റൂഹിന്റെ നാള്‍മൊഴികള്‍ അഥവാ മാലാഖ പറഞ്ഞ കഥ
ശംസുദ്ദീന്‍ മുബാറക് രചിച്ച ‘മരണപര്യന്തം- റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് റഫീസ് മാറഞ്ചേരി എഴുതിയത്.
പുരാതന കാലം മുതല്‍തന്നെ ജീവിതത്തെ കുറിച്ചെന്ന പോലെ വലിയരീതിയില്‍ അല്ലെങ്കില്‍തന്നെയും മരണത്തെക്കുറിച്ചും പറയുകയും എഴുതപ്പെടുകയും ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശംസുദ്ദീന്‍ മുബാറകിന്റെ ‘മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍‘ എന്ന പുസ്തകത്താളില്‍ അക്ഷരങ്ങള്‍ കൊണ്ട് ചിത്രീകരിക്കുന്നത് മരണാനന്തര ജീവിതത്തിന്റെ വ്യത്യസ്ത ചിത്രങ്ങളാണ്. സ്വര്‍ഗത്തെയും നരകത്തെയും പരലോക വിചാരണയെയും കുറിച്ച് മതവും യുക്തിവാദവും ശാസ്ത്രവുമൊക്കെ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നിറയുന്ന കാലത്ത് ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തെ കൂട്ടിയിണക്കി പരലോകത്ത്‌നിന്നും മാലാഖ എഴുതുന്ന കഥ! മരണത്തോടെ കഥ തീര്‍ന്നെന്ന് വിശ്വസിക്കുന്നവരുടെ നെഞ്ചിലേക്ക് കനല്‍ കോരിയിടുന്ന മരണാന്തനരമുള്ള കഥ!!
ഒരു ശരാശരി മനുഷ്യന് ഒട്ടും ‘താല്പര്യമില്ലാത്ത’ വിഷയമാണ് മരണം. നീ മരിക്കുമെന്നോ നിനക്ക് മരണമുണ്ടെന്നോ ആരെങ്കിലും പറഞ്ഞാല്‍ അവനെ സൗഹൃദത്തില്‍ നിന്നുപോലും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. അത്രമേല്‍ ഭയപ്പാടോടെയാണ് നമ്മള്‍ മരണത്തെ കാണുന്നത്. പക്ഷെ ഒരിക്കലത് നമ്മെ തേടി വരുമെന്നത് സത്യമാണ്. മരണത്തെ പ്രതീക്ഷിക്കുന്നവന്‍ ദൈവസാമീപ്യത്തെ കൊതിക്കുന്നവനാവണം. ആത്മാവിനെ ശുദ്ധമാക്കിയവനേ മരിക്കുമെന്ന തോന്നലുണ്ടാവൂ. മരണം ജീവിതത്തിന്റെ ശത്രുവല്ല. മരണം മറ്റൊരു ജീവിതത്തിലേക്കുള്ള കവാടമാണ്.
മീന്‍കാരനായിരുന്ന താന്‍ പലപ്പോഴും ഉപദ്രവമേല്‍പ്പിച്ചിട്ടുള്ള സൈനുവിനോട് ബഷീര്‍ ചോദിക്കുന്നു: ‘നിന്നെ മരണം വല്ലാതെ വേദനിപ്പിച്ചിരുന്നോ?’. ‘പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന ഞാന്‍ ജീവന്‍ നഷ്ടപ്പെടുന്നത് പോലും അറിഞ്ഞില്ല… എന്റെ മൃതദേഹം ചുമന്നവരേക്കാള്‍ എനിക്കായിരുന്നു ധൃതി…’ നന്മ നിറഞ്ഞവന്റെ മരണം പോലും മനോഹരമാണ്. പേടിപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ കുളിരു ചൊരിയുന്ന മനോഹര ചിന്തകളാല്‍ കൂടി സമ്പന്നമാണ് റൂഹിനെ നാള്‍മൊഴികള്‍. ഖുര്‍ആന്‍ പ്രമാണങ്ങളെയും ഇസ്ലാമിക ചരിത്രത്തെയും ആധാരമാക്കിയുള്ള കഥാപാത്രങ്ങളും സ്ഥലങ്ങളും അടിസ്ഥാനമാകുമ്പോഴും നന്മതിന്മകള്‍ക്ക് ഇടയിലെ അതിര്‍വരമ്പുകളെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് ശംസുദ്ദീന്‍ മുബാറക്. ഒപ്പം സാമൂഹിക ഘടനയില്‍ അവഗണന നേരിടുന്ന തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകരുടെയും ജീവിതങ്ങളുടെ നിരീക്ഷണവും.
യാതൊരു വിധ മുന്‍ ധാരണകള്‍ക്കും ഇടം നല്‍കാത്ത, ഒരിക്കലും പ്രതീക്ഷിക്കാത്തതും എന്നാല്‍ വായിച്ചു കഴിയുമ്പോള്‍ എന്തുകൊണ്ട് ഇത്രനാള്‍ ഇങ്ങനൊന്ന് ഉണ്ടായില്ല എന്ന് ആശ്ചര്യപ്പെടുത്തുന്നതുമായ പ്രമേയമാണ് മരണപര്യന്തം കൈകാര്യം ചെയ്യുന്നത്. ആത്മാവ് വേറിട്ടത് മുതല്‍ ആശ്രിതരുടെ ദുഃഖ ഭാവങ്ങളും പ്രാര്‍ത്ഥനകളും കോറിയിട്ട ഭാഗം വായിക്കുന്ന നേരം കണ്‍മുമ്പില്‍ തെളിയുക വെള്ളപുതച്ച് കിടക്കുന്ന നമ്മുടെ സ്വന്തം രൂപമാവും. നമ്മുടെ വീടിന്റെ മുറ്റത്ത് വലിച്ച് കെട്ടിയ ടാര്‍പോളിന്‍ ഷീറ്റിന്റെ തണലിലിരുന്നു നമ്മള്‍ തന്നെ സന്ദര്‍ശകരുടെ മുഖങ്ങള്‍ നിരീക്ഷിക്കും. കുളിപ്പിച്ച് പുടവ ചുറ്റി കട്ടിലിലേറ്റി സ്വന്തം വീടിനോട് യാത്ര പറയുന്ന നേരവും ഖബറിലെ ആദ്യ ദിനവും ഇടക്കാലത്തെ പരോളുകളും തുടങ്ങി അന്ത്യനാളും പരലോക വിചാരണയും നന്മ,തിന്മ കണക്കെടുപ്പും വരെ ഒരു യാഥാര്‍ത്ഥ അനുഭവത്തിലെ ഓര്‍ത്തെടുക്കല്‍ പോലെ കണ്ണുകളെ വിസ്മയപ്പെടുത്തുമ്പോള്‍ കഥ പറഞ്ഞ മാലാഖക്കൊപ്പം നമ്മളും സഞ്ചരിച്ച് തുടങ്ങും. ബഷീറിനൊപ്പം നമുക്കും ദാഹിക്കും, ബഷീറിനെ തീയിലേക്കെടുത്തെറിയപ്പെടുമ്പോള്‍ നമുക്കും പൊള്ളലേല്‍ക്കും. ഉദ്വഗത്തോടെ താളുകള്‍ മറിച്ച് ഒടുവില്‍ ബഷീറിനൊപ്പം നമ്മളും വിശിഷ്ട രുചികള്‍ നുണയും.പ്രിയപ്പെട്ടവരുടെ സാമീപ്യം വീണ്ടും നുകരും…
2015 ഓഗസ്റ്റ് 17 ന് മരണപ്പെടുന്ന ബഷീറിനെ വിചാരണക്കായി ഖബറില്‍നിന്നും ദൈവസന്നിധിയിലേക്ക് വിളിപ്പിക്കുന്നത് 2278 മെയ് 13-നു ലോകം അവസാനിക്കുമ്പോഴാണ്. അന്ന് ഭൂമി കിടുകിടെ വിറച്ചു. ആ സര്‍വ്വനാശത്തിനു മുമ്പായി സൂര്യന്‍ ആളിക്കത്തി. മഞ്ഞുമലകള്‍ ഉരുകി സമുദ്രത്തോട് ചേര്‍ന്നു. കെട്ടിടങ്ങള്‍ മണല്‍കൂനകള്‍ പോലെ വെള്ളത്തില്‍ അലിഞ്ഞു. ഒന്നാം പര്‍വ്വത്തിലെ പ്രാണന്റെ വഴികള്‍ അവസാനിച്ച് രണ്ടാം പര്‍വ്വത്തിലെ അനന്തവും അനശ്വരവുമായ ലോകത്തേക്ക് കടക്കുമ്പോള്‍ റൂഹ് വീണ്ടും നാള്‍മൊഴികള്‍ എഴുതിത്തുടങ്ങും. പക്ഷെ അന്ന് മുതല്‍ കലണ്ടറുകള്‍ മാറിത്തുടങ്ങുകയാണ്. ദിവസവും കാലവും നിശ്ചയിക്കാന്‍ കഴിയാത്ത പുതിയ രാപകലുകള്‍…! 01/01/01. ആക്ഷരങ്ങള്‍ക്ക് താഴെ ഇപ്പോള്‍ ഒന്നുമില്ല. ഒന്നുമില്ലായ്മയുടെ ശൂന്യത മാത്രം. മരണത്തിന്റെ ദേവത പോലും ഇനിയെന്ത് എന്ന ചിന്തയില്‍ ദൈവത്തിന്റെ കല്പനക്കായി കാത്ത് നില്‍ക്കുമ്പോള്‍ ആത്മാക്കള്‍ കൂട്ടം കൂട്ടമായി വിചാരണയ്ക്കായി നീങ്ങുന്നു.
ചെയ്തുകൂട്ടിയ തിന്മകളുടെ ഭയപ്പാടുകള്‍ക്കിടയിലും അവസാനം നന്മകള്‍ നല്‍കുന്ന ചെറു പ്രതീക്ഷകള്‍ക്ക് ജീവിതത്തില്‍ വലിയൊരു സ്ഥാനമുണ്ടെന്ന് മനസ്സിലാക്കിത്തരുന്ന ഭീതിദമായ ഭാഷയിലൂടെയാണ് നോവല്‍ മുന്നേറുന്നത്. കഥാനായകന്‍ ബിച്ചു എന്ന തയ്യിലപ്പറമ്പില്‍ ബഷീറിന്റെ കൂടെ നമ്മളും ഖബറിലെത്തി വിചാരണ നേരിടും. നോവലില്‍ ബഷീറിന്റെ തിന്മകള്‍ മാലാഖമാര്‍ തൂക്കി നോക്കും നേരം നാമും സ്വയം ചെയ്തുകൂട്ടിയ തിന്മകള്‍ മനസ്സിലിട്ട് തൂക്കി നോക്കും. ശിക്ഷകള്‍ ബഷീര്‍ ഏറ്റുവാങ്ങുമ്പോള്‍ നമ്മളില്‍ പശ്ചാത്താപത്തിന്റെ വിത്തുകള്‍ മുളപൊട്ടി തുടങ്ങും. വായനാവസാനം നമുക്ക് തോന്നിപ്പോകും, ഇതെഴുതുന്ന കാലയളവില്‍ നോവലിസ്റ്റിന്റെ ആത്മാവിന്റെ സ്ഥാനത്ത് പരലോകത്ത് നിന്നും പറന്നിറങ്ങിയ മാലാഖയായിരുന്നെന്ന്!
മലയാള സാഹിത്യത്തില്‍, വിശിഷ്യാ നോവലുകള്‍ക്കിടയില്‍ അനിതര സാധാരണമായൊരു ഇടം നേടാന്‍ ഈ പുസ്തകത്തിന് കഴിഞ്ഞത് ഇതിവൃത്തത്തിന്റെ പ്രത്യേകത കൊണ്ടും അത് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞതും കൊണ്ടാണ്. സാമ്പ്രദായിക നോവല്‍ ആഖ്യാന ശൈലികളുടെ ആകര്‍ഷണീയതകളെ വെല്ലുന്ന ഇതിലെ വരികളോരോന്നും അനുവാചകരെ അടുത്ത വരികളുടെ ആകാംക്ഷകളിലേക്ക് സ്വയം ഊളിയിടാന്‍ പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല. അതിനുള്ള ഉദാത്തമായ തെളിവാണ് പ്രകാശനം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം തന്നെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയത്. കാണാവുന്ന ചിത്രങ്ങളുടെ എടുത്തെഴുത്ത് പകര്‍ത്തിയെഴുത്ത് പോലെ ലളിതമാണ്. കാണാനാവാത്ത ചിത്രങ്ങള്‍ എടുത്തെഴുതാന്‍ ഭാവനാമണ്ഡലം ചൂടുപിടിപ്പിക്കേണ്ടിയും കുടഞ്ഞൊരുക്കേണ്ടിയും വരും. നോവലിസ്റ്റിന്റെ കഠിനപ്രയത്‌നത്തിന്റെ ഫലം തന്നെയാണ് ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന, കടലാസില്‍ അക്ഷരങ്ങളായി തെളിയുന്ന ഈ റൂഹിന്റെ നാള്‍മൊഴികള്‍ക്കും.
Comments are closed.