വേദശബ്ദങ്ങള്‍ക്കു അര്‍ത്ഥം മനസ്സിലാക്കാതെ പ്രയോഗിച്ചാല്‍ പോലും ഫലം കൊടുപ്പാന്‍ ശക്തിയുണ്ട്: ഡോ. സി.ആര്‍.സ്വാമിനാഥന്‍
ഡോ. സി.ആര്‍.സ്വാമിനാഥന്‍
വേദം അനാദിയും അപൗരുഷേയവുമായ ശബ്ദരാശിയാണ്. വേദമന്ത്രങ്ങളെ ഓരോ കല്പാരംഭത്തിലും സര്‍വേശ്വരന്‍ നിശ്വാസരൂപമായി, പ്രപഞ്ചത്തി
നായി പുറത്തിറക്കുന്നു; കല്പാന്തത്തില്‍ തന്നുള്ളിലൊതുക്കി വെയ്ക്കുന്നു. അങ്ങനെ നിശ്വാസരൂപമായി പുറത്തിറങ്ങിയ വേദമന്ത്രങ്ങളെ ഋഷീശ്വരന്മാര്‍ പ്രത്യക്ഷമായിക്കണ്ട് വൈഖരീരൂപത്തില്‍ പ്രകാശപ്പെടുത്തുകയാണ് ചെയ്യുന്നത്. ബ്രഹ്മതത്ത്വത്തെപ്പോലെ ഉല്‍പത്തി വിനാശങ്ങളില്ലാത്തനിത്യതത്ത്വമാണ് വേദം.
വേദശബ്ദങ്ങള്‍ക്കു അര്‍ത്ഥം മനസ്സിലാക്കാതെ പ്രയോഗിച്ചാല്‍ പോലും ഫലം കൊടുപ്പാന്‍ ശക്തിയുണ്ട്. അര്‍ത്ഥബോധത്തോടുകൂടി പ്രയോഗിച്ചാല്‍ തല്‍പ്രയുക്തങ്ങളായ കര്‍മ്മങ്ങള്‍ കുറച്ചുകൂടി വിവരമായി ചെയ്യപ്പെടുകകൊണ്ട് ഫലവത്തരങ്ങളായി ഭവിക്കുന്നു. ”യദേവ ശ്രദ്ധയാ കരോതി തത്‌വീര്യവത്തരം ഭവതി” എന്നു പറഞ്ഞപ്രകാരം ശ്രദ്ധയെന്നത് ബുദ്ധിധര്‍മ്മമായതുകൊണ്ട് ആ ബുദ്ധിയില്‍ അര്‍ത്ഥബോധമുണ്ടായാല്‍ ശ്രദ്ധയും കൂടുമെന്നാണ് താല്‍പര്യം. ആ ശ്രദ്ധയുടെ മഹത്വത്തെ ഉറപ്പിക്കുവാനാണ് ”സ്ഥാണുരയം ഭാരഹാരഃ കിലാഭൂത് അധീത്യവേദം നവിജാനാതിയോƒര്ഥം” എന്നൊക്കെ പറഞ്ഞിരിക്കുന്നത്. ”അധീത്യവേദം നവിജാനാ തിയോƒര്ഥം” എന്നതില്‍ത്തന്നെ അദ്ധ്യയനം ആദ്യം വേണം, പിന്നെയേ അര്‍ത്ഥജ്ഞാനത്തിനു പ്രസക്തിയുള്ളു എന്നത് സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഗുരുമുഖേന ഉച്ചാരണാനുച്ചാരണക്രമേണ ശബ്ദരാശിയെ ഹൃദിസ്ഥമാക്കുക എന്ന അദ്ധ്യയനക്രിയ അനിവാര്യമാണെന്നും തദനന്തരം കര്‍മ്മാനുഷ്ഠാനങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കുവാന്‍ അര്‍ത്ഥബോധം വളരെ ഉപകരിക്കുമെന്നും തെളിയുന്നു.
മറ്റു ശബ്ദങ്ങള്‍ പുരുഷപ്രയുക്തങ്ങള്‍, കാവ്യനാടകാദികളില്‍ പ്രയോഗിക്കപ്പെടുന്നവ, വേദശബ്ദങ്ങളില്‍നിന്നും എത്രയും വ്യത്യസ്തങ്ങളാണ്. അതാതു ഭാഷകളറിഞ്ഞ് അര്‍ത്ഥം മനസ്സിലാക്കിയാല്‍ മാത്രമേ അവയുടെ ഫലസ്വരൂപമായ രസാസ്വാദനം ലഭിക്കുകയുള്ളു. അതായത് അര്‍ത്ഥബോധമില്ലാതെ പൗരുഷേയങ്ങളായ വാക്യങ്ങള്‍ക്കു യാതൊരു പ്രയോജനവുമില്ല. വേദവാക്യങ്ങള്‍ക്കു മറിച്ച്, അര്‍ത്ഥബോധം കൂടാതെ പ്രയോഗിച്ചാലും ഫലമുണ്ട്. സംഗീതത്തിന്റെയും നിലയതുതന്നെ. നാമറിയാത്ത ഒരു ഭാഷയില്‍ രചിക്കപ്പെട്ട ഒരു കീര്‍ത്തനം നല്ലൊരു ഗായകന്‍ കൈകാര്യം ചെയ്യുമ്പോള്‍, അതിലെ ഒരക്ഷരംപോലും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും സംഗീതരസാനുഭവം ഉണ്ടാകുന്നു.
വേദോച്ചാരണം കേട്ടാല്‍തന്നെ സമസ്തചേതനവസ്തുക്കളിലും പല തരത്തിലുള്ള ഉത്തേജനങ്ങളുളവാകുമെന്നാണ് പണ്ടുള്ളവര്‍ വിശ്വസി ച്ചിരുന്നത്. അതുകൊണ്ടാണല്ലോ മുറജപം, വാരം ചൊല്ലുക മുതലായപരിപാടികള്‍ അമ്പലങ്ങളില്‍ പതിവായി നടത്തിവന്നത്. ഈ യഥാര്‍ത്ഥത ഇന്നത്തെ വൈജ്ഞാനികളും സമ്മതിച്ച നിലയിലാണ്. ഈ കാര്യത്തില്‍ നിഷ്‌കര്‍ഷയായി ചില ഗവേഷണങ്ങള്‍ നടത്തുവാനുള്ള സമയം വൈകിയിരിക്കുകയാണ്.
അധിഭൂതം, അധിദൈവം, അദ്ധ്യാത്മം എന്ന മൂന്ന് നിലപാടുകളിലും വേദത്തിനു മാത്രമേ പ്രസക്തിയുള്ളു. അധിഭൂതമെന്ന നിലയില്‍ വേദത്തിന്റെ ശബ്ദം മാത്രം പര്യാപ്തമാണ്. അധിദൈവസ്ഥിതിയില്‍ ശബ്ദവുമര്‍ത്ഥവും രണ്ടും സമപ്രധാനങ്ങളാണ്. അദ്ധ്യാത്മാവസ്ഥയില്‍ അര്‍ത്ഥം ശബ്ദത്തെ ക്കാള്‍ പ്രധാനമാവുകയും, അധിദൈവനിലയില്‍ കര്‍മ്മപരങ്ങളായി തോന്നിയിരുന്ന അതേ വാക്യങ്ങള്‍ക്കു ജ്ഞാനപരമായുള്ള അര്‍ത്ഥങ്ങള്‍ സ്വയം സ്ഫുരിച്ചു തുടങ്ങുകയും ചെയ്യും. അദ്ധ്യാത്മത്തിന്റെ ഉച്ചനിലയില്‍ ‘യതോ വാചോനിവര്തന്തേ അപ്രാപ്യമനസാസഹ’ എന്ന സ്ഥിതിയില്‍, കേവലം പ്രണവത്തില്‍ ശബ്ദാര്‍ത്ഥങ്ങള്‍ രണ്ടും ലയിക്കുകയും ചെയ്യും; രണ്ടിന്റെയും പൃഥക്കായ ആവശ്യം തന്നേയുണ്ടാവുന്നതല്ല.
അധിദൈവനിലയിലാണ് ശബ്ദാര്‍ത്ഥങ്ങള്‍ക്കു രണ്ടിനും സമാനമായ സ്ഥാനമെന്നു പറഞ്ഞുവല്ലോ. ആ അവസ്ഥയിലാണ് സായണാചാര്യന്‍ വേദങ്ങള്‍ക്കു ഭാഷ്യം രചിച്ചത്. ആ ഭാഷ്യങ്ങളില്‍ മറ്റു രണ്ടു നിലകള്‍ക്കു മുതകുന്ന ഭാവാര്‍ത്ഥങ്ങളെ അവിടവിടെയായി ലേശം ചൂണ്ടിക്കാണി ച്ചതേയുള്ളു. അതിലധികം അവയെപ്പറ്റി പറഞ്ഞ് അറിയിക്കുക എന്നത് ആ നിലകളില്‍ വര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമില്ലെന്ന് ഉദ്ദേശിച്ചായിരിക്കാം സായണനങ്ങനെ ചെയ്തത്. ഏകദേശമതേ രീതിയിലാണ് സായണാചാര്യനു മുമ്പ് സ്‌കന്ദസ്വാമിയും വേദാര്‍ത്ഥവിചാരം ചെയ്തിട്ടുള്ളത്. ആദ്ധ്യാത്മിക രീതിയില്‍മാത്രം വേദഭാഷ്യമുണ്ടാക്കുവാന്‍ തുനിഞ്ഞത് സ്വാമി അരവിന്ദന്‍ മാത്രമാണ്. ഈ നൂറ്റാണ്ടിന്റെ മുന്‍പകുതിയില്‍ മധുസൂദന്‍ ഓത്ഡാ എന്ന വിദ്വാന്‍ ആധിഭൗതികമായും ആദ്ധ്യാത്മികമായും വിവേചനം ചെയ്യുവാന്‍ കുറെയൊക്കെ ശ്രമിച്ചു.
എല്ലാ വേദഭാഷ്യങ്ങളിലും വച്ച് സായണാചാര്യന്റെ ഭാഷ്യത്തിനാണ് സാധാരണ മനുഷ്യനോടും, അവനാല്‍ ചെയ്യപ്പെടേണ്ട നിത്യനൈമിത്തിക കര്‍മ്മങ്ങളോടും, അവന്റെ ഐഹികങ്ങളുമാമുഷ്മികങ്ങളുമായ കാമനകളോടും, ഏറ്റവും അടുപ്പമുള്ളത്. അതുകൊണ്ടാണ് അതിനു മറ്റു ഭാഷ്യങ്ങളെക്കാള്‍ പ്രചാരവും പ്രശസ്തിയും ലഭിച്ചത്. ഋഗ്വേദത്തിന്റെ ശാകലശാഖ, യജുര്‍വ്വേദത്തിന്റെ മാദ്ധ്യന്ദിനം,് തൈത്തിരീയമെന്ന ശാഖകള്‍ സാമവേദത്തിന്റെ കൗഥുമശാഖ, അഥര്‍വ്വവേദത്തിന്റെ ശൗനകശാഖ എന്നിവയ്‌ക്കെല്ലാം സായണാചാര്യന്‍ ഭാഷ്യം എഴുതിയിട്ടുണ്ട്. എല്ലാറ്റിലും വച്ച് വലുപ്പംകൊണ്ട് മുഖ്യമായിട്ടുള്ളത് ഋഗ്വേദഭാഷ്യമാണ്. സാഹിത്യപരമായ ഗൗരവവും, ഋഗ്വേദത്തിനെന്നപോലെ മറ്റു വേദങ്ങള്‍ക്കില്ല. അതിന്റെ പ്രാചീനതയും സര്‍വ്വസമ്മതമാണ്. അതിലെ പല ഋക്കുകളും സാമവേദത്തില്‍ ഗാനരൂപത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ബ്രാഹ്മണഗ്രന്ഥങ്ങളില്‍ ഏറ്റവും വലുപ്പവും വിഷയബാഹുല്യവും ഉള്ളതാണ് ശുക്ലയജുര്‍വ്വേദ ത്തിലെ ശതപഥബ്രാഹ്മണം. അതിനും സായണാചാര്യന്‍ വളരെ വിസ്തരിച്ച് ഭാഷ്യം എഴുതിയിട്ടുണ്ട്.
കേരളത്തില്‍ പണ്ടുതൊട്ടേ ഋഗ്വേദത്തിനാണ് വളരെയധികം പ്രചാര മുണ്ടായിട്ടുള്ളത്. മഹാരാഷ്ട്രത്തിലും കേരളത്തിലും ഇന്നും ഋഗ്വേദപഠനം നിലവിലുണ്ട്. കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും ഏതാണ്ട് രക്ഷിക്കപ്പെട്ടു വരുന്നുണ്ട്. പക്ഷേ, മറ്റു രാജ്യങ്ങളില്‍ തീരെ ഇല്ലെന്നു തന്നേ പറയാം. കേരളത്തില്‍ പ്രത്യേകിച്ചും നമ്പൂതിരി ദ്വിജന്മാരും മഹാരാഷ്ട്രത്തില്‍
പൂനാ, സാംഗളി എന്നീ പ്രാന്തങ്ങളിലെ ചിത്പാവന്‍ ബ്രാഹ്ണരും ഈ വേദശാഖയെ സാംഗോപാംഗം രക്ഷിച്ചുവന്നിട്ടുള്ളതിനു ലോകം മുഴുവന്‍ അവര്‍ക്കു കടപ്പെട്ടവരാണ്.
കേരളീയര്‍ക്കു ഔത്തരാഹന്മാരുടെ ഉച്ചാരണത്തിലൂടെ ശബ്ദരൂപ ത്തില്‍ മാത്രമായി വര്‍ത്തിച്ചിരുന്ന ഋഗ്വേദനിധിയെ ഇന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ ഭാഷാഭാഷ്യത്തോടുകൂടി പ്രകാശിപ്പിക്കാന്‍ എന്റെ ബഹുമാന്യസുഹൃത്തും ആജന്മശുദ്ധരായ ഒളപ്പമണ്ണഇല്ലക്കാരുടെ പാരമ്പര്യത്തില്‍ ജനിച്ചവനുമായ ശ്രീ ഒ.എം.സി. മുന്‍വന്നത് ഏറ്റവും സ്വാഗതാര്‍ഹമാണ്. വളരെയധികം സംശയങ്ങളോടും ധൈര്യക്കുറവോടും കൂടിയാണ് അദ്ദേഹം പ്രസ്തുത ഭാഷാവിവര്‍ത്തനം തുടങ്ങിയത്. എങ്കിലും കുറച്ചു കഴിയുമ്പോഴേക്കും നല്ല ധൈര്യവും ആത്മവിശ്വാസവും അദ്ദേഹ ത്തില്‍ ഞാന്‍ കണ്ടു തുടങ്ങി. ”ധര്‍മ്മോ രക്ഷതി രക്ഷിതഃ” എന്ന വചനം സാര്‍ത്ഥകമായി എന്നേ പറയേണ്ടൂ.
ഈ ഭാഷാവിവര്‍ത്തനത്തില്‍ തെളിഞ്ഞു കാണുന്ന ഒരു വിശേഷത, വിവര്‍ത്തകന്‍ അണുപോലും സായണഭാഷ്യത്തില്‍നിന്നു വ്യതിചലിക്കുവാന്‍ ശ്രമിച്ചിട്ടില്ലെന്നതാണ്. ഇതിന്റെ രണ്ടു വാള്യങ്ങള്‍ വളരെ നല്ലനിലയില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. അതുകണ്ട് വല്ലവരുടെയും കണ്ണു തട്ടിയിട്ടുണ്ടെങ്കില്‍ അതു തീര്‍ന്നോട്ടേ എന്നു വിചാരിച്ചായിരിക്കണം പ്രസ്തുത മൂന്നാം വാള്യത്തിന് ഈയുള്ളവനെക്കൊണ്ട് ഒരു മുഖവുര എഴുതിച്ചത്. എന്തായാലും മഹത്തായ ഈ കാര്യത്തില്‍ അല്പജ്ഞനായ എനിക്കും പങ്കു തന്നതിന് എന്റെ കൃതജ്ഞതയെ രേഖപ്പെടുത്തുകയും, തുടങ്ങിയ പ്രവൃത്തി നിര്‍വ്വിഘ്‌നമായി പൂര്‍ത്തിയാക്കുവാന്‍ ശ്രീ. ഒ.എം.സി ക്ക് ആയു രാരോഗ്യധനസ്ഥിതികള്‍ നല്കുവാനായി തിരുമാന്ധാംകുന്നിലമ്മയനു ഗ്രഹിക്കണേ എന്നു പ്രാര്‍ത്ഥിക്കുകയും മാത്രമാണ് ഈ പ്രസ്താവനയുടെ ഉദ്ദേശ്യം.
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ് 9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/
Comments are closed.