സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു…
സച്ചിദാനന്ദന്റെ ‘ദുഃഖം എന്ന വീട്’ എന്ന കവിതാസമാഹാരത്തെക്കുറിച്ച് ജോണി എം.എല്‍. എഴുതിയത്.
ഒരു യഥാര്‍ത്ഥ കവി തന്റെ ഉള്ളിലിരുപ്പുകളെയും ലോകത്തോട് തനിയ്ക്കുള്ള ബന്ധത്തെയും അവയ്ക്കിടയില്‍ ലോകത്തിന്റെയും തന്റെയും ഗതി തന്നെ മാറ്റിക്കളയുന്ന അനേകം ‘പ്രവര്‍ത്തക ശൃംഖലകളെയും’ കുറിച്ച് നിരന്തരം അക്ഷരപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ചില ഇടവേളകളില്‍ അതേ രൂപത്തിലും വ്യാകരണത്തിലും ഉറച്ചു നിന്നുകൊണ്ട്, തന്നില്‍നിന്ന് തന്നിലേക്ക് ഒരു നോട്ടം നടത്താറുണ്ട്. അത്തരത്തിലുള്ള കവികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പടപ്പാട്ടിനും സോദ്ദേശ്യ കവിതകള്‍ക്കും ആദര്‍ശനിര്‍ഭര പ്രണയങ്ങള്‍ക്കും അന്തമെഴാത്ത ആത്മോപാലംഭങ്ങള്‍ക്കും ഇടയിലുള്ള നേര്‍ത്തൊരു വരമ്പിലൂടെ പാതിനിലാവുള്ള രാത്രിയില്‍ കാല്‍വഴുതാതെ സസൂക്ഷ്മവും സാവധാനവുമായി നടന്നു പോകുന്ന കവികള്‍ വളരെ കുറവാണ്. പ്രായംകൊണ്ടാണ് പലപ്പോഴും പലരും വേഗത കുറയ്ക്കുന്നത്. ഭൗതിക ജീവിതത്തില്‍ അത്തരത്തില്‍ വേഗത കുറയ്ക്കാത്തൊരു കവിയാണ് സച്ചിദാനന്ദന്‍ എങ്കിലും തന്റെ കാവ്യജീവിതത്തിലെ സൃഷ്ടികളില്‍ ആ സാവധാനതയെക്കുറിച്ചു അദ്ദേഹം ബോധവാനാകുന്നുണ്ട്. ‘വേഗതയെ എറുമ്പിന്റെയും ഒച്ചിന്റെയും ചലനവേഗം’ കൊണ്ട് താരതമ്യപ്പെടുത്തുന്ന ഒരു മാനസികാവസ്ഥയിലേക്ക് അദ്ദേഹം വന്നു ചേര്‍ന്നിട്ടുണ്ട്. മറന്നുവെച്ചുപോയ സാധനങ്ങളെക്കുറിച്ചു ഒരാള്‍ വേപഥുപ്പെടുന്നത് അങ്ങനെയൊരു അവസ്ഥയിലാണ്. ‘ദുഃഖം എന്ന വീട്’ എന്ന പുതിയ കവിതാസമാഹാരം സച്ചിദാനന്ദന്‍ സ്വയം സ്വീകരിച്ച മന്ദഗതിയുടെ വെളിപ്പെടുത്തലാണ്.
‘വയസ്സാകുന്തോറും സമീപഭൂതകാലത്തേക്കാള്‍ വിദൂരഭൂതകാലം ഓര്‍മ്മയില്‍ കൂടുതല്‍ തെളിയും എന്ന തത്വം,’ തന്റെ കാര്യത്തില്‍ ശരിയാണെന്നു മുഖവുരയിലേ സമ്മതിച്ചു കൊണ്ട് തുടങ്ങുന്നതാകയാല്‍ പല കവിതകളിലും അച്ഛനും അമ്മയും പൂവാകയും പുത്തിലഞ്ഞിയും കടന്നു വരുന്നതില്‍ വായനക്കാര്‍ക്ക് അലോസരം തോന്നേണ്ടതില്ല. പക്ഷെ വയസ്സായി എന്നതുകൊണ്ട് മാത്രം ഒരാള്‍ ഉപയോഗശൂന്യനാകുന്നു എന്ന ഏജിസ്റ്റ് വിവേചനത്തെ സച്ചിദാനന്ദന്‍ തള്ളിക്കളയുന്നു. യുവത്വം തെരുവിലിറങ്ങി വിപ്ലവത്തെ നയിക്കുന്ന ഈ കാലയളവില്‍ കവി പറയുന്നത് ശ്രദ്ധിക്കുക, ‘എഴുപത്തിനും എഴുപത്തിയഞ്ചിനും ഇടയിലുള്ളവര്‍/ യുവാക്കളെപ്പോലെ പെരുമാറുന്നുണ്ടെങ്കില്‍/സൂക്ഷിക്കുക; കാരണം അവര്‍ യുവാക്കളാണ്/ ….വേണ്ടിവന്നാല്‍ ഒരു യുദ്ധമോ വിപ്ലവമോ/നയിക്കാന്‍ അവര്‍ക്ക് കഴിയും/ വാസ്തവത്തില്‍ അവര്‍ ഇനിയും/മരിച്ചിട്ടില്ല, ഒട്ടേറെ യുവാക്കളുടെയത്ര.’ (എഴുപത്തിനും എഴുപത്തിയഞ്ചിനുമിടയില്‍). അച്ഛന്‍ തീര്ഥയാത്രയ്ക്ക് പോയപ്പോള്‍ വീട്ടില്‍ വെച്ചിട്ടു പോയ താക്കോല്‍ക്കൂട്ടം കൊണ്ടാണ് കവി ഇപ്പോഴും പ്രപഞ്ചത്തിന്റെ രഹസ്യം തുറക്കാന്‍ ശ്രമിക്കുന്നത്. ‘അവയാണ് എന്റെ കവിതകള്‍’ എന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു (താക്കോല്‍).
ആരാണ് ഞാന്‍, എന്താണ് എന്റെ കവിത എന്നീ രണ്ടു ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പല തലങ്ങളില്‍ തെരയുന്നുണ്ട് സച്ചിദാനന്ദന്‍ ഈ സമാഹാരത്തിലെ കവിതകളില്‍. നാല്പത് വയസ്സ് കഴിഞ്ഞ ഏതൊരു മനുഷ്യനും കണ്ണാടിയില്‍ തന്റെ മാതാപിതാക്കളെ കാണുന്നുണ്ടെങ്കില്‍ അത് കേവലം സ്വാഭാവികം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങിനെ കാണാതിരിക്കുന്നവര്‍ ഈ ലോകത്തെയും അതിലെ ജനിതകധാരകളെയും, തമ്മില്‍ത്തട്ടി പിളര്‍ന്നും കൂടിച്ചേര്‍ന്നും ഒഴുകുന്ന സ്മൃതിപ്രവാഹങ്ങളെയും കാണുന്നില്ലെന്നും അവയുടെ കരകളിലിരുന്നു അല്പമൊരു ആത്മരതിയോടെയെങ്കിലും ചരിത്രത്തില്‍ തന്റെ മുഖത്തെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്നും പറയേണ്ടി വരും. അങ്ങിനെയുള്ളവര്‍ക്കുള്ളതല്ല കവിത. അവര്‍ക്കുള്ളത് മാളുകളിലെ വലിയ കണ്ണാടി വാതിലുകളില്‍ കാണുന്ന മാനെക്കിനുകളും അവയുടെ ബുദ്ധിശൂന്യമുഖങ്ങളില്‍ പ്രതിഫലിക്കുന്ന സ്വന്തം മുഖങ്ങളും ആണ്. ചരിത്രപരിണാമങ്ങളില്‍ തന്റെ ഭാഗധേയം എന്തെന്ന് തിരിച്ചറിയുന്നത്, അത് പുഷ്പാപേലവമാം വിധം അഗണ്യമാണെങ്കില്‍ക്കൂടി, ആ മഹാപ്രവാഹത്തിനു മുന്നില്‍ നമ്രശിരസ്‌കന്‍ ആവുക എന്നുകൂടിയാണെന്നു കവി എഴുതുന്നു. ‘ഒരുനാള്‍ സമന്മാരാം മര്‍ത്ത്യരോക്കെയുമെന്ന/നിനവാല്‍ തിളയ്ക്കുന്ന ഹൃദയത്തിനു മുന്നില്‍/ അധ്വാനം, സ്ത്രീ, സ്വതന്ത്ര്യം ഇവ തന്‍ പര്യായങ്ങള്‍/ക്കൊക്കെയും മുന്നില്‍, സാധാരണമിക്കവിത തന്‍ പുഷ്പാപേലവമാകും ജീവന്നു മുന്നില്‍പ്പോലും.’ (തല ഞാന്‍ കുനിക്കുന്നു).
‘ഒരുനാള്‍ മര്‍ത്യരെല്ലാം സമന്മാരാകും’ എന്ന തന്റെ യുവാവസ്ഥയിലെ സ്വപ്നത്തിനും ആഗ്രഹത്തിനും എഴുപത്തിയഞ്ചിലെത്തി നില്‍ക്കുമ്പോഴും കുറവൊന്നും വന്നില്ലെന്ന സൗമ്യപ്രഖ്യാപനമെന്നോണം പല വരികളും പല കവിതകളിലും വീണ്ടും വരുന്നുണ്ട്. അതുകൊണ്ടു തന്നെ മാളികകളില്‍ താമസിക്കുന്നവരെ കാണുമ്പോഴൊക്കെയും കവി കാണുന്നത് അത് സൃഷ്ടിച്ച സാമൂഹിക അപരമായ തെരുവില്‍ താമസിക്കുന്നവരെയാണ്. പണ്ടത്തെ കവിതകളിലെന്നപോലെ ആരെയും അതിനായി കുറ്റപ്പടുത്താതെ സച്ചിദാനന്ദന്‍ ആ മനുഷ്യരെ ‘സമാന്തര റിപ്പബ്ലിക്’ എന്ന് വിളിക്കുന്നു. അതില്‍ ഒരു ഡെലൂസിയന്‍ സങ്കല്‍പ്പനമുണ്ട്. അതിരുകളിലാക്കപ്പെട്ടവരും തെരുവിലറക്കപ്പെട്ടവരും അധികാരകേന്ദ്രങ്ങള്‍ക്കെതിരെ പടപ്പുറപ്പാട് നടത്തുകയാണെന്ന് അധികാരകേന്ദ്രത്തിന്റെ ഭീതി ഇവിടെ കളിയാക്കപ്പെടുന്നു. ‘തെരുവില്‍ പാര്‍ക്കുന്നവര്‍’ എന്ന കവിതയില്‍ ആ മനുഷ്യരെക്കുറിച്ച് സച്ചിദാനന്ദന്‍ പറയുന്നത് കേള്‍ക്കുക: ‘അവരുടെ രോഗത്തെ വെയ്ഷപ്പ് എന്ന് വിളിക്കുന്നു/ അവരുടെ സ്‌നേഹത്തെ ദാഹം എന്നും.’ ഭ്രാന്തന്മാരുടെ പ്രണയം കടല്‍ പോലാണെന്നും നിലാവുള്ള രാത്രിയില്‍ അത് കരകവിഞ്ഞൊഴുകുന്നു എന്നും എഴുതിയ അതെ കാവ്യഭാവനയാണ്, ശില്പഭദ്രതയാണ് ഇവിടെയും കാണപ്പെടുന്നത് (കാവ്യഭംഗി, ശില്പഭദ്രത തുടങ്ങിയ വാക്കുകള്‍ തന്നെ ചിലരില്‍ പുച്ഛം ഉളവാക്കുന്നത് ഞാന്‍ കാണുന്നു. അവരോട് എന്ത് പറയാന്‍ !).
വയസ്സായവര്‍ വിപ്ലവം നയിക്കാന്‍ ശക്തരാണ് എന്ന് സച്ചിദാനന്ദന്‍ പറയുന്നുണ്ടെങ്കില്‍ അതിനു കാരണം ഇനിയും പ്രത്യാശ നഷ്ടപ്പെട്ടിട്ടില്ലാത്ത ജനാധിപത്യബോധമാണെന്ന് പറയാം. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ഏറ്റവും വലിയ സംശയങ്ങള്‍ നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ജനാധിപത്യത്തിന്റെ മൂല്യസങ്കല്പങ്ങളുടെ പ്രാക്തനമായ ഉറവകളില്‍ നിന്ന് നീര്‍മോന്തുന്ന ഒരു കാല്പനികവാദിയെ ഇവിടെ കാണാമെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതില്‍ ഭാഗികമായ ശരിമാത്രമേ ഉണ്ടാകൂ, കാരണം, ഇവിടെ കവി മനുഷ്യരെയും ഭാഷയെയും ജനാധിപത്യ സങ്കല്‍പനത്തിനുള്ളില്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. ‘നിങ്ങളെ നിര്‍വചിക്കാന്‍/ എളുപ്പമാണ്;/ഞങ്ങളല്ലാത്തവര്‍.’ (രണ്ടും നാലും). ആണ് അല്ല എന്ന ദ്വന്ദ സങ്കല്‍പനത്തിലൂടെ കവി ജനങ്ങളെ രണ്ടായി പകുത്തു വെയ്ക്കുന്നു. ഇതിനിടയില്‍ രണ്ടിലും കലര്‍ന്ന് പോകുന്ന, ചിലപ്പോള്‍ ചരിത്രഗതി തന്നെ മാറ്റുകയോ, ഐതിഹാസികമായ വഞ്ചനകള്‍ സാധ്യമാക്കുകയോ ചെയ്യുന്ന മധ്യ മനുഷ്യവര്‍ഗത്തെക്കുറിച്ചു കവി സംസാരിക്കുന്നില്ല. കവിത സാമൂഹ്യശാസ്ത്രത്തിന്റെ ഡാറ്റ അല്ലല്ലോ. എന്നെ ഈ കവിത വല്ലാതെ ആകര്‍ഷിച്ചു: ‘ലോകത്തില്‍ നാല് ഭാഷകളേയുള്ളൂ/ ഉടമകള്‍ ഉടമകള്‍ക്കായി സംസാരിക്കുന്നത്/ അടിമകള്‍ ഉടമകള്‍ക്കായി സംസാരിക്കുന്നത്/ ഉടമകള്‍ അടിമകള്‍ക്കായി സംസാരിക്കുന്നത്/ അടിമകള്‍ അടിമകള്‍ക്കായി സംസാരിക്കുന്നത്.’ (ഭാഷകള്‍). എന്നാണ് മനുഷ്യര്‍ മനുഷ്യര്‍ക്കായി സംസാരിക്കുന്ന ഭാഷ ഉണ്ടാകുന്നത്?
കവി ഇടയ്ക്കിടെ സമകാലത്തില്‍ നിന്ന് വിദൂരഭൂതകാലത്തിലേയ്ക്ക് കടക്കുന്നുവെന്ന് തുടക്കത്തിലേ കവി തന്നെ പറഞ്ഞുവല്ലോ. ‘ഒരിക്കല്‍ ഞാന്‍/ പുത്തിലഞ്ഞിത്തണലിലിരുന്ന്/ ഒരു കവിത വായിച്ചു/ ഇന്ന് കവിതയുടെ തണലിലിരുന്ന്/ പുത്തിലഞ്ഞിയെ വായിക്കുന്നു.’ (തണല്‍). ഈ സമാഹാരത്തിലെ കവിതകളിലെല്ലാം ശക്തരായ സ്ത്രീകളുടെ സാന്നിധ്യം ഉണ്ട്. കവിയുടെ പെണ്മക്കള്‍, കവി പരിചയപ്പെട്ടതും സഹപ്രവര്‍ത്തനം ചെയ്തവരുമായ കവയത്രികള്‍, പീന ബോഷിനെ പോലുള്ള നര്‍ത്തകികള്‍, സ്വന്തം ഭാര്യയായ ബിന്ദു, പിന്നെ തെരുവിലും വീട്ടിലും ഒക്കെയുള്ള അറിയപ്പെടാത്ത അനേകം സ്ത്രീകള്‍. അവര്‍ക്കെല്ലാമുള്ള ഒരു സമര്‍പ്പണം എന്ന നിലയില്‍ സച്ചിദാനന്ദന്‍ എഴുതുന്നു: ‘ഒരു സ്ത്രീ കുരിശിലേറിയ യേശുവിന്റെ രൂപം നോക്കി/ മകനെ, എന്റെ മകനെ, എന്ന് അലമുറയിടുന്നു/ ഒരു സ്ത്രീ ഖജുരാഹോവിലെ തൂണില്‍ പുരുഷനെ/ വിട്ടിറങ്ങി തന്റെ ആനന്ദം തന്നില്‍ത്തന്നെ കണ്ടെത്തുന്നു’ (സ്ത്രീകള്‍) അങ്ങിനെ സ്ത്രീ രാഷ്ട്രീയത്തിന്റെയും കുതറിമാറലുകളുടെയും വമ്പിച്ച ഒരു ഘോഷയാത്ര ഈ കവിതയില്‍ കാണുന്നു. ഓരോ വരിയും ഓരോ ചിത്രമാണെന്നതാണ് ഇതിന്റെ സവിശേഷത. ജറീക്കോയുടെ, ഡെലക്രോവയുടെ ഗോയയുടെ ഓയില്‍ ചിത്രങ്ങളെപ്പോലെ ചിത്തപ്രസാദിന്റെ വുഡ് കട്ടുകളെപ്പോലെ രാംകിങ്കര്‍ ബെയ്ജിന്റെ ശില്പങ്ങളെപ്പോലെ. ഇല്ലസ്‌ട്രേറ്റര്‍മാര്‍ക്ക് കയറിമേയാന്‍ കഴിയുന്ന കവിതയാണിത്. തനിയ്ക്ക് കവിത കഴിഞ്ഞാല്‍ ഏറ്റവും പ്രിയങ്കരം ചിത്രകലയാണെന്ന് സച്ചിദാനന്ദന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ എന്ന കവിത അവസാനിക്കുന്നത് നോക്കൂ ..’ഒരു പുരുഷന്‍ റോഡ് മുറിച്ചു കടക്കാന്‍ ഭയന്ന്/ നിന്നേടത്തു തന്നെ അമ്പരന്നു നില്‍ക്കുന്നു.’ സ്‌െ്രെതണ രാഷ്ട്രീയനേതൃത്വങ്ങളുടെ ഉയിര്‍പ്പിന്റെ പ്രവചനവും അവിടെ നാളിതുവരെ അധികാരം കൈയാളിയിരുന്ന പുരുഷന്റെ ആദിമമായ ഫ്രോയിഡിയന്‍/ഫ്രോഡ് സന്ദേഹവും ഈ ഇരട്ടവരിയില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു.
ഒരു കവിയെന്ന നിലയില്‍ സച്ചിദാനന്ദന്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത് വലിയൊരു കാവ്യപാരമ്പര്യത്തിലെ ഒരു തുടര്‍ച്ച എന്ന നിലയിലാണ്. തുടര്‍ച്ച എന്നത് പാരമ്പര്യവാദമാണെന്നും അതിനാല്‍ അടര്‍ന്നു മാറലുകളും ഏറ്റുമുട്ടലുകളുമാണ് വേണ്ടതെന്നും ഗീതാ ഹരിഹരന്‍ നിരീക്ഷിച്ചിട്ടുണ്ട്. സച്ചിദാനന്ദന്‍ കാവ്യപാരമ്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും വിച്ഛേദനത്തിന്റെ ഭൂകമ്പങ്ങള്‍ തന്റെ കാവ്യമാപിനിയില്‍ അടയാളപ്പെടുത്തിയ കവിയാണ്. എങ്കിലും സ്ട്രൂഗ പാലത്തിനു മുകളില്‍ നിന്ന് കവിത വായിക്കുമ്പോള്‍ അദ്ദേഹം വെള്ളത്തില്‍ പ്രതിധ്വനിച്ചു കാണുന്നത് അയ്യപ്പപണിക്കരെയാണ്. നാം ശ്രദ്ധിക്കേണ്ടത്, എഴുത്തച്ഛനെ അല്ല എന്ന കാര്യമാണ്. കേരളകവിതയില്‍ ആധുനിക വിച്ഛേദങ്ങള്‍ സൃഷ്ടിച്ച കവിയോടൊപ്പം നില്‍ക്കാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്ന് സച്ചിദാനന്ദന്‍ തികഞ്ഞ രാഷ്ട്രീയബോധത്തോടെ വ്യക്തമാക്കുന്നു. താനൊരു പ്രതിധ്വനിയാണ് (വയലാറിനെ മാറ്റൊലിക്കവിയെന്നു പറയുന്നത് പോലെയല്ല ഇത്). ‘ഞാന്‍ വെറുമൊരു പ്രതിധ്വനിയാണ്/ എല്ലാ കവികളുമതേ, അവര്‍ ഒന്നിച്ച്/ പ്രതിധ്വനികളുടെ ഒരു പാലം പണിയുന്നു.’ (പാലം).
‘ദുഃഖം എന്ന വീട്’ എന്ന കവിതാസമാഹാരത്തിലെ അവസാനത്തേതെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കവിതയാണ് ‘മറവി മൂടും മുന്നേ’ എന്ന കവിത. സച്ചിദാനന്ദന്‍ തന്റെ ഭാര്യയായ ബിന്ദുവിനെ ‘സ്‌നേഹാദരങ്ങളാല്‍ പ്രകീര്‍ത്തിച്ചു കൊണ്ട്’, ഒപ്പം നടന്ന, കടന്ന പലതും ഓര്‍ത്തുകൊണ്ട് വിനീതനും പ്രണയാന്വിതനും ആയി എഴുതിയ കവിതയാണിത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ പോകൂ പ്രിയപ്പെട്ട പക്ഷീ എന്ന കവിതയില്‍ ഇണയെ ആത്മപരിദേവനത്താല്‍ പറഞ്ഞുവിടുകയാണ്. ‘ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച മൂടുന്നതിന്‍ മുന്‍പ്/ അന്ധസഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന് മുന്‍പ്’ പോകൂ എന്ന് ഇണയോട് പറയുന്നു. എന്‍ എന്‍ കാക്കാടാകട്ടെ, ‘ഇനിയൊരു ചുമയ്ക്കടിയിടറി വീഴാം’ എന്നതിനാല്‍ ‘എന്നരികത്ത് തന്നെ നില്‍ക്കൂ’ എന്ന് ഭാര്യയോട് പറയുന്നു. സച്ചിദാനന്ദന്‍ ഇവിടെ കക്കാടിന്റെ തൊട്ടടുത്താണ് നില്‍ക്കുന്നത്. ‘പല നക്ഷത്രം കത്തിക്കെട്ടുപോകിലും നീയെന്‍ / ധ്രുവനക്ഷത്രം പോലെ നാഡിയില്‍ ജ്വലിക്കുന്നു.’ ‘പലര്‍ വന്നു പോയ് വാടും പൂച്ചെണ്ടും കയ്യില്‍ പേറി/ തിരികെയെപ്പോഴും ഞാന്‍ പ്രിയ നിന്നിലേക്കെത്തി,’ ഈ വരികളിലുണ്ട് സച്ചിദാനന്ദന് ബിന്ദുവിനോട് പറയാനുള്ളത് എല്ലാം. അവര്‍ക്ക് തമ്മില്‍ മനസ്സിലാകുന്നതും. ഒരു ആശംസയോടെ (കുമാരനാശാനെപ്പോലെ) സച്ചിദാനന്ദന്‍ പറയുന്നു: ‘പൂക്കളെ മണക്കുകയിവളെ, പ്പാട്ടെ നീ കാതോര്‍ക്കുക, ചിത്രങ്ങളേ കാണുക, മഞ്ഞേ വന്നു സ്പര്ശിക്ക, മഴകളേ ഇവളില്‍ നനയുക.’ ഇതാണ് പറയുന്നത് സ്ത്രീകളെ, പ്രണയിക്കുമെങ്കില്‍ നിങ്ങള്‍ ഒരു കവിയെ പ്രണയിക്കുക. അവര്‍ നിങ്ങളെ അനശ്വരകളാക്കും. എല്ലാവരും വായിക്കേണ്ട ഒരു കവിതാസമാഹാരം.
Comments are closed.