DCBOOKS
Malayalam News Literature Website

റൂത്ത്, ഇത് നിന്റെ ഉത്പത്തിയാകുന്നു… ഇപ്പോൾതന്നെ ഇത് തുറക്കുക!

ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ എന്ന നോവലില്‍ നിന്നും ഒരു ഭാഗം വായിക്കാം

ത്രയും സ്നേഹം ലഭിക്കാൻ ഞാനെന്താണു ചെയ്‌തിട്ടുള്ളത്? ഈ സ്നേഹത്തിന് ഞാൻ അർഹയാണോ? ഇച്ചായന്റെ കാർ ഗേറ്റുകടന്ന് പോകുന്നതും നോക്കിനിന്നപ്പോൾ എന്റെ മനസ്സിൽ ഈ ചോദ്യം ഉയർന്നു. സ്നേഹം, കടമ എന്നൊക്കെപ്പറയുന്നത് ഒരു ഇരുവഴി പാതയാണ്. അങ്ങോട്ടെന്നപോലെ യാത്രകൾ ഇങ്ങോട്ടും വേണം. എന്നാലേ പൂർണ്ണമാകൂ. അതാണ് എന്റെ ഏറ്റവും വലിയ സങ്കടവും.

റോണിച്ചായന് എന്തു സ്നേഹമാണ് എന്നോട്! അതേ അളവിൽ, അതേ വൈകാരികതയോടെ ഞാൻ റോണിച്ചായനെ സ്നേഹിക്കുന്നുണ്ടോ എന്നെനിക്കു സംശയമാണ്. എത്ര സ്നേഹിച്ചാലും മതിവരാത്തതുപോലെ! കൊച്ചുകുട്ടികളെ നോക്കുന്നതുപോലെയാണ് റോണിച്ചായൻ എന്നെ നോക്കുന്നതെന്നും പറഞ്ഞ് അശ്വിനി അല്‌പംമുൻപ് എന്നെ കളിയാക്കിയതേയുള്ളൂ. അവളുടെ ഒരു കാര്യം! കേട്ടപ്പോൾ എനിക്കു നാണംവന്നു.

പിള്ളേരെ രണ്ടെണ്ണത്തിനെയും സ്‌കൂൾബസ്സിൽ കയറ്റി വിട്ടുകഴിഞ്ഞ് ഇച്ചായനോടൊപ്പമിരുന്ന് ബ്രേക്‌ഫാസ്റ്റ് വിളമ്പി ക്കൊടുത്ത്, ഇങ്ങനെ ഗേറ്റിങ്കൽനിന്ന് യാത്രയാക്കുന്നത് എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള കാര്യമാണ്.

ഞാൻ കറുത്ത ഗേറ്റ് അടച്ച് കുറ്റിയിട്ടു. ബംഗളൂരുവിലെ പ്രഭാതത്തിന് വാഹനങ്ങളുടെ പുകയുടെ ഗന്ധമാണ്. പിന്നെ ഉണങ്ങിയ മണ്ണിന്റെയും പൊടിയുടെയും. അതൊക്കെ വീട്ടിനുള്ളിലേക്കു കടന്നുവരാതിരിക്കാൻ മുറ്റത്തെ ചെടികൾ പരിശ്രമിക്കുന്നുണ്ട്. എന്റെ നോട്ടം മതിലിനരികിൽ Textനിൽക്കുന്ന വെള്ള ബൊഗേൻവില്ലയിലേക്കു നീണ്ടു. അത് വഴിയിലേക്കു കുറെക്കൂടി ചാഞ്ഞുകിടക്കുന്നു. അശ്വിനിയോട് ഇന്നുതന്നെ അതൊന്നു വലിച്ചുകെട്ടാൻ പറയണം.

വീട്ടിലേക്കു നടക്കുമ്പോഴാണ് എന്റെ മനസ്സിൽ ആ ചിന്ത കയറി വന്നത്, പിള്ളേരെവിടെ? അവരെ ബസ് കയറ്റി വിട്ടിരുന്നോ? വിട്ടില്ലേ? എനിക്ക് ആവലാതിയായി.

ഞാൻ വേഗം വീടിനകത്തേക്കു കയറി ചുറ്റും നോക്കി. ടി.വി. ഓഫാണ്. അപ്പോൾ പിള്ളേര് ഈ മുറിയിൽ ഇല്ല. പിന്നെ എവിടെ കാണും? അവരുടെ മുറിയിലാണോ? ഞാൻ പിള്ളേരുടെ മുറിയിലേക്കു പോകാനായി ഊണുമേശയുടെ അരികിലുള്ള സ്റ്റെയർകേസ് കയറി മുകൾനിലയിലെ ഹാളിലെത്തി. ഇവിടെനിന്നു നോക്കുമ്പോഴേ പിള്ളേരുടെ മുറി കാണാം. വാതിൽ തുറന്നുകിടപ്പുണ്ട്. അവരെ വിളിക്കാനായി ഞാൻ രാവിലെ വന്ന് തുറന്നിട്ടതാണോ?

ഞാൻ പെട്ടെന്നുതന്നെ അങ്ങോട്ടേക്കു നടന്നു. Ryan & Emma’s Room എന്ന് എഴുതിയൊട്ടിച്ച വാതിൽ കടന്ന് ആ മുറിയിലേക്കു കയറി. എമ്മയ്ക്ക് ഇഷ്‌ടമുള്ള മിക്കിമൗസ് പുതപ്പ് അവളുടെ കട്ടിലിൽ ചുരുണ്ടു കിടപ്പുണ്ട്. എതിർവശത്ത് റയാൻ കട്ടിലിൽ സ്പൈഡർമാന്റെ പുതപ്പ് അതിനെക്കാളും ചുരുണ്ടുകിടപ്പുണ്ട്; ഇരുവരുടെയും മേശകളിൽ പുസ്‌തകങ്ങളോ, നോട്ടുബുക്കുകളോ ഇല്ല; മേശയ്ക്കരികിൽ നിലത്ത് സ്‌കൂൾബാഗുകളുമില്ല. അപ്പോൾ അവർ സ്‌കൂളിൽ പോയിട്ടുണ്ടാകും.

അസ്വസ്ഥമായ മനസ്സോടെ ഞാൻ താഴേക്കിറങ്ങി. അശ്വിനി അടുക്കളയിൽ കുക്കിങ്‌റേഞ്ചിന് അരികിലായിനിന്ന് പച്ചക്കറി അരിയുന്നുണ്ട്. ഞാൻ അവളുടെ അടുത്തേക്കു നീങ്ങി. സംശയമുള്ള സന്ദർഭങ്ങളിൽ എന്റെ രണ്ടാമത്തെ വാതിലാണ് ഇവൾ. ഇവളെ കെട്ടിച്ചയച്ചാൽ പിന്നെ ഇവളെപ്പോലെ ഒരാളെ സഹായത്തിനു കിട്ടുന്നത് എളുപ്പമല്ല എന്നെനിക്കറിയാം. പത്താംക്ലാസ് തോറ്റപ്പോൾ ഭാസ്‌കരൻചേട്ടൻ ഇവിടെക്കൊണ്ടാക്കിയതാണ്. ഇപ്പോൾ വർഷം പത്തു കഴിഞ്ഞിരിക്കുന്നു.

ഞാൻ വരുന്നത് അവൾ അറിഞ്ഞു, മുഖമുയർത്തി മനോഹരമായി പുഞ്ചിരിച്ചു.

”പിള്ളേര് പോയോ?” മടിച്ചുമടിച്ച് ഞാൻ അവളോടു ചോദിച്ചു. ഞാനിക്കാര്യം ഇന്ന് എത്രാമത്തെ തവണയാണ് ചോദിക്കുന്നതെന്ന് ഇവൾക്കുമാത്രമേ അറിയൂ. നൂറാമത്തെ തവണയാണെങ്കിൽപോലും ചിരിയോടെയല്ലാതെ അശ്വിനിയുടെ മുഖം എന്റെ മനസ്സിലെങ്ങുമില്ല.

”പോയി ചേച്ചി.” അവൾ ഒരു കാരറ്റ് കയ്യിലെടുത്തു. അതു സമാധാനമായി. പിള്ളേരപ്പോൾ സ്‌കൂളിൽപ്പോയി. ബസ് കയറ്റിവിട്ടത് ഞാനോ, അശ്വിനിയോ”?

ഉത്തരം തേടാനായി ഞാനാ ചോദ്യം മനസ്സിന്റെ ഇരുണ്ട വിഹായസ്സിലേക്കു തുറന്നുവിട്ടതിനുശേഷം അടുക്കളയിൽ നിന്നും ഇറങ്ങി എന്റെ
മുറിയിലേക്കു നടന്നു. താഴെയുള്ള രണ്ട് ബെഡ്റൂമുകളിൽ ഒരെണ്ണം എന്റെ ലോകമാണ്. മറ്റേത് അശ്വിനിയുടേതും.

Ruth’s Dungeon എന്നെഴുതിയ വാതിൽ തുറന്ന് ഞാൻ അകത്തു കയറി. വായിച്ചത്, വായിക്കാത്തത്; എന്നിങ്ങനെ നെറ്റിപ്പട്ടം ചാർത്തിയ, അഞ്ചു തട്ടുകൾ വീതമുള്ള രണ്ട് ബുക്ഷെൽഫുകളാണ് എന്റെ മുറിയുടെ ഏറ്റവും വലിയ ആകർഷണം. മറ്റൊന്ന്, മുറിയുടെ ഇടതുവശത്തായി ഈസലിൽ തറച്ചുവച്ചിരിക്കുന്ന കാൻവാസാണ്. അതിൽ വരച്ചുതുടങ്ങിയ ചിത്രം.

ഞാൻ വായിക്കുന്ന ഏതോ പുസ്‌തകമാണെന്നു തോന്നുന്നു. ഒരെണ്ണം മഞ്ഞയിൽ പച്ച വരകളുള്ള കർട്ടൻ വിരിച്ച ജനാല യ്ക്കൽ എന്നെയും കാത്തിരിപ്പുണ്ട്. ഞാനതു പോയി എടുത്തു. Gone Girl by Gillian Flynn. അകത്തെ കവർപേജിൽ പല തീയതികളുടെയും നേരേ Read എന്നെഴുതിയിട്ടുണ്ട്. എന്റെ കയ്യക്ഷരം!? എണ്ണിനോക്കിയാൽ 2013 തൊട്ട് ഇന്നേവരെ 31 തവണ വായിച്ചിരിക്കുന്നു. പേജ് 281-ലാണ് ബുക്‌മാർക് വച്ചിരിക്കുന്നത്. എന്തുകൊണ്ട് ഞാനീ പുസ്‌തകം ഇത്രയേറെ ത്തവണ വായിക്കുന്നു?

ഞാനത് തിരികെ ജനാലപ്പടിയിൽവച്ച് ചൂരൽ ചാരുക സേരയും കടന്ന് മേശയ്ക്കരികിലേക്കു നടന്നു. അവിടെയാണ് എന്റെ ഡയറി: ‘തായ്‌വേര്’ എന്ന് നാമകരണംചെയ്തിരിക്കുന്ന ഡയറിയുടെയുള്ളിൽ എന്റെ കൈപ്പടയിൽ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു:

റൂത്ത്, ഇത് നിന്റെ ഉത്പത്തിയാകുന്നു. ഇപ്പോൾതന്നെ ഇത് തുറക്കുക! വായിച്ചശേഷം ഇവിടെത്തന്നെ വച്ചേക്കുക!

ഇന്നത്തെ വായനയ്ക്കായി ഞാനതു തുറന്നു. അതിന്റെ ആദ്യ താളിൽ ഇങ്ങനെ എഴുതിയിരുന്നു:

 

Leave A Reply