DCBOOKS
Malayalam News Literature Website

ഭാഷയിലെ നവോത്ഥാനങ്ങള്‍

ഡോ. പി.എ. അബൂബക്കര്‍

മാർച്ച് ലക്കം പച്ചക്കുതിരയില്‍

വംശീയതയുമായി ബന്ധപ്പെട്ട ധാരാളം പദങ്ങള്‍ കാലത്തിന്റെ കുത്തിയൊഴുക്കില്‍ പരിവത്തനവിധേയമായിട്ടുണ്ട്. പൊതുഭാഷയായി മാറുന്നത്, പലപ്പോഴും, മേധാവിത്വം പുലര്‍ത്തുന്ന ജനസമൂഹങ്ങളുടെ ഭാഷയായിരിക്കും. അവയില്‍ പലതിലും വംശീയമായ മുന്‍വിധികള്‍ ഉണ്ടായിരിക്കും. അത്തരം പദങ്ങള്‍ പിന്നീട് തിരുത്തപ്പെടുക സ്വാഭാവികമാണ്. മുന്‍വിധികളും അപമാനകരമായ അര്‍ത്ഥവിവക്ഷകളും ഇല്ലെങ്കിലും മറ്റുള്ളവര്‍ വിളിച്ചതാണ് എന്ന ഒറ്റക്കാരണത്താല്‍ ചില സംജ്ഞകള്‍ മാറ്റപ്പെടാം. നീഗ്രോ എന്ന് വിളിക്കപ്പെടുന്ന ജനവിഭാഗം ആ പേരിനുപകരം ബ്ലാക്ക് എന്ന സംജ്ഞയ്ക്ക് പരിഗണന നല്കുന്നതാണ് ഏറ്റവും നല്ല ഉദാഹരണം. രണ്ടിന്റെയും അര്‍ഥം കറുപ്പ് എന്നതാണ്.

കാലം മാറുകയാണ്; അതോടൊപ്പം ഭാഷയും. സമൂഹത്തിന്റെ കണ്ണാടിയാണ് ഭാഷ. സാമൂഹികരംഗത്തുണ്ടാവുന്ന എത് മാറ്റവും അതില്‍ പ്രതിഫലിക്കും.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുണ്ടാകുന്ന വളര്‍ച്ച പല പദങ്ങളെയും പ്രയോഗങ്ങളെയും കടപുഴക്കാം. പല പദങ്ങള്‍ക്കും പുതിയ അര്‍ത്ഥങ്ങളുണ്ടാക്കാം. ഇംഗ്ലീഷ് ഭാഷയിലെ മെസ്സേജ് എന്ന പദത്തിന് സന്ദേശം എന്ന വിശാലമായ അര്‍ത്ഥമായിരുന്നു മലയാളത്തിലുണ്ടായിരുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ നിലവില്‍ വന്നതിനുശേഷം അത് ടെക്സ്റ്റ് മെസ്സേജായി പരിമിതപ്പെട്ടു. നാം ഇന്ന് ഭാഷയിലുപയോഗിക്കുന്ന പല പദങ്ങളുടെയും ഉത്പത്തിപരമായ അര്‍ഥം വേറെയാണ്. ഇത്തരത്തില്‍ പല പദങ്ങളും മാറിവരുന്നതും പല പദങ്ങള്‍ക്കും അര്‍ത്ഥപരിവര്‍ത്തനം വരുന്നതും ശാസ്ത്രസാങ്കേതികവിദ്യകളിലും സാമൂഹികസാഹചര്യങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള സ്വാഭാവികമായ പരിണാമത്തിലൂടെയാണ്. എന്നാല്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെയും ഇത്തരം മാറ്റങ്ങളുണ്ടാവാം. ഇവിടെ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സാങ്കേതികഭാഷയില്‍ നടക്കുന്ന ബോധപൂര്‍വമായ പരിവര്‍ത്തനങ്ങളെക്കുറിച്ചാണ്.

സാമൂഹികമായ മാറ്റങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റെ മുഖമുദ്ര. അവയില്‍ പലതിന്റെയും തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിലാണ്. സാമ്രാജ്യത്വത്തില്‍ നിന്ന് ഭൂമിശാസ്ത്രദേശീയതയിലേക്കും രാജാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുമുള്ള പരിവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടിയാണ്. ഇവിടെ ഉപയോഗിച്ച ഏറെക്കുറെ എന്ന പദത്തിന് ഭാഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രത്യേകപ്രാധാന്യമുണ്ട്. മിക്ക രാജ്യങ്ങളിലും രാഷ്ട്രത്തലവെന്റ പേര് പ്രസിഡന്റും ചാന്‍സലറുമൊക്കെയയിരിക്കുമ്പോഴും ഇംഗ്ലണ്ടില്‍ രാജാവ്/രാജ്ഞി നിലനില്‍ക്കുന്നുണ്ടല്ലോ.

സാങ്കേതികഭാഷയുടെ പല മേഖലകളെ പല തരത്തിലാണ് ഇത്തരം മാറ്റങ്ങള്‍ ബാധിക്കുന്നത്. വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള സാങ്കേതികമേഖലകളിള്‍ പുതിയ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതോടെ വാങ്മയത്തിലും മാറ്റങ്ങള്‍ വരികയായി. പലപ്പോഴും ഏതെങ്കിലും സ്വകാര്യസ്ഥാപനം വാണിജ്യനാമമായോ മറ്റോ പരിചയപ്പെടുത്തിയ പദം പിന്നീട് പൊതുവായി ഉപയോഗിക്കപ്പെടാം. ഡിജിറ്റല്‍ ഡയറി ഉദാഹരണമാണ്. സാമൂഹികശാസ്ത്രത്തിലാണെങ്കില്‍ മാറിവരുന്ന സാമൂഹികനൈതികസങ്കല്പങ്ങള്‍ പഴയ പല പദങ്ങളെയും ചരിത്രത്തിന്റെ ഭാഗമാക്കാം; അവയുടെ സ്ഥാനത്ത് പുതിയവ കൊണ്ടുവരാം.

പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

Comments are closed.