ജ്ഞാനമാണ് വേദം, പുറത്തുനിന്നു കിട്ടുന്ന അറിവല്ല, അകത്തുനിന്ന് വെളിപ്പെടുന്ന അറിവ്: സുകുമാര്‍ അഴീക്കോട്
ഈയിടെ ദല്‍ഹിയില്‍വെച്ച് നടന്ന ലോകരാഷ്ട്രങ്ങളുടെ ഉന്നതതല സമ്മേളനത്തില്‍ വച്ച്, ഏറെ പരസ്യപ്പെടാതെപോയ ഒരു സംഭവം നടന്നു-വടക്കെ അമേരിക്കയുടെ ഏറ്റവും തെക്ക് പുച്ഛാഗ്രംപോലെ ചുരുണ്ടു കിടക്കുന്ന പനാമ എന്ന കൊച്ചു നാട്ടിന്റെ വൈസ്പ്രസിഡണ്ട്, എല്ലാ രാഷ്ട്രങ്ങളെയും, വിശേഷിച്ച് ആതിഥേയ രാഷ്ട്രമായ ഇന്ത്യയെയും, ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒരു വേദമന്ത്രം അപ്പോള്‍ ചൊല്ലുകയുണ്ടായി. ആ ഉന്നതതലസമ്മേളനത്തില്‍ മുഴങ്ങിക്കേട്ട ഏതു ശബ്ദത്തെക്കാളും സമ്മേളന ലക്ഷ്യത്തെ മാറ്റൊലിക്കൊള്ളിച്ചത് ആ രാഷ്ട്രനേതാവ് ഋഗ്വേദത്തില്‍നിന്ന് ഉദ്ധരിച്ച് ചൊല്ലിയ സമാനീമന്ത്രം ആയിരുന്നു (10, 191):
”സംഗച്ഛദ്ധ്വം സംവദദ്ധ്വം സംവോമനാംസിജാനതാം
ദേവാഭാഗംയഥാപൂര്‌വേ സംജാനാനാ ഉപാസതേ
സമാനോ മന്ത്രസ്സമിതിസ്സമാനീ
സമാനം മനസ്സഹചിത്തമേഷാം
സമാനം മന്ത്രമഭിമന്ത്രയേവഃ
സമാനേനവോഹവിഷാജുഹോവി
സമാനീ വ ആകൂതിസ്സമാനാഹൃദയാനിവഃ
സമാനമസ്തു വോ മനോയഥാവസ്സുസഹാസതി”
പരസ്പരസംഹാരത്തിനു കച്ചകെട്ടിനില്‍ക്കുന്ന ലോകത്തിലെ യുദ്ധ ഭീതിപൂണ്ട രാഷ്ട്രങ്ങളോട് ഉദ്‌ബോധിപ്പിക്കാവുന്ന ഏറ്റവും ഉദാത്തമായ ഈ സൂക്തി മനുഷ്യാത്മാവിന്റെ ആഴങ്ങളില്‍നിന്നുയര്‍ന്നുവന്ന ഒരു അപൗരുഷേയധ്വനിപോലെ അന്ന് അവിടെസ്സമ്മേളിച്ച രാഷ്ട്രത്തലവന്മാര്‍ ശ്രവിക്കുകയുണ്ടായി. ഗീത പ്രതിധ്വനിച്ച കുരുക്ഷേത്രത്തിന്റെ അതേ മണ്ണില്‍വച്ച്, സംഗ്രാമഭീഷണിമൂലം സംത്രസ്തമായ ലോകത്തിന് ഭാരത ത്തിന്റെ ചിരന്തനമായ ആശ്വാസമന്ത്രം കേള്‍ക്കാന്‍ ഇടവന്നത്, വള്ളത്തോള്‍ പാടിയപോലെ ”ആര്‍ഷഭൂവിന്റെ മഹിമാവു” കൊണ്ടുതന്നെയായിരിക്കാം!
മനുഷ്യന്‍ എവിടെയുണ്ടോ അവിടെയെല്ലാം ആര്യമായ ഒരു ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സും ഉണ്ടാക്കുവാനാണ് വേദം പ്രബോധനം ചെയ്യപ്പെട്ടത്. ഈ വിശ്വവ്യാപകമായ ഉദ്ദേശം വേദങ്ങളില്‍ ഉടനീളം, മേലേ കൊടുത്ത സൂക്ത ത്തില്‍ എന്നപോലെ, തെളിഞ്ഞു പരന്നുകിടക്കുന്നു. ‘കൃണന്തോ വിശ്വ മാര്യം’ എന്ന ഋങ്മന്ത്രഭാഗം കാണുക (9, 63, 5) മനുഷ്യര്‍ക്കെല്ലാംകൂടി ദേവന്‍ ഒന്നേയുള്ളൂ (ഋക് 8, 65, 7). ആരും അന്യനല്ല. (ഋക് 5, 85, 7), വേദ വചനങ്ങള്‍ ബ്രാഹ്മണനെന്നപോലെ ശൂദ്രനും, സ്വന്തം നാട്ടുകാര്‍ക്കെന്ന പോലെ അന്യദേശക്കാര്‍ക്കും അവകാശപ്പെട്ടിരിക്കുന്നു (യജുസ്സ് 26, 2) — ”ശൂദ്രായചാര്യായച, സ്വായചാരണായ ച” നാം മറ്റുള്ളവരെയെല്ലാവരെയും മറ്റുള്ളവര്‍ നമ്മെയും മിത്രചക്ഷുസ്സുകൊണ്ട് നോക്കണം (യജുസ് 36, 18) അനേകം ഭാഷകള്‍ സംസാരിക്കുകയും നാനാധര്‍മ്മങ്ങള്‍ അനുഷ്ഠിക്കു കയും ചെയ്യുന്ന ഈ പൃഥിവിയാണ് നമ്മെ സമ്പന്നരാക്കേണ്ടത് (അഥ. 12, 1, 45) ആകാശത്തിലും അന്തരിക്ഷത്തിലും ഭൂമിയിലും എല്ലാടവും പരക്കുന്ന ശാന്തി എന്നിലും ഉണ്ടാകട്ടെ! (അഥ. 199, 14) ഇങ്ങനെ വിശ്വജനീനങ്ങളായ സൂക്തങ്ങള്‍കൊണ്ട് വേദം മാറ്റൊലിക്കൊള്ളുന്നു.
ഇതാണു വേദത്തിന്റെ നാദം. ‘വേദം’ എന്ന പദംപോലെ എല്ലാ ഭാഷകളിലും അറിയുന്നതും നിഘണ്ടുക്കളിലെല്ലാം അര്‍ത്ഥം പറയുന്നതും ആയ ഇത്ര പഴക്കമുള്ള വാക്ക് വേറെയില്ല. വേദത്തിന്റെ വിശ്വതോമുഖത്വം പോലെതന്നെ സ്മരിക്കപ്പെടേണ്ടതാണ് അതിന്റെ അതിപ്രാചീനത. പ്രാചീനതയെന്നല്ല പറയേണ്ടത്, അനശ്വരത എന്നാണ്. അപ്രകാരം തോന്നിപ്പോകും വേദാപദാനങ്ങള്‍ പഠിച്ചാല്‍. വേദത്തിന്റെ ഒരു മഹത്ത്വം ഈ അത്യന്തചിരന്തനതയാണെന്ന് മാക്‌സ്മുള്ളര്‍ മുതല്‍ ബാര്‍ത്ത് വരെയുള്ള മഹാവിദ്വാന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആര്യവംശത്തിന്റെ സാഹിത്യത്തില്‍ മാത്രമല്ല, ലോകത്തിലെ വിവിധ സാഹിത്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ള ഗ്രന്ഥമാണ് വേദമെന്ന് ഇന്ന് പാശ്ചാത്യ വിദ്വാന്മാര്‍ ആസകലം സമ്മതിക്കുന്നുണ്ട്. ബ്ലൂംഫീല്‍ഡും വിന്റര്‍നിറ്റ്‌സും റഗോസിനും ഒക്കെ കാലം തിട്ടപ്പെടുത്തി നാളും പക്കവും പറയാന്‍ തുടങ്ങു മ്പോള്‍ മാത്രമേ കുഴപ്പം വരുന്നുള്ളു. ബാലഗംഗാധരതിലകന്റെ കാല നിര്‍ണ്ണയമാണ് വേദത്തെ ഏറ്റവും പഴക്കത്തില്‍ എത്തിക്കുന്നത് ജ്ഞ ക്രി. മു. 4500 ന് അടുത്ത്. ജാക്കോബിയും ഏറെക്കുറെ ഇത്രയും പഴമ വേദത്തിനു കല്പിക്കുന്നുണ്ട്. വിന്റര്‍നിറ്റ്‌സ് ക്രി.മു. 2500 നും 2000 നും ഇടയിലുള്ള കാലത്തില്‍
നില്‍ക്കുന്നു. മാക്‌സ്മുള്ളറാണ് കുറഞ്ഞ പഴക്കം പറയുന്നത് ജ്ഞ ക്രി.മു. 1200 ന് അടുത്ത്. പൗരസ്ത്യദേശത്തിന്റെ മസ്തിഷ്‌കം ഉണര്‍ന്ന് നാവ് നടനം ചെയ്തു തുടങ്ങിയത് വേദസൂക്തങ്ങളില്‍ ആണെന്ന ലളിതമായ സത്യം നാമോര്‍ത്താല്‍ മതിയാവും. ചരിത്രകാരന്മാരുടെ സന്ദേഹദൂഷിതമായ ഏത് കാലവിചാരണയെയുംകാള്‍ ഹൃദയംഗമമായ സത്യം ഇതത്രേ. വേദത്തിലെ കാലഗണനയില്‍ ഏര്‍പ്പെടുന്നവര്‍, ഗതിമുട്ടി വെറും അഭ്യൂഹ നിഷ്ഠമായ ഒരു കാലം കണ്ടുപിടിക്കരുതേ എന്ന് ഒരു പാശ്ചാത്യപണ്ഡിതന്‍ വിലപിച്ചത് ഇതുകൊണ്ടായിരിക്കണം. വേദകാലം നിശ്ചയിച്ചതുകൊണ്ടും കാര്യമായില്ല. കാരണം അതിനുമുമ്പും മന്ത്രദ്രഷ്ടാക്കള്‍ ആയ ഋഷികള്‍ ഉണ്ടായിട്ടുണ്ടെന്നു ഋഗ്വേദത്തില്‍ പ്രസ്താവങ്ങളുണ്ട്.
ലോകത്തിലെ വിവിധ രാജ്യങ്ങളെയും കാലത്തിന്റെ സഹസ്രാ ബ്ദഗതിയെയും മേലേനിന്ന് സ്‌മേരകാന്തിയോടെ നോക്കി വിലസുന്ന മഹാവ്യോമമാണ് വേദമെന്ന് ഇത്രയുംകൊണ്ട് വ്യക്തമായിരിക്കും. പക്ഷേ, അത് തീര്‍ത്തും ഭാരതമനസ്സിന്റെ സൃഷ്ടിയാണ്. ഇന്ത്യയുടെ മണ്ണില്‍ അതിന്റെ വേരുകള്‍ ആഴത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ദേശീയവും കാലികവുമായ സംസ്‌കാരമഹിമകളെ ഉള്‍ക്കൊള്ളുന്ന ഒരു മഹാവൃക്ഷമായി, ദൃശ്യവും അദൃശ്യവും ആയ അസംഖ്യം ശാഖകളോടെ, അത് ഇവിടെപടര്‍ന്ന് പന്തലിച്ചു നിലകൊള്ളുന്നു. ഇന്ത്യയ്ക്ക് അത് എന്നും തണല്‍ അരുളിക്കൊണ്ട് നില്ക്കുന്നു. വേദത്തിന് ശാഖ എന്നൊരു വിഭാഗം ഉണ്ടല്ലോ. ഈ ശാഖാസങ്കല്‍പത്തില്‍ വേദം വൃക്ഷമാണ് എന്ന കാഴ്ച അടങ്ങിയിരിക്കുന്നു. ഭാഗവതത്തിലെ ‘നിഗമകല്‍പതരു’ എന്ന പ്രയോഗം ശ്രദ്ധിക്കുക. വിഷ്ണുപുരാണം ‘വേദദ്രുമം’ എന്നും പറഞ്ഞിരിക്കുന്നു. ഈ ഭാവന ഇന്ത്യയിലെ എല്ലാ സാഹിത്യങ്ങളിലും അക്ഷീണമായി ആവര്‍ത്തിക്കപ്പെട്ടുകാണാം. മഴമംഗലത്തിന്റെ ‘നൈഷധചമ്പു’വിലെ ‘വേദമാകുന്ന ശാഖി’ എന്നപ്രയോഗം കേള്‍ക്കാത്ത കേരളീയ സഹൃദയര്‍ ഉണ്ടായിരി ക്കാനിടയില്ലല്ലോ. പാശ്ചാത്യപണ്ഡിതന്മാര്‍ക്കും ഈ വൃക്ഷോപമാനം പ്രിയപ്പെട്ടതാണെന്ന് കാണാം.
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ് 9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/
Comments are closed.