DCBOOKS
Malayalam News Literature Website

‘ദി ആക്‌സിഡെന്റല്‍ പ്രൈംമിനിസ്റ്റര്‍’ ചര്‍ച്ചാവിഷയമാകുന്നു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ബി.ജെ.പിയും കോണ്‍ഗ്രസും വാക്‌പോര് ആരംഭിച്ചുകഴിഞ്ഞു.

ഗാന്ധി കുടുംബത്തിന്റെ ദുര്‍ഭരണം കാണൂ എന്ന തലക്കെട്ടോടെയാണ് ട്രെയിലര്‍ ബി.ജെ.പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ബി.ജെ.പി സര്‍ക്കാര്‍ ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ പ്രതികരിച്ചു. എന്നാല്‍ ഐ.ഐ.സി.സി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാപന ദിനാഘോഷ ചടങ്ങിനെത്തിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിമര്‍ശനങ്ങളോട് പ്രതികരിച്ചില്ല.

അതേസമയം ചിത്രത്തിന്റെ റിലീസ് പാര്‍ട്ടി തടയുമെന്ന അഭ്യൂഹം വ്യാജമാണെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി. മധ്യപ്രദേശ് സര്‍ക്കാര്‍ ചിത്രം വിലക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചര്‍ച്ച ചെയ്യാന്‍ പോലും യോഗ്യതയില്ലാത്ത ചിത്രത്തിന് അനാവശ്യ പ്രാധാന്യം നല്‍കാന്‍ താത്പര്യമില്ലെന്നും സംസ്ഥാനത്തെ പാര്‍ട്ടി വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. ചിത്രം തങ്ങളെ മുന്‍കൂട്ടി കാണിക്കാതെ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് തള്ളിയാണ് വിലക്ക് ആവശ്യപ്പെടേണ്ടെന്ന പാര്‍ട്ടി തീരുമാനം.

2014-ല്‍ പുറത്തിറങ്ങിയ സഞ്ജയ് ബാരുവിന്റെ കൃതിയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. വിജയ് ഗുട്ടയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രധാനമന്ത്രി പദം വഹിച്ച മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആ സമയത്തെ രാഷ്ട്രീയ നയസമീപനങ്ങളെപ്പറ്റിയും സിനിമ ചര്‍ച്ച ചെയ്യുന്നു.

നടന്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിങ്ങായി വേഷമിടുന്നത്. അക്ഷയ് ഖന്ന സഞ്ജയ് ബാരുവായും ജര്‍മ്മന്‍ നടി സൂസന്‍ ബെര്‍നേര്‍ട്ട് സോണിയ ഗാന്ധിയായും അഹാന കുമാര പ്രിയങ്ക ഗാന്ധിയായും അര്‍ജ്ജുന്‍ മാഥുര്‍ രാഹുല്‍ ഗാന്ധിയായും എത്തുന്നു. ജനുവരി 11-നാണ് ചിത്രത്തിന്റെ റിലീസ്.

Comments are closed.