ശബരിമല യുവതീപ്രവേശനം: ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റി
ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. മൂന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശേഷിക്കുന്ന ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദമുഖങ്ങള്‍ ഏഴു ദിവസത്തിനകം അവതരിപ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്ക് സമയം അനുവദിച്ചു. ഇന്ന് രാവിലെ 10.30-ഓടെയാണ് വാദം ആരംഭിച്ചത്. മൂന്നു മണിയോടെ വാദം പൂര്‍ത്തിയായി. തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് പരിഗണിച്ചു.
65 ഹര്‍ജികളാണ് വിഷയത്തില്‍ കോടതി മുമ്പാകെ എത്തിയത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലാണ് ഇന്ന് വാദം കേട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാനത്തിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത സ്വീകരിച്ചത്. എന്‍.എസ്.എസിനു വേണ്ടി അഡ്വ. പരാശരനാണ് ഹാജരായത്. തുടര്‍ന്ന് ശബരിമല തന്ത്രിക്കു വേണ്ടി വി.ഗിരി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി, ബ്രാഹ്മണസഭയ്ക്കു വേണ്ടി ശേഖര്‍ നാഫ്‌ടെ എന്നിവരും വാദിച്ചു.
Comments are closed.