റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാര്‍ഡ് കിപ്ലിംഗ്. കുട്ടികളുടെ പ്രിയപ്പെട്ട കൃതിയായ ജംഗിള്‍ ബുക്കിന്റെ സ്രഷ്ടാവാണ് അദ്ദേഹം. നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.
1865 ഡിസംബര്‍ 30-ന് ബ്രിട്ടീഷ് ദമ്പതികളുടെ മകനായി മുംബൈയിലായിരുന്നു റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ജനനം. ആറാമത്തെ വയസ്സില്‍ സഹോദരിക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. അവിടത്തെ വിദ്യാഭ്യാസത്തിനുശേഷം 17-ാം വയസ്സില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി, ലാഹോറില്‍ സിവില്‍ ആന്‍ഡ് മിലിട്ടറി ഗസറ്റിന്റെ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. അലഹാബാദില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പയനിയര്‍ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായും കുറേക്കാലം സേവനമനുഷ്ഠിച്ചു. അക്കാലത്ത് ഒരു ആംഗ്ലോ ഇന്ത്യന്‍ പത്രത്തിനുവേണ്ടി ചെറുകവിതകളും കഥകളും എഴുതി. 1887-89 കാലഘട്ടത്തില്‍ എഴുപതോളം കഥകള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. 1890 മുതല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് റുഡ്യാര്‍ഡ് കിപ്ലിംഗ്. 1907-ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ഇന്നും സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങളില്‍ ബ്രിട്ടീഷ് കവിതാ പുരസ്‌കാരവും സര്‍ പട്ടവും ഉള്‍പ്പെടുന്നു. സര്‍ പദവി ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. 1936 ജനുവരി 18ന് റുഡ്യാര്‍ഡ് കിപ്ലിംഗ്അന്തരിച്ചു.
Comments are closed.