ആ മനോഹര നാദം നിലച്ചു; എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ചികിത്സയിൽ ഇരിക്കെ ആഗസ്റ്റ് 13 ന് രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയിരുന്നില്ല. തുടർന്ന് സെപ്റ്റംബർ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകൻ രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും മോശമായത്.
അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യൻ സംഗീത ചലച്ചിത്ര സംഗീത രംഗത്ത് നിറഞ്ഞ നിന്ന എസ് പി ബാലസുബ്രഹ്മണ്യം നാൽപ്പതിനായിരം പാട്ടുകൾ പാടിയിട്ടുണ്ട്.
ഗായകൻ, സംഗീത സംവിധായകൻ, നടൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. ആറ് ദേശീയ പുരസ്കാരങ്ങൾ, ആന്ധ്രാപ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും, കലെെമാമണി, കർണ്ണാടക തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങൾ എന്നിവ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
Comments are closed.