മലബാര്‍ സമരങ്ങളെക്കുറിച്ച് വ്യവസ്ഥാപിതമായി പഠിക്കാനുദ്ദേശിക്കുന്നവര്‍ ആദ്യം പരിഗണിക്കേണ്ട പുസ്തകം!
മലബാർ സമരത്തെ സമഗ്രമായി പഠിച്ച് എഴുതിയ പുസ്തകങ്ങളുടെ ഒരു നിര വേറെയുണ്ട്. ഗവേഷണ പ്രധാനമായവ. അക്കാദമിക് സ്വഭാവമുള്ള ആ ഗണത്തിൽ വരുന്ന കൃതിയാണ് കെ.എൻ പണിക്കരുടേത്. ‘മലബാർ കലാപം – പ്രഭുത്വത്തിനും രാജവാഴ്ച്ചക്കുമെതിരെ’. പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനുമാണ് ഗ്രന്ഥകാരൻ. ആ നിലയ്ക്കുള്ള ഗവേഷണ താൽപ്പര്യം ഈ വിഷയത്തോട് അദ്ദേഹത്തിന് ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ അതുമാത്രമല്ല, കലാപത്തെക്കുറിച്ച് ചെറുപ്പത്തിൽ വീട്ടിൽ നിന്നു കേട്ടറിഞ്ഞ കാര്യങ്ങൾ പണിക്കരിൽ ഒരു സവിശേഷ താൽപര്യം വളർത്തിയിട്ടുണ്ട്. പുസ്തകം സമർപ്പിച്ചതുതന്നെ ആ ഓർമകൾക്ക് മുന്നിലാണ്: “മാപ്പിള ചെറുത്തുനിൽപ്പുകളെക്കുറിച്ച് എനിക്ക് ആദ്യമായി പറഞ്ഞുതന്ന എൻ്റെ അമ്മയുടെ സ്മരണയ്ക്ക്.”
ആ താൽപ്പര്യം ഉണ്ടായിവന്ന സാഹചര്യം കെ.എൻ പണിക്കർ ആമുഖത്തിൽ വിവരിക്കുന്നുണ്ട്. “ഞാൻ വളർന്നത് ഒരു ഹിന്ദുതറവാട്ടിലാണ്. ജനസംഖ്യയിൽ കാര്യമായൊരു ഭാഗം മാപ്പിളമാരുള്ള ഒരു ഗ്രാമത്തിലായിരുന്നു അത്. എൻ്റെ കുട്ടിക്കാലത്തുപോലും 1921 ലെ ഖിലാഫത്ത് ഒരു സാധാരണ സംഭാഷണ വിഷയമായിരുന്നു. അതിൽ ഹിന്ദുക്കൾക്കെതിരെ ലഹളക്കാർ ചെയ്ത അത്യാചാരങ്ങൾക്കായിരുന്നു ഊന്നൽ. ഹിന്ദുക്കളിൽ ഒട്ടുമിക്കവരെയും പോലെ എൻ്റെ കുടുംബവും കലാപത്തെപ്പറ്റി മതപരമായ ഒരു കാഴ്ച്ചപ്പാട് വെച്ചു പുലർത്തിപ്പോന്നു. എൻ്റെ അമ്മയും വലിയമ്മമാരും ആക്രമണം മുൻകൂട്ടിക്കണ്ട്, എത്രയോ രാത്രികൾ ഉറക്കം കെട്ട് എണ്ണയും പതപ്പിച്ച് കാത്തിരുന്നു, ആക്രമികളെ നേരിടാൻ. ഏതായാലും ലഹളക്കാർ എൻ്റെ ഗ്രാമത്തിലേക്ക് എത്തിയില്ല. ദേശത്തുള്ള മാപ്പിളമാർ ഹിന്ദു വീടുകൾ ആക്രമിച്ചതുമില്ല”.
ആ അനുഭവമാണ് പിന്നീട് താൽപ്പര്യമായി വളർന്നത്:
“ഇതുപോലുള്ള സംഭവങ്ങൾ നിറഞ്ഞു നിന്ന എൻ്റെ മനസ്സിൽ രണ്ടു ചോദ്യങ്ങൾ വിടാതെ കൂടി. ഒന്നാമതായി, മാപ്പിളമാർക്കെതിരെ മുൻവിധികളൊന്നും ഇല്ലാതിരുന്ന അമ്മ എന്തുകൊണ്ടാണ് കലാപച്ചെയ്തികളെ മതപരമായി മാത്രം കണ്ടത്? വീട്ടിനു മുമ്പിലുള്ള പള്ളിയിലേക്ക് മുടങ്ങാതെ നേർച്ചകൊടുത്തിരുന്നവരാണല്ലോ അവർ. രണ്ടാമതായി, ഞങ്ങളുടെ നാട്ടിലെ, മുഖ്യമായും കച്ചവടക്കാരും മീൻപിടുത്തക്കാരുമായ മാപ്പിളമാർ ഹിന്ദു ജന്മികളെ ആക്രമിക്കാതിരുന്നത് എന്തുകൊണ്ട്?”
“കലാപബോധത്തെ നിർണയിച്ച വിവിധ ആശയ ധാരകളിലാണ് ഈ ചോദ്യത്തിൻ്റെ ഉത്തരം കുടികൊള്ളുന്നത്” -എന്നും പണിക്കർ ആമുഖത്തിൽ പറയുന്നുണ്ട്. അതിനാൽ സ്വാഭാവികമായും ആ ആശയധാരകളുടെ ഉറവിടങ്ങളിലേക്കും അവിടെ നിന്ന് ആ ധാരകളോടൊപ്പം കലാപത്തിൻ്റെ ഉള്ളറകളിലേക്കും സഞ്ചരിക്കുകയാണ് ഗ്രന്ഥകാരൻ.
ആ യാത്ര എളുപ്പമായിരുന്നില്ല. കലാപത്തെക്കുറിച്ച് ലഭ്യമായിരുന്ന പുസ്തകങ്ങളുടെ കാര്യം ആശാവഹമല്ല. ഒന്നുകിൽ കാർഷികമോ അല്ലെങ്കിൽ മതപരമോ ആയ ഉറവിടങ്ങളിൽ നിന്നുള്ളവയായിരുന്നു. കർഷക ലഹളയെന്ന് തീർത്തു പറഞ്ഞവരോ വർഗീയ കലാപമെന്ന് എഴുതിത്തള്ളിയവരോ ആയിരുന്നു അധികവും.
അവയെ കാര്യമായി എടുക്കാതെ രേഖകളിലേക്കും അനുഭവ വിവരണങ്ങളിലേക്കും കടക്കുകയാണ് പണിക്കർ ചെയ്തത്. രണ്ടാമത്തേത് അത്ര എളുപ്പമായിരുന്നില്ല. മലബാർ കലാപത്തിലെ പോരാളികൾക്ക് സ്വാതന്ത്ര്യ സമരപെൻഷൻ അനുവദിക്കുന്നത് വിവാദമായി നിൽക്കുന്ന കാലത്താണ് പുസ്തകത്തിനു വേണ്ടിയുള്ള ഗവേഷണത്തിന് ഇറങ്ങുന്നത്. ഗവേഷണം പെൻഷൻ സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമാണോ എന്ന് സംശയിച്ചതിനാൽ കലാപത്തിലെ പോരാളികൾ തുറന്നു സംസാരിക്കാൻ മടികാണിച്ച അനുഭവമുണ്ട്.
പിന്നെ, രേഖകളാണ് ആശ്രയം. തമിഴ്നാട് ആർക്കൈവ്സ് (മലബാർ അന്ന് മദിരാശി സംസ്ഥാനത്തിൻ്റെ ഭാഗമാണല്ലോ) നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, ലണ്ടനിലെ ഇന്ത്യാ ഓഫീസ് എന്നിവിടങ്ങളിലാണ് സംഭവത്തെക്കുറിച്ചുള്ള രേഖകളുള്ളത്. അവയിൽ കാര്യങ്ങൾ സവിസ്തരം പറയന്നുണ്ടെങ്കിലും ‘ശത്രു’വിൻ്റെ കാഴ്ചപ്പാടായതു കൊണ്ടുള്ള പക്ഷപാതം ഉണ്ട്. ദിനപ്പത്രങ്ങളുടെ ഫയലുകളും ആത്മകഥകളും കോടതി രേഖകളും എല്ലാമായുധമാക്കി സർക്കാർ രേഖകളെ മറിച്ചിട്ട് പരിശോധിച്ചാണ് പണിക്കർ പുസതക രചനയിലേക്ക് കടന്നത്.
പുസ്തകംഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങാന്‍ സന്ദര്‍ശിക്കുക.
മലബാർ സമരങ്ങളെക്കുറിച്ച് വ്യവസ്ഥാപിതമായി പഠിക്കാനുദ്ദേശിക്കുന്നവർ ആദ്യം പരിഗണിക്കേണ്ട പുസ്തകമാണിത്. കലാപബാധിത പ്രദേശങ്ങളെ കൃത്യമായി പരിചയപ്പെടുത്തിത്തരുന്ന ഭൂപടങ്ങങ്ങളോടെയാണ് വിഷയത്തിലേക്ക് കടക്കുന്നത്.
ഒരു സങ്കട ഹരജിയോടെയാണ് തുടക്കം. അതിങ്ങനെ: “ഉപജീവനമാർഗമന്വേഷിച്ച് വയനാട്, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് അനേകം പേർ കുടിയേറി. പരമദാരിദ്ര്യത്തിൽപ്പെട്ട ഇവരിൽ പലരും വഴിമധ്യേതന്നെ മരണപ്പെട്ടു. മറ്റു കുറേപ്പേർ പ്രാഥമിക ആവശ്യങ്ങൾക്കു പോലും വഴിമുട്ടി വീടുകളിലും ഗ്രാമങ്ങളിലും നിരത്തുകളിലും മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു. ഭിക്ഷയാചിക്കാൻ നിർബന്ധിതരായ സ്ത്രീകളാവട്ടെ തങ്ങളുടെ ദുരിതാവസ്ഥയിൽ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു പോകാൻ കഴിയാത്തതുകൊണ്ട് അവരെ കൊല്ലുകയോ വഴിമധ്യേ ഉപേക്ഷിക്കുകയോ തുച്ഛമായ വിലയ്ക്ക് വിൽക്കുകയോ ചെയ്തു. മരണത്തോടടുത്ത കുഞ്ഞുങ്ങളെ സഹായിക്കാൻ കഴിയാത്തതിൻ്റെ പാപഭാരവും കരമൊടുക്കാൻ കഴിവില്ലാത്തതിൻ്റെ അഭിമാനക്ഷതവും പല മാന്യന്മാരെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. മുൻ രാജാക്കന്മാരുടേയോ ഹൈദർ, ടിപ്പു, ഉടങ്ങിയ മൈസൂർ സുൽത്താൻമാരുടേയോ കാലത്ത് ഞങ്ങളോ ഞങ്ങളുടെ പൂർവ്വികരോ ഇത്രയ്ക്ക് ദുരിതപൂർണമായ ഒരവസ്ഥയിൽ എത്താനിടയായിട്ടില്ല. ഞങ്ങൾക്ക് ഇനിയിത് സഹിക്കാനാവില്ല.”
കടത്തനാട്ടു നിവാസികൾ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് സമർപ്പിച്ച സങ്കടഹരജിയുടെ ഭാഗമാണിത്. 1792ലാണല്ലോ മലബാർ ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുന്നത്. ടിപ്പുവിനെ യുദ്ധത്തിൽ തോൽപ്പിച്ചുണ്ടാക്കിയ കരാറിൻ്റെ ഭാഗമായാണ് അധികാരം കിട്ടിയത്. അങ്ങനെ ബ്രിട്ടീഷുകാർ ഭരിച്ചു തുടങ്ങി മുപ്പതു വർഷം കഴിഞ്ഞപ്പോഴാണ് നാട്ടുകാർക്ക് ഇങ്ങനെയൊരു സങ്കട ഹരജി എഴുതേണ്ടി വന്നത്.
“ദുരിതത്തിൻ്റെ തീക്ഷ്ണത പ്രതിഫലിപ്പിക്കാനായി അവർ അൽപം അതിശയോക്തി കലർത്തിയിരിക്കാം. എങ്കിലും ഈ വിവരണം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിലെ മലബാറിലെ ഗ്രാമീണ ജനവിഭാഗത്തിൻ്റെ അവസ്ഥ നിഴലിക്കുന്നുണ്ട്” -എന്നാണ് പണിക്കരുടെ നിഗമനം. അതു തന്നെയാണ് പുസ്തകത്തിൻ്റെ നിലപാടുതറയും. ജീവിതം വഴിമുട്ടിയപ്പോൾ പാവപ്പെട്ടവർ ഭൂപ്രഭുക്കൾക്കും ഭരണാധികാരിയായ ബ്രിട്ടീഷ് രാജാവിനും എതിരെ നടത്തിയ കലാപമായിരുന്നു 1921ൽ മലബാറിൽ അരങ്ങേറിയതെന്ന് പുസ്തകത്തിലൂടെ കെ.എൻ പണിക്കർ സ്ഥാപിക്കുന്നു.
അതിനായി കണക്കുകളെയാണ് പണിക്കർ കാര്യമായും ആശ്രയിക്കുന്നത്. അനുഭവകഥനങ്ങളേക്കാളും രഷ്ട്രീയ വിവരണങ്ങളേക്കാളും വസ്തുതക്ക് അടിസ്ഥാനമായ കണക്കുകളാണ് നിരത്തുന്നത്.
കർഷകരും ഭൂവുടമകളും ഭരണകൂടവും എന്ന ഒന്നാമധ്യായം നികുതിയുടെ കണക്കുകളാണ് പരിശോധിക്കുന്നത്. ബ്രിട്ടീഷുകാർ അധികാരത്തിൽ വന്നതിന് ശേഷം മലബാറിൽ നിന്നു പിരിച്ചെടുത്ത ഭൂനികുതിയാണ് പ്രധാനം. ഉപ്പ്, പുകയില, തടി തുടങ്ങിയ അക്കാലത്തെ പ്രധാന വ്യാപാരങ്ങളുടെ കുത്തക ബ്രിട്ടീഷുകാർക്ക് ആയതിനാൽ കർഷകർക്ക് ഏൽക്കേണ്ടിവന്ന ആഘാതം, വാർഷിക നികുതി അടിസ്ഥാനമാക്കി ഭൂവുടമസ്ഥത തരം മാറ്റിയത്. ചട്ടവിരുദ്ധമായ പാട്ടം നിർണയം, എല്ലാം കണക്കിൻ്റെ വെളിച്ചത്തിൻ്റെ വിലയിരുത്തുകയാണ് ഒന്നാമധ്യായം.
“ഇങ്ങനെ തമ്പുരാൻ്റെയും സായിപ്പിൻ്റേയും നിർദയ ചൂഷണത്തിൽപെട്ട് വലഞ്ഞ മലബാറിലെ കർഷക സമൂഹം എല്ലുവെള്ളമാക്കി കാലയാപനം ചെയ്തുവന്നു” -എന്നാണ് ഒന്നാമധ്യായം അവസാനിക്കുന്നത്.
പുസ്തകംഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങാന്‍ സന്ദര്‍ശിക്കുക.
‘ഒരു പാരമ്പര്യത്തിൻ്റെ സൃഷ്ടി’ എന്ന രണ്ടാം അധ്യായത്തിൽ മാപ്പിളമാരുടെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച പരമ്പരാഗത ബുദ്ധിജീവികളെ പരാമർശിക്കുന്നുണ്ട്. പണ്ഡിതന്മാർക്ക് പുറമെ മതപ്രവർത്തകരായ മുസ്ല്യാന്മാരും ഖാസിമാരും അതിൽ വരുന്നുണ്ട്. അദ്ധ്യാത്മക പ്രബുദ്ധത വളർത്തുന്നതിനു പുറമെ ഇവർ നിത്യജീവിതത്തിലെ സംഭവങ്ങളോടും പ്രതികരിച്ചിരുന്നതുകൊണ്ടാണിത്.
“സമുദായാംഗങ്ങളുമായി ഗാഢബന്ധമുണ്ടായിരുന്ന ഈ പാരമ്പര്യ ബുദ്ധിജീവികൾ രൂപപ്പെടുത്തി വികസിപ്പിച്ച ആശയപ്രപഞ്ചത്തിലായിരുന്നു മലബാറിലെ മാപ്പിളമാർ. “വെളിയംകോട്ടെ ഉമർഖാസി, സയിദ് അലവി തങ്ങൾ, അദ്ദേഹത്തിൻ്റെ പുത്രൻ മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ തുടങ്ങിയവരാണ് ഈ ബുദ്ധിജീവികളുടെ ഒന്നാംനിര.
ഏറനാട്, വള്ളവനാട് താലൂക്കുകളിലെ മാപ്പിളമാരുടെ ജനസംഖ്യ, മാപ്പിളമാർക്കിടയിലെ തൊഴിൽ വിഭാഗങ്ങൾ, അതും ഹിന്ദുക്കളുടെ അവസ്ഥയുമായുള്ള താരതമ്യ പഠനം എന്നിവ വരുന്നതിനാൽ ഈ അധ്യായത്തിലും കണക്ക് വരുന്നുണ്ട്.
1800 മുതൽ 1920 വരെ മലബാറിൽ പലയിടത്തായി നടന്ന മാപ്പിളലഹളകളെ കാര്യകാരണസഹിതം പ്രതിപാദിക്കുന്നുണ്ട് ഈ അധ്യായത്തിൽ. ഇത്തരം കലാപങ്ങൾ വർദ്ധിച്ചുവരുന്ന മുറക്ക് ബ്രിട്ടീഷധികാരികൾ തയാറാക്കിയ അന്വേഷണ റിപ്പോർട്ടുകളും പരിശോധിക്കുന്നുണ്ട്. “1921 നു മുമ്പുണ്ടായ കലാപങ്ങൾക്ക് തദ്ദേശീയമാത്ര സ്വാഭാവവും തുച്ഛമായ പങ്കാളിത്തവും വ്യക്തമായ രൂപരേഖയുടെ അഭാവവുമൊക്കെ നിലനിൽക്കത്തന്നെ അവ പൂർണമായും വ്യർഥമായില്ല. ജന്മിമാരുടേയും ഭരണകൂടത്തിൻ്റെയും മർദ്ദനങ്ങളെ വെല്ലുവിളിക്കാൻ കരുത്തേകുന്ന പാരമ്പര്യമായി അവ മാപ്പിളമാരുടെ ബോധമണ്ഡലത്തിൽ നിലകൊണ്ടു ” -എന്നതാണ് പണിക്കരുടെ വിലയിരുത്തൽ.
ഈ കലാപങ്ങളും അവയെക്കുറിച്ച് സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ടുകളും അധികാരികളുടെ സമീപനത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണ് മൂന്നാം അധ്യായം. നിയമനിർമാണങ്ങൾ ഉണ്ടായെങ്കിലും അതൊക്കെ അപര്യാപ്തമായിരുന്നു. അതിനാൽത്തന്നെ നിഷ്ഫലവും.
“അങ്ങനെ കർഷക അസംതൃപ്തിക്ക് പരിഹാരം കാണാൻ ബലം പ്രയോഗിച്ചും അനുരഞ്ജനം വഴിയും ഗവണ്മെൻ്റ് നടത്തിയ ശ്രമങ്ങളൊന്നും നാട്ടിൻ പുറത്തെ പാവങ്ങളെ സ്പർശിച്ചില്ല. അടിച്ചമർത്തൽ നടപടികൾ ഒരു പരിധിവരെ കലാപങ്ങളെ തടുക്കാൻ സഹായിച്ചെങ്കിലും വളരെ വേഗംതന്നെ അവയുടെ അപ്രായോഗികത ബോധ്യപ്പെട്ടു. എന്നുതന്നെയല്ല ബ്രിട്ടീഷ് വിരുദ്ധ മനോഭാവത്തെ ആളിക്കത്തിക്കുന്നതിനേ ഇത് ഉപകരിച്ചുള്ളൂ” -എന്ന് മൂന്നാമധ്യായം കണ്ടെത്തുന്നു.
പുസ്തകംഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങാന്‍ സന്ദര്‍ശിക്കുക.
ഇത്രയും വിശദമായ പ്രതിപാദിച്ച ശേഷമാണ് 1921ലേക്ക് കടക്കുന്നത്. മുൻപ് പരിശോധിച്ച സംഘർഷ സാഹചര്യങ്ങൾക്ക്, പ്രതിരോധ ആശയം വ്യാപിപ്പിക്കാനും ബ്രിട്ടീഷ് വിരുദ്ധവും ജനവിരുദ്ധവുമായ അവബോധം വളർത്താനും സഹായിച്ചെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരിക്കൽ പോലും കർഷക സമൂഹം സമരത്തിലേക്ക് എത്തിപ്പെട്ടില്ല എന്ന വസ്തുത ഓർമിപ്പിച്ചു കൊണ്ടാണ് നാലാമധ്യായം ആരംഭിക്കുന്നത്. “പരസ്പര ധാരണകൾ ദൃഡമാക്കുന്നതിനുള്ള പൊതുവേദിയോ പൊതു സംഘടനയോ ഇല്ലാതിരുന്നതാണ് കാരണം. കുടിയായ്മ സമരം, ഖിലാഫത്ത് പ്രസ്ഥാനം, നിസഹകരണ പ്രസ്ഥാനം എന്നിവ ഈ കുറവ് നികത്തി.”ഈ മൂന്നു പ്രസ്ഥാന ങ്ങളേയും അവയുടെ സ്വാധീനങ്ങളേയും പരിശോധിക്കുകയാണ് “അവസാനത്തെ മുന്നേറ്റം” -എന്ന അധ്യായം.
“എന്നാൽ കലാപമുണ്ടായപ്പോൾ പ്രമുഖരായ ഖിലാഫത്ത് നേതാക്കൾ ഇതിൽ നിന്ന് വിട്ടുനിൽക്കുക മൂലം ഇതിനെ സംയോജിപ്പിക്കുകയും ദിശാബോധം നൽകുകയും ഒരു കേന്ദ്ര നേതൃത്വം ഇല്ലാതെ പോയി. ഈ വിടവ് നികത്താൻ കഴിയുമായിരുന്ന ഒരേഒരു വ്യക്തി ആലി മുസ്ല്യാരായിരുന്നു” -എന്നു പറയുന്ന പണിക്കർ, ആലി മുസ്ല്യാർക്ക് അതിനു സാധിച്ചോ എന്ന കാര്യത്തിൽ സന്ദേഹിയാണ്.
കലാപത്തിൻ്റെ കാര്യത്തിലേക്ക് വരുമ്പോൾ, അതിൻ്റെ “ഗതി ചിട്ടപ്പെടുത്താനും മാർഗദർശനം കൊടുക്കാനും ശ്രമിച്ച ഏറ്റവും പ്രധാനപ്പെട്ട നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു” എന്നു പറയാൻ സന്ദേഹമേതുമില്ല. ബ്രിട്ടീഷ് രാജിൻ്റെ പരാജയത്തോടു കൂടി ജനങ്ങൾക്ക് പെട്ടെന്ന് ലഭിച്ച സ്വാതന്ത്ര്യം നാട്ടിൽ കടിഞ്ഞാൺ പൊട്ടിയ വാഹചര്യമുണ്ടാക്കി. അതാണ് കലാപം ലക്ഷ്യം തെറ്റാൻ കാരണമായത്.
കലാപത്തിലെയും, പട്ടാളം രംഗത്തിറങ്ങിയതിനുശേഷം ആദ്യമുണ്ടായ ഏറ്റുമുട്ടലുകളുടേയും, ഒടുവിലത്തെ അടിച്ചമർത്തലുകളുടേയും സംഭവ വിവരണങ്ങൾ ഈ പുസ്തകത്തിലുമുണ്ട്. അവിടേയും കണക്കുകൾ പ്രധാനമായി വരുന്നുണ്ട്. കലാപത്തിൽ കൊല്ലപ്പെട്ടവരുടെയും ശിക്ഷിക്കപ്പെട്ടവരുടേയുമെല്ലാം എണ്ണം മാത്രമല്ല. തൊഴിലിൻ്റെ അടിസ്ഥാനത്തിൽ അവരെ തരംതിരിച്ച പട്ടികയുമുണ്ട്. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ ഭൂരിപക്ഷവും തൊഴിലാളികളും കൃഷിക്കാരുമായിരുന്നുവെന്ന് ഈ രേഖകൾ വെളിപ്പെടുത്തുന്നുണ്ട്. കലാപകാരികൾ മുസ്ലിംകൾ മാത്രമായിരുന്നല്ല എന്നും.
കലാപത്തിൻ്റെയും പരാജയത്തിൻ്റേയും രാഷ്ട്രീയ ഫലം മലബാറിലെ കോൺഗ്രസിൻ്റെ തളർച്ചയായിരുന്നു എന്നൊരു വായനയുമുണ്ട്.
ആറാം അധ്യായം, അവസാനത്തെ അധ്യായമാണ്. ‘ഉപസംഹാരം’. അതിങ്ങനെ ഉപസംഹരിക്കാം:
“അസംതൃപ്തിയെ പ്രക്ഷോഭമാക്കി പരിവർത്തിപ്പിക്കാൻ കഴിയുമാറ് ആശയ പദ്ധതിയായി വർത്തിച്ചത് മതമാണ് എങ്കിലും മാപ്പിള സമുദായത്തിനകത്തെ ഒരുമ സമാനകക്ഷിയിലുള്ളവരുമായിട്ടായിരുന്നു. മേൽകീഴ് വർഗ്ഗങ്ങളുമായിട്ട് ആയിരുന്നില്ല. എങ്കിലും കലാപകാരികളായ നാട്ടിൻപുറത്തെ പാവങ്ങൾ ഒരു സാമ്പത്തിക “വർഗ”മായി സ്വയം മാറിക്കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും അവർക്ക് തങ്ങളുടെ ശത്രു ആരെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. തങ്ങളാര് എന്നതിനേക്കാൾ തങ്ങളുടെ ശത്രുക്കളാര് എന്നതിലധിഷ്ഠിതമായ വർഗബോധമായിരുന്നു അവരുടേത്”.
………………………………..
1971- ൽ കെ.എൻ പണിക്കർ നടത്തിയ ഒരു പ്രഭാഷണത്തിൽ നിന്നാണ് ഈ ഗ്രന്ഥമെന്ന ആശയം ഉണ്ടായി വരുന്നത്. നെഹ്റു മെമ്മോറിയൽ മ്യൂസിയം വർഗീയതയെ പറ്റി സംഘടിപ്പിച്ച സെമിനാറിലായിരുന്നു അത്. മലബാർ കലാപത്തിൻ്റെ സ്വഭാവമാണ് അന്ന് സംസാരവിഷയമായത്.
1980 നു മുമ്പേ പുസ്തകത്തിൻ്റെ കരട് എഴുതിത്തീർന്നു. 1989 ൽ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ്സ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. എബി കോശിയാണ് മലയാളത്തിലാക്കിയത്. ഡി.സി ബുക്സാണ് പ്രസാധകർ.
പുസ്തകംഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങാന്‍ സന്ദര്‍ശിക്കുക.
എഴുതിയത് പി ടി നാസര്‍
കടപ്പാട് ; മാധ്യമം ഓണ്‍ലൈന്‍
Comments are closed.