റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണിന്റെ ജന്മവാര്‍ഷികദിനം
പ്രശസ്ത സ്‌കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നവകാല്പനികതയുടെ ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആര്‍.എല്‍.സ്റ്റീവന്‍സണ്‍ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍.
ജോര്‍ജ്ജ് ലൂയിസ് ബോര്‍ഹസ്, ഏണസ്റ്റ് ഹെമിങ്‌വേ, റുഡ്യാര്‍ഡ് കിപ്ലിങ്ങ്, വ്‌ലാഡിമിര്‍ നബക്കോവ് തുടങ്ങിയ പല എഴുത്തുകാരുടെയും ആരാധനാപാത്രമായിരുന്നു റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍. മിക്ക ആധുനിക സാഹിത്യകാരന്മാരും ആര്‍.എല്‍. സ്റ്റീവന്‍സണെ അപ്രധാനം എന്നു കരുതി. എന്നാല്‍ അദ്ദേഹത്തിന്റെ ജനപ്രിയത അന്നുവരെയുള്ള സാഹിത്യത്തിന്റെ ഇടുങ്ങിയ നിര്‍വ്വചനങ്ങളില്‍ ഒതുങ്ങി നിന്നില്ല. അടുത്ത കാലത്താണ് വിമര്‍ശകര്‍ സ്റ്റീവന്‍സണിന്റെ ജനപ്രിയതയ്ക്ക് ഉള്ളിലെ അക്ഷരങ്ങളെ തിരഞ്ഞ് അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യ ശൃംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത്.
കുട്ടികളുടെ പ്രിയ എഴുത്തുകാരനായ റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍ 1850 നവംബര്‍ 13ന് എഡിന്‍ബറോയിലാണ് ജനിച്ചത്. ഒരു എഞ്ചിനീയര്‍ കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന് മതിയായ ആരോഗ്യം ഇല്ലായ്മ മൂലം എഞ്ചിനീയറാകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഉദ്വേഗജനകമായ കഥകള്‍ മെനയുന്നതില്‍ മനസ്സ് സദാ വ്യാപൃതമായിരുന്നു. പായ്ക്കപ്പലുകളിലും പത്തേമാരികളിലും കയറി അസാധാരണമായ സ്ഥലങ്ങളിലേക്ക് കണ്ടുപിടിത്തങ്ങള്‍ ലക്ഷ്യമാക്കിയുള്ള ധീര സാഹസിക കഥകള്‍ ചമയ്കൂന്നതില്‍ പ്രഗല്ഭനായിരുന്നു. തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനെ രസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു തുടങ്ങിയ കഥയാണ് ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരമായ ‘ട്രഷര്‍ ഐലന്‍ഡ്’ എന്ന കഥാ പുസ്തകമായി പരിണമിച്ചത്. കിഡ്‌നാപ്ഡ്, ബ്ലാക്ക് ആരോ തുടങ്ങിയ അദ്ദേഹത്തിന്റെ ബാല സാഹിത്യ കൃതികളും പ്രസിദ്ധമാണ്.
1886ല്‍ എഴുതിയ ‘ഡോക്ടര്‍ ജെക്കിളിന്റേയും മിസ്റ്റര്‍ ഹൈഡിന്റേയും വിചിത്രമായ കഥ’ എന്ന ലഘുനോവല്‍ സ്റ്റീവന്‍സന്റെ വിപുലമായ പ്രശസ്തിയുടെ മുഖ്യ ആധാരങ്ങളില്‍ ഒന്നാണ്. സാഹിത്യത്തില്‍ വിഭക്ത സ്വഭാവത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രീകരണമാണ് അതെന്ന് പറയാം. 1894 ഡിസംബര്‍ മൂന്നിന് അദ്ദേഹം അന്തരിച്ചു.
Comments are closed.