മീശ നോവലില്‍ ഉള്ളത് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമെന്ന് സുപ്രീം കോടതി; നിരോധനത്തോട് എതിര്‍പ്പ് അറിയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
ദില്ലി: എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശയുടെ പ്രസിദ്ധീകരണവും വില്‍പ്പനയും നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. മീശ നോവലിലുള്ളത് രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണെന്നും വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ലെന്നും കോടതി നിരീക്ഷിച്ചു. പുസ്തകം നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അതേസമയം നോവലിന്റെ ആദ്യ മൂന്ന് അധ്യായങ്ങള്‍ പരിഭാഷപ്പെടുത്തി അഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുസ്തകത്തിന് എതിരായ പൊതുതാല്‍പര്യ ഹര്‍ജി അതിന് ശേഷം പരിഗണിക്കും. എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു.
എസ്. ഹരീഷിന്റെ മീശ നോവല്‍ മതവികാരം വ്രണപ്പെടുത്തുവെന്ന് ആരോപിച്ച് ദില്ലി മലയാളിയായ രാധാകൃഷ്ണന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്. നോവലിലെ ഭാഗങ്ങള്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്നും വില്‍പ്പന വിലക്കണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പുസ്തകം നിരോധിക്കണമെന്ന ആവശ്യം ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു. മൂന്ന് ഖണ്ഡികകള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയം കുത്തിനിറച്ചാണ് ഹര്‍ജിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം.
നോവലിലേത് രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണമാണെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും നിരീക്ഷിച്ചു. വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാകില്ല. ഐപിസി 221 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാനാകൂ. എന്നാല്‍ ഭാവനാപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് ബാധിക്കും. രണ്ടു ഖണ്ഡികകള്‍ ഉയര്‍ത്തിക്കാട്ടി പുസ്തകം തന്നെ ചവട്ടുകൊട്ടയിലേക്ക് എറിയാനാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് വിവാദമായ മൂന്ന് അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ അടുത്ത അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അതിന് ശേഷം ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കും.
Comments are closed.