DCBOOKS
Malayalam News Literature Website

മറവിയുടെ ലോകത്തുണ്ടായ ആ കൊലപാതകത്തിന്റെ രഹസ്യം തേടിയ റൂത്ത്

ശ്രീപാര്‍വ്വതി

റിട്രോഗ്രേഡ് അംനീഷ്യ എന്ന വാക്ക് മലയാളി കേട്ടത് ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തെ തുടര്‍ന്നാണ്. അങ്ങനെ റിട്രോഗ്രേഡ് അംനീഷ്യ എന്ന വാക്കിനെ തിരയുകയും അതിനെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴിതാ റിട്രോഗ്രേഡ് അംനീഷ്യ ഒരു നോവലായി മലയാളി വായനക്കാര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നു. ക്രൈം ത്രില്ലര്‍ ലോകത്തെ പ്രതിഭ ലാജോ ജോസിന്റെ പുതിയ സൈക്കോളജിക്കല്‍ ഫിക്ഷനാണ് റൂത്തിന്റെ ലോകം. നോവലിലെ നായികാ റൂത്ത് കഥയില്‍ ഉടനീളം അനുഭവിക്കുന്ന അസുഖത്തിന്റെ പേരാണ് റിട്രോഗ്രേഡ് അംനീഷ്യ.

റൂത്ത് റൊണാള്‍ഡ് എന്ന പെണ്‍കുട്ടി വര്‍ഷങ്ങളായി അസുഖബാധിതയാണ്. അവളുടെ ഭര്‍ത്താവ് റൊണാള്‍ഡ് തോമസ് ഒരു ഡോക്ടറും. ഒരു നിമിഷത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ വളരെ പെട്ടെന്നാണ് റൂത്തിനു ശാരീരികമായ അസ്വാസ്ഥ്യങ്ങളുണ്ടാവുക, പെട്ടെന്ന് തന്നെ അവളുടെ തലച്ചോറിനെ ഇരുട്ട് കാര്‍ന്നുതിന്നുകയും ഇതിനു മുന്‍പുണ്ടായിരുന്നത് മറ്റേതോ കാലത്തിലായിരുന്നു എന്നത് പോലെ അവളെ മറവി കീഴ്‌പ്പെടുത്തുകയും ചെയ്യും. അങ്ങനെയുള്ള റൂത്തിന്റെ മുന്നിലേക്കാണ് മൂന്ന് കള്ളന്മാരും കാണത്തക്കപ്പെടുന്ന ഒരുപറ്റം പെണ്‍കുട്ടികളും എത്തിപ്പെടുന്നത്. ആ പെണ്‍കുട്ടികള്‍ റൂത്തിന്റെ ജീവിതവുമായി എന്തെങ്കിലും ബന്ധം ഉള്ളവരാണോ? റൂത്തിന്റെ മറവികള്‍ക്ക് മുന്‍പ് അവള്‍ അവരുമായി പരിചിതരായിരുന്നുവോ? ഒന്നും റൂത്തിനറിയില്ല, പക്ഷെ പലപ്പോഴും ചിതറി കിടക്കുന്ന ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന് റൂത്ത് പൊട്ടിയ കുപ്പിവള പോലെ ആ മുഖങ്ങള്‍ ഓര്‍ത്തെടുക്കുന്നു. കരണമറിയാതെ അവള്‍ അസ്വസ്ഥപ്പെടുന്നു. ഈ കഥയില്‍ നിന്നും റൂത്ത് മുന്നോട്ടു സഞ്ചരിക്കുന്ന അനുഭവങ്ങളാണ് ലാജോ ജോസ് റൂത്തിന്റെ ലോകത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്.

എസ്തര്‍ ഇമ്മാനുവല്‍ എന്ന കേന്ദ്രകഥാപാത്രത്തെ രണ്ടു നോവലുകളിലായി അവതരിപ്പിച്ച് ജനസമ്മതി നേടിയെടുത്ത ക്രൈം നോവലിസ്റ്റാണ് ലാജോ ജോസ്. മലയാളത്തില്‍ ഒരുപക്ഷെ ഒരു എഴുത്തുകാരനും ധൈര്യം കാണിക്കാതിരുന്ന ഒരു സാഹിത്യ ശാഖയിലേക്കാണ് രണ്ടും കല്‍പ്പിച്ച് എസ്തര്‍ എന്ന പുതുമുഖ കഥാപാത്രത്തെക്കൊണ്ട് കോഫി ഹൗസ് എന്ന നോവലിലൂടെ എഴുത്തുകാരന്‍ വരുന്നത്. കോഫി ഹൗസ്, അതിനെ തുടര്‍ന്ന് എസ്തര്‍ തന്നെ നായികയായ ഹൈഡ്രാഞ്ചിയ എന്നീ നോവലുകള്‍ വായനക്കാര്‍ക്കിടയില്‍ സ്വീകരിക്കപ്പെടുകയും അതിനു പരക്കെ വായനയുണ്ടാവുകയും ചെയ്തു. ആദ്യം ചെയ്ത ക്രൈം ഫിക്ഷന്‍ എന്ന ലോകത്തില്‍ തന്നെയുള്ള സൈക്കോളജിക്കല്‍ ഫിക്ഷന്‍ എന്ന ഉപ വിഭാഗലോകത്തിലാണ് പുതിയ നോവലായ റൂത്തിന്റെ ലോകം ഇടം പിടിച്ചിരിക്കുന്നത്.

ആദ്യത്തെ രണ്ടു നോവലുകളില്‍ നിന്നും മൂന്നാമത്തെ നോവലിലേയ്ക്ക് വരുമ്പോള്‍ എഴുത്തുകാരന്‍ കൂടുതല്‍ കയ്യടക്കം നേടിയിട്ടുണ്ട്. വളരെ വേഗതയുള്ള ഭാഷയില്‍ അയത്‌നലളിതമായി മനസ്സിന്റെ വലിയൊരു നിഗൂഢതയെ റൂത്തിലൂടെ വിവരിച്ചിട്ടുണ്ട്. ഒരുപക്ഷെ സാധാരണ ഒരാള്‍ക്ക് റിട്രോഗ്രേഡ് അംനീഷ്യ എന്നുവച്ചാല്‍ എന്താണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയമാണെന്നിരിക്കെ റൂത്തിന്റെ അനുഭവങ്ങളിലൂടെ അതിനെ ലളിതമായി വ്യാഖ്യാനിക്കുന്നുണ്ട് നോവല്‍. അതുകൊണ്ട് തന്നെ മനസ്സിന്റെ ഉള്ളറകള്‍ വ്യക്തമായി ഇതില്‍ തുറക്കപ്പെടുന്നു. എന്തൊക്കെയാണ് അസുഖത്തില്‍ സംഭവിക്കപ്പെടുന്നതെന്ന് റൂത്തിന്റെ ഓരോ സമയത്തെയും അസ്വാസ്ഥ്യങ്ങളും മനോനിലകളും പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ എഴുത്തുകാരന്‍ നടത്തിയ ഗവേഷണങ്ങള്‍ പരാമര്‍ശിക്കാതെ പോകുന്നത് നീതികേടായിരിക്കും.

സാധാരണഗതിയില്‍ ചില ചിത്രങ്ങളുടെ റിലീസിങ്ങ് ഡേറ്റുകള്‍ തീരുമാനിച്ചാല്‍ അതിനായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. അവര്‍ അത് ചിലപ്പോള്‍ റിലീസിങ്ങ് ഡേറ്റിനു തന്നെ പോയി കാണുകയും ആസ്വദിക്കുകയും ചെയ്യും. അത്തരമൊരു കാത്തിരിപ്പ് മലയാള നോവലുകള്‍ക്ക് ഉണ്ടാവുക എന്നത് മലയാള സാഹിത്യത്തില്‍ മാറ്റത്തിന്റെ കാശ് വീശി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ്. കേരളത്തിന് പുറത്ത് ഇത്തരത്തില്‍ റിലീസിംഗും കാത്തിരിക്കുന്ന പുസ്തകങ്ങളും അവയുടെ ആഴമുള്ള വായനക്കാരും ഏറെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരു അന്താരാഷ്ട്രാ വായനാ സംസ്‌കാരത്തിലേക്ക് മലയാളിയും പതുക്കെയാണെങ്കിലും എത്തിപ്പെടുന്നു എന്നത് സുഖമുള്ളൊരു കാഴ്ച തന്നെയാണ്. അങ്ങനെ മലയാളി കാത്തിരുന്നൊരു പുസ്തകമാണ് റൂത്തിന്റെ ലോകം എന്ന സൈക്കോളജിക്കല്‍ ഫിക്ഷന്‍. ലാജോ ആദ്യത്തെ പുസ്തകങ്ങളിലൂടെ വായനക്കാര്‍ക്ക് കൊടുത്ത അനുഭവങ്ങളായിരുന്നു അതിനു കാരണം. അതില്‍ നിന്നൊക്കെ വ്യത്യസ്തമാണെങ്കിലും റൂത്തും വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുന്നു. പുസ്തകമിറങ്ങി നാലാം ദിവസത്തിനുള്ളില്‍ രണ്ടാം പതിപ്പ് വന്നത് തന്നെ അതിനുള്ള ഉദാഹരണമാണ്.

ത്രില്ലര്‍ നോവലുകളുടെ വസന്തകാലമാണ് മലയാളത്തില്‍ ഇനി. വായനക്കാരും പ്രസാധകരും അതിനായി ഒരുങ്ങിക്കഴിഞ്ഞു എന്നത് പുതിയൊരു കാലത്തിന്റെ തുടക്കം കുറിക്കുന്നതാകാം. ചര്‍ച്ചാവേദികളും വായനാ ഗ്രൂപ്പുകളും അതിനുള്ള ശ്രമങ്ങളില്‍ തന്നെയാണ്. ഓരോ കാലത്തും വായന അതിന്റെ പുതിയ വസ്ത്രത്തെ എടുത്തണിയാറുണ്ട്. വായനക്കാരന്റെ ആവശ്യമാണ് പ്രധാനവും. എലൈറ്റ് സാഹിത്യം എന്നതിന്റെ അര്‍ഥം കൃത്യമായി വിദേശങ്ങളിലുള്ള വായനക്കാര്‍ക്ക് അറിയാമെങ്കിലും മലയാളം വായനക്കാര്‍ അതിനെ കുറിച്ച് അത്ര ആഴത്തില്‍ പരിശോധിക്കുന്നതേയില്ല. അതുകൊണ്ട് തന്നെ ത്രില്ലെര്‍ സാഹിത്യ രൂപങ്ങളും അവയുടെ ഉപ വിഭാഗങ്ങളും എന്നും അവഗണിക്കപ്പെട്ടിരുന്നൊരു കാലമുണ്ടായിരുന്നു മലയാളത്തിന്. ആ ഇടാതെയാണ് ലാജോ ഉള്‍പ്പെടെയുള്ള നവാഗതരെ തിരികെ നേടാന്‍ ശ്രമിക്കുന്നത്. അണിയറയില്‍ കൂടുതല്‍ ത്രില്ലറുകള്‍ വായനക്കാരെ ഭ്രമിപ്പിക്കാനും പരിഭ്രമിപ്പിക്കാനും ഒരുങ്ങുന്നുണ്ട് എന്നത് ആവേശപൂര്‍വ്വം സ്വീകരിക്കുകയാണ് വലിയൊരു സമൂഹം. റൂത്തിന്റെ വായനയും ആ വിപ്ലവത്തില്‍ പങ്കെടുക്കുന്നു. ക്രൈം ത്രില്ലറുകളുടെ ലോകത്തിലെ ഉപവിഭാഗമായ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ അഞ്ചു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് റൂത്തിന്റെ ലോകം പുറത്തിറങ്ങുന്നത്. മലയാളത്തിലെ മുന്‍നിര പ്രസാധകര്‍ തന്നെ അതിനായി രംഗത്തിറങ്ങിയതും റൂത്തിനു ജനസമ്മതി നേടിക്കൊടുത്തു. അതിതീവ്രമായ മനസ്സിന്റെ നിഗൂഢലോകം അനാവരണം ചെയ്യപ്പെട്ട ഈ നോവല്‍ അതിലൂടെ ഒരു കുറ്റകൃത്യത്തിന്റെയും കഥ പറയുന്നു. കയ്യടക്കത്തോടെയും ഭാഷാശുദ്ധിയോടെയും ലാജോ ഇത് വായനക്കാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Comments are closed.