ഒരു കമ്മ്യൂണിസ്റ്റ് മ്യൂസിയത്തിന്റെ കഥ അഥവാ വിട്ടുപോയ ജീവിതങ്ങള്‍ പൂരിപ്പിക്കാന്‍ ഒരു ശ്രമം
എല്ലാ വിപ്ലവങ്ങള്‍ക്കും ഒരു പുരാവൃത്തം കൂടിയുണ്ട്. അത് എഴുതപ്പെട്ട ത്യാഗികളുടെ ചരിതം മാത്രമല്ല, ചരിത്രത്തില്‍ ഇടം തേടാതെപോയവരുടെ കൂടി സഹനത്തിന്റെയും കണ്ണീരിന്റെയും വിയര്‍പ്പിന്റെയും കാമനയുടെയും ചോരയുടെയും പൂര്‍ണതയില്ലാതെ പോയ ജീവിതകഥ കൂടിയാണ്. ചികഞ്ഞെടുക്കപ്പെടേണ്ടതും പൂരിപ്പിക്കപ്പെടേണ്ടതുമായ ഒന്ന് എന്ന് ലളിതവാക്യം. ശ്രമകരമായ ഒരു ജോലിയെ ലളിതമെന്നു കരുതിയോ അല്ലെങ്കില്‍ അങ്ങനെ വരുത്തിതീര്‍ത്തോ സാഹിത്യസൃഷ്ടികള്‍ നടത്തുന്നവര്‍ ഇന്നും ഒട്ടും കുറവല്ല. അത്തരം കൃതികള്‍ക്കും വായനക്കാരെ കിട്ടിയേക്കാം എന്നുകരുതി അവയെ കൊണ്ടാടുന്നതിലെ യുക്തി എക്കാലത്തും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സത്യത്തില്‍ ഒരു കൃതിയും അത് കഥയായാലും നോവലായാലും കവിതയായാലും നാടകമായാലും ഒരിക്കലും പൂര്‍ണമായും ചരിത്രത്തോട് നീതി പുലര്‍ത്തണമെന്നില്ല. അല്ലെങ്കില്‍തന്നെ അങ്ങനെ ശഠിക്കുന്നതില്‍ അര്‍ത്ഥവുമില്ല.
എഴുത്തുകാരന്റെ അല്ലെങ്കില്‍ എഴുത്തുകാരിയുടെ മനോവ്യാപാരങ്ങളും അതിലേറെ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും അടയാളപ്പെടുത്തുന്ന എത്രയെത്ര കൃതികള്‍ നമുക്ക് മുന്‍പിലുണ്ട്. മലയാളത്തില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന സി.വി രാമന്‍ പിള്ളയുടെ ചരിത്രനോവലായ മാര്‍ത്താണ്ഡവര്‍മ്മ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയമല്ല ജെയിന്‍ ഓസ്റ്റിന്റെ ‘പ്രൈഡ് ആന്‍ഡ് പ്രെജുഡീസ്’ പോലുള്ള കൃതികള്‍ അവതരിപ്പിക്കുന്നത് എന്നതും ഇതുമായി ചേര്‍ത്ത് വായിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു. നമ്മളില്‍ പലര്‍ക്കും പ്രിയങ്കരരായ ബെര്‍തോള്‍ഡ് ബ്രെഹെതും ഒക്ടാവിയോ പാസും നെരൂദയും… അങ്ങനെ പലരും മുന്നോട്ടുവെക്കുന്ന വിപ്ലവചിന്തയെ തന്നെയാണ് മറ്റൊരു രൂപത്തിലാണെങ്കില്‍ പോലും ജെയിന്‍ ഓസ്റ്റിന്‍ വിളമ്പിത്തന്നത്. ജെയിന്‍ ഓസ്റ്റിനെയും സില്‍വിയ പ്ലാത്തിനെയും എന്തിനേറെ നമ്മുടെ സ്വന്തം മാധവികുട്ടിയെപ്പോലും വിസ്മരിക്കാന്‍ ഏറെ തിടുക്കപ്പെടുന്ന ഒരു വായനാസമൂഹത്തിനു മുന്നിലേക്കാണ് അശോകന്‍ അയാളുടെ ഏറ്റവും പുതിയ നോവലായ ‘ഉത്തമപാകം‘ വായനക്കായി തുറന്നു വെക്കുന്നത്.
കണ്ണൂര്‍ സ്വദേശി, ഫ്രീലാന്‍സ് റൈറ്റര്‍, സാഹിത്യം ,രാഷ്ട്രീയം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ തല്പരന്‍ എന്നൊക്കെ സ്വയം നിര്‍വചിക്കുന്ന അശോകന്റെ അഞ്ചാമത്തെ നോവലാണ് ‘ഉത്തമപാകം’. ഡി സി ബുക്‌സ് പ്രസദ്ധീകരിച്ച ‘ഞങ്ങളുടെ മഞ്ഞപ്പുസ്തകം’ എന്ന നോവലിലൂടെ വരവറിയിച്ച അശോകന്റെ ഓരോ നോവലും പ്രമേയപരമായും ദര്‍ശനപരമായും പുതിയ അര്‍ത്ഥതലങ്ങള്‍ തേടുന്നവയാണ്.
എല്ലാ മതത്തിന്റെയും സംസ്‌കൃതിയുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഒന്നുണ്ട്; പെണ്ണും പ്രകൃതിയും ഒന്നാണെന്ന പ്രാപഞ്ചികസത്യം. നിലനില്‍പ്പിന്റെ രാഷ്ട്രീയം എന്തുതന്നെ ആയിക്കൊള്ളട്ടെ ജനനി ഇല്ലാതെ ജനനമില്ല എന്ന യാഥാര്‍ഥ്യം എത്ര മായ്ച്ചാലും മായാതെ തന്നെ നിലനിലനിക്കും. നിലനില്‍പ്പിന്റെ രാഷ്ട്രീയം ഉടല്‍കൊള്ളുന്നതും ഉയിരെടുക്കുന്നതും മണ്ണില്‍ നിന്നും യോനിയില്‍ നിന്നുമാണെന്നു തുടക്കത്തിലേ പറഞ്ഞുകൊണ്ടേ അശോകന്റെ ‘ഉത്തമ പാകം’എന്ന നോവലിലേക്ക് ഒരു പ്രവേശിക സാധ്യമാവുകയുള്ളു.
‘ഉത്തമ പാകം‘ എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ അശോകന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂതവും വര്‍ത്തമാനവും ഒരു പുനര്‍വായനക്ക് വിധേയമാക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ സഹനത്തിന്റെയും ചെറുത്തുനില്പിന്റെയും എണ്ണമറ്റ പോരാട്ടങ്ങളുടെയും ഒരു വീര ഗാഥയായി കമ്മ്യൂണിസ്റ്റ് ചരിത്രം നമുക്ക് മുന്‍പില്‍ നടുവുയര്‍ത്തി നില്‍ക്കുന്നുണ്ട്. ചോരയുടെയും കണ്ണീരിന്റെയും വിയര്‍പ്പിന്റെയുമൊക്കെ മണമുള്ള കഥകള്‍. നാടുവാഴി ജന്മിത്വത്തിനും വൈദേശിക ഭരണകൂടത്തിനുമെതിരെ കര്‍ഷക തൊഴിലാളികളും നെയ്ത്തുകാരും ചെത്തുകാരും കല്പണിക്കാരും ബീഡി തെറുപ്പുകാരുമൊക്കെ ചേര്‍ന്ന് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന ഒരു ഭൂതകാലം.(മാര്‍ക്‌സിയന്‍ ചിന്തകനും ചരിത്രകാരനുമായിരുന്ന എറിക് ഹോബ്‌സ് വാമിന്റെ ‘രാഷ്ട്രീയ ചെരുപ്പുകുത്തികള്‍’ (Political Shoemakers) എന്ന പ്രയോഗം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു) ഇതത്രയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള എഴുതപ്പെട്ടതും കൊണ്ടാടപ്പെടുന്നതുമായ ചരിത്രം. എന്നാല്‍ ചരിത്രം എഴുതിയവരും അതിനെ കൊണ്ടാടുന്നവരും വിട്ടുകളഞ്ഞ ഒട്ടേറെ സഹനങ്ങളും ത്യാഗങ്ങളും ബാക്കിയുടെന്നു പറഞ്ഞുവെക്കുക മാത്രമല്ല അവ പൂരിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണ് അശോകന്‍ ഈ നോവലിലൂടെ നടത്തുന്നത്.
ഒരു കമ്മ്യൂണിസ്റ്റ് മ്യൂസിയത്തിന്റെ നിര്‍മിതിയുമായി ബന്ധപ്പെട്ടാണ് നോവല്‍ ആരംഭിക്കുന്നത്. മ്യൂസിയത്തിന്റെ ജോലികളില്‍ വ്യാപൃതരായിരുക്കുന്ന വിമല്‍, രേഖ, നിധിന്‍, സേതുരാമന്‍ എന്നിവരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. എല്ലാവരും കമ്മ്യൂണിസ്റ്റ് ഭൂതകാലം ഉള്ളവരെങ്കിലും പുതിയ കാലത്തിന്റെ പ്രതിനിധികള്‍ കൂടിയാണ്. സേതുരാമന്റെ കയ്യിലെ കോപ്പിനെ(ബൈനോക്കുലര്‍ എന്ന് വിമല്‍ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും) ചൊല്ലിയുള്ള രേഖയുടെ കലഹം താന്‍ കുടിച്ചുകൊണ്ടിരിക്കുന്ന കോഫി മഗ് എറിഞ്ഞുടക്കുന്നതിലാണ് കലാശിക്കുന്നത്. സ്വകാര്യതയിലേക്കുള്ള ഒരു ഒളിഞ്ഞുനോട്ടമായാണ് രേഖ സേതുരാമന്റെ കൈയ്യിലെ ആ വസ്തുവിനെ കാണുന്നത്.
ലൈറ്റ് എന്‍ജിനീയറായ വിമലാണ് പ്രോട്ടഗോണിസ്‌റ്. എങ്കിലും രേഖയും മഹാ മായയും അവര്‍ക്കൊപ്പം വിമലും നിഥിനും ഒക്കെ ചേര്‍ന്ന് പൂരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ വായനകൂടിയുണ്ട് ഈ നോവലില്‍. പ്രത്യേകിച്ചും രേഖ അടയാളപ്പെടുത്തുന്ന അവളുടെ അച്ഛന്‍ കുമാരനും അയാളുടെ അച്ഛന്‍ കുമാരനും ഒക്കെ ചേര്‍ന്ന് നടത്തിയ അത്യന്തം നിഷ്ട്ടൂരമായ ഒരു പെണ്‍ഹത്യ അടക്കം. കൊല്ലപ്പെട്ടത് മറ്റാരുമല്ല, രേഖയുടെ മുത്തശ്ശി കല്യാണിയായിരുന്നു.
പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഒളിവു ജീവിതം നയിക്കേണ്ടിവരുന്ന വലിയ കുമാരന്‍ തനിക്കു ഗന്ധര്‍മാന്മാര്‍ കൂട്ടിനുണ്ടെന്ന ഭാര്യ കല്യാണിയുടെ വാക്കുകളെ എങ്ങനെ ഉള്‍ക്കൊണ്ടുവെന്നിടത്തുനിന്നാണ് അവരെ നിഷ്ട്ടൂരമായി കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍ എത്തിച്ചേരുന്നത്. ‘അമ്മമ്മയെ അച്ചാച്ചന്‍ മരത്തില്‍ കെട്ടി ഭേദിക്കുകയായിരുന്നു. ഒരു നിമിഷത്തിലായിരുന്നില്ല അമ്മമ്മ മരിച്ചത്, ഒരു രാത്രി മുഴുവനുമായാണ്’ എന്നാണ് രേഖ ആ മരണത്തെക്കുറിച്ചു പറയുന്നത്. പാലമരചുവട്ടില്‍ മരിച്ചുകിടന്ന കല്യാണിയുടെ വായിലിലും തുടക്കകത്തും കനത്തില്‍ കുഴമണ്ണ് തിരുകിയിരുന്നു എന്നുകൂടി അവള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കെ. ദാമോദരനിലും പാട്ടബാക്കിയിലും നിലച്ചുപോയ ഒരാളായിട്ടാണ് വലിയ കുമാരനെ രേഖ അവതരിപ്പിക്കുന്നത്. തന്റെ അച്ഛന്‍ കുമാരനെ(ചെറിയ കുമാരന്‍)ചിത്രങ്ങളിലൂടെ പ്രപഞ്ച രഹസ്യങ്ങളില്‍ നിലച്ചുപോയ ഒരാളെയും. പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് രണ്ടു കുമാരന്മാരെയും തികച്ചും നിശ്ശബ്ദരാക്കി മാറ്റുന്നുമുണ്ട്.
ഗന്ധര്‍വന്മാരെ പ്രണയിച്ച കല്യാണിയില്‍ നിന്നും വ്യത്യസ്തയാണ് തന്റെ വീടിന്റെ തട്ടിന്‍ പുറത്ത് ഒളിവു ജീവിതം നയിക്കുന്ന സഖാവിനു സ്വയം സമര്‍പ്പിക്കുന്ന ഗൗരി. അവളതു ചെയ്യുന്നത് ഭര്‍ത്താവിന്റെ പൂര്‍ണ സമ്മതത്തോടുകൂടിയാണ്. ‘അവര്‍ തങ്ങളെയല്ല സ്‌നേഹിച്ചതും പരിപാലിച്ചതും; പ്രസ്ഥാനത്തെയാണ്, കമ്മ്യൂണിസ്റ്റുകളെയാണ്’എന്ന് അശോകന്‍ കുറിക്കുന്നു. മ്യൂസിയത്തില്‍ കമ്മ്യൂണിസ്റ്റ് ഓര്‍മ്മപ്പണ്ടങ്ങള്‍ ശേഖരിക്കുന്ന വേളയില്‍ രേഖക്ക് മുന്‍പിലെത്തുന്ന മാതുവിനുണ്ട്ണ്ട് താന്‍ സ്‌നേഹിച്ച പ്രസ്ഥാനത്തിനുവേണ്ടി രതിയെ ത്യജിക്കേണ്ടിവന്ന ഒരു ചരിത്രം. അവളുടെ ഭര്‍ത്താവ് കുട്ട്യപ്പ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു. ഒളിച്ചുപാര്‍ക്കുന്ന നേതാക്കളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക, അവര്‍ക്കുവേണ്ടി തപാലോട്ടം നടത്തുക, ജന്മിമാരുടെ പത്തായങ്ങള്‍ കുത്തിത്തുറന്ന് നെല്ലെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നിങ്ങനെ എല്ലാ രീതിയിലും പാര്‍ട്ടിയെ സേവിച്ചുപോന്ന കുട്ട്യപ്പ ഒരു നെല്ലെടുപ്പ് സമരത്തിനിടയിലാണ് മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. കുട്ട്യപ്പ പോയതിനു ശേഷം അയാളുടെ സഖാവ് രാമനുമുന്നില്‍ അവള്‍ സ്വയം തുറന്നെങ്കിലും ഭയം നിമിത്തമോ അതോ പ്രിയ സഖാവിനോടുള്ള ബഹുമാനം കൊണ്ടോ എന്നറിയില്ല അയാള്‍ പലായനം ചെയ്യുകയാണ്.
കന്റോണ്‍മെന്റ് ഏരിയയില്‍ പ്രവര്‍ത്തന സജ്ജമായിക്കൊണ്ടിരുന്ന മ്യൂസിയം പ്രൊജക്റ്റ് പട്ടാളത്തിന്റെ വിപുലീകരണ പ്രവര്‍ത്തികളുടെ ഭാഗമായി അടച്ചുപൂട്ടുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. രതിയും നഗ്‌നതയുമൊക്കെ രാഷ്ട്രീയപരമായും തത്വചിന്താപരമായും അവതരിപ്പിക്കുന്നതില്‍ വേറിട്ടൊരു വൈഭവം തന്നെയുണ്ട് അശോകന്. ഒരു പക്ഷെ ഇക്കാര്യത്തില്‍ മിലാന്‍ കുന്ദേരയെക്കാള്‍ ഒരു പടികൂടി മുന്നിലാണ് അശോകന്‍ എന്ന് പറയേണ്ടിയിരിക്കുന്നു. അശോകന്‍ തന്റെ നോവല്‍ അവസാനിപ്പിക്കുന്ന ഭാഗം തന്നെ ഒരു മികച്ച ഉദാഹരണമാണ്. ‘രേഖയുടെ തുന്നിചേര്‍പ്പുകളില്‍ എനിക്കു രൂപം വെച്ചു. എന്നെ ഒതുക്കിവെച്ച സ്പടികപ്പെട്ടകത്തില്‍ അടക്കി. ഇരുന്നായിരുപ്പില്‍ രേഖ അവളുടെ തുട കളകത്തി. കാലത്തിന്റെ തടവില്ലാത്ത ഒഴുക്കും ഇച്ഛയുമായ അവളുടെ നഗ്‌നത എനിക്കുവേണ്ടി തുറന്നുവന്നു. അവള്‍ സ്പടികപ്പെട്ടി അവളുടെ അകത്തേക്ക് തിരുകി വെച്ചു . നടന്നു നീങ്ങിയ അവള്‍ അകത്തിരുന്ന എന്നോട് കഥ പറഞ്ഞു തുടങ്ങി’.എല്ലാം ഒതുങ്ങുന്ന ഒന്ന് ഗര്‍ഭപാത്രമെന്ന ഒരു യാഥാര്‍ഥ്യത്തെ കൂടി സ്ഥാപിക്കാന്‍ നോവലിസ്റ്റ് നടത്തുന്ന ഒരു ശ്രമമായി വേണമെങ്കില്‍ ഇതിനെ കാണാം.
പ്രാഗ് വസന്തത്തിനെകുറിച്ച് ഏറെ എഴുതിയിട്ടുള്ള മിലന്‍ കുന്ദേരയുടെ ‘ചിരിയുടെയുടെയും ചിന്തയുടേയും പുസ്തകം( The Book of Laughter and Forgetting) എന്ന നോവലില്‍ പറയുന്നതുന്നതുപോലെ പാര്‍ട്ടിയുടെ പരിണാമ ദിശയിലെവിടെയോ വെച്ച് തുടച്ചുമാറ്റപ്പെട്ട ഓര്‍മകളാണ് ഗൗരിയും കല്യാണിയും മാതുവുമൊക്കെ. അവരില്ലാത്ത, ഇഷ്ട്ട നേതാക്കളും രേഖപ്പെടുത്തപ്പെടേണ്ടവര്‍ എന്ന് പാര്‍ട്ടി തീരുമാനിച്ചവരും മാത്രം അടങ്ങുന്ന ഒരു കമ്മ്യൂണിസ്റ്റ് ചരിത്ര മ്യൂസിയം എത്രകണ്ട് ചരിതത്തോടു നീതി പിളര്‍ത്തുമെന്ന സംശയം കൂടി ‘ഉത്തമ പാകം’ മുന്നോട്ടുവെക്കുന്നുണ്ടെന്ന് തന്നെവേണം കരുതാന്‍.
അശോകന്റെ ഉത്തമ പാകം എന്ന പുതിയ നോവലിനെക്കുറിച്ച് കെ.എ ആന്റണി എഴുതിയ വായനാനുഭവം
Comments are closed.