സത്യത്തിന്റെയും മിഥ്യയുടെയുമിടയില്‍ പൊരുതുന്ന റൂത്തിന്റെ കഥ
ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോക’ത്തിന് സ്മിത ചെന്താമരാക്ഷന്‍ എഴുതിയ വായനാനുഭവം
ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം ‘ വായനക്കാരനെ പിടിച്ചിരുത്താന്‍ സാധിക്കുന്ന തരത്തില്‍ ലളിതമായ ഭാഷയില്‍ എഴുതിയ ക്രൈം ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്നൊരു സൈക്കോളജിക്കല്‍ ത്രില്ലെര്‍ നോവലാണ്. റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ച റൂത്ത് എന്ന സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരൂഹ സാഹചര്യങ്ങളാണ് നോവലിന്റെ പ്രമേയം. പക്ഷേ ആ അവസ്ഥ നിത്യജീവിതത്തില്‍ വരുത്തുന്ന ഇമ്പാക്റ്റ് ഈ പുസ്തകം ശരിക്കും മനസിലാക്കിത്തന്നു.
തലച്ചോറില്‍ സങ്കീര്‍ണ്ണമായ അവസ്ഥ കാരണം സത്യവും മിഥ്യയും കൂടി കെട്ടുപിണഞ്ഞ് റൂത്ത് തന്റേതായ ഒരു ലോകം അവള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്നു. ഒരു ദിവസത്തെ കാര്യം അടുത്ത ദിവസം ഓര്‍ത്തെടുക്കാന്‍ കഴിയാത്ത റൂത്ത്, തന്റെ പേരും മറ്റു വിവരങ്ങളും പ്രധാന സംഭവങ്ങളും ഡയറിയില്‍ എഴുതി വെച്ചും തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തും സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. സത്യത്തിന്റെ മിഥ്യയുടെയുമിടയില്‍ പൊരുതുകയാണ് റൂത്ത്. ഏതെങ്കിലും ഒരു സംഭവത്തെ പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഈ രോഗാവസ്ഥ എന്ന് മനസിലാക്കിയിരുന്നു.
കഥാപാത്രങ്ങളുടെ തോന്നലുകളിലൂടെ, ഭ്രമകല്പനകളിലൂടെ കഥ പറയുന്ന സൈക്കോളജിക്കല്‍ ത്രില്ലറാണ് റൂത്തിന്റെ ലോകം. കുഞ്ഞിനെപ്പോലെ അവളെ പരിചരിക്കുന്ന ഭര്‍ത്താവായ റൊണാള്‍ഡ് , അവളുടെ ഭാവനാസൃഷ്ടിയായ രണ്ടു മക്കള്‍, ഡ്രൈവര്‍ ഭാസ്‌കരന്‍ ചേട്ടന്‍, അയാളുടെ മകളും റൂത്തിന്റെ സഹായിയുമായ അശ്വനി, ഇത്രയുമാണ് റൂത്തിന്റെ ലോകം..
ആകസ്മികമായി കാണുന്ന ഛായ ഹെഗ്‌ഡെ എന്ന ടീനേജുകാരിയുടെ മിസ്സിംഗ് വാര്‍ത്ത അവളുടെ ഓര്‍മ്മകളില്‍ ഉണര്‍ത്തുന്ന സ്പാര്‍ക്കുകള്‍ കഥ മുന്‍പോട്ടു കൊണ്ടുപോകുന്നു. പോകെപ്പോകെ നന്മയുടെ മുഖംമൂടി അണിഞ്ഞിരുന്നവരുടെ യഥാര്‍ത്ഥമുഖം അനാവൃതമാകുന്നത് കഥ മുന്നോട്ട് പോകും തോറും അമ്പരപ്പ് സമ്മാനിക്കും.
മലയാളത്തില്‍ ഇത് പോലൊരു സൈക്കോളജിക്കല്‍ ത്രില്ലെര്‍ ഒട്ടും വിരസത കൂടാതെ വായനക്കാരെ ആകാംക്ഷയുടെ മുനമ്പില്‍ കൊണ്ട് നിര്‍ത്താന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. മറ്റൊരു ആകര്‍ഷണം നോവലിന്റെ ഉപശീര്‍ഷകങ്ങള്‍ തന്നെയാണ്. അത്യന്തം സങ്കീര്‍ണമായ വിഷയത്തെ ഏറ്റവും മികച്ച രീതിയില്‍ കഥാരൂപത്തില്‍ കഥാകാരന്‍ എഴുതി തീര്‍ത്തു. ഏറെക്കുറെ പ്രവചിക്കാവുന്ന തരത്തിലാണ് നോവലിന്റെ അവസാന ഭാഗങ്ങള്‍, ട്വിസ്റ്റ് ഏറെക്കുറെ ഊഹിക്കാന്‍ സാധിച്ചിരുന്നെങ്കിലും അവസാനം വരെ പിടിച്ചിരുത്താന്‍ പോന്ന ആഖ്യാനശൈലി കൊണ്ട് ഒട്ടും ബോറടിക്കാതെ വായിക്കാന്‍ കഴിഞ്ഞു.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യുക