DCBOOKS
Malayalam News Literature Website

കനല്‍വഴികള്‍ താണ്ടിയ ഒരമ്മയുടെ ജീവിതക്കുറിപ്പുകള്‍

എച്ച്മുക്കുട്ടിയുടെ ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക‘ എന്ന കൃതിക്ക് ദിന്‍കര്‍ മോഹന പൈ എഴുതിയ വായനാനുഭവം

‘സൗഖ്യം പ്രാപിക്കാത്ത മുറിവുകള്‍, ആ മുറിവുകളില്‍ നിന്നും രക്തമൊഴുകിക്കൊണ്ടേയിരിക്കുകയാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്നവര്‍. എന്നാലോ, തങ്ങളിലോരോരുത്തരും അടുത്തു തന്നെ ഉണ്ടാവണമെന്നാഗ്രഹിക്കുന്നവര്‍. അതാണ് ഞാന്‍ മനസ്സിലാക്കുന്നത് ഈ കഥ എന്റെ ജീവിതത്തില്‍ എങ്ങനെ പൊരുത്തപ്പെടുന്നു എന്നത്. ഈ തലമുറകളിലെ സ്ത്രീകള്‍, അവരുടെ ജീവിതകാലത്തോളം നീളമുള്ള ഒരു മേലങ്കി നെയ്യുകയാണ്. അബോധമനസ്സോടെ അത് കൈമാറുകയും. അമ്മയില്‍ നിന്നും മകളിലേക്ക്, അവരില്‍ നിന്നും പേരക്കുട്ടിയിലേക്ക്, എന്നിലേക്ക്.’ ‘ഇന്‍ പീസസ്’ എന്ന തന്റെ ആത്മകഥയില്‍ സാലി മാര്‍ഗരറ്റ് ഫീല്‍ഡ് എന്ന ഹോളിവുഡ് നടി എഴുതിയത്.

ബ്ലോഗ്കാലം മുതല്‍ ഓണ്‍ലൈന്‍ ലോകത്തിനു സുപരിചിതയായ എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മകഥയാണ് ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക‘ എന്ന പുസ്തകം. ജീവിതയാത്രയില്‍ അവരനുഭവിച്ച കൊടുംവേദനകളുടെയും യാതനകളുടെയും ചിത്രങ്ങള്‍ അതേപോലെ പകര്‍ത്തിവെച്ച, അവര്‍ താണ്ടിയ കനല്‍വഴികളുടെ നേര്‍സാക്ഷ്യമായ, ജീവിതക്കുറിപ്പുകളുടെ സമാഹാരമാണ് ഇത്.

2018 സെപ്റ്റംബറില്‍ ‘വേദനകള്‍ക്ക് മറുമരുന്നായി എനിക്ക് എഴുത്ത് മാത്രമേയുള്ളൂ’ എന്നു പറഞ്ഞുകൊണ്ട് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയപ്പോള്‍, തങ്ങളുടെ ഭൂതകാല/വര്‍ത്തമാനകാല അനുഭവങ്ങളുമായി അവയ്ക്കുള്ള സാമ്യം നടുക്കത്തോടെയാണ് വായനക്കാരില്‍ ചിലര്‍ തിരിച്ചറിഞ്ഞത്. അതൊരു നീണ്ട യാത്രയായിരുന്നു. സങ്കടക്കടലിലൂടെ തന്റെ കുഞ്ഞന്‍ കൊതുമ്പുവള്ളം തുഴഞ്ഞ, ഏകാകിനിയും ആലംബഹീനയുമായ ഒരു സ്ത്രീയുടെ ജീവിതമെന്ന പ്രയാണം.

ആ കുറിപ്പുകളിലൂടെ കടന്നുപോവുമ്പോള്‍, ചാരം മൂടിയ കനലുകള്‍ അണയാന്‍ കാലമേറെയെടുക്കുമെന്നും, ഒരുപാടു കാതങ്ങള്‍ താണ്ടി വിണ്ടുകീറിയ പാദങ്ങളെ അവ ചുട്ടുപൊള്ളിച്ചുകൊണ്ടേയിരിക്കുമെന്നും അനുവാചകര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ അതേ കനലുകളുടെ ഉഗ്രതാപം വായനക്കാരുടെ മനസിലെ ചില വിഗ്രഹങ്ങളുടെ സ്വര്‍ണവര്‍ണത്തെ ഉരുക്കിക്കളഞ്ഞ്, അവയുടെ യഥാര്‍ത്ഥ നിറത്തെ പുറത്തുകൊണ്ടുവരുന്നതിനും, ചില വിഗ്രഹങ്ങള്‍ പൂര്‍ണമായും ഉടഞ്ഞുതീരുവാനും ഹേതുവായത് കാലം കാത്തുവെച്ച കാവ്യനീതിയാവണം.

കുഞ്ഞുങ്ങളെ ലാളിച്ചാല്‍ ഇസ്തിരിയിട്ട വസ്ത്രത്തില്‍ ചുളിവുകള്‍ വീഴുമെന്നും അവര്‍ ചീകിമിനുക്കിയ തന്റെ തലമുടി അലങ്കോലമാക്കുമെന്നും വിചാരിച്ച്, കുട്ടികളെ ഒരിക്കലും എടുക്കുകയോ കൊഞ്ചിക്കുകയോ ചെയ്യാതിരുന്ന ഒരാള്‍. അമ്മയോടും താനടക്കമുള്ള മൂന്നു പെണ്‍മക്കളോടും എപ്പോഴും മോശമായി പെരുമാറുന്ന, കൊച്ചുകാര്യങ്ങള്‍ക്കു പോലും കഠിനമായി മര്‍ദ്ദിക്കുന്ന ഒരച്ഛന്‍. അതായിരുന്നു തന്റെ നിറംമങ്ങിയ കുട്ടിക്കാലത്ത് എച്ച്മുക്കുട്ടിയുടെ മനസ്സില്‍ പതിഞ്ഞ പിതാവെന്ന രൂപം.

മിശ്രവിവാഹിതരായ മാതാപിതാക്കള്‍, അവരുടെ ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍, ദുരിതവും അനിശ്ചിതാവസ്ഥയും നിറഞ്ഞ ആ ഇരുണ്ട നാളുകളിലൊന്നില്‍, ഗുരുവായും സുഹൃത്തായും പിന്നെ കാമുകനായും മാറിയ ‘ജോസഫ്’ എന്ന വ്യക്തി, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്ന നിയമസാധുതയില്ലാത്ത വിവാഹവുമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍, ഭാവിയില്‍ താന്‍ അതിനു കനത്ത വില നല്‍കേണ്ടിവരുമെന്നോ, തന്റെ ജീവിതം തന്നെ തീറെഴുതിക്കൊടുക്കേണ്ടിവരുമെന്നോ അവര്‍ സ്വപ്‌നേപി നിനച്ചിരിക്കില്ല. പതിനെട്ടിലെ പ്രണയത്തില്‍ നിന്നും തിരിച്ചറിവിന്റെ നാളുകളിലേക്ക് പക്ഷെ അധികദൂരമുണ്ടായിരുന്നില്ലെന്ന് പുസ്തകത്തിലുണ്ട്.

നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും കടുംനിറങ്ങളുള്ള എത്ര പൊയ്മുഖങ്ങളണിഞ്ഞാലും അതിന്റെയെല്ലാം ഉള്ളിന്റെയുള്ളില്‍ ജാതിയുടെയും മതത്തിന്റെയും സ്വാധീനം ആഴത്തില്‍ വേരോടിയിട്ടുണ്ടാവുമെന്ന് വിവാഹാനന്തരജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവര്‍ക്ക് ബോധ്യമാവുന്നുണ്ട്. അത് തങ്ങളുടെ കുടുംബത്തില്‍, ഭക്ഷണത്തില്‍, ആരാധനയില്‍, സുഹൃത്‌വലയങ്ങളില്‍, ചടങ്ങുകളില്‍, പൊതുസമൂഹത്തില്‍, അങ്ങനെ എല്ലായിടത്തും സഞ്ചരിച്ച്, സ്ത്രീയുടെയും പുരുഷന്റെയും മാത്രമായ സ്വകാര്യനിമിഷങ്ങളില്‍ വരെ കടന്നുചെല്ലുമെന്നും അത് മാനസികമായി മാത്രമല്ല, ശാരീരികമായും ഒരു സ്ത്രീയെ തകര്‍ക്കുവാന്‍ കെല്‍പ്പുള്ളതായിത്തീരുമെന്നുമവര്‍ മനസിലാക്കുന്നത് വായനക്കാരെ അസ്വസ്ഥരാക്കും.

മുന്നിലെ വഴികളെല്ലാമടഞ്ഞ്, ആത്മഹത്യയിലേക്കൂളിയിടുക എന്ന അവസ്ഥയിലേക്ക് തള്ളിവിടപ്പെട്ടപ്പോഴാണ് പലായനത്തെക്കുറിച്ച് എഴുത്തുകാരി ചിന്തിക്കുന്നത്. അതൊരിക്കലും സുഖം മാത്രം തേടിയുള്ള ഒരു ഒളിച്ചോട്ടമായിരുന്നില്ല. ജോസഫ് ദിനംപ്രതിയെന്നോണം സമ്മാനിക്കുന്ന പീഡനങ്ങളില്‍ നിന്നും രക്ഷപെടാനുള്ള ഒരു ശ്രമം മാത്രമായിരുന്നു അത്.

നൊന്തുപെറ്റ പിഞ്ചുപൈതലിനെ മാറോടടുക്കി, മനസില്‍ നന്മയും കരുതലുമുള്ള പപ്പന്‍ എന്ന വ്യക്തിയോടൊപ്പം ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ജോസഫിന്റെ സ്വാധീനവലയങ്ങള്‍ക്കപ്പുറമെവിടെയെങ്കിലും ജീവിക്കാമെന്ന മോഹമായിരുന്നു അവര്‍ക്ക്. എന്നാല്‍ അവര്‍ക്കുപിന്നാലെ അവിടെയെത്തി, നിയമത്തിന്റെയോ ധാര്‍മികതയുടെയോ യാതൊരു പിന്തുണയുമില്ലാതെ, അവരില്‍ നിന്നും ബലമായി ആ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയാണ് ജോസഫ് ചെയ്തത്.

തന്റെ ഇംഗിതങ്ങള്‍ക്കനുസൃതമായി ആ പിഞ്ചുമനസിനെ പരുവപ്പെടുത്തിയെടുക്കുക മാത്രമല്ല, അതിനുമപ്പുറം സ്വന്തം ചോരയില്‍ പിറന്ന ആ കുഞ്ഞിനെ ശാരീരികമായി ദുരുപയോഗം ചെയ്യുന്ന നിലയിലേക്കും അധഃപതിച്ചിരുന്നു അയാളുടെ നീചമായ മനസ്. തന്റെ മകളില്‍ നിന്നും അതറിയേണ്ടിവന്ന ഒരമ്മയുടെ ദയനീയതയും നിസ്സഹായാവസ്ഥയും പുസ്തകത്തിലെ കുറിപ്പുകളിലുണ്ട്. അത് വായനക്കാരെ ഒട്ടൊന്നുമല്ല നൊമ്പരപ്പെടുത്തുക.

കണ്ണുമൂടിക്കെട്ടിയ നിയമ ദേവതയുടെ മുന്നില്‍ എച്ച്മുക്കുട്ടി പിന്നീട് നടത്തിയ ഒറ്റയാള്‍പ്പോരാട്ടം ചരിത്രമാണ്. സമാനമായ അവസ്ഥകളില്‍ പലപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീകള്‍ക്ക് ഒരു പാഠപുസ്തകവും. പല കോടതികളിലും അവര്‍ കയറിയിറങ്ങി. ഇപ്പോള്‍ ഇന്ത്യയുടെ അറ്റോര്‍ണി ജനറലായ അഡ്വ. കെ.കെ വേണുഗോപാല്‍ പോലെയുള്ള ചുരുക്കം ചിലര്‍ അന്നവരോട് സഹാനുഭൂതിയോടെ, വളരെ മാന്യമായി പെരുമാറി. എന്നാല്‍ മറ്റു ചിലരാവട്ടെ, കൂടെ നില്‍ക്കുന്നു എന്ന വ്യാജേന, ജോസഫിന്റെ സ്വാധീനത്തിനും സമൂഹത്തില്‍ അയാള്‍ക്കുള്ള സ്ഥാനത്തിനും വഴങ്ങി അയാള്‍ക്കൊപ്പം നിലകൊണ്ടു.

‘കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ’ എന്നു തുടങ്ങുന്ന വരികള്‍ അരാജകവാദിയെന്നു സമൂഹം വാഴ്ത്തിപ്പാടിയ അയ്യപ്പന്‍ എന്ന കവിയുടേതാണ്. എന്നാല്‍ ആ ‘അരാജകത്വം’ എന്തിനുമുള്ള അനുമതിപത്രമായി ആ കവി കരുതിയിരുന്നു എന്നുകൂടി എച്ച്മുക്കുട്ടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തന്നെ ആ കവി ലൈംഗികച്ചുവയുള്ള വാക്കുകള്‍ കൊണ്ടു മാത്രമല്ല, ശാരീരികമായും അപമാനിച്ചത് തന്റെ സഹപാഠികളുടെ മുന്നില്‍ വെച്ചായിരുന്നു എന്നവര്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അതിനെ ശരിവെക്കുന്നതായിരുന്നു കുറച്ചുകാലം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വന്ന മറ്റൊരു ‘അയ്യപ്പന്‍’ അനുഭവം. തന്റെ ചെറുപ്രായത്തില്‍ അയ്യപ്പന്‍ തന്നോട് ലൈംഗികാതിക്രമം നടത്തി എന്ന് ഒരു വനിത തുറന്നുപറയുകയുണ്ടായി.

പുസ്തകത്തിന്റെ മറ്റൊരു ഭാഗം വായിച്ചുകഴിയുമ്പോള്‍ സാഹിത്യത്തിലെ വേറൊരു വിഗ്രഹം കൂടെ വീണുടയുന്നുണ്ട്. ഡി. വിനയചന്ദ്രന്‍ എന്ന കവി, സ്ത്രീകളോടുള്ള അയാളുടെ അമിതാസക്തി, വിവാഹിതയായ വനിതകളോടു പോലും കാണിച്ചിരുന്ന വൈകൃതങ്ങള്‍. അങ്ങനെ സാഹിത്യലോകത്തെ താരങ്ങളെന്നു നാം കരുതുന്ന പലരുടെയും യഥാര്‍ത്ഥ മുഖങ്ങളും ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്.

എച്ച്മുക്കുട്ടിയുടെ സുഹൃത്തായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ജോസഫിനോട് അമിതവിധേയത്വം കാട്ടുന്ന ഒരാളായിരുന്നു. ജോസഫ് ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാനും അയാളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കാതിരിക്കാനും എപ്പോഴും ശ്രദ്ധിച്ച ബാലന്‍ എന്ന് എച്ച്മുക്കുട്ടി വിളിക്കുന്ന ചുള്ളിക്കാട് വര്‍ഷങ്ങള്‍ക്കപ്പുറം അതെല്ലാം മനസിലാക്കിയപ്പോള്‍, തന്റെ തെറ്റുകള്‍ക്ക് മാപ്പിരന്ന കാര്യവും, ആ സംഭവത്തിനു ശേഷം തനിക്കൊരു ജ്യേഷ്ഠനെ ലഭിച്ചതായി തോന്നിയെന്നതും എഴുത്തുകാരി സൂചിപ്പിക്കുന്നുണ്ട്.

മനുഷ്യത്വമുള്ളവരും, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കുമെന്ന് നാം വിശ്വസിക്കുന്നവരുമായ പലരുടെയും യാഥാര്‍ത്ഥപേരുകള്‍ തന്നെ പുസ്തകത്തിലുണ്ട്. തീര്‍ത്തും ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്ക് ഒരാപത്ത് വന്നപ്പോള്‍ കൂടെനില്‍ക്കുക പോയിട്ട്, ശരിയുടെയും നിയമത്തിന്റെയും പക്ഷത്ത് ഉറച്ചുനില്‍ക്കാനോ ഏതെങ്കിലും തരത്തിലുള്ള സഹായം അവര്‍ക്കു നല്‍കുവാനോ പോലും അവരാരും മുന്നോട്ടു വന്നില്ല എന്നത് വായിക്കുമ്പോള്‍ അത്തരക്കാരോട് അവജ്ഞ മാത്രമാണ് വായനക്കാര്‍ക്ക് തോന്നുക.

അതേസമയം, ജീവിതത്തിന്റെ പരീക്ഷണവഴികളില്‍, വീണുപോകുമെന്ന് പലവട്ടം ഭയന്നപ്പോഴെല്ലാം തന്റെ കൂടെ ഉറച്ചുനിന്ന, എണ്ണത്തില്‍ കുറവാണെങ്കിലും ആത്മാര്‍ത്ഥതയിലും സ്‌നേഹത്തിലും മുന്നില്‍ നിന്നവരെ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നുണ്ട് അവര്‍. ഇത്രയും തുറന്നുപറച്ചിലുകളും വിവാദങ്ങളും ഉണ്ടായെങ്കിലും പ്രതികരിക്കാതെ, അതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മൂഢവിശ്വാസത്തില്‍ അടിയുറച്ചുനിന്ന മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരേക്കാള്‍ തന്റെ വായനക്കാര്‍ തന്നെയാണ് തനിക്കു പ്രിയപ്പെട്ടവര്‍ എന്നുകൂടി പറയുന്നു എച്ച്മുക്കുട്ടി.

ഓണ്‍ലൈനില്‍ വന്ന കുറിപ്പുകള്‍ അവസാനിച്ചതിനു ശേഷം, പുസ്തകമായി ഇത് പുറത്തിറങ്ങുമോ എന്ന അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന ദിനങ്ങളിലൊന്നില്‍ എച്ച്മുക്കുട്ടിയുമായി തികച്ചും അനൗപചാരികമായ ഒരു കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുകയുണ്ടായി. ഒരു ചെറിയമേശക്കപ്പുറം ആ എഴുത്തുകാരി. അരുതാത്തതെങ്കിലും ഞാന്‍ ചോദിക്കുമോ എന്ന ചെറിയ ഭയം ഉള്ളിലൊതുക്കി തൊട്ടടുത്ത് എന്റെ കൂട്ടുകാരിയും. ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ മണ്ടത്തരമാവുമോ എന്നു ഞാന്‍ തന്നെ ഒരുവട്ടം ആലോചിച്ച ആ ചോദ്യം അവരോടു ചോദിക്കുകയുണ്ടായി. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ഇതെല്ലാം കൃത്യമായി എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നതായിരുന്നു അത്.

തികച്ചും ശാന്തയായി അവര്‍ മറുപടി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ് ‘ജീവിതമല്ലേ അത്. ഞാനനുഭവിച്ച ജീവിതം. മൂന്നര വയസുള്ള എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടമായത്, അവളുടെ കുട്ടിത്തം നഷ്ടമായത്, അവളെ ഒരാള്‍ വല്ലാതെ മാറ്റിയെടുത്തത്, അങ്ങനെയൊരുപാട് അനുഭവങ്ങള്‍. അതൊന്നും എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അതു മറക്കണമെങ്കില്‍ ഞാനില്ലാതാവണം’. അന്നു മനസിലാക്കിയ ഒരു സത്യമുണ്ട്. ആ എഴുത്തുകാരിക്ക് ഒരു മുഖമേയുള്ളൂ. ബ്ലോഗിലും ഓണ്‍ലൈനിലും എഴുതുമ്പോഴും, പരിപാടികളില്‍ പ്രസംഗിക്കുമ്പോഴും, ആനുകാലികങ്ങളിലും ദൃശ്യമാധ്യമങ്ങളിലും അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോഴും, വായനക്കാരോടും സുഹൃത്തുക്കളോടും വ്യക്തിപരമായി സംസാരിക്കുമ്പോഴും അവര്‍ ഒരേപോലെയാണ്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് അവരുടെ വാക്കുകള്‍ മാറുന്നില്ല, നിലപാടുകളും.

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക‘ എന്ന പുസ്തകം പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. നമ്മുടെ രാജ്യത്തെ നിയമങ്ങളുടെ അപര്യാപ്തതയോടും, അവ പാലിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസടക്കമുള്ള സംവിധാനങ്ങളുടെ താല്‍പര്യരാഹിത്യവും അവധാനതയും നിറഞ്ഞ സമീപനത്തോടും, നീതിന്യായവ്യവസ്ഥയുടെ മെല്ലെപ്പോക്കിനോടും, പണത്തിനും അധികാരത്തിനും സ്വാധീനത്തിനും വശംവദരായി, അനീതിക്കു കൂട്ടുനില്‍ക്കുന്ന സമൂഹത്തിലെ ഒരുവിഭാഗത്തോടും നിരന്തരം മല്ലിട്ട്, തന്നില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നര വയസുള്ള തന്റെ മകളെ തിരിച്ചുകിട്ടുവാന്‍ വര്‍ഷങ്ങളോളം നീതി തേടിയലഞ്ഞ ഒരമ്മയുടെ ഓര്‍മ്മക്കുറിപ്പുകളാണിത്. കണ്ണീരോടെയല്ലാതെ ആര്‍ക്കും ഇതു വായിച്ചുതീര്‍ക്കാനാവില്ല.

ഡി സി ബുക്‌സ് വെബ് പോര്‍ട്ടലിന്റെ വായനാനിരൂപണ മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

Comments are closed.