DCBOOKS
Malayalam News Literature Website

ശബരിമലയില്‍ ശക്തമായ പ്രതിഷേധം: മല കയറിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ തിരികെ മടങ്ങി

പമ്പ: ശബരിമലയില്‍ ഇന്ന് രാവിലെ എത്തിയ യുവതികള്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ മടങ്ങി. തെലങ്കാന സ്വദേശിയും മോജോ ന്യൂസ് ലേഖികയുമായ കവിത ജെക്കാല്‍, കൊച്ചി സ്വദേശിനിയായ രഹ്ന ഫാത്തിമ എന്നിവരാണ് ഇരുനൂറോളം വരുന്ന പൊലീസ് സംഘത്തിന്റെ കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെയോടെ മലകയറി വലിയ നടപ്പന്തല്‍ വരെയെത്തിയത്.

എന്നാല്‍ പതിനെട്ടാം പടിയ്ക്കു താഴെ ക്ഷേത്രത്തിലെ ശാന്തിമാരും പരികര്‍മ്മികളും ഭക്തരും ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കിയതോടെ മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടിലായി. ആചാരം ലംഘിച്ചാല്‍ നട അടച്ച് ക്ഷേത്രത്തിന്റെ താക്കോല്‍ മാനേജരെ ഏല്‍പ്പിക്കുമെന്ന് തന്ത്രി കണ്ഠര് രാജീവരും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സാഹചര്യം വിശദീകരിച്ച് ഐ.ജി എസ്. ശ്രീജിത്തുമായി ഒരു മണിക്കൂറോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുവതികള്‍ തിരികെ പോകാനുള്ള തീരുമാനം അറിയിച്ചത്.

ആക്രമണ സാധ്യതയുള്ളതിനാല്‍ യുവതികള്‍ക്ക് വീടുവരെ സംരക്ഷണം ഒരുക്കുമെന്ന് ഐ.ജി ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്.

അതസമയം ശബരിമലയിലെത്തിയ യുവതികള്‍ ഭക്തരല്ല, ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന പുണ്യഭൂമി. യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഭരണഘടനാപരമായ കടമ നിര്‍വ്വഹിക്കേണ്ടതിന്റെ ഭാഗമാണ്. പ്രതിഷേധം കൊണ്ടല്ല, ആക്ടിവിസ്റ്റുകളായതിനാലാണ് വന്നവരെ മടക്കി അയയ്ക്കുന്നത്. എത്തിയ യുവതികളുടെ പശ്ചാത്തലം അന്വേഷിക്കാതെ അവരെ കടത്തിവിട്ട പൊലീസിനെയും മന്ത്രി വിമര്‍ശിച്ചു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാരിനെ സംബന്ധിച്ച ് വിശ്വാസികളുടെ താത്പര്യസംരക്ഷണമാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.

Comments are closed.