വെള്ളിത്തിരയെ പ്രണയിച്ച മഹാനടൻ!
ശബ്ന ശശിധരൻ
“മരിക്കും വരെ വെള്ളിത്തിരയെ അഗാതമായി സ്നേഹിച്ച അമൂല്യ പ്രതിഭ “അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മരിച്ചു വീഴണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ,അഭിനയത്തെ ഇത്രയധികം സ്നേഹിച്ച മറ്റൊരു നടൻ ഇന്നില്ല എന്ന് വേണം പറയാൻ .നാല്പത്തിയൊന്നാം വയസ്സിൽ സിനിമാ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ശക്തമായ കുറെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയ അദ്ദേഹം 20 വർഷത്തോളം സിനിമാ രംഗത്തു നിറ സാന്നിധ്യമായിരുന്നു.വെള്ളിത്തിരയെ പ്രണയിച്ച ആ മഹാനടൻ വിട വാങ്ങിയിട്ട് ഈ ജൂൺ 15 നു അമ്പതു വർഷം പിന്നിട്ടിരിക്കുന്നു .
സിനിമയിൽ വേഷങ്ങൾ മാറുന്നത് പോലെ തന്നെയായിരുന്നു സത്യനേശൻ എന്ന സത്യൻ അദ്ദേഹത്തിന്റെ ജീവിതത്തിലും .സർക്കാർ ഓഫീസിലെ ഗുമസ്തൻ , സ്ക്കൂൾ അധ്യാപകൻ , ബ്രിട്ടീഷ് ആർമിയിലെ സുബേദാർ മേജർ , കമ്മീഷൻഡ് ഓഫീസർ , പോലീസിൽ സബ് ഇൻസ്‌പെക്ടർ , നാടക നടൻ ഒടുവിൽ സിനിമ നടനും. വിദ്വാൻ പരീക്ഷ പാസ്സായതോടെ, അദ്ദേഹം തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്ക്കൂളിൽ അധ്യാപകനായി ജോലിക്ക് കയറി. പക്ഷേ അച്ഛന് സുഖമില്ലാത്ത അവസ്ഥ വരികയും ലീവിനായി സത്യൻ അധികൃതർക്ക് അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ അധികൃതർ തിരസ്ക്കരിച്ചു .ഉടനെ ആ ജോലി രാജി വെച്ചുകൊണ്ട് അദ്ദേഹം തന്റെ അച്ഛനെ ശ്രുശൂഷിക്കുവാനായി നാട്ടിലേക്ക് മടങ്ങി.പിന്നീട് അദ്ദേഹം പട്ടാളത്തിൽ ചേർന്നു .കഠിനമായ പരിശീലനങ്ങളെയും യുദ്ധങ്ങളെയും അദ്ദേഹം നേരിട്ടു.അദ്ദേഹത്തിന്റെ ബാച്ചിലെ ഏറ്റവും സമർത്ഥനായ വയർലെസ്സ് ഓപ്പറേറ്റർ ആയിരുന്നു അദ്ദേഹം.നാട്ടിൽ നിന്നും മാറി നിൽക്കുന്ന അദ്ദേഹത്തിന് കുടുംബത്തോട് വളരെ അധികം ആത്മബന്ധമുള്ള വ്യക്തിയാണ്. മകനെ വിട്ടു നിൽക്കേണ്ടി വന്ന അമ്മയുടെ സങ്കടം കണ്ട് സത്യൻ പട്ടാളത്തിൽ നിന്നും തിരിച്ചു നാട്ടിലേക്ക് വന്നു .പിന്നീട് തിരുവിതാംകൂർ പോലീസിന്റെ ഭാഗമായി .പുന്നപ്ര വയലാർ സമരം നടക്കുമ്പോൾ ആലപ്പുഴയിൽ അദ്ദേഹം ഇൻസ്‌പെക്ടർ ആയിരുന്നു. ആ സമയത്തായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള രംഗ പ്രവേശനവും.
നാല്പത്തിയൊന്നാമത്തെ വയസ്സിൽ വെള്ളിത്തിരയിലേക്ക് പ്രവേശിച്ച സത്യന്റെ ആദ്യത്തെ റിലീസായ സിനിമ ആത്മസഖിയാണ്. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രമാണ് സത്യന്റെ ജീവിതത്തിൽ വഴിത്തിരിവായത് എന്ന് വേണമെങ്കിൽ പറയാം ,കേന്ദ്ര സർക്കാരിന്റെ മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ സിനിമയാണ് നീലക്കുയിൽ. നീലക്കുയിലിലെ ശ്രീധരൻ നായരെ ഇന്നും സിനിമാ പ്രേമികൾ മറന്നിട്ടുണ്ടാവില്ല .പിന്നീട് അദ്ദേഹം വ്യത്യസ്തങ്ങളായ കുറേ അധികം കഥാപാത്രങ്ങൾ ചെയ്തു. തച്ചോളി ഒതേനൻ , പാലോട്ട് കോമൻ , യക്ഷി , കാട്ടു തുളസി ,മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒരു പെണ്ണിന്റെ കഥ , ചെമ്മീൻ ,വാഴ്വേമായം ,അടിമകൾ ,മുടിയനായ പുത്രൻ ,ത്രിവേണി, ശരശയ്യ ,അശ്വമേധം ,കരിനിഴൽ , പഞ്ചവൻ കാട്,കടൽപ്പാലം ,അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി അമ്പതോളം സിനിമകളിൽ അദ്ദേഹം നിറഞ്ഞു നിന്നു .
ജീവിതത്തിലും സിനിമയിലും എന്തിനെയും ജയിച്ചു ശീലമുള്ള ആളുകളിൽ ഒരാളാണ് സത്യൻ മാഷ്. ആളുകളെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകളിൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ വിജയം . വികാരപരമായ രംഗങ്ങൾ സിനിമയിൽ അഭിനയിക്കുമ്പോൾ ഓരോ ഡയലോഗുകളും എത്രമാത്രം ഇമോഷണലാക്കി മാറ്റാനും അതിൽ വിജയം കണ്ടെത്താനും സത്യൻ മാഷ് മറന്നില്ല.അദ്ദേഹത്തിന്റെ വിജയം എന്ന് പറയുന്നത് ആ ചെറു പുഞ്ചിരിയും അമർത്തിയുള്ള മൂളലും ,തുളച്ചു കയറുന്ന നോട്ടവും ആയിരുന്നു.സിനിമകളിൽ ദേഷ്യവും സങ്കടവും അടക്കിപ്പിടിക്കുന്ന രംഗങ്ങൾ അദ്ദേഹം അദ്ദേഹത്തിന്റെ പുരികത്തിലെയും നെറ്റിയിലേയും മുഖത്തെ മാംസപേശികളുടെ ചുളിച്ചിലുകളിലൂടെയും പ്രകടിപ്പിച്ചു.
സത്യൻ എന്ന മഹാ നടന്റെ കഥാപാത്രങ്ങളിൽ എന്നും എനിക്ക് പ്രിയപ്പെട്ടത് കടൽപ്പാലം എന്ന ചിത്രത്തിലേതായിരുന്നു.അച്ഛനും മകനുമായി സത്യൻ . നാരായണ കൈമൾ എന്ന അച്ഛനും അച്ഛനെ ഉടമസ്ഥനായി കണ്ടു കലഹിച്ചിരുന്ന രഘു എന്ന മകനും.രണ്ടു തരം അഭിനയ രീതികളും പകർന്നാടിയ അഭിനയ ചാരുതയായിരുന്നു അത് .അത് പോലെ തന്നെ പ്രിയപ്പെട്ട കഥാപത്രങ്ങൾ ആയിരുന്നു ചെമ്മീനിലെ പളനി, അടിമകളിലെ അപ്പുക്കുട്ടൻ നായർ , ത്രിവേണിയിലെ ദാമോദരൻ മുതലാളി, അശ്വമേധത്തിലെ ഡോ .തോമസ് തുടങ്ങിയവ.
സംഭാഷണ പ്രയോഗത്തിൽ നിന്ന് പുറത്തു കടന്നു മുഖ ചലനങ്ങളിലൂടെയും ശരീര ഭാഷയിലൂടെയും കഥാപാത്രത്തെ എങ്ങനെ വ്യാഖ്യാനിക്കാം എന്ന് പരീക്ഷിച്ചു വിജയിച്ച ആദ്യ നായക നടനായിരുന്നു സത്യൻ മാസ്റ്റർ.
എന്റെ ബാല്യ കാലത്തു ദൂരദർശൻ ചാനലിലൂടെ സ്‌മൃതിലയം എന്ന പരിപാടിയിൽ ഞാൻ ആസ്വദിച്ച ഗാനങ്ങളിലേറെയും സത്യൻ എന്ന മഹാ നടന്റെ ആയിരുന്നു.ഭാര്യയിലെ “പെരിയാറേ …പെരിയാറേ “മൂലധനത്തിലെ “സ്വർഗ്ഗ ഗായികേ…” , അടിമകളിലെ “താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ …ആ ഗാനരംഗത്തെ അനായാസതയും ശൃംഗാര ഭാവവും മറ്റൊരു നടനിലും കാണാൻ സാധിക്കില്ല.
അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മരിച്ചു വീഴണം എന്ന ആഗ്രഹം അദ്ദേഹം പലരോടും പങ്കു വെച്ചിരുന്നു.രക്താർബുദം അദ്ദേഹത്തെ ആക്രമിച്ചപ്പോഴും തളരാതെ ആരോടും പറയാതെ അദ്ദേഹം വെള്ളിത്തിരയിൽ തിളങ്ങി.സെറ്റിൽ കൃത്യ സമയത്തു എത്താനും തനിക്ക് നൽകിയ റോളുകൾ ഭംഗിയായി നിറവേറ്റാനും അദ്ദേഹം മറന്നില്ല.പലപ്പഴും ആശുപത്രിയിൽ പോയി രക്തം മാറ്റി വന്നു നേരെ അഭിനയിച്ച അവസരങ്ങൾ ഉണ്ടായിട്ടുണ്ട് . രക്താർബുദത്തിന്റെ പിടിയിൽ അകപ്പെട്ടപ്പോഴും സത്യൻ മാഷ് സെറ്റിൽ നിന്ന് സെറ്റിലേക്കുള്ള ഓട്ടത്തിന്റെ തിരക്കിലായിരുന്നു .അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അദ്ദേഹം രക്തം ഛർദിച്ചു കുഴഞ്ഞു വീഴുകയുണ്ടായി.അവിടെന്നു നേരെ ആശുപത്രിയിലേക്ക് പോയ സത്യൻ മാഷിന് പിന്നീടൊരു തിരിച്ചു വരവുണ്ടായില്ല.
Comments are closed.