DCBOOKS
Malayalam News Literature Website

അഭയാര്‍ത്ഥികളുടെ അതിജീവനഗാഥ

‘സമയം ഈ ലോകത്ത് എല്ലായിടത്തും ഒന്ന് തന്നെയാണ് മോളെ. മനുഷ്യര്‍ അത് ഉള്‍ക്കൊള്ളുന്നതിലെ വ്യത്യാസമേയുള്ളൂ.’ അതിരുകളില്ലാത്ത ലോകവീക്ഷണം പേറുന്ന മലയാള നോവലാണ് ജുനൈദ് അബൂബക്കറിന്റെ സഹറാവീയം.

നമ്മുടെ രാജ്യം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിന് എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ട് നിയമനിര്‍മ്മാണങ്ങള്‍ തുടരുമ്പോള്‍ അഭയാര്‍ത്ഥികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന നോവലാണ് സഹറാവീയം.

ലോകത്തെ രണ്ടാമത്തെ വലിയ മതിലായ ബേം മതിലിനാല്‍ ചിതറിക്കപ്പെട്ടു പോയൊരു സമൂഹത്തിന്റെ കഥയാണ് സഹറാവീയം. ഈ മതിലിനാല്‍ ചിതറിക്കപ്പെട്ടു അഭയാര്‍ത്ഥികളാവാന്‍ വിധിക്കപ്പെട്ട സഹറാവികള്‍ എന്നറിയപ്പെടുന്നവരെ അന്വേഷിച്ചുള്ള ജെസീക്ക ഒമര്‍ എന്ന യുവതിയുടെ സാഹസികതയിലൂടെയാണ് നോവല്‍ മുന്നേറുന്നത്. ജെസീക്ക തന്നെ മറ്റൊരു രാജ്യത്തു നിന്ന് അഭയാര്‍ത്ഥിയായി വന്നതാണ് എന്നത് അന്വേഷണത്തിന് കൂടുതല്‍ ആത്മാര്‍ത്ഥത കൊണ്ട് വരുന്നു. ജിജ്ഞാസയുളവാക്കുന്ന താരതമ്യേന ചെറിയ ഒരു കഥയുടെ ബലത്തില്‍ ബേം മതിലിന്റെ അപ്പുറവും ഇപ്പുറവുമുള്ള ജീവിതങ്ങളിലൂടെ വായനക്കാരെ കൊണ്ടു പോയി, ലോകം നേരിടുന്ന അഭയാര്‍ത്ഥി പ്രശ്‌നമെന്ന വലിയ ദുരന്തത്തെ വിശകലനം ചെയ്യാനാണ് നോവലിസ്റ്റ് ശ്രമിച്ചിട്ടുള്ളത്.

‘സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണല്ലോ എന്നും ഏകാധിപതിയുടെ ശത്രുക്കള്‍’ എന്ന് ജുനൈദ് ഈ നോവലില്‍ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ ഓരോന്നോരോന്നായി നമ്മില്‍ നിന്ന് എടുത്തു കൊണ്ട് പോയി, ഭീതി പരത്തി ഭരണം നടത്തുന്നത് സന്യാസിയായാലും രാഷ്ട്രീയക്കാരനായാലും അത് ഏകാധിപത്യം തന്നെയാണെന്ന തിരിച്ചറിവ് ഈ നോവലിന്റെ വായനയില്‍ നമുക്ക് കണ്ടെത്താനാവും. ഏകാധിപതികളോ? മൃഗവാസനയുടെ അടിമകളും. ‘എന്തിനെയും കീഴടക്കി ഏറ്റവും മുകളില്‍ എത്തണമെന്ന മനുഷ്യവാസന അവനെ എവിടെയെത്തിക്കും?…കീഴടക്കുക, സ്വന്തമാക്കുക, ഭരിക്കുകയെന്ന മൃഗകാമന മനുഷ്യരില്‍ എത്രത്തോളം വേരാഴ്ന്ന സിദ്ധാന്തമാണ്. ലോകം അവസാനിക്കുന്നിടത്തോളം കാലം അവനത് തുടരുക തന്നെ ചെയ്യും.’

ഈ നോവലിലെ മതിലിനെ ഒരു പ്രതീകമായും ജുനൈദ് വിഭാവനം ചെയ്തിട്ടുണ്ട്. ഏത് തരത്തിലുള്ള വേര്‍തിരിവും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നുണ്ട്. ‘ആരറിഞ്ഞു നിറത്തിന് മനുഷ്യരെ അടിമകളാക്കാന്‍ കഴിയുമെന്ന്? നിറം തന്നെയൊരു മതിലായി ചുറ്റിവലയുന്നത് നീ അറിയുന്നുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ മതില്‍, കറുത്ത നിറമുള്ള മതില്‍, ഓരോ മനുഷ്യരിലും പലതോതില്‍ പൂശിയിരിക്കുന്ന കറുപ്പ്, ചിലരില്‍ ബാഹ്യമായി കാണുന്ന, പലരിലും ആന്തരികമായി മാത്രം പുരട്ടിയിരിക്കുന്ന കടുംകറുപ്പിന്റെ മതില്‍.’ എന്ന് നോവലിസ്റ്റ് ഉദാഹരണം തെളിച്ചു പറയുന്നു.

വിപ്ലവം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വാക്കാണ്. ഈ വാക്കിനെ ഏറ്റുപിടിച്ചാണ് സ്വേച്ഛാധിപതികള്‍ എന്നും വിപ്ലവകാരികളെ അടിച്ചമര്‍ത്തുന്നത് ശരിയാണ് എന്ന നിലപാട് എടുത്തിട്ടുള്ളത്. എന്നാല്‍ എഴുത്തുകാരന്‍ തന്റെ വിശാലമായ ലോകവീക്ഷണത്തില്‍ ഇതിനും പുതിയ മാനങ്ങള്‍ നല്‍കുകയാണ്. വിപ്ലവമെന്നത് പ്രതിരോധമായിരിക്കണം എന്ന നിലപാടാണ് ഈ നോവല്‍ പറഞ്ഞുവെക്കുന്നത്. അഭയാര്‍ഥികളുടെ പ്രശ്‌നത്തെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററിയിലൂടെയാണല്ലോ നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. നോവലിസ്റ്റിന്റെ അഭിപ്രായം നോവലില്‍ നിന്ന് കേള്‍ക്കുക. ‘വിപ്ലവം എന്ന വാക്കിന് നീ എന്ത് പൊരുളാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത്? ആയുധമെടുത്ത് എതിരാളികളെയെല്ലാം കൊന്നൊടുക്കുന്നുവെന്നാണോ? അതൊക്കെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചിന്തകളാണ്. അതിതീവ്രവാദ രാഷ്ട്രീയത്തില്‍ വീണ്ടുമത് പിറവിയെടുത്തിട്ടുണ്ടെങ്കിലും എന്റെ വിപ്ലവസങ്കല്പങ്ങള്‍ അങ്ങനെയല്ല. ഒരിക്കലും അങ്ങനെയാകരുത്. ഒരു സിസ്റ്റം ജനങ്ങളുടെ നന്മയ്‌ക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ചെയ്യുന്നതെല്ലാം വിപ്ലവമാണ്. വീടില്ലാത്തവര്‍ക്ക് വീട് വെക്കാന്‍ സഹായിക്കുന്നത്, പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്, സിസ്റ്റത്തിലെ തിന്മകളെക്കുറിച്ചു വിളിച്ചു പറയുന്നത് എല്ലാം വിപ്ലവമാണ്.’

‘സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ സുഖമായിക്കഴിയാമെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കി വരുന്നു. അദൃശ്യമായ മതിലുകള്‍ നിര്‍മ്മിച്ച് സ്വന്തം വൃത്തത്തിനുള്ളിലാണ് ഓരോ മനുഷ്യരും കഴിയുന്നത്. ഈ ലോകമിപ്പോള്‍ അങ്ങനെയൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം.’ അപ്പോള്‍ എന്താണ് സംഭവിക്കുക? ‘സത്യങ്ങളെപ്പോഴും വികലാംഗരാണ്. കാഴ്ചയില്ലാത്ത, കേള്‍വിയില്ലാത്ത, കാലുകളില്ലാത്ത, കൈകളില്ലാത്ത, എന്തിന്, തല പോലുമില്ലാത്ത സത്യങ്ങള്‍.’ പ്രതിരോധമില്ലാത്ത കീഴടങ്ങലുകള്‍. തങ്ങളുടെ മനസ്സിലും വര്‍ണ്ണത്തിന്റെയും രാജ്യത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള എല്ലാ മതിലുകളും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്ന ഏകലോകസിദ്ധാന്തത്തിന്റെ ആവശ്യകതയും അത് നേരിടുന്ന വെല്ലുവിളികളുമാണ് സഹാറവികളുടെ കഥയിലൂടെ ജുനൈദ് പറയുന്നത്.

പൊനോന്‍ ഗോംബെ എന്ന തന്റെ ആദ്യ നോവലിലും ഇപ്പോള്‍ സഹറാവീയത്തിലും മലയാള നോവല്‍ എന്നത് വിട്ട് ഒരു ലോക നോവല്‍ എന്ന കാഴ്ചപ്പാടാണ് ജുനൈദ് സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഒരൊറ്റ മലയാളി പോലും ഈ നോവലില്‍ നമുക്ക് കാണാന്‍ കഴിയുകയില്ല. മലയാള നോവലിന്റെ വളര്‍ച്ചയില്‍ ഈ ചെറുപ്പക്കാരന്റെ പങ്ക് അടയാളപ്പെടുത്തിയിരിക്കുമെന്ന് തീര്‍ച്ച.

അതെ. അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിന് സഹായിക്കുന്ന വായനയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.

ജുനൈദ് അബൂബക്കറിന്റെ സഹറാവീയം എന്ന നോവലിന് പോള്‍ സെബാസ്റ്റ്യന്‍ എഴുതിയ വായനാനുഭവത്തില്‍നിന്ന്‌

Comments are closed.