ്തകങ്ങള്‍ ചര്‍ച്ചചെയ്തു. സാഹിത്യതീരത്തില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആറുപേരുടെ ആദ്യ പുസ്തകങ്ങളുടെ പ്രകാശനവും ബഷീറിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ബഷീറിന്റെ പുസ്തകങ്ങളോടും വായനയോടുമുള്ള സ്‌നേഹമാണ് സാംസ്‌കാരിക രംഗത്ത് എത്തിച്ചത്.
എന്‍. പ്രഭാകരന്‍, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, പവിത്രന്‍ തീക്കുനി, വി.എസ്. അനില്‍ കുമാര്‍, ടി.ഡി. വേണുഗോപാല്‍, എ.വി. പവിത്രന്‍, സോമന്‍ കടലൂര്‍, കരിവെള്ളൂര്‍ മുരളി, ഫ്രാന്‍സിസ് നൊറോണ, മജിദ് സെയ്ദ്, സുദീപ്. ടി. ജോര്‍ജ്, മാധവന്‍ പുറച്ചേരി തുടങ്ങി സാഹിത്യതീരത്ത് അതിഥികളായെത്തിയ പ്രമുഖര്‍ നിരവധിയാണ്.
ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന കഥാസമാഹാരവും, സുദീപ്. ടി. ജോര്‍ജിന്റെ ‘ടൈഗര്‍ ഓപ്പറ’ എന്ന കഥാസമാഹാരവും പോയ വര്‍ഷങ്ങളിലെ സാഹിദ് സ്മാരക സാഹിത്യതീരം പുരസ്‌കാരത്തിന് അര്‍ഹമായി.
Comments are closed.