റൂത്തിന്റെ ലോകം; ലാജോ ജോസിന്റെ സൈക്കോളജിക്കല്‍ ക്രൈംത്രില്ലര്‍
ലാജോ ജോസിന്റെ പുതിയ പുസ്തകവും പതിവ് തെറ്റിച്ചില്ല. ഇന്നലത്തെ ഉറക്കവും ഗോവിന്ദ..!!! ലാജോയുടെ ഓരോ ബുക്ക് വായിച്ച് തീരുമ്പോഴും നല്ലൊരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ കണ്ട അനുഭൂതിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചിരുത്തുക എന്നത് നിസ്സാരമായ ഒരു കഴിവല്ല. അതില്‍ ലാജോ എത്രമാത്രം മുന്നോട്ട് നീങ്ങി എന്നതിന് ഉത്തമ ഉദാഹരണമാണ് ‘റൂത്തിന്റെ ലോകം‘.
ഒരു ചെറിയ ലോകത്തിലാണ് കഥ നടക്കുന്നത്. റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയും അവളുടെ ഭര്‍ത്താവും വേലക്കാരിയും അടങ്ങുന്ന ലോകം. ഓര്‍മ്മയ്ക്കും മറവിക്കും ഇടയിലുള്ള ജീവിതത്തില്‍ അവള്‍ കാണുന്ന ഒരു വാര്‍ത്ത അവളുടെ അതുവരെയുള്ള ജീവിതത്തെ തകിടം മറയ്ക്കുന്നു. സത്യവും മിഥ്യയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തന്റെ ലോകത്തില്‍ നിന്നുകൊണ്ട് ആ സംഭവത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള റൂത്തിന്റെ യാത്രയാണ് നോവല്‍ പറയുന്നത്.
ട്വിസ്റ്റ് ഏറെക്കുറെ ഊഹിക്കാന്‍ സാധിക്കുമെങ്കിലും എന്ത് ? എങ്ങനെ ? എന്ന ചോദ്യങ്ങള്‍ നമ്മെ ഒരു പേജില്‍ നിന്ന് മറ്റൊരു പേജിലേക്ക് നിര്‍ത്താതെ ഓടിച്ചുകൊണ്ടേയിരിക്കും. എഴുത്തിന്റെ ശൈലിയും വളരെ ലളിതവും അതേസമയം വളരെ ചടുലവുമാണ്.
പള്‍പ് ഫിക്ഷന്‍ കാറ്റഗറിയില്‍ നമുക്ക് നഷ്ടമായത് ഓരോന്നായി ലാജോയിലൂടെ തിരിച്ചു ലഭിക്കുന്നു എന്ന് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ഇനി അടുത്ത പുസ്തകത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്.
ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുതിയ നോവലിന് സുദിന്‍ പി.കെ.എഴുതിയ വായനാനുഭവത്തില്‍നിന്ന്
Comments are closed.