കൊച്ചുകുട്ടികള്‍ പോലും അറിഞ്ഞിരിക്കേണ്ടതായ പരസ്സഹസ്രം തത്ത്വങ്ങള്‍ വേദങ്ങളില്‍ സുലഭമാണ്:കെ. എന്‍. എം. ദിവാകരന്‍ നമ്പൂതിരി
കെ. എന്‍. എം. ദിവാകരന്‍ നമ്പൂതിരി
‘സ്വാതന്ത്ര്യം യ ഉദാവഹന്മഹീതധീഃ
പാതഞ്ജലപ്രക്രമേ
നൈപുണ്യം സമബീഭരത് കണഭുജാം
വ്യാസസ്യചോദീരിതേ
അയ്യാശാസ്ത്രിമഹോദയം സഹൃദയം
പൌരാണികാഗ്ര്യഞ്ചതം
വന്ദേ ശാന്തതനും ശ്രുതിസ്മൃതിധരം
ധര്‌മൈകചാരം ഗുരും’
ഋഗ്വേദഭാഷാഭാഷ്യംപോലെ മഹത്തായ ഒരു ഗ്രന്ഥത്തിന് അവതാരിക എഴുതാന്‍ ഉള്ള കഴിവ് എനിക്കുണ്ടോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് ഭാഷാഭാഷ്യത്തിന്റെ ഏഴാം വാള്യത്തിന് അവതാരിക എഴുതാന്‍ ബഹുമാനപ്പെട്ട ഒ.എം.സി. നാരായണന്‍നമ്പൂതിരിപ്പാടവര്‍കള്‍ എന്നോടാവശ്യപ്പെട്ടപ്പോള്‍ അതെന്നേക്കൊണ്ട് സാധിക്കുമോ എന്നൊരു ഭയം എന്നെ അലട്ടാതിരുന്നില്ല. ഭാഷാഭാഷ്യത്തിന് ഇതുവരെയുള്ള അവതാരികകളെല്ലാം എഴുതിയിരിക്കുന്നത് ഭാരതത്തില്‍ ആകമാനം പ്രസിദ്ധി യുള്ളവരും പ്രഗത്ഭമതികളും പണ്ഡിതന്മാരുമായ സാഹിത്യകാരന്മാരാണ്. അങ്ങനെയുള്ളവരുടെ ഇടയിലേക്ക് എന്നെക്കൂടി കൊണ്ടുവന്നതിന് ശ്രീ ഒ.എം.സി. ക്ക് എന്റെ അഭിനന്ദനങ്ങള്‍.
ഭാഷാഭാഷ്യത്തിന്റെ ഒന്നാം വാള്യത്തിന് അവതാരിക എഴുതിയത് ഡോക്ടര്‍ കുഞ്ചുണ്ണി രാജായാണ്. രണ്ടാം വാള്യത്തിന്റെ അവതാരകനാകട്ടെ ശ്രീ. എന്‍. വി. കൃഷ്ണവാരിയരുമാണ്. ഇവര്‍ രണ്ടുപേരും ഭാരതത്തിലെ സമുന്നതസാഹിത്യകാരന്മാരും ശാസ്ത്രജ്ഞരുമാണ്. വിലപ്പെട്ട മന്ത്രങ്ങളുടെ കലവറയാണ് ഋഗ്വേദം. എന്നാല്‍ അതിലുമുപരിയായി സമുന്നതമായ ഒരു സാഹിത്യകൃതിയാണത് എന്നാണവരുടെ പൊതുവായ അഭിപ്രായം. ഇന്നത്തെ സാമാന്യജനങ്ങള്‍ക്ക് വിശാലമായ അര്‍ത്ഥം ഗ്രഹിക്കാന്‍ വേണ്ടിയാണ് ഋഗ്വേദത്തെ സാഹിത്യഗ്രന്ഥമെന്ന പേരില്‍ അവര്‍ അവതാരിക യില്‍ എഴുതിയതെന്നു കരുതുന്നു.
ശ്രദ്ധേയമായ മറ്റൊരവതാരിക ഭാഷാഭാഷ്യത്തിന്റെ 4-ാം വാള്യത്തിലുണ്ട്. പണ്ഡിതശ്രേഷ്ഠനും ഭക്തോത്തംസനും ഭാഗവതമാകുന്ന സമുദ്രത്തിന്റെ മറുകര കണ്ടവനുമായ ശ്രീ. വൈശ്രവണത്ത് രാമന്‍ നമ്പൂതിരിയാണതിന്റെ കര്‍ത്താവ് എന്നതുകൊണ്ടുതന്നെ ആ അവതാരികയുടെ ആഴവുംപരപ്പും നമ്മള്‍ക്കൂഹിക്കാവുന്നതേയുള്ളൂ. ശ്രീധരീയത്തിന്റെ ചുവടുപിടിച്ച് അതിന്റെ സാരം കിടുകിട തെറ്റാതെ ഭാഗവതം മുഴുവനും മലയാളത്തില്‍ വ്യാഖ്യാനിച്ച് ഭാഗവതവുമായി ബന്ധപ്പെട്ട സര്‍വ്വര്‍ക്കുംപ്രാതഃസ്മരണീയനായിത്തീര്‍ന്ന അദ്ദേഹം, സ്വന്തം ഭാഗവതവ്യാഖ്യാനത്തില്‍ വേദത്തെക്കുറിച്ചെഴുതിയ ഭാഗം തന്നെ നേരേ പകര്‍ത്തിയിരിക്കുകയാണ്. ഇത് വേദഭക്തന്മാര്‍ക്ക് ഋഗ്വേദത്തെക്കുറിച്ച് ഭക്തി ജനിപ്പിപ്പാന്‍ വളരെ സഹായകമാവും.
ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് തികഞ്ഞ സാഹിത്യകാരനും നേതാവുമാണ്. നേതാക്കന്മാര്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവ രാണല്ലോ. ജാതിമതഭേദം കൂടാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന ‘സംസമിത്…’ എന്ന മന്ത്രം ഋഗ്വേദത്തില്‍ നിന്നെടുത്തു കാണിച്ച് കൃതാര്‍ത്ഥ നാകുന്നു അദ്ദേഹം. ശ്രീ. സുകുമാര്‍ അഴീക്കോട് 5-ാം വാള്യത്തിന്റെ അവതാരകനാണ്.
ഭാഷാഭാഷ്യത്തിന്റെ 6-ാം വാള്യത്തിന് സുപ്രസിദ്ധ മഹാകവി അക്കിത്തമാണ് അവതാരിക എഴുതിയിരിക്കുന്നത്. തന്റെ അവതാരികയില്‍ അദ്ദേഹം വി.ടി. യെക്കൂടി ഋഗ്വേദസംസ്‌കാരത്തിലേക്ക് കൊണ്ടുവരാന്‍ പണിപ്പെട്ട് ശ്രമിച്ചിട്ടുണ്ട്.
ഭാഷാഭാഷ്യത്തിന്റെ മഹത്വം
വേദങ്ങള്‍ക്ക് ഇന്നേവരെ നിരവധി ഭാഷ്യങ്ങളുണ്ടായിട്ടുണ്ട്. സാധാ രണ മനുഷ്യരുടെ പ്രവൃത്തികളോടങ്ങേയറ്റം ബന്ധിച്ചുംകൊണ്ടര്‍ത്ഥം വിവരിക്കുന്നു സായണന്‍. അതുതന്നെയാണ് സായണഭാഷ്യത്തിന് മറ്റു ഭാഷ്യങ്ങളെക്കാള്‍ ഉത്ക്കര്‍ഷത്തിനുകാരണം. അപ്രകാരമുള്ള സായണ ഭാഷ്യത്തിനെ അനുസരിക്കുകയാണ് ശ്രീ. ഒ. എം. സി. ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ഭാഷാഭാഷ്യത്തിനു യാതൊരുവിധ ന്യൂനതയുമില്ലെന്ന് നമ്മള്‍ക്ക് ഉറപ്പിച്ചു പറയുവാന്‍ കഴിയും. 3-ാം വാള്യ ത്തിന് അവതാരിക എഴുതിയ ഡോക്ടര്‍ സി. ആര്‍. സ്വാമിനാഥന്റെ അഭിപ്രായവും മറ്റൊന്നല്ല. അദ്ദേഹത്തിന്റെ ആശയം എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയതുകൊണ്ട് താഴെ ചേര്‍ക്കാം.
”എല്ലാവേദഭാഷ്യങ്ങളിലുംവെച്ച് സായണാചാര്യന്റെ ഭാഷ്യത്തിനാണ് സാധാരണ മനുഷ്യനോടും അവനാല്‍ ചെയ്യപ്പെടേണ്ട നിത്യനൈമിത്തികകര്‍മ്മങ്ങളോടും അവന്റെ ഐഹികങ്ങളും ആമുഷ്മികങ്ങളുമായ കാമനകളോടും ഏറ്റവും അടുപ്പമുള്ളത്. അതുകൊണ്ടാണ് അതിന് മറ്റു ഭാഷ്യങ്ങളെക്കാള്‍ പ്രചാരവും പ്രശസ്തിയും ലഭിച്ചത്. ശ്രീ ഒ.എം.സി.യുടെ ഭാഷാഭാഷ്യത്തില്‍ തെളിഞ്ഞുകാണുന്ന ഒരു വിശേഷത ഭാഷാഭാഷ്യകാരന്‍ അണുപോലും സായണഭാഷ്യത്തില്‍നിന്നും വ്യതിചലിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നതാണ്.” ശ്രീ.ഒ.എം.സി.യുടെ ഭാഷാഭാഷ്യത്തെക്കുറിച്ച് മറ്റൊരു സുപ്രധാന സംഗതി എനിക്ക് പറയാനുണ്ട്. എണ്‍പതു വയസ്സിലധികം പ്രായമായ എനിക്ക് ഋഗ്വേദവുമായി എഴുപത്തിരണ്ടു വര്‍ഷത്തിലധികം ബന്ധമുണ്ട്. അമ്പതു കൊല്ലത്തോളമായി വേദാര്‍ത്ഥ ചിന്തനയില്‍ യത്‌നിച്ചു കഴിയുന്ന
ഞാന്‍ അതിനുവേണ്ടി ഋഗ്വേദത്തിന്റെ വള രെയധികം വ്യാഖ്യാനങ്ങള്‍ വായിച്ചിട്ടുണ്ട്. സായണഭാഷ്യത്തിന്റെ പരാ വര്‍ത്തനം മറ്റുള്ള പ്രാദേശിക ഭാഷകളിലുണ്ടോ എന്ന കാര്യംതന്നെ സംശയ മാണ്. പക്ഷേ, വളരെക്കാലം മുമ്പ് ശൃംഗേരിയില്‍ വെച്ച് കര്‍ണ്ണാടകഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വ്യാഖ്യാനം ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിന് സായണഭാഷ്യവുമായി പലദിക്കിലും യോജിപ്പില്ലാത്തതുകൊണ്ട് എനിക്ക് ഒട്ടും രുചികരമായി തോന്നിയില്ല. സായണാചാര്യനെ ഭക്തിയോടെ അനുസരി ക്കുന്ന ശ്രീ.ഒ.എം.സി.യുടെ ഭാഷാഭാഷ്യമാകട്ടെ, ഋഗ്വേദത്തിന് ഭാരതത്തിലെ പ്രാദേശിക ഭാഷകളിലുള്ള സമ്പൂര്‍ണ്ണ വ്യാഖ്യാനങ്ങളില്‍വച്ച് മേന്മകൊണ്ടും പിറവികൊണ്ടും ഒന്നാമതാണെന്ന് അതുമായി വളരെയേറെ ബന്ധപ്പെട്ടിട്ടുള്ള എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.
മുന്‍കാലങ്ങളില്‍ ജനങ്ങള്‍ക്ക് വേദത്തിനോട് അളവറ്റ ഭക്തിയുണ്ടായിരുന്നു. വേദഭക്തന്മാരെക്കുറിച്ചെഴുതുമ്പോള്‍ ‘മടങ്ങര്‍ളി’യെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും സാദ്ധ്യമല്ല. അദ്ദേഹത്തിന്റെ വേദഭക്തിയെ കുറിക്കുവാനായി ഞാന്‍ ഒരു അനുഭവകഥ വിവരിക്കാനാഗ്രഹിക്കുകയാണ്.
വേദമെന്നാലെന്ത്?
”ഇഷ്ടപ്രാപ്ത്യനിഷ്ടപരിഹാരയോഃ
അലൌകികമുപായം യോ വേദയതി സവേദഃ”
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ‘ശിവരാത്രി വാരമിരിക്കല്‍’ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. ഒരിക്കല്‍ വാരമിരുന്നത് മടങ്ങര്‍ളിയാണ്. അദ്ദേഹം വടക്കുന്നാഥന്റെ മണ്ഡപത്തിലിരുന്ന് വാദം ചൊല്ലിത്തുടങ്ങി. ‘ഉതദേവാഃ…’ എന്ന മന്ത്രമായിരുന്നു. വാരത്തിനു നിശ്ചയിച്ചിരുന്നത്. മടങ്ങര്‍ളി മണ്ഡപത്തിലിരുന്ന് ‘ദേവാ….’ എന്ന പദം ഉച്ചത്തില്‍ ഉച്ചരിച്ചപ്പോള്‍ പരമേശ്വരന്‍ ശ്രീകോവിലിനുള്ളില്‍നിന്നു വിളികേട്ടു. അദ്ദേഹം വാരമിരുന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കെട്ടുകഥ യല്ലെന്ന് സ്പഷ്ടമാണല്ലോ.
”വേദോ വേദവിദവ്യങ്ഗഃ”
എന്നതിലെ വേദശബ്ദത്തിന് സര്‍വ്വേശ്വരന്‍ എന്നാണ് അര്‍ത്ഥമെന്ന് ഭാഷ്യകാരന്മാര്‍ പറയുന്നു. മേല്‍ വിവരിച്ച സംഭവം നടന്നിട്ട് ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ ആയെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ ആ പഴയ കാലമെല്ലാം മാറിയിരിക്കുകയാണ്. മടങ്ങര്‍ളിയെപ്പോലുള്ള വേദഭക്തന്മാര്‍ വളരെ വിരളമാണിന്ന്. വേദാര്‍ത്ഥ ചിന്തയ്ക്കുകൂടി സ്ഥാനം നല്‍കുകയാണെങ്കില്‍ വേദം സര്‍വ്വേശ്വരനാണെന്നുള്ള വിശ്വാസം ആധു നികരില്‍ വര്‍ദ്ധിക്കാനിടയാകും. അതുകൊണ്ട് വേദത്തിന്റെ അര്‍ത്ഥത്തെ ക്കുറിച്ച് ചിന്തിക്കാന്‍ പുറപ്പെടുന്നു എന്നു കേട്ടാല്‍ ചിലര്‍ ഒരു കാലത്ത് പരിഹസിച്ചിരുന്നു എങ്കിലും വേദാര്‍ത്ഥവുംകൂടി പ്രചരിപ്പിക്കണമെന്നാണ് ഇന്നത്തെ നില. ‘സ്ഥാണുരയം ഭാരഹാരഃ….’ ‘യഥാ ഖരശ്ചന്ദന ഭാരവാഹീ…’ ‘ഏകഃശബ്ദഃ സമ്യക്ജ്ഞാതഃ…’എന്നു തുടങ്ങി ഭാരതീയ ശാസ്ത്രങ്ങളില്‍ അര്‍ത്ഥചിന്തനയ്ക്ക് വളരെയധികം സ്ഥാനം നല്കിയിട്ടുള്ളതായും കാണാം. ഇങ്ങനെ എല്ലാമിരിക്കെ, വേദാര്‍ത്ഥചിന്തനയുടെ നേര്‍വഴിയില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെയും സാരം കൈവെടിയാതെയുമുള്ള ശ്രീ.ഒ.എം.സി.യുടെ ഭാഷാഭാഷ്യം ഇന്നത്തെ കാലഘട്ടത്തിന് ഒരാവശ്യംതന്നെയാണന്ന് പറയാതെ തരമില്ല. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ വിഷയത്തിലേക്ക് കടക്കുവാന്‍ ആഗ്രഹിക്കുകയാണ്.
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ് 9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/
നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.