ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്തും ഷാനില സജേഷുമാണ് ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ നാലരയോടെ എത്തിയത്. എന്നാല്‍ ദര്‍ശനത്തിനു ശേഷം മടങ്ങിയ തീര്‍ത്ഥാടകര്‍ ഇവരെ തിരിച്ചറിഞ്ഞതോടെ യുവതികള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിയതോടെ പ്രതിഷേധം ശക്തമായി. പിന്നീട് കനത്ത പൊലീസ് സുരക്ഷയില്‍ യുവതികളെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇതിനിടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്രതം നോറ്റാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ പിന്മാറില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവതികള്‍. പ്രതിഷേധം ശക്തമായതോടെ പൊലീസ് യുവതികള്‍ക്കായി കനത്തസുരക്ഷാവലയം തീര്‍ത്തു. തുടര്‍ന്ന് മൂന്നുമണിക്കൂറിന് ശേഷം പൊലീസ് യുവതികളെ ബലം പ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ഏഴംഗസംഘത്തിനൊപ്പമാണ് യുവതികള്‍ ദര്‍ശനത്തിനായി എത്തിയത്.
Comments are closed.