സൂര്യയുടെ അമരക്കാരൻ അനുഭവങ്ങളുടെ നുറുങ്ങുവെട്ടവുമായി
ശബ്ന ശശിധരൻ
നടരാജ കൃഷ്ണമൂർത്തി ,സമൂഹത്തിനു മുന്നിൽ സൂര്യ കൃഷ്ണമൂർത്തി എന്നറിയപ്പെടുന്ന എഴുത്തുകാരൻ ,സംവിധായകൻ, പ്രഭാഷകൻ ,ഉപദേഷ്ട്ടാവ് എന്നീ നിലകളിൽ പ്രശസ്തൻ .ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സൂര്യയുടെ തുടക്കം കുറിച്ച വ്യക്തി .ഇന്നും അമരക്കാരൻ 43 വർഷങ്ങൾ 40 രാജ്യങ്ങളിൽ ചാപ്റ്ററുകൾ . മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉപജ്ഞാതാവ് .105 സ്റ്റേജ് ഷോകൾ സംവിധാനം ചെയ്തു അത് പോലെ തന്നെ 5 പുസ്തകങ്ങളുടെ രചന. നിരവധി ദേശിയ അന്തർദേശിയ പുരസ്‌ക്കാരങ്ങൾ കരസ്തമാക്കി..
വളരെ രസകരമായ ഒരു കാര്യം നടരാജ കൃഷ്ണമൂർത്തി എങ്ങനെ സൂര്യ കൃഷ്ണമൂർത്തി ആയി എന്നതാണ് .അതിനു രസകരമായ ഉത്തരം അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു .” എന്നെ സൂര്യ കൃഷ്ണമൂർത്തി എന്ന് ആദ്യം വിളിച്ചത് എന്റെ മകൾ ആണ് .എന്റെ മകൾ സീത അവളുടെ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഞാനുമായി വഴക്കുണ്ടാകുകയും പെട്ടന്ന് തന്നെ വളരെ ദേഷ്യത്തോടെ അവൾ എന്നെ സൂര്യ കൃഷ്ണമൂർത്തി എന്ന് വിളിക്കുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളുടെയും സഹപ്രവർത്തകരുടെയും ഇടയിൽ ഞാൻ സൂര്യ കൃഷ്ണമൂർത്തി എന്നറിയപ്പെടാൻ തുടങ്ങി .
സീതയെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് മറ്റൊരു കാര്യം ഓർമ്മ വന്നു .സീതയുടെ ബാല്യക്കാലത്തു അവളുടെ കൂട്ടുകാർ ചോദിക്കുമായിരുന്നു അച്ഛന്റെ ജോലി എന്താണെന്ന് അതിനു എന്റെ മകൾ പറയുന്ന മറുപടി ഇപ്രകാരമാണ് അച്ഛൻ ടാഗോർ തീയേറ്ററിൽ ആണ് ജോലി ചെയ്യുന്നത്.അവൾ എന്നെ കാണൻ തുടങ്ങിയ നാൾ മുതൽ ഞാൻ ടാഗോർ തിയേറ്ററിൽ തന്നെയാണ്. അദ്ദേഹം കൂട്ടി ചേർത്തു .മകളുമായുള്ള ചില നിമിഷങ്ങൾ എന്നോട് പങ്കു വെച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് മകൻ ലക്ഷ്മണനെ കുറിച്ച് ചോദിച്ചു . അമേരിക്കയിൽ ജോലി ചെയ്യുന്ന ലക്ഷ്മണന്റെ ചില ഓർമ്മകളും സൂര്യ കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.”മകൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം , അവനൊരു ഷൂസ് വേണം പേര് റീബോക്ക് .തിരുവന്തപുരത്തു ആ ഷൂസ് ഏത് കടയിൽ ആണ് കിട്ടുക എന്ന് അവനു അറിയാമായിരുന്നു.ഞാനും എന്റെ മകനും കൂടി ഷൂ വാങ്ങുവാനായി കടയിലേക്ക് ചെന്നു .പോകുന്ന വഴി മുഴുവൻ സമയവും അവൻ ഷൂവിന്റെ മഹത്വത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. എന്തായാലും കടയിൽ ചെന്നപ്പോൾ അവനു പാകമായ ഷൂ തന്നെ കിട്ടി.മനോഹരമായി ഒരു പെട്ടിയിൽ പാക്ക് ചെയ്ത ഷോ മാനേജർ അവനെ ഏൽപ്പിച്ചു ,അവൻ അതും കയ്യിൽ പിടിച്ചുകൊണ്ട് പാർക്കിങ്ങിൽ പാർക്ക് ചെയ്ത എന്റെ സ്കൂട്ടറിൽ കയറി ഇരിപ്പായി . എന്റെ മകൻ ആ നിമിഷങ്ങളിൽ അത്ര സന്തോഷവാനായിരുന്നു .കടക്കാരൻ എന്റെ കയ്യിൽ ബില്ല് കൊണ്ട് തന്നു .അപ്പോഴാണ് ശരിക്കും ഞാൻ ഞെട്ടിയത്, ആറായിരം രൂപ എന്റെ കയ്യിൽ ആവട്ടെ ആയിരത്തി അഞ്ഞൂറ് രൂപയെ ഉള്ളൂ .മാത്രമല്ല അന്നത്തെ കാലത്തു ഒരു ഷൂസിനായി ആറായിരം രൂപ ചിലവാക്കാനുള്ള ത്രാണി എനിക്ക് ഉണ്ടായിരുന്നില്ല .കടക്കാരൻ ബില്ല് കയ്യിൽ തന്നിട്ട് തുകയ്ക്കായി കാത്തിരിക്കുന്നു .മകൻ സ്കൂട്ടറിൽ ഇരുന്നു കൊണ്ട് എന്നെ വിളിക്കുകയാണ് .അവനു പോകാൻ ധൃതി ,സന്തോഷം അടക്കാൻ ആവുന്നില്ല .ദൈവമേ എന്താണ് ഞാൻ ചെയ്യുക .വിശ്വസിക്കാനാവാത്ത ഒരു നിമിഷം ആയിരുന്നു അത് .
എന്റെ മകൻ സ്കൂട്ടറിൽ നിന്നും ഇറങ്ങി വന്നു .കയ്യിൽ പൊതിയുണ്ട് .ആ പൊതി അവൻ കടയുടെ കൗണ്ടറിൽ വെച്ചു .അവൻ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് പോയി എന്നിട്ട് പറഞ്ഞു “അപ്പാന് പൈസ കിട്ടുമ്പോ വാങ്ങി തന്നാൽ മതി .ദൈവത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത് . വർഷങ്ങൾക്ക് മുൻപേ നടന്ന സംഭവം അവൻ മറന്നു കാണും പക്ഷെ ഞാൻ എങ്ങനെ മറക്കാൻ ആണ് .സൂര്യ കൃഷ്ണമൂർത്തി കൂട്ടി ചേർത്തു .
മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് സൂര്യ കൃഷ്ണമൂർത്തിയെ കാണാൻ സാധിക്കുന്നത്.ജീവിത ശൈലിയിൽ ആവട്ടെ ,വസ്ത്രധാരണത്തിൽ ആവട്ടെ തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒരാൾ. എല്ലായിപ്പോഴും അദ്ദേഹത്തെ കാണുന്നത് തലയിൽ ഒരു തൊപ്പിയുമായാണ് .”അദ്ദേഹം പറഞ്ഞു , ഞാൻ എല്ലായിപ്പൊഴിച്ചു കറുത്ത നിറത്തിലുള്ള പാന്റ്സ് ആണ് ധരിക്കാറ് .നിറങ്ങളുടെ രാജ്ഞിയാണ് കറുപ്പ് , എന്റെ ഏറ്റവും പ്രിയപ്പെട്ട നിറവും കറുപ്പ് തന്നെ .മറ്റൊരു പ്രത്യേകത ഞാൻ വാച്ച് ധരിക്കാറില്ല എന്നതാണ് .ആ സ്വഭാവം എനിക്ക് എന്റെ അച്ഛനിൽ നിന്നും ലഭിച്ചതാണ് ” വാച്ചു ധരിച്ചില്ലെങ്കിലും സമയത്തിന് എത്രയധികം വില നൽകുന്ന മറ്റൊരു വ്യക്തിയെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.അത് തന്നെയാണ് സൂര്യ ഫെസ്റ്റിവലിനെ മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തമാകുന്നതും.
സൂര്യയുടെ എല്ലാ പരിപാടികളും തുടങ്ങുന്നത് വൈകുനേരം 6 .45 നു ആണ്. സൂര്യയിൽ ടിക്കറ്റ് വിതരണത്തോടു കൂടിയുള്ള പരിപാടികൾ പൊതുവെ സംഘടിപ്പിക്കാറില്ല .പ്രവേശനം സൂര്യയിലെ
അംഗങ്ങൾക്ക് മാത്രമാണ്.അംഗങ്ങൾ എല്ലാം കയറി കഴിഞ്ഞാൽ ബാക്കി ഉള്ള സീറ്റ് അംഗങ്ങൾ അല്ലാത്തവർക്കായി തുറന്നു കൊടുക്കാറാണ് പതിവ് .പ്രവേശനം 6 .45 നു അവസാനിപ്പിക്കുകയും ഗേറ്റ് അടയ്ക്കുകയും ചെയ്യും.അതിനു ശേഷം വാതിൽ തുറക്കുന്നത് പരിപാടി കഴിഞ്ഞതിനു ശേഷം മാത്രമാണ് .
അദ്ദേഹത്തിന്റെ ജീവിത കഥയിലെ ഒരു പ്രധാന ആകർഷണം അദ്ദേഹം ഒരു ‘ബ്ലാക്ക് ബോക്സ് തിയേറ്റർ സ്ഥാപിച്ചു എന്നതാണ്.തൃശ്ശൂരിലെ സംഗീത നാടക കല അക്കാദമിയിലാണ് താൻ ആദ്യമായി ബ്ലാക്ക് ബോക്സ് തീയറ്റർ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്മാർക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന മറ്റൊരു ബ്ലാക്ക് ബോക്സ് തീയറ്റർ പിന്നീട് അദ്ദേഹം തന്റെ സ്വന്തം സ്ഥലമായ തിരുവന്തപുരത്തു സ്ഥാപിച്ചിരിക്കുന്നു . “ഗണേശം” എന്ന് പേരിട്ടിരിക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം.
ഗണപതിയുടെ 32 രൂപങ്ങളുടെ ശില്പങ്ങൾ ഉൾക്കൊള്ളുന്ന മതിൽ ഗണേശത്തിന്റെ പടിവാതിൽക്കൽ തന്നെ കാണാം . 20 സെന്റ് പ്രോപ്പർട്ടിയിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ കേരള കലാരൂപങ്ങൾ പ്രദർശിപ്പിക്കാനും സിനിമകൾ പ്രദർശിപ്പിക്കാനും ഉപയോഗിക്കാവുന്നതാണ്
ഗണേശം, തലസ്ഥാന നഗരത്തിലെ തൈക്കാടാണ് സ്ഥിതി ചെയ്യുന്നത്. തന്റെ മനോഹരമായ വീട് ‘സൂര്യ ചൈതന്യയുടെ ഒരു ഭാഗമായാണ് ഗണേശം നിലകൊള്ളുന്നത് .ഗനേശത്തിൽ 400 സീറ്റർ ബ്ലാക്ക് ബോക്സ് തിയേറ്റർ ഉണ്ട്. സ്ഥലത്ത് രണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു ഗ്രീൻ റൂം, ഒരു ഡോർമിറ്ററി, കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള ഗാലറി എന്നിവയുണ്ട്.ഗണേശത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് കലാകാരന്മാരോട് യാതൊരു വിധ ചാർജും ഈടാക്കാതെയാണ് അവിടെ പരിപാടികൾ നടത്താൻ ഉള്ള അനുമതി നൽകുന്നത്
ഇന്നത്തെ കാലത്തു ഒരു ചെറിയ അരങ്ങേറ്റം നടത്താൻ നമ്മുടെ കൊച്ചുകലാകാരന്മാർക്ക് ചിലവാകുന്നത് ഒന്നര രണ്ടു ലക്ഷമാണ് .”ഗണേശത്തിൽ ഞാൻ ഒരു ചാർജും ഈടാക്കുന്നില്ല എന്ന് മാത്രമല്ല ,സ്റ്റേജ് സെറ്റിങ് ,ലൈറ്റ് സൗണ്ട് തുടങ്ങിയവയും സൗജന്യമായി നൽകുന്നു “ ശ്രീ സൂര്യ കൃഷ്ണമൂർത്തി പറയുന്നു .മാനസികമായി എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം ഞാൻ അവരെ സഹായിക്കുമ്പോൾ എനിക്ക് ലഭിക്കുന്നത് , കലാകാരന്മാരെ സഹായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പണത്തേക്കാൾ ഏറെ പ്രധാനമാണ് എനിക്ക് , അതിനാൽ ഞാൻ ഇവിടെ ഒന്നിനും വാടക പോലും ഈടാക്കുന്നില്ല ദൈവം എന്നെ അനുഗ്രഹിക്കുമെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട് ഇത് എന്നും തുടർന്ന് പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതും ,അദ്ദേഹം കൂട്ടി ചേർത്തു .
കൃഷ്ണമൂർത്തി തന്റെ കലാ ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ ഇപ്പോഴും ഓർമിക്കുന്നു .തുടക്കക്കാർക്ക് നാടകാവതരണത്തിനു ഒരു വേദി ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അദ്ദേഹത്തിന്റെ തുടക്ക കാലത്തു മനസ്സിലാക്കിയാണ് . വാടകയുടെ അമിതമായ ഉയർന്ന നിരക്ക് കണക്കിലെടുത്ത് ഒരു വേദി വാടകയ്ക്ക് എടുക്കാൻ തുടക്കക്കാരായ കലാകാരന്മാർ പലപ്പോഴും പ്രയാസപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട് ,മാത്രമല്ല ഏതൊരു തുടക്കക്കാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണിത് . ”ഗണേശനിലൂടെ നിരവധി കലാകാരന്മാരെ അത്തരമൊരു സാഹചര്യത്തിൽ സഹായിക്കാനും ,അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാകാനും കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്” എന്ന് കൃഷ്ണമൂർത്തി പറയുന്നു.
മറ്റൊരു മനോഹരമായ കാര്യം ഗണേശത്തിന്റെ പ്രവേശന കവാടത്തിലെ കൽ വിളക്കാണ് .”സൂര്യയിൽ പരിപാടികൾ ഉള്ള ദിവസങ്ങളിൽ എല്ലാം തന്നെ ഈ വിളിക്ക് കത്തിക്കുകയും പരിപാടിയുടെ അവസാനം വരെ തെളിഞ്ഞു കത്തുകയും ചെയ്യുന്നു.
കോവിഡ് എന്ന മഹാമാരി ഏതൊരു മേഖലയിലേക്കും ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചിരിക്കുന്നു ,അത് പോലെ തന്നെ കലാ ലോകത്തും .എന്നാൽ കലാകാരന്മാരുടെ നിത്യ വരുമാനം നിലച്ചെന്ന അവസ്ഥ വന്നപ്പോൾ സൂര്യാ കൃഷ്ണമൂർത്തി തന്നാൽ ആവും വിധം അവരെ സഹായിക്കാനായി തുനിഞ്ഞിറങ്ങി . സാനിറ്റിസർ നിർമാണം പോലെ നിത്യ ജീവിതത്തിലേക്കുള്ള വക കണ്ടെത്താൻ ചില വഴികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തി
“ഈ കോവിഡ് -19 കാരണം ഞങ്ങളുടെ നാടകസംഘത്തിന് കഴിഞ്ഞ ഒരു വർഷമായി ഒരു ജോലിയുമില്ല .മുൻനിരയിൽ കാണുന്ന നടീ നടന്മാർ മാത്രമല്ലല്ലോ ഒരു കലാസംഘത്തിൽ ഉള്ളത് .ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന .എത്രയോ ആളുകൾ ഉണ്ട്.അവർക്ക് താത്കാലിക ആശ്വാസം എന്ന നിലയിൽ ഞാൻ നടത്തിയ പല ശ്രമങ്ങൾക്കിടയിലും, ഞങ്ങളുടെ ട്രൂപ്പിലെ ഒരു അംഗം ആത്മഹത്യ ചെയ്തുവെന്ന് പറയുന്നത് എന്നെ വേദനിപ്പിക്കുന്നു, ശ്രീ കൃഷ്ണമൂർത്തി പറയുന്നു
ആകെ ദുരിതത്തിലായ കലാകാരന്മാർക്ക് പ്രചോദനമായി കൊണ്ട് മാർച്ച് മാസത്തിൽ സൂര്യ ഫെസ്റ്റിവൽ പുനരാരംഭിച്ചു. 51 മലയാളം അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 51 ദിവസത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. നിർഭാഗ്യവശാൽ, ഈ പകർച്ചവ്യാധി കാരണം പരിപാടി കാണാൻ പ്രേക്ഷകരില്ലായിരുന്നു,അതുകൊണ്ട് തന്നെ സൂര്യ ഫെസ്റ്റിവൽ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നു
ഈ മഹാമാരി നാം ഓരോരുത്തരെയും വളരെയധികം പാഠങ്ങൾ പഠിപ്പിച്ചു, പല കലാകാരന്മാരും ദുരിതത്തിൽ മുങ്ങിപ്പോയി .പലർക്കും നഷ്ടപ്പെട്ടത് അവരുടെ അന്നമായിരുന്നു . ” ആരെങ്കിലും സഹായം ആവശ്യപ്പെടുന്നതുവരെ നമ്മൾ കാത്തിരിക്കരുത്.”എന്നദ്ദേഹം പറയുന്നു. നാടക കലാകാരന്മാർക്ക് മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിനായി എന്റെ ഏറ്റവും പുതിയ പുസ്തകമായ ‘നുറുങ്ങുവെട്ടത്തിന്റെ ’ വിൽപ്പനയിൽ നിന്നുള്ള ശേഖരം ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുസ്തകത്തിൽ നിന്നുള്ള ശേഖരം കോവിഡ് വാക്‌സിനായി മുഖ്യമന്ത്രി സി.എം.ഡി.ആർ.എഫിന് നൽകും.
ഈ ഒരു ലേഖനം ഞാൻ അവസാനിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ നുറുങ്ങുവെട്ടത്തെ കുറിച്ച് പറയാതെ അവസാനിപ്പിക്കാൻ വയ്യ. യാദ്രിശ്ചികമായി എന്റെ കയ്യിലും വന്നു ചേർന്ന ആ പുസ്തകത്തിന്റെ ഓരോ അധ്യായവും വായിക്കുമ്പോൾ ചിലപ്പോഴെങ്കിലും മനസ്സൊന്നു പതറി .നുറുങ്ങുവെട്ടത്തിലൂടെ അദ്ദേഹം തന്റെ പരിചയത്തിലുള്ള ചില സ്ത്രീ കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടുത്തി തന്നു.ഇത് പോലെ എത്രയെത്ര കഥാപാത്രങ്ങൾ ആരുമറിയാതെ ഒരു മറയ്ക്ക് അപ്പുറം നിൽക്കുന്നു.ഞാൻ അടക്കമുള്ള സ്ത്രീകൾ ഇതിലേതോക്കെയോ കഥാപാത്രങ്ങളിലൂടെ കടന്നു പോയവരാവാം. ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെ മനസിലാക്കാൻ കഴിയാത്തതു സ്വാഭാവികമാണ്.അത് പോലെ തന്നെയാണ് പുരുഷനും തന്റെ പാതിയായ സ്ത്രീയെ പലപ്പോഴും മനസിലാക്കണമെന്നില്ല .ഒരേ സമയം ഒരുപാട് കഥാപാത്രങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്ന ഒരാളാണ് സ്ത്രീ.രാവിലെ എഴുന്നേൽക്കുന്നത് മുതൽ അവളുടെ നിത്യജീവിതത്തിലെ റോളുകൾ മാറിമാറി വരുന്നു. ഭർത്താവിനും മക്കൾക്കും വേണ്ടി നേരം പുലരാനായി കാത്തു നിന്നും ഉണരുന്ന സ്ത്രീ , വീട്ടിലെ ജോലി കഴിഞ്ഞു വിയർത്തൊലിച്ചുകൊണ്ട് ഓഫീസിൽ എത്തുന്നു. അവിടെയും കാണാം പരാതികളും, പരിഭവവും ഒപ്പം വിദ്വേഷങ്ങളും.തിരിച്ചു മാർക്കറ്റിലൂടെ നടന്നു വീട്ടു സാധനങ്ങളുമായി വീട്ടിൽ എത്തുന്ന വീട്ടമ്മ .ഒരൽപം പോലും മനസ്സിലാക്കാത്ത പങ്കാളിയുടെ അടുത്തുനിന്നുണ്ടാകുന്ന ദുർമുഖം പലപ്പോഴും അവളെ മറ്റൊരുവൻ ആക്കി മാറ്റുന്നു. ഒരുപാട് സമ്മർദ്ദങ്ങളിലൂടെ അനായാസമായി കടന്നുപോകാൻ പലപ്പോഴും ഒരു സ്ത്രീക്ക് മാത്രമേ പറ്റൂ.പലപ്പോഴും തഴയപ്പെടുന്ന കഥാപാത്രങ്ങളായി ഇന്നും അവളുടെ ജീവിതം ബാക്കി. ഇത് പോലെയുള്ള ശ്രീ സൂര്യ കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ ജീവിത യാത്രയിൽ പരിചയപ്പെട്ട സ്ത്രീകളുടെ മനസ്സിന്റെ ആഴം നുറുങ്ങുവെട്ടത്തിലൂടെ കാണിക്കുമ്പോൾ അതിലെ ഓരോ സ്ത്രീകൾക്കും ചില സമാനതകൾ ഉണ്ടായിരുന്നു .സ്ത്രീകളെ മനസ്സിലാക്കിയ ഒരാൾക്ക് മാത്രമേ എത്ര ലളിതമായി ഈ കഥകൾ എഴുതാൻ കഴിയു..അദ്ദേഹത്തിന്റെ നുറുങ്ങുവെട്ടത്തിലൂടെ സ്ത്രീകൾക്ക് വീണ്ടും ചിന്തിക്കുവായി എന്തോ ഒന്ന് കിട്ടി എന്ന് ഞാൻ കരുതട്ടെ.
Comments are closed.